ലക്ഷദ്വീപ് പങ്കാളിത്തം: കൊല്ലം തുറമുഖ വികസനത്തില്‍ വന്‍ മുന്നേറ്റം
നിലവില്‍ കൊച്ചി, ബേപ്പൂർ, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളില്‍ നിന്നുമാണ് ലക്ഷദ്വീപിലേക്ക് കപ്പലുകള്‍ ഉള്ളത്. കൊല്ലം തുറമുഖം വഴിയുള്ള ചരക്ക് നീക്കം യാഥാർത്ഥ്യമായാല്‍ ചെലവ് കുറയുന്നതിനും ഒപ്പം സമയവും ലാഭിക്കാനും കഴിയും.
കൊല്ലം: കൊല്ലം തുറമുഖ വികസനത്തിൽ ലക്ഷദ്വീപ് പങ്കാളിയാകുന്നു. ചരക്ക് നീക്കം, വിനോദ സഞ്ചാരം എന്നീ മേഖലകളിലാണ് ലക്ഷദ്വീപ് ഡവലപ്മെന്‍റ് കോർപ്പറേഷൻ കൊല്ലം തുറമുഖ വികസനത്തില്‍ പങ്കാളികളാവുന്നത്. ഒരു വര്‍ഷത്തിനകം ഇത് സംബന്ധിച്ച കരാര്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
നിലവില്‍ കൊച്ചി, ബേപ്പൂർ, മംഗലാപുരം തുടങ്ങിയ തുറമുഖങ്ങളില്‍ നിന്നുമാണ് ലക്ഷദ്വീപിലേക്ക് കപ്പലുകള്‍ ഉള്ളത്. കൊല്ലം തുറമുഖം വഴിയുള്ള ചരക്ക് നീക്കം യാഥാർത്ഥ്യമായാല്‍ ചെലവ് കുറയുന്നതിനും ഒപ്പം സമയവും ലാഭിക്കാനും കഴിയും. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് കൊല്ലം ജില്ലാ ഭരണകൂടം, തുറമുഖ വകുപ്പ് എന്നിവരുമായി ലക്ഷദ്വീപ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ ചർച്ചകള്‍ തുടങ്ങിയത്.
ആദ്യഘട്ടത്തില്‍ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. തൊട്ട് പിന്നാലെ യാത്രകപ്പലുകളും വിനോദ സഞ്ചാരത്തിന്‍റെ സാധ്യതകളും വികസിക്കും.
ലക്ഷദ്വീപ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ പ്രതിനിധികളും തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും കൊല്ലം തുറമുഖത്തെ സൗകര്യങ്ങള്‍ നേരിട്ട കണ്ട് മനസ്സിലാക്കി. യാത്രകാർക്ക് വിശ്രമിക്കാനും താമസിക്കുവാനും ലഭ്യമായ സൗകര്യങ്ങള്‍, ഇന്ധനം നിറക്കാനുള്ള സംവിധാനം ഉള്‍പ്പടെയുള്ള നിർദ്ദേശങ്ങള്‍ ലക്ഷദ്വീപ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ മുന്നോട്ട് വച്ചിടുണ്ട്. രണ്ടാം ഘട്ട ചർച്ച അടുത്തമാസം നടക്കും.