12:25 PM (IST) Oct 23

പ്രിയങ്കയുടെ റോഡ് ഷോ തുടങ്ങി

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശ പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. ന്യൂ ബസ് സ്റ്റാന്‍റില്‍ നിന്ന് തുറന്ന വാഹനത്തില്‍ പ്രിയങ്കയുടെ റോഡ് ഷോ തുടങ്ങി. പ്രിയങ്കയ്ക്കൊപ്പം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കെ സുധാകരനും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയിൽ പങ്കെടുക്കുന്നുണ്ട്. 

11:28 AM (IST) Oct 23

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകള്‍ റദ്ദാക്കി, ബംഗാളിലും ഒഡീഷയിലും ജാഗ്രതാ നിര്‍ദേശം

ദാന ചുഴലിക്കാറ്റിനെ തുടര്‍ന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24നുള്ള പാട്ന-എറണാകുളം എക്സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒക്ടോബര്‍ 23 മുതല്‍ ഒക്ടോബര്‍ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കന്‍ മിഡ്നാപൂര്‍, നോര്‍ത്ത് സൗത്ത് 24 പര്‍ഗാനകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും.

11:28 AM (IST) Oct 23

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസിൽ സംഘര്‍ഷം

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല ക്യാമ്പസില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള രംഗോലിക്ക് ശേഷമാണ് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുണ്ടാക്കിയ രംഗോലി ചിലര്‍ നശിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയതും സംഘര്‍ഷമുണ്ടായതും.

07:24 AM (IST) Oct 23

പാലക്കാട് ശക്തി തെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്

സമ്മർദ്ദ തന്ത്രങ്ങൾക്കിടെ പാലക്കാട് ശക്തിതെളിയിക്കാൻ പി വി അൻവറിന്റെ റോഡ് ഷോ ഇന്ന്. പാലക്കാട് കോട്ട മൈതാനത്ത് നിന്ന് മൂന്നിന് ആരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ കൺവെൻഷനോടെ സമാപിക്കും. രണ്ടായിരം പേർ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. കോൺഗ്രസ്, സിപിഎം പാർട്ടികളിലെ പ്രവർത്തകരും നേതാക്കളും കൺവെൻഷനിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ പറയുന്നത്. യുഡിഎഫിന് മുന്നിൽ ഒത്തുതീർപ്പ് ഫോ൪മുല മുന്നോട്ടുവെച്ച പിവി അൻവർ പാലക്കാട്ടെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന സൂചന നൽകിയിരുന്നു. 

07:23 AM (IST) Oct 23

പ്രിയങ്കയുടെ പത്രിക സമർപ്പണം ആഘോഷമാക്കാൻ കോൺഗ്രസ്, വയനാട്ടിൽ റോഡ് ഷോ

വയനാട്ടിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. വമ്പൻ റോഡ് ഷോയോടെയാവും പത്രികാ സമർപ്പണം. പത്രികാ സമ‍ർപ്പണം ആഘോഷമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാവിലെ 11 മണിക്ക് കൽപ്പറ്റ ന്യൂ ബസ് സ്റ്റാൻഡിൽ നിന്ന് റോഡ് ഷോ തുടങ്ങും. സമാപന വേദിയിൽ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്യും. റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാകും പത്രികാ സമർപ്പണം.

07:22 AM (IST) Oct 23

പാലക്കാട് അപകടം: കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്ന് പൊലീസ്

പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട കാർ അമിത വേഗതയിലായിരുന്നുവെന്ന് കല്ലടിക്കോട് സിഐ എം. ഷഹീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെറ്റായ ദിശയിലെത്തി കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തതായും അന്വേഷണം തുടങ്ങിയതായും സിഐ വ്യക്തമാക്കി. കാർ യാത്രികർ മദ്യപിച്ചിരുന്നോ എന്ന കാര്യം പരിശോധിക്കുമെന്നും എം.ഷഹീർ പറഞ്ഞു.കാറിന്‍റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.