വീണ്ടും ഇടിവ് നേരിട്ട് ജിഎസ്ടി വരുമാനം, ജൂണ്‍ മാസത്തില്‍ തളര്‍ച്ച നേരിട്ട് ചരക്ക് സേവന നികുതി
ജൂണിലെ ജിഎസ്ടി വരുമാനം 99,939 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ചില്‍ 1,06,577 കോടിയും ഏപ്രിലില്‍ 1,13,865 കോടിയും മെയില്‍ 1,13,865 കോടിയും ആയിരുന്ന വരുമാനമാണ് ജൂണില്‍ ഒരു ലക്ഷം കോടിക്ക് താഴേക്ക് പോയത്.
ദില്ലി: ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില്‍ വന്നിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതിമാസ വരുമാനത്തില്‍ സ്ഥിരത കൈവരിക്കാനായില്ല. കഴിഞ്ഞ മൂന്ന് മാസമായി ഒരു ലക്ഷം കോടിയില്‍ അധികം വരുമാനം നേടിയെങ്കിലും ജൂണില്‍ വരുമാനത്തില്‍ ഇടിവ് നേരിട്ടു. ഈ സാമ്പത്തിക വര്‍ഷം ആദ്യമായാണ് ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി രൂപയ്ക്ക് താഴേക്ക് ഇടിയുന്നത്.
ജൂണിലെ ജിഎസ്ടി വരുമാനം 99,939 കോടി രൂപയായി കുറഞ്ഞു. മാര്‍ച്ചില്‍ 1,06,577 കോടിയും ഏപ്രിലില്‍ 1,13,865 കോടിയും മെയില്‍ 1,13,865 കോടിയും ആയിരുന്ന വരുമാനമാണ് ജൂണില്‍ ഒരു ലക്ഷം കോടിക്ക് താഴേക്ക് പോയത്. 2019 ഫെബ്രുവരിക്ക് ശേഷമുളള ഏറ്റവും കുറഞ്ഞ വരുമാനമാണിത്. ഫെബ്രുവരിയില്‍ 97,247 കോടി രൂപയായിരുന്നു ജിഎസ്ടി വഴിയുളള വരുമാനം.
കേന്ദ്ര സര്‍ക്കാരില്‍ നിന്നുളള കണക്ക് പ്രകാരം ജൂണ്‍ മാസം കേന്ദ്ര ജിഎസ്ടിയില്‍ നിന്നും കിട്ടിയ വരുമാനം 18,366 കോടി രൂപയാണ്. സംസ്ഥാന ജിഎസ്ടിയില്‍ നിന്ന് 25,343 കോടി രൂപയും കഴിഞ്ഞ മാസം സര്‍ക്കാരിലേക്ക് എത്തി. സംയോജിത ജിഎസ്ടി വഴി 47,772 കോടി രൂപയാണ് ജൂണ്‍ മാസം വരുമാനമായി സര്‍ക്കാരിലേക്ക് എത്തിയത്.