കേന്ദ്ര ക്യാബിനെറ്റിൽ നിര്‍ണായക തീരുമാനം, സർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും സന്തോഷം, ഡി എ വര്‍ധിപ്പിച്ചു
വര്‍ധന 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരും.
ദില്ലി : കേന്ദ്ര സർക്കാർ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത. ജീവനക്കാരുടെ ഡി എ (ഡിയർനെസ്സ് അലവൻസ്) 4% വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനെറ്റ് തീരുമാനിച്ചു. 2024 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ വര്‍ധന നിലവിൽ വരും. ഒപ്പം ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തി.
ദാരിദ്ര രേഖക്ക് താഴെയുള്ള സ്ത്രീകൾക്ക് എൽപിജി സിലിണ്ടർ നൽകുന്ന പദ്ധതിയായ ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്കുള്ള സബ്സിഡി തുടരാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്സിഡിയാണ് തുടരുക. ഒപ്പം ദേശീയ 'എ ഐ' മിഷൻ ആരംഭിക്കാനും 10000 കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കാനും ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.