പണം വരുന്നില്ല, ചെലവാക്കൽ ഇനി എങ്ങനെ?: മോദി സർക്കാരിന് ഞെട്ടിച്ച് ജിഎസ്ടിയും!

രാജ്യം നേരിടുന്ന വളര്‍ച്ചാ മുരട‍ിപ്പിന്‍റെ തെളിവാണ് ജിഎസ്ടി വരുമാനത്തിലുണ്ടായ ഇടിവെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

revenue from gst 2019 September month report


ദില്ലി: രാജ്യത്തെ ഉപഭോഗം കുറയുന്നതിന്‍റെ ഏറ്റവും വലിയ തെളിവായി സെപ്റ്റംബര്‍ മാസത്തെ ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. വരുമാനത്തില്‍ 2.67 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ മാസത്തില്‍ ആകെ 91,916 കോടി രൂപയാണ് ജിഎസ്ടിയില്‍ നിന്നുളള വരുമാനം. 

ജിഎസ്ടി കൗണ്‍സില്‍ വരുമാന ലക്ഷ്യമായ ഒരു ലക്ഷം കോടി എന്നത് ഈ മാസവും നേടിയെടുക്കാനായില്ല. രാജ്യം നേരിടുന്ന വളര്‍ച്ചാ മുരട‍ിപ്പിന്‍റെ തെളിവാണ് ജിഎസ്ടി വരുമാനത്തിലുണ്ടായ ഇടിവെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കേന്ദ്ര ജിഎസ്ടിയില്‍ നിന്ന് 16,630 കോടി രൂപയും സംസ്ഥാന ജിഎസ്ടിയില്‍ നിന്ന് 22,598 കോടി രൂപയും സംയോജിത ജിഎസ്ടിയില്‍ നിന്ന് 45,069 കോടി രൂപയും (22,097 കോടി രൂപ ഇറക്കുമതിയില്‍ നിന്ന്) പിരിച്ചെടുത്തു. വിവിധ സെസ് ഇനത്തില്‍ 7,620 കോടി രൂപയും ലഭിച്ചു. 

സംയോജിത ജിഎസ്ടിയിലെ ആകെ വരുമാനത്തില്‍ നിന്ന് 21,131 കോടി രൂപ കേന്ദ്ര ജിഎസ്ടിയിലേക്കും 15,121 കോടി രൂപ സംസ്ഥാന ജിഎസ്ടിയിലേക്ക് മാറ്റും. റെഗുലര്‍ സെറ്റില്‍മെന്‍റിന് ശേഷം കേന്ദ്ര സര്‍ക്കാരിലേക്ക് ആകെ 37,761 കോടി രൂപയും സംസ്ഥാന സര്‍ക്കാരുകളിലേക്ക് 37,719 കോടി രൂപയും മാറും. സെപ്റ്റംബര്‍ മുപ്പത് വരെ ആകെ 75.94 ലക്ഷം ജിഎസ്ടിആര്‍ 3ബി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. 

ജിഎസ്ടി നികുതി വരുമാനത്തിലുണ്ടായ കുറവ് സര്‍ക്കാരിന്‍റെ ചെലവാക്കലുകളെ വരും നാളുകളില്‍ പ്രതിസന്ധിയിലാക്കിയേക്കും. രാജ്യത്തെ വളര്‍ച്ചാ മുരടിപ്പ് പരിഹരിക്കുന്നതിന്‍റെ ഭാഗമായി നിരവധി ഉത്തേജന പദ്ധതികളാണ് സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജിഎസ്ടി നികുതി വരുമാനത്തില്‍ ഇടിവ് നേരിട്ടതോടെ ഉത്തേജന പദ്ധതികള്‍ക്കായി പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ഏറെ വിഷമിക്കേണ്ടി വന്നേക്കും. 
 

Latest Videos
Follow Us:
Download App:
  • android
  • ios