കോഴിയേയും വെറുതെ വിടാതെ സാമ്പത്തിക പ്രതിസന്ധി, ഹാച്ചറി അടച്ചുപൂട്ടി ഇറച്ചിക്കോഴി ഉല്‍പാദകര്‍
ജൂണ്‍ ആയപ്പോഴേക്കും ചിക്കന്‍റെ വില കിലോയ്ക്ക് 65 ലേക്ക് ഇടിഞ്ഞിരുന്നു. ജൂണില്‍ വില ഇടിയുക സ്വഭാവികമാണ് എന്നാല്‍, ഉത്സവ സീസണ്‍ എത്തുന്നതോടെ വില വീണ്ടും ഉയരുകയാണ് പതിവ്. ഈ ഉത്സവ സീസണില്‍ അതുണ്ടായില്ല.
ആരംബാഗ് ഹാച്ചറി ലിമിറ്റഡ്, ഇന്ത്യയിലെ ഏറ്റവും വലിയ ഇറച്ചിക്കോഴി ഉല്‍പാദകരാണിവര്‍. എന്നാല്‍, ആരംബാഗിനെക്കുറിച്ച് കഴിഞ്ഞ ദിവസം പുറത്തുവന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അത്ര ശുഭകരമല്ല. ആരംബാഗ് തങ്ങളുടെ പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ ഫാമുകളില്‍ ഒന്നിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. ബീര്‍ഭം ജില്ലയിലെ രാജ്നഗറിലുളള ഫാമിനാണ് താഴ്വീണത്. ഗ്രാമീണ മേഖലയിലുണ്ടായ കോഴിയിറച്ചിയുടെ ഉപഭോഗത്തിലെ ഇടിവാണ് ഈ അടച്ചുപൂട്ടലിന് കാരണം.
"ജൂണ്‍ ആയപ്പോഴേക്കും ചിക്കന്‍റെ വില കിലോയ്ക്ക് 65 ലേക്ക് ഇടിഞ്ഞിരുന്നു. ജൂണില്‍ വില ഇടിയുക സ്വഭാവികമാണ് എന്നാല്‍, ഉത്സവ സീസണ്‍ എത്തുന്നതോടെ വില വീണ്ടും ഉയരുകയാണ് പതിവ്. ഈ ഉത്സവ സീസണില്‍ അതുണ്ടായില്ല. ഗ്രാമീണ മേഖലയില്‍ നിന്ന് കോഴിയിറച്ചിക്കുളള ആവശ്യകത കുറഞ്ഞതാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണം" ആരംബാഗ് ഹാച്ചറി മാനേജിംഗ് ഡയറക്ടര്‍ പ്രസണ്‍ റോയി പറഞ്ഞു. ബംഗാളിലെ ഗ്രാമീണ മേഖലയില്‍ സാമ്പത്തിക സ്ഥിതി മോശമായതോടെ ഉത്സവക്കാലത്ത് പോലും ആളുകള്‍ ചിക്കന്‍ വാങ്ങുന്നതില്‍ കുറവ് വരുത്തി. ബംഗാളിലെ ഗ്രാമങ്ങളാണ് സംസ്ഥാനത്ത് ആകെ വില്‍ക്കുന്നതിന്‍റെ 65 ശതമാനം കോഴിയിറച്ചിയും വാങ്ങുന്നത്.
ജീവനുളള കോഴിയുടെയും കോഴിയിറച്ചിയുടെയും ആവശ്യകതയില്‍ കുറവുണ്ടായതായി പ്രസണ്‍ റോയി പറഞ്ഞു. ആരംബാഗ് ഹാച്ചറി തങ്ങളുടെ തളര്‍ച്ചയ്ക്ക് രാജ്യത്തെ വളര്‍ച്ചാമുരടിപ്പിനൊപ്പം പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് നോട്ട് നിരോധനത്തെയും ജിഎസ്ടി നടപ്പാക്കിയ രീതിയെയുമാണ്.
ശമ്പളം ലഭിക്കുന്നില്ല...
ജീവനുളള കോഴിക്കും ഓരോ കിലോയുടെ പുറത്തും 12 മുതല്‍ 15 രൂപ വരെ നഷ്ടം ഉണ്ടാകുന്നതായി കമ്പനി പറയുന്നു. "കോഴിക്ക് വേണ്ടി തീറ്റയായി ഉപയോഗിക്കുന്ന ചോളമടക്കമുളളവയുടെ വിലക്കയറ്റം ഉല്‍പ്പാദന ചെലവ് വര്‍ധിപ്പിക്കുകയാണ്. കോഴിത്തീറ്റയുടെ നിരക്കില്‍ 15 മുതല്‍ 23 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഞങ്ങള്‍ക്ക് ഇങ്ങനെ അധിക കാലം നഷ്ടം സഹിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോഴുളളത്" റോയി കൂട്ടിച്ചേര്‍ത്തു.
ഖാരിഫ് സീസണിലെ വിളവെടുപ്പ് കഴിയുന്നതോടെ വിപണിയില്‍ ചോളത്തിന്‍റെ ലഭ്യത വര്‍ധിക്കുമെന്നാണ് കമ്പനി കരുതുന്നത്. ഇതോടെ കോഴിത്തീറ്റയുടെ ചെലവ് കുറയ്ക്കാനും പൂട്ടിയ ഹാച്ചറി തുറക്കാനും കഴിയുമെന്നാണ് ആരാംബാഗ് കണക്കാക്കുന്നത്. കമ്പനിയുടെ ഹാച്ചറി അടച്ചുപൂട്ടാന്‍ കാരണം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാമുരടിപ്പാണെന്ന് സിപിഐഎമ്മിന്‍റെ തൊഴിലാളി സംഘടനയായ സിഐടിയു ആരോപിക്കുന്നു. ഹാച്ചറിയിലെ ജീവനക്കാർ ഒക്ടോബര്‍ 21 ഒരു പ്രകടനം നടത്തി, ശമ്പളം പതിവായി ലഭിച്ചിട്ടില്ലെങ്കിലും നേരത്തെ ഇത്തരത്തില്‍ പ്രതിഷേധിച്ചിട്ടില്ലെന്ന് അവര്‍ പറയുന്നു.
ഹാച്ചറി അടച്ചു പൂട്ടാനുളള കമ്പനിയുടെ തീരുമാനം വിചിത്രമായി തോന്നുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണെന്നും തൊഴിലാളികള്‍ പറയുന്നു. ഹാച്ചറി അടച്ചുപൂട്ടാനുളള തീരുമാനം ഞെട്ടിക്കുന്നതായിരുന്നു. ഇതുവരെ ഞങ്ങളുടെ ശമ്പള കുടിശ്ശിക തരാന്‍ കമ്പനി തയ്യാറായിട്ടില്ലെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി ആരംബാഗ് ഹാച്ചറി ലിമിറ്റഡില്‍ പണിയെടുക്കുന്ന ജിതേന്‍ ധോളി വിഷമത്തോടെ പ്രമുഖ ദേശീയ മാധ്യമമായ സ്ക്രോള്‍ ന്യൂസിനോട് പറഞ്ഞു.