ധനകാര്യ കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്ര സര്‍ക്കാര്‍; ജമ്മു കശ്മീര്‍ വിഭജനത്തെ തുടര്‍ന്നെന്ന് സൂചന
പതിനഞ്ചാം ധനകാര്യ കമ്മീഷന് രണ്ട് റിപ്പോർട്ടുകളിലൂടെ (2020-21 മുതൽ 2025-26 വരെ) ആറ് വർഷത്തേക്ക് ശുപാർശകൾ നൽകാൻ കഴിയുമെങ്കിലും, പതിനാറാമത്തെ ധനകാര്യ കമ്മീഷൻ രൂപീകരിക്കുമ്പോൾ, 2025-26 മുതൽ 2029-30 വരെ അധികാര വിഭജനം പരിഗണിക്കുമെന്നാണ് സൂചന.
ദില്ലി: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ കാലാവധി കേന്ദ്രസർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. നിലവിലെ സാമ്പത്തികാവസ്ഥയിൽ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ച് പരിഷ്കാര നടപടികൾ സ്വീകരിക്കേണ്ടതിനാലാണ് ഇത്.
ഇതോടെ കേന്ദ്ര ധനകാര്യ കമ്മിഷന്റെ ശുപാർശകൾ ആറ് വർഷത്തേക്കുള്ളതാവും. നിലവിലിത് അഞ്ച് വർഷത്തേക്കാണ്. എന്നാൽ, ഭരണഘടനയുടെ 280-ാം അനുച്ഛേദം അനുസരിച്ച് ഓരോ അഞ്ച് വർഷം കൂടുമ്പോഴും രാഷ്ട്രപതി ഒരു ധനകാര്യ കമ്മിഷനെ നിയമിക്കണം. അഞ്ച് വർഷം കൂടുമ്പോൾ ധനകാര്യ കമ്മിഷന് രൂപം കൊടുത്തിരിക്കണം എന്നതാണ് ഭരണഘടന അനുശാസിക്കുന്നതെന്നും കേന്ദ്രസർക്കാരിന്റെ തീരുമാനം ഇതിന്റെ ലംഘനമാവില്ലെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.
പതിനഞ്ചാം ധനകാര്യ കമ്മീഷന് രണ്ട് റിപ്പോർട്ടുകളിലൂടെ (2020-21 മുതൽ 2025-26 വരെ) ആറ് വർഷത്തേക്ക് ശുപാർശകൾ നൽകാൻ കഴിയുമെങ്കിലും, പതിനാറാമത്തെ ധനകാര്യ കമ്മീഷൻ രൂപീകരിക്കുമ്പോൾ, 2025-26 മുതൽ 2029-30 വരെ അധികാര വിഭജനം പരിഗണിക്കുമെന്നാണ് സൂചന.
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ രൂപീകരണത്തെ തുടർന്നാണ് കമ്മിഷന് കൂടുതൽ സമയം അനുവദിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്. ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ശനിയാഴ്ച കമ്മീഷന്‍ കൂടുതൽ സമയം ചോദിച്ചിരുന്നു. 2020-21 കാലത്തെ ബജറ്റ് തയ്യാറാക്കാൻ വേണ്ടിയുള്ളതാണ് ഈ ഇടക്കാല ബജറ്റ്.