തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് വെറും നാല് മണിക്കൂര്‍ !; സ്വപ്ന പദ്ധതിയുടെ ആകാശ സര്‍വേയ്ക്ക് വേണ്ടത് ഏഴ് ദിവസങ്ങള്‍

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തുന്നത്. നിര്‍ദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വേയും ജിയോനോ തന്നെയാണ് നടത്തിയത്. 

aerial survey of Thiruvananthapuram- Kasaragod Semi High-Speed Railway (SHSR) project begins

കണ്ണൂര്‍:  കേരളത്തിന്‍റെ യാത്രാദുരിതത്തിന് പരിഹാരമായി നടപ്പാക്കുന്ന തിരുവനന്തപുരം- കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാതയായ  സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ് നിശ്ചയിക്കുന്നതിനുള്ള ആദ്യപടിയായി ആകാശ സര്‍വേ കണ്ണൂരില്‍  ആരംഭിച്ചു. കണ്ണൂര്‍ മുതല്‍ കാസര്‍കോട്ടുവരെ 80 കിലോമീറ്ററിലുള്ള ആദ്യ സര്‍വേ ചൊവ്വാഴ്ച പൂര്‍ത്തിയാക്കി. 

സില്‍വര്‍ ലൈന്‍ ദൈര്‍ഘ്യമായ 532 കിലോമീറ്റര്‍ സര്‍വേ ചെയ്യുന്നതിന് എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. സര്‍വേയ്ക്ക് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെ പദ്ധതിയ്ക്ക് കേന്ദ്ര റെയില്‍വെ മന്ത്രാലയവും പച്ചക്കൊടി കാണിച്ചിരുന്നു. 

ഏഴു ദിവസത്തെ സര്‍വേയ്ക്ക് പാര്‍ട്ടെനേവിയ പി 68 എന്ന എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുന്നത്. അതീവ സുരക്ഷാമേഖലകള്‍ക്കു മുകളിലൂടെ പറക്കേണ്ടതുകൊണ്ടാണ് പ്രതിരോധവകുപ്പിന്‍റെ പ്രത്യേക അനുമതി ആവശ്യമായി വന്നത്. ഇന്ത്യന്‍ പൈലറ്റുകള്‍ തന്നെയായിരിക്കണം ഹെലികോപ്റ്റര്‍ പറത്തേണ്ടത് എന്ന കര്‍ശന നിബന്ധനയുണ്ട്. 

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്മെന്‍റ് കോര്‍പറേഷനു (കെ-റെയില്‍) വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ ജിയോനോ ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനമാണ് സര്‍വേ നടത്തുന്നത്. നിര്‍ദ്ദിഷ്ട മുംബൈ-അഹമ്മദാബാദ് ബുളളറ്റ് ട്രെയിന്‍ പദ്ധതിയുടെ ലൈഡാര്‍ സര്‍വേയും ജിയോനോ തന്നെയാണ് നടത്തിയത്. 

തിരുവനന്തപുരം -കാസര്‍കോട് വെറും നാല് മണിക്കൂര്‍

വളരെ വേഗം അലൈന്‍മെന്‍റ് പൂര്‍ത്തിയാക്കി പണി തുടങ്ങാന്‍ കഴിയും എന്നതാണ് ഈ സര്‍വേയുടെ മെച്ചമെന്ന് കെആര്‍ഡിസില്‍ എംഡി വി അജിത് കുമാര്‍ അറിയിച്ചു.  വിശദമായ പദ്ധതി റിപ്പോര്‍ട്ടും (ഡിപിആര്‍) ഫൈനല്‍ ലൊക്കേഷന്‍ സര്‍വെയും വേഗം തയാറാക്കുന്നതിന് ഇത് കെ-റെയിലിനെ സഹായിക്കും. ലോകത്തെങ്ങും ലൈഡാര്‍ സര്‍വേ ഉപയോഗിക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഈ സര്‍വെ പ്രയോജനപ്പെടുത്തുന്ന രണ്ടാമത്തെ റെയില്‍ പദ്ധതിയാണ് സില്‍വര്‍ ലൈന്‍ എന്ന് അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തെ വര്‍ധിച്ചുവരുന്ന അതിരൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമെന്ന നിലയിലാണ് നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍കോടു വരെ യാത്ര ചെയ്യാവുന്ന അര്‍ധ അതിവേഗ റെയില്‍ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിസ്ഥിതി സൗഹൃദ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ റോഡപകടങ്ങള്‍ക്കുപുറമെ ബസുകളടക്കമുള്ള വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ഗണ്യമായി കുറയ്ക്കാനാകും. 
 
കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്‍റെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സംയുക്ത ഉടമസ്ഥതയിലുള്ള കമ്പനിയാണ് കെ-റെയില്‍. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെയുള്ള 310 കിലോമീറ്റര്‍ ഇപ്പോഴത്തെ റെയില്‍പാതയില്‍നിന്നു മാറിയും തിരൂരില്‍ നിന്നും കാസര്‍കോടു വരെയുള്ള ബാക്കി ദൂരം നിലവിലുള്ള പാതയ്ക്കു സമാന്തരമായിട്ടും ആയിരിക്കും സില്‍വര്‍ ലൈനിന്‍റെ അലൈന്‍മെന്‍റ്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചാണ് ലൈന്‍ സ്ഥാപിക്കുന്നത്. ആകെ പത്തു സ്റ്റേഷനുകളാണുള്ളത്. ചെറു പട്ടണങ്ങളെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതിനുള്ള ഫീഡര്‍ സര്‍വ്വീസും സില്‍വര്‍ ലൈനിനുണ്ട്. 200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈനിലൂടെ വണ്ടിയോടുക. 

കുറഞ്ഞ യാത്രാസമയം, കൂടുതല്‍ പ്രദേശങ്ങളുമായുള്ള ബന്ധം, യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍, അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന യാത്രാ മാര്‍ഗങ്ങളില്‍നിന്നുള്ള മാറ്റം, റോഡിലെ തിരക്കില്‍നിന്നുള്ള മോചനം എന്നിവയാണ് പദ്ധതിയുടെ മെച്ചങ്ങള്‍. 

Latest Videos
Follow Us:
Download App:
  • android
  • ios