ഇറാന്‍റെ സ്റ്റീല്‍, അലൂമിനിയം, ചെമ്പ് വ്യാപാരത്തിന് മേല്‍ അമേരിക്കന്‍ ഉപരോധം; സംഘര്‍ഷം ശക്തമാകുന്നു
ഇറാന്‍ ആണവക്കരാറില്‍ നിന്നുളള അമേരിക്കയുടെ പിന്‍മാറ്റത്തിന് കൃത്യം ഒരു വര്‍ഷം തികഞ്ഞ വേളയിലാണ് ഇറാന്‍റെ എണ്ണേതര കയറ്റുമതിക്ക് മേലും അമേരിക്കയുടെ പിടിവീഴുന്നത്. ലോഹങ്ങളുടെ കയറ്റുമതിയിലൂടെ ഇറാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന് പുതിയ ഉപരോധം വന്‍ തിരിച്ചടിയായേക്കും.
ടെഹ്റാന്‍: ഇറാന്‍റെ സ്റ്റീല്‍, അലൂമിനിയം, ചെമ്പ് വ്യവസായങ്ങളെയും യുഎസ് ഉപരോധത്തിന്‍റെ പരിധിയില്‍പെടുത്തിയതോടെ ഇരു രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷം വര്‍ധിക്കുമെന്നുറപ്പായി. എന്നാല്‍, ഇറാനിലെ ഉന്നത നേതാക്കളുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഡെണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്.
ഇറാന്‍ ആണവക്കരാറില്‍ നിന്നുളള അമേരിക്കയുടെ പിന്‍മാറ്റത്തിന് കൃത്യം ഒരു വര്‍ഷം തികഞ്ഞ വേളയിലാണ് ഇറാന്‍റെ എണ്ണേതര കയറ്റുമതിക്ക് മേലും അമേരിക്കയുടെ പിടിവീഴുന്നത്. ലോഹങ്ങളുടെ കയറ്റുമതിയിലൂടെ ഇറാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന് പുതിയ ഉപരോധം വന്‍ തിരിച്ചടിയായേക്കും. എണ്ണയാണ് ഇറാന്‍റെ പ്രധാന കയറ്റുമതി ഇനമെങ്കിലും രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയില്‍ ലോഹകയറ്റുമതിക്കും സ്വാധീനമുണ്ട്. ഇറാന്‍ സമ്പദ്‍വ്യവസ്ഥയുടെ പത്ത് ശതമാനം വരും ഇത്.
ഇറാനുമായി ധാരണയിലെത്താന്‍ 12 നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്നത്. മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുക, അമേരിക്കന്‍ അഭയാര്‍ത്ഥികളെ മോചിപ്പിക്കുക, എല്ലാ ജനങ്ങളുടെയും അവകാശങ്ങളെ മാനിക്കുക തുടങ്ങിയ നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവച്ചിരിക്കുന്നത്.