ജിഡിപി: ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ
- ഫ്രാൻസിനെ പിന്തള്ളി 2017ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി
ദില്ലി: മൊത്ത ആഭ്യന്തര ഉത്‌പാദനത്തില്‍ ഫ്രാൻസിനെ പിന്തള്ളി 2017ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി. ലോകബാങ്കിന്‍റെ റിപ്പോർട്ടിലാണ് ഈ കാര്യം പറയുന്നത്. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനം 2.597 ലക്ഷം കോടി ഡോളറും ഫ്രാൻസിന്‍റെത് 2.582 ലക്ഷം കോടി ഡോളറുമാണെന്ന് ലോക ബാങ്ക് പറയുന്നു. ഉത്പാദന മേഖല കാഴ്‌ചവച്ച വളർച്ചയും ഉപഭോക്തൃ ചെലവിലുണ്ടായ ഉണർവുമാണ് കഴിഞ്ഞവർഷം ഇന്ത്യയുടെ നേട്ടത്തിന് വഴിതെളിച്ചത്.
2018-19ൽ 7.5 ശതമാനം ജി.ഡി.പി വളർച്ച പ്രതീക്ഷിക്കുന്ന ഇന്ത്യ 2018ല്‍ ബ്രിട്ടനെ പിന്നിലാക്കുമെന്നും റിപ്പോർട്ടിലുണ്ട്. നിലവിൽ ഇന്ത്യൻ ജി.ഡി.പിയേക്കാൾ 2,500 കോടി ഡോളറിന് മുന്നിലാണ് ബ്രിട്ടന്‍റെ മൊത്ത ആഭ്യന്തര ഉത്‌പാദനം. 2024ഓടെ ജർമ്മനിയെ പിന്നിലാക്കി നാലാം സ്ഥാനവും ഇന്ത്യ നേടുമെന്നാണ് റിപ്പോര്‍ട്ടിലെ അനുമാനം. 2024ൽ ജർമ്മനിയേക്കാൾ 400 കോടി ഡോളറിന്‍റെ മാത്രം വർദ്ധനയുമായി 4.2 ലക്ഷം കോടി ഡോളറായിരിക്കും ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനം.
134 കോടിയാണ് ഇന്ത്യയിലെ ജന സംഖ്യ. ഫ്രാൻസിന്റെ ജനസഖ്യ 6.7 കോടിയാണ്. 1964 ഡോളറാണ് ഇന്ത്യയുടെ ആളോഹരി വരുമാനം. ഫ്രാൻസിന്‍റെത് ഇന്ത്യന്‍ ആളോഹരി വരുമാനത്തേക്കാള്‍ 20 മടങ്ങാണ്. ബ്രിട്ടന്‍റെ ആളോഹരി വരുമാനം 42,515 ഡോളർ. ജിഡിപിയുടെ കാര്യത്തില്‍ ആദ്യത്തെ അഞ്ച് രാജ്യങ്ങള്‍ ഇവയാണ്.
ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്, ചൈന രണ്ടാം സ്ഥാനത്താണ്, ജപ്പാൻ മൂന്ന്, ജർമ്മനി നാല്, ബ്രിട്ടൻ അഞ്ച് എന്നിങ്ങനെയാണ് പട്ടിക. അമേരിക്കയുടെ ജി.ഡി.പി 19 ലക്ഷം കോടി ഡോളറും ചൈനയുടേത് 12 ലക്ഷം കോടി ഡോളറുമാണ്.