രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്കിനെ സംബന്ധിച്ച ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്: ഇന്ത്യയെ കാത്തിരിക്കുന്നത് മോശം വാര്‍ത്തയോ?
2019- 20 സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു. ഇത് രണ്ടാം പാദത്തില്‍ 4.2 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് നൊമുറ കണക്കാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത മൊത്ത വളര്‍ച്ചാ നിരക്കിലും നൊമുറ കുറവ് വരുത്തി.
ദില്ലി: ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ രാജ്യത്തിന്‍റെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് പോകുമെന്ന് പ്രമുഖ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയായ നൊമുറ. ഈ മാസം അവസാനം ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്കുകള്‍ പുറത്തുവരാനിരിക്കെയാണ് നൊമുറ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രാജ്യത്തെ വ്യാവസായിക ഉല്‍പാദനത്തില്‍ സെപ്റ്റംബറില്‍ 4.3 ശതമാനത്തിന്‍റെ ഇടിവ് നേരിട്ടിരുന്നു. തുടര്‍ച്ചയായി ഇത് രണ്ടാം മാസത്തിലാണ് രാജ്യത്തെ ഫാക്ടറി ഉല്‍പാദനത്തില്‍ ഇടിവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ വളര്‍ച്ചാമുരടിപ്പ് കൂടുതല്‍ ശ്വാസം മുട്ടിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തെക്കാള്‍ കൂടുതല്‍ താഴേക്ക് പോകുമെന്നാണ് കണക്കാക്കുന്നത്.
2019- 20 സാമ്പത്തിക വര്‍ഷത്തെ ജൂണ്‍ പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനമായിരുന്നു. ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പാദ വളര്‍ച്ചാ നിരക്കായിരുന്നു ഇത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 4.2 ശതമാനത്തിലേക്ക് ഇടിയുമെന്നാണ് നൊമുറ കണക്കാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത മൊത്ത വളര്‍ച്ചാ നിരക്കിലും നൊമുറ കുറവ് വരുത്തി. 5.7 ശതമാനത്തില്‍ നിന്നും 4.9 ശതമാനത്തിലേക്കാണ് ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി നിരക്ക് കുറച്ചത്.
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഇക്കോറാപ്പ് റിപ്പോർട്ടിൽ എസ്‌ബിഐ പറയുന്നതും വളര്‍ച്ചാ നിരക്കില്‍ വലിയ ഇടിവ് രേഖപ്പെടുത്തുമെന്നാണ്. 2020 ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ വളർച്ചാ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ കുറവാണെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട് പറയുന്നത്. 26 സൂചകങ്ങളിൽ അഞ്ച് സൂചകങ്ങൾ മാത്രമാണ് സെപ്റ്റംബറിൽ ത്വരണം കാണിക്കുന്നത്. സമ്പദ്‌വ്യവസ്ഥയിലെ ഡിമാൻഡ് മാന്ദ്യം ഇപ്പോഴും പ്രാധാന്യമർഹിക്കുന്നതാണെന്നും ഇത് വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ത്വരിതപ്പെടുത്തുന്ന പ്രധാന സൂചകങ്ങൾ ഞങ്ങൾ മാപ്പ് ചെയ്യുകയാണെങ്കിൽ, രണ്ടാം പാദത്തിലെ ജിഡിപിയുടെ വളർച്ച അഞ്ച് ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.