8,470 കോടി എവിടെ? കണക്കുകൾ പുറത്തുവിട്ട് ആർബിഐ; 2000 മാറാൻ ഇനി ഒരേ ഒരു വഴി മാത്രം
8,470 കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർബിഐയിൽ നിന്നും ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ടുകൾ.
ദില്ലി: പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 97.62 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 8,470 കോടി രൂപ മൂല്യമുള്ള നോട്ടുകൾ ഇനിയും തിരിച്ചെത്താനുണ്ടെന്നാണ് ആർബിഐയിൽ നിന്നും ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോർട്ടുകൾ. ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് 9 മാസത്തിലേറെയായി, സെൻട്രൽ ബാങ്ക് നൽകിയ അപ്‌ഡേറ്റുകൾ പ്രകാരം പിൻവലിക്കൽ പ്രഖ്യാപിച്ച 2023 മെയ് 19 ന് വിപണിയിൽ 3.56 ലക്ഷം കോടി മൂല്യമുള്ള 2000 രൂപ നോട്ടുകൾ ഉണ്ടായിരുന്നു. 2024 ഫെബ്രുവരി 29 ആകുമ്പോൾ ഏകദേശം 8,470 കോടി രൂപയുടെ 2,000 ബാങ്ക് നോട്ടുകൾ പ്രചാരത്തിലുണ്ട്.
2000 രൂപ നോട്ടുകൾ നിയമപരമായി തുടരുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. 2000 രൂപ നോട്ടുകൾ മാറ്റുന്നതിനുള്ള സൗകര്യം 2023 മെയ് 19 മുതൽ റിസർവ് ബാങ്കിൻ്റെ 19 ഇഷ്യൂ ഓഫീസുകളിൽ ലഭ്യമാണ്. 2023 ഒക്ടോബർ 9 മുതൽ, ആർബിഐ ഇഷ്യൂ ഓഫീസുകൾ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 2000 രൂപ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതിനായി സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
2023 മെയ് 19-നാണ് 2,000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും നിരോധിച്ചത്. കള്ളപ്പണം തുടച്ചു നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റരാത്രികൊണ്ട് 1,000, 500 രൂപ നോട്ടുകൾ നിയമവിധേയമായി നീക്കം ചെയ്യാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഞെട്ടിക്കുന്ന തീരുമാനത്തിന് ശേഷമാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. നോട്ട് നിരോധനത്തിന്റെ ഫലമായി വിനിമയത്തിൽ നിന്ന് നീക്കം ചെയ്ത കറൻസിയുടെ മൂല്യം ഉടനടി മാറ്റിസ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യം. ആ ലക്ഷ്യം കൈവരിച്ചതിനാലും മറ്റ് മൂല്യങ്ങളുടെ മതിയായ നോട്ടുകൾ ഇപ്പോൾ ഉള്ളതിനാലുമാണ് ഈ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് ആർബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.