കള്ളപ്പണത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ പണത്തിനു കഴിയുമെന്ന് പേടിഎം ബില്‍ഡ് ഫോര്‍ ഇന്ത്യ മേധാവി
ഉല്‍പ്പന്നം, ഉപഭോക്താക്കള്‍, അവരുടെ ക്രയശേഷി എന്നീ മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കേണ്ടത്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടി അവ തയാറാകണം.
തിരുവനന്തപുരം: രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കു മാത്രമായി ഏറ്റെടുക്കാനാവില്ലെന്നും ഇക്കാര്യത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുന്‍കൈയെടുക്കണമെന്നും സ്റ്റാര്‍ട്ടപ്പായി തുടക്കമിട്ട് വളര്‍ന്നു വലുതായ പേടിഎമ്മിന്‍റെ ബില്‍ഡ് ഫോര്‍ ഇന്ത്യ മേധാവി സൗരഭ് ജെയിന്‍ പറഞ്ഞു.
കോവളത്ത് ഇന്നലെ സമാപിച്ച ദ്വിദിന സ്റ്റാര്‍ട്ടപ് സമ്മേളനമായ ഹഡില്‍ കേരള-യില്‍ 'ഇന്ത്യയ്ക്കുവേണ്ടി നിര്‍മാണം' ഇന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പന്നം, ഉപഭോക്താക്കള്‍, അവരുടെ ക്രയശേഷി എന്നീ മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ ശ്രദ്ധിക്കേണ്ടത്. പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ല ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടി അവ തയാറാകണം. ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ആവശ്യപ്പെടുന്നവയും അവര്‍ക്ക് താങ്ങാവുന്നവയും ആകണം. ഉപഭോക്താക്കള്‍ ആ ഉല്‍പ്പന്നങ്ങള്‍ പ്രയോജനപ്പെടുത്തി വളരാന്‍ മനസുള്ളവരുമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വന്‍കമ്പനികള്‍ക്ക് വിഭവശേഷിയും സമൂഹത്തില്‍ വേരുകളുമുണ്ടാകും. പക്ഷേ നൂതനത്വമാണ് സ്റ്റാര്‍ട്ടപ്പുകളുടെ ശക്തി. കള്ളപ്പണത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ പണത്തിനു കഴിയുമെന്ന് പേടിഎം ഉദാഹരണമായി ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 2010-ല്‍ പേടിഎമ്മിന് തുടക്കമിട്ടെങ്കിലും നോട്ട് നിരോധന കാലത്താണ് സ്ഥാപനത്തിന്‍റെ സേവനങ്ങള്‍ ജനം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
കേരള സ്റ്റാര്‍ട്ടപ് മിഷനും ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഹഡില്‍ കേരള സംഘടിപ്പിച്ചത്.