വിനോദ സഞ്ചാര രംഗത്ത് കേരളം ഏറ്റവും മികച്ച സംസ്ഥാനമെന്ന് പഠനം
രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് പഠന റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സിന്റെ പഠനത്തിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
തിരുവനന്തപുരം: രാജ്യത്തെ വിനോദ സഞ്ചാര രംഗത്ത് ഏറ്റവും മികച്ച സംസ്ഥാനം കേരളമാണെന്ന് പഠന റിപ്പോർട്ട്. സ്റ്റേറ്റ് ഓഫ് ദി സ്റ്റേറ്റ്സിന്റെ പഠനത്തിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. പരിസ്ഥിതി, ശുചിത്വം തുടങ്ങിയ മേഖലയിലടക്കം കേരളത്തിന്റെ പ്രകടനം മികച്ചതാണെന്ന് പഠനത്തിൽ വിലയിരുത്തി.
ആകെ 12 വികസന സൂചികകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇന്ത്യാ ടുഡെയാണ് പഠനം നടത്തിയത്. കഴിഞ്ഞ വർഷം ഇതേ പഠനത്തിൽ കേരളത്തിന് മൂന്നാം
സ്ഥാനമാണ് ലഭിച്ചത്. നിപ്പയും പ്രളയവും സംസ്ഥാനത്തെ ദുരിതത്തിലാക്കിയ 2018 ൽ വിദേശത്ത് നിന്ന് 10.9 ലക്ഷം വിനോദ സഞ്ചാരികൾ കേരളത്തിൽ എത്തിയിരുന്നു. ആഭ്യന്തര വിനോദ സഞ്ചാരികളടക്കം 1.67 കോടി പേരാണ് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്.
2017 നെ അപേക്ഷിച്ച് ഒൻപത് ലക്ഷം പേരുടെ വർധനവാണ് ഉണ്ടായത്. 1.58 കോടി പേരായിരുന്നു 2017 ൽ കേരളത്തിലെത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിനോദ സഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനത്തിലും കാര്യമായ വർധനവുണ്ടായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് 2874 കോടി രൂപയാണ് വർധിച്ചത്. ആകെ 36528 കോടിയായിരുന്നു വിനോദ സഞ്ചാരത്തിൽ നിന്നും 2018-19 ൽ കേരളത്തിന് ലഭിച്ചത്.