അദാനി പോർട്‌സിനെ ചോദ്യമുനയിൽ നിർത്തി ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡിലോയിറ്റ് പിന്മാറി
ഓഡിറ്റർ സ്ഥാനത്ത് നിന്നുള്ള രാജിക്ക് ഡിലോയിറ്റ് പറയുന്ന കാരണങ്ങൾ വിശ്വാസ്യയോഗ്യമല്ലെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു
മുംബൈ: അദാനി പോർട്സിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് പ്രമുഖ അക്കൗണ്ടിംഗ് സ്ഥാപനമായ ഡിലോയിറ്റ് ഒഴിഞ്ഞു. അദാനി പോർട്സുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് കടുത്ത തീരുമാനത്തിലേക്ക് ഡിലോയിറ്റ് പോയത്. തിങ്കളാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു കരുതിയതെങ്കിലും ഇന്ന് തന്നെ കമ്പനി രാജി പ്രഖ്യാപനം നടത്തി.
അദാനി പോര്‍ട്സ് കമ്പനിയുടെ ഓഡിറ്റിങ് ചുമതല ഡിലോയിറ്റ് ഒഴിയുന്നതായി റിപ്പോര്‍ട്ട്
ബൈജൂസിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഡിലോയിറ്റ് പിൻമാറുന്നത്. ബൈജൂസിനെ പോലെ പുതിയ സാഹചര്യം അദാനി ഗ്രൂപ്പിന്‍റെ ധനകാര്യ മാനേജ്മെന്‍റിനെ കുറിച്ചുള്ള പ്രതിഛായയ്ക്ക് തിരിച്ചടിയാവും. 2017 മുതൽ അദാനി പോർട്സിന്‍റെ ഓഡിറ്റിംഗ് നടത്തിയിരുന്നത് ഡിലോയിറ്റാണ്. കഴിഞ്ഞ വർഷം കരാർ പുതുക്കി നൽകി. എന്നാൽ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആ ബന്ധം ഉലഞ്ഞത്.
ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ അദാനി പോർട്സിനോട് ഡിലോയിറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അദാനി പോർട്സ് ഈ ആവശ്യം അംഗീകരിച്ചില്ല. ഓഡിറ്റർ സ്ഥാനത്ത് നിന്ന് ഡിലോയിറ്റ് പിന്മാറിയത് അദാനി ഗ്രൂപ്പിന്റെ ആഗോള തലത്തിലെ പ്രതിച്ഛായക്ക് വൻ തിരിച്ചടിയാണ്. നേരത്തെ ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്ത് നിന്നും ഡിലോയിറ്റ് പിന്മാറിയിരുന്നു.
സ്ഥാപനത്തിന്‍റെ ഇടപാടുകളെക്കുറിച്ച് പല സംശങ്ങളും ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ ഡിലോയിറ്റ് ഉന്നയിച്ചു. അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് കമ്പനികളുടെ വിവരങ്ങളും ആരാഞ്ഞു. എന്നാൽ ഓരോ കമ്പനിക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് ആ നീക്കം തടഞ്ഞു. ഇതോടെയാണ് ഡിലോയിറ്റ് പുറത്തേക്കുള്ള വഴി തേടിയത്.ബന്ധം വഷളായതോടെ പരസ്പര ധാരണയോടെ പിരിയാൻ തീരുമാനിച്ചതാണെന്ന് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. എന്നാൽ രാജിക്കത്തിലെ കാരണങ്ങൾ ബോധ്യപ്പെടുന്നതല്ലെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. ഈ വേർപിരിയലിനെക്കുറിച്ച് വിശദമായി ഈ സാമ്പത്തിക വർഷത്തെ ധനകാര്യ റിപ്പോർട്ടിൽ പറയും. ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് പകരം ചുമതല ലഭിച്ച MSKA ആന്‍റ് അസോസിയേറ്റസ്.
Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്