പ്രമുഖ മുഖങ്ങളെ ഉള്‍പ്പെടുത്തി തൊഴില്‍, നിക്ഷേപ ക്യാബിനറ്റ് കമ്മിറ്റികള്‍: നരേന്ദ്ര മോദി ലക്ഷ്യമിടുന്നത് വന്‍ മാറ്റം

പ്രധാനമന്ത്രി അധ്യക്ഷനായ തൊഴില്‍ -നൈപുണ്യ വികസന കമ്മിറ്റിയില്‍ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, കൃഷി- ഗ്രാമീണവികസനം- പഞ്ചായത്തി രാജ് മന്ത്രി നരേന്ദ്ര തോമര്‍, മാനവ വിഭവശേഷി വികസനത്തിന്‍റെ ചുമതലയുളള രമേഷ് പൊക്രിയാല്‍, പെട്രോളിയം -പ്രകൃതി വാതക മന്ത്രാലയത്തിന്‍റെ ചുമതലയുളള ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. 

PM Modi forms cabinet committee for investment affairs and employment

ദില്ലി: ഇടിവ് രേഖപ്പെടുത്തിയ ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തിക്കാനും തൊഴില്‍ രംഗത്ത് രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനും സുപ്രധാന ക്യാബിനറ്റ് കമ്മിറ്റികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപം നല്‍കി. നിക്ഷേപവും വളര്‍ച്ചയും സംബന്ധിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുളളതും തൊഴിലും നൈപുണ്യ വികസനവും സംബന്ധിച്ച് മറ്റൊന്നും, ഇവയാണ് പുതിയതായി രൂപീകരിച്ച സുപ്രധാന ക്യാബിനറ്റ് കമ്മിറ്റികള്‍. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടിന്‍റെയും അധ്യക്ഷന്‍. പ്രധാനമന്ത്രിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധന- കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മല സീതാരാമന്‍, വ്യവസായ - റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവരാണ് ഇരു കമ്മിറ്റിയിലും പൊതുവായുളള അംഗങ്ങള്‍. ഗതാഗത -ഹൈവേ മന്ത്രി നിതിന്‍ ഗാഡ്കരിയാണ് നിക്ഷേപവും വളര്‍ച്ചയും കൈകാര്യം ചെയ്യുന്ന കമ്മിറ്റിയിലെ അഞ്ചാം അംഗമായ മന്ത്രി. 

1961 ലെ കേന്ദ്ര സര്‍ക്കാരിന്‍റെ (ട്രാന്‍സാക്ഷന്‍ ഓഫ് ബിസിനസ്) നിയമം അനുസരിച്ച് ക്യാബിനറ്റ് കമ്മിറ്റികള്‍ രൂപീകരിക്കാനും അംഗങ്ങളെ തിരഞ്ഞെടുക്കാനും കമ്മിറ്റികള്‍ പിരിച്ചുവിടാനും അംഗങ്ങളുടെ എണ്ണത്തില്‍ മാറ്റം വരുത്താനും പ്രധാനമന്ത്രിക്ക് അധികാരമുണ്ട്. ആദ്യ എന്‍ഡിഎ സര്‍ക്കാരിന്‍റെ കാലത്ത് പുതിയ ക്യാബിറ്റ് കമ്മിറ്റികളൊന്നും പ്രധാനമന്ത്രി രൂപീകരിച്ചിരുന്നില്ല. നിലവില്‍ എട്ട് ക്യാബിനറ്റ് കമ്മിറ്റികളാണുളളത്. അപ്പോയിന്‍റ്മെന്‍റ്സ്, അക്കോമഡേഷന്‍, സുരക്ഷ, സാമ്പത്തിക കാര്യം, നിക്ഷേപവും വളര്‍ച്ചയും, പാര്‍ലമെന്‍ററി കാര്യം, രാഷ്ട്രീയ കാര്യം, തൊഴിലും നൈപുണ്യ വികസനവും എന്നിവയാണ് എട്ട് കമ്മിറ്റികള്‍. 

നേരത്തെ നിലവിലുണ്ടായിരുന്ന ക്യാബിനറ്റ് കമ്മറ്റികളുടെ ധര്‍മ്മങ്ങള്‍ പുതിയ കമ്മിറ്റികളില്‍ ലയിപ്പിച്ചിട്ടുണ്ട്. നാല് ക്യാബിനറ്റ് കമ്മിറ്റികളാണ് നിലവിലുണ്ടായിരുന്നത്. പ്രകൃതി ദുരന്തങ്ങള്‍, പ്രൈസസ്, ഡബ്ല്യൂടിഒയെ സംബന്ധിച്ചത്, യുഐഎഐ എന്നിവയായിരുന്നു നാല് കമ്മിറ്റികള്‍. 

തൊഴില്‍ -നൈപുണ്യ വികസനം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 10 അംഗ ക്യാബിനറ്റ് കമ്മിറ്റിയില്‍ സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ ചുമതലയുളള നിതിന്‍ ഗാഡ്കരിയെ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി അധ്യക്ഷനായ തൊഴില്‍ -നൈപുണ്യ വികസന കമ്മിറ്റിയില്‍ അമിത് ഷാ, നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, കൃഷി- ഗ്രാമീണവികസനം- പഞ്ചായത്തി രാജ് മന്ത്രി നരേന്ദ്ര തോമര്‍, മാനവ വിഭവശേഷി വികസനത്തിന്‍റെ ചുമതലയുളള രമേഷ് പൊക്രിയാല്‍, പെട്രോളിയം -പ്രകൃതി വാതക മന്ത്രാലയത്തിന്‍റെ ചുമതലയുളള ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍. 

തൊഴില്‍ രംഗത്ത് ഉണ്ടായിരിക്കുന്ന മാന്ദ്യത്തിന് അതിവേഗ പരിഹാരമുണ്ടാക്കുകയും നിക്ഷേപം സമാഹരിച്ച് വ്യവസായ മേഖലയില്‍ വളര്‍ച്ച കൈവരിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ കമ്മിറ്റി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.      

Latest Videos
Follow Us:
Download App:
  • android
  • ios