നീണ്ട ക്യൂവിൽ നിന്ന് തളരേണ്ട, ആധാർ പുതുക്കാൻ ഇനി പോസ്റ്റ് ഓഫീസുണ്ട്, എങ്ങനെ എന്നറിയാം
ആധാർ പുതുക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്. ആധാർ കേന്ദ്രങ്ങളിൽ പോയി ക്യൂ നിന്ന് തളരേണ്ട, ഇപ്പോൾ പോസ്റ്റ് ഓഫീസുകളിൽ നിന്നും ആധാർ പുതക്കാനുള്ള അവസരം ഉണ്ട്.
ആധാർ കാർഡുകൾ ഇന്ത്യൻ പൗരന്റെ പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ്. പത്ത് വർഷത്തിൽ ഒരിക്കലെങ്കിലും ആധാർ കാർഡ് പുതുക്കണെമെന്ന് യുഐഡിഎഐ തന്നെ പറയുന്നുണ്ട്. ആധാർ വിവരങ്ങൾ പുതുക്കിയില്ലെങ്കിൽ ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള പല കാര്യങ്ങൾക്കും തടസ്സം നേരിട്ടേക്കാം. ആധാർ പുതുക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്. ആധാർ കേന്ദ്രങ്ങളിൽ പോയി ക്യൂ നിന്ന് തളരേണ്ട, ഇപ്പോൾ പോസ്റ്റ് ഓഫീസുകളിൽ നിന്നും ആധാർ പുതക്കാനുള്ള അവസരം ഉണ്ട്.
പൊതുജനങ്ങളുടെ സൗകര്യത്തിന് മുൻഗണന നൽകിയാണ് ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാൻ പോസ്റ്റ് ഓഫീസുകളിൽ സജ്ജീകരണങ്ങൾ ചെയ്തതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇന്ത്യൻ തപാൽ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സേവനങ്ങൾക്കുള്ള ഫീസ് ആധാർ കേന്ദ്രങ്ങളിൽ ഈടാക്കുന്ന അതെ ഫീസ് ആയിരിക്കും എന്നും വ്യക്തികൾക്ക് അവരുടെ ആധാർ കാർഡ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിക്കാമെന്നും അറിയിപ്പിൽ പറയുന്നു.
തപാൽ വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, പോസ്റ്റ് ഓഫീസുകൾ ഇപ്പോൾ രണ്ട് ആധാർ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഒന്ന് ആധാർ എൻറോൾമെൻ്റ്, രണ്ട് ആധാർ പുതുക്കൽ. പുതുതായി ആധാർ എടുക്കുന്നവർക്ക് വിരലടയാളം, ഐറിസ് സ്‌കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ ക്യാപ്‌ചർ ചെയ്യുന്ന പ്രക്രിയയാണ് ആധാർ എൻറോൾമെൻ്റ്. ഇത് പൂർണ്ണമായും സൗജന്യമാണ്. അതേസമയം, വ്യക്തികൾക്ക് അവരുടെ പേര്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ, വിലാസം, ജനനത്തീയതി, ബയോമെട്രിക് ഡാറ്റ, ഫോട്ടോ, വിരലടയാളം, ഐറിസ് സ്കാനുകൾ എന്നിവ പുതുക്കുന്നതാണ് രണ്ടാമത്തെ സേവനം.
തപാൽ വകുപ്പ് 13,352 ആധാർ എൻറോൾമെൻ്റ്, അപ്‌ഡേറ്റ് കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആധാർ അപ്‌ഡേറ്റ് സെൻ്റർ കണ്ടെത്താൻ https://www.indiapost.gov.in-ലെ ഇന്ത്യ പോസ്റ്റ് വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.