അതിവേഗ റെയില്‍ ഇടനാഴിയുടെ ഭാവി എന്ത്? ജപ്പാന്‍കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കും
കുറഞ്ഞ നിരക്കിൽ ദീർഘ കാലത്തേക്ക് ജപ്പാനിൽ നിന്നുള്ള വായ്പയോടെയാണ് 17 ബില്യൺ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ചത്. 2017 ൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഗുജറാത്തിലും മഹാരാഷ്ട്രയിലും ബിജെപിയായിരുന്നു അധികാരത്തിൽ. എന്നാൽ, മഹാരാഷ്ട്രയിൽ തുടർഭരണം ബിജെപിക്ക് നഷ്ടമായി.
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച ശേഷം രാജിവച്ച് ബിജെപി പടിയിറങ്ങിയ സാഹചര്യത്തിൽ ഒരു ലക്ഷം കോടി രൂപയിലേറെ മൂലധന നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയും തുലാസിലായി. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിലൂടെ പരമാവധി 320 കിമീ വേഗതയിൽ ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള പദ്ധതിയാണ് ഇനി നടക്കുമോയെന്ന് അറിയാത്തത്.
സംസ്ഥാനത്ത് ഈ പദ്ധതിക്കെതിരെ കർഷകരുടെ ഭാഗത്ത് നിന്ന് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. സഖ്യം ഉപേക്ഷിച്ച് ശിവസേന, കോൺഗ്രസിനെയും എൻസിപിയെയും കൂടെക്കൂട്ടി സർക്കാർ രൂപീകരിച്ചിരിക്കുകയാണ്. കർഷകരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇനി പുതിയ സർക്കാർ പദ്ധതിയോട് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ആശങ്ക.
കുറഞ്ഞ നിരക്കിൽ ദീർഘ കാലത്തേക്ക് ജപ്പാനിൽ നിന്നുള്ള വായ്പയോടെയാണ് 17 ബില്യൺ ഡോളറിന്റെ പദ്ധതി ആവിഷ്കരിച്ചത്. 2017 ൽ പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഗുജറാത്തിലും മഹാരാഷ്ട്രയിലും ബിജെപിയായിരുന്നു അധികാരത്തിൽ. എന്നാൽ, മഹാരാഷ്ട്രയിൽ തുടർഭരണം ബിജെപിക്ക് നഷ്ടമായി.
പദ്ധതിയെ തുടക്കം മുതലേ എതിർത്തിരുന്നുവെന്നാണ് ശിവസേന പറഞ്ഞത്. പാതയുടെ ഭൂരിഭാഗവും മറ്റൊരു സംസ്ഥാനത്തിലാണെന്നും മഹാരാഷ്ട്ര ആവശ്യമായതിലധികം നിക്ഷേപം നടത്തുന്നുവെന്നുമാണ് ശിവസേനയുടെ വാദം.
മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി. എന്നാൽ, പഴ കർഷകരുടെ എതിർപ്പ് പദ്ധതിയുടെ മുന്നോട്ട് പോക്ക് പ്രതിസന്ധിയിലാക്കിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ച തന്നെ താഴേക്കായ സാഹചര്യത്തിൽ പദ്ധതി നീണ്ട് പോകുന്നത് ജാപ്പനീസ് നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.