യെസ് ബാങ്ക് എഫ്പിഒയ്ക്ക് 95 ശതമാനം സബ്സ്ക്രിപ്ഷൻ: ഓഹരി വില ബിഎസ്ഇയിൽ 12.30 രൂപ
എഫ്പിഒ ഇഷ്യു വില ഓരോ ഷെയറിനും 12 രൂപയായി നിശ്ചയിക്കുകയും ചെയ്തിരുന്നു.
മുംബൈ: ഫോളോ-ഓൺ പബ്ലിക് ഓഫർ (എഫ്പിഒ) ഓഹരി വ്യാപാരം ആരംഭിച്ചതിന് ശേഷം തുടർച്ചയായ ആറാം സെഷനിലും യെസ് ബാങ്ക് ലിമിറ്റഡ് ഓഹരികളിൽ ഇടിവ് രേഖപ്പെടുത്തി. ബിഎസ്‌ഇയിൽ ഓഹരി വില 12.30 രൂപയായിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 10 ശതമാനം ഇടിവാണ് ഇന്നുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് ഓഹരി വില കുറഞ്ഞത് 74 ശതമാനമാണ്.
അമേരിക്കൻ നിക്ഷേപകനായ ടിൽഡൻ പാർക്കിന്റെ നിയന്ത്രണത്തിലുള്ള ബേ ട്രീ ഇന്ത്യയ്ക്ക് 7.48 ശതമാനം ഓഹരികൾ (187.5 കോടി ഓഹരികൾ) അനുവദിച്ചതായി യെസ് ബാങ്ക് അറിയിച്ചു. ജൂലൈ 10 ന്, ബാങ്ക് 15000 കോടി രൂപയുടെ എഫ്പിഒ പ്രഖ്യാപിച്ചു. എഫ്പിഒ ഇഷ്യു വില ഓരോ ഷെയറിനും 12 രൂപയായി നിശ്ചയിക്കുകയും ചെയ്തു.
ജൂലൈ ഒമ്പതിലെ ഓഹരി വിലയുടെ 60% കിഴിവോടെയാണ് എഫ്പിഒയ്ക്ക് ബാങ്ക് തയ്യാറായത്. എന്നാൽ, ജൂലൈ ഒമ്പത് മുതൽ യെസ് ബാങ്കിന്റെ ഓഹരികളിൽ ഏകദേശം 53.85% ഇടിവ് രേഖപ്പെടുത്തുകയാണുണ്ടായത്. ജൂലൈ 17 ന്, യെസ് ബാങ്ക് എഫ്പിഒ അവസാനിക്കുമ്പോൾ ആകെ സബ്സ്ക്രിപ്ഷൻ 95 ശതമാനമായിരുന്നു, ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകരാണ് എഫ്പിഒയെ മുന്നോട്ട് നയിച്ചത്.
എഫ്പിഒയിൽ 14,267 കോടി രൂപയുടെ ഓഹരികൾക്കായി ബാങ്കിന് സബ്സ്ക്രിപ്ഷനുകൾ ലഭിച്ചു, പ്രൈസ് ബാൻഡിലെ കുറഞ്ഞ നിരക്കിലാണ് വിൽപ്പന (ഓഹരിക്ക് 12-13 രൂപ) നടന്നത്.