രാജ്യത്ത് വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും താഴേക്ക്
ഇന്ത്യയിലെ വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വ്യാവസായിക പ്രവര്‍ത്തനത്തിൽ സംഭവിച്ച കുറവാകും ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്.
ദില്ലി: ഇന്ത്യയിലെ വൈദ്യുതി വിതരണം തുടര്‍ച്ചയായ അഞ്ചാം മാസവും ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വ്യാവസായിക പ്രവര്‍ത്തനത്തിൽ സംഭവിച്ച കുറവാകും ഇതിന് കാരണമെന്നാണ് കരുതപ്പെടുന്നത്. താഴ്ന്ന വിതരണം വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ കുറവാണ് വ്യക്തമാക്കുന്നത്.
ഡിസംബറിൽ 101.92 ബില്യൺ യൂണിറ്റായിരുന്നു വിതരണം ചെയ്തത്. 2018 ഡിസംബറിൽ ഇത് 103.4 ബില്യൺ യൂണിറ്റായിരുന്നു. 1.1 ശതമാനമാണ് ഇടിവ് സംഭവിച്ചതെന്ന് പവര്‍ സിസ്റ്റം ഓപ്പറേഷൻ കോര്‍പ്പറേഷൻ ലിമിറ്റഡിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലെ സെൻട്രൽ ഇലക്ട്രിസിറ്റി ബോര്‍ജ് ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ട് ഈ മാസം പുറത്തുവിടുമെന്ന് കരുതുന്നു.
കഴിഞ്ഞ 12 വര്‍ഷത്തെ ഏറ്റവും വലിയ കുറവാണ് വൈദ്യുതി വിതരണത്തിൽ ഒക്ടോബറിൽ രേഖപ്പെടുത്തിയത്. 12.8 ശതമാനം. നവംബറിൽ 4.2 ശതമാനം താഴ്ന്നു. വൈദ്യുതി വിതരണത്തിൽ ഉണ്ടാകുന്ന കുറവ് വ്യാവസായിക ഉൽപ്പാദനത്തിൽ ഇടിവുണ്ടായെന്നതിന്റെ സൂചന കൂടിയാണ്.