തൃശ്ശൂരില്‍ ഇനി കയര്‍ വിപ്ലവത്തിന്‍റെ നാളുകള്‍
ചകിരി സംസ്കരണ മേഖലയില്‍ വന്‍ നിക്ഷേപമാണ് തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച് കയര്‍ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
തൃശ്ശൂര്‍: സര്‍ക്കാര്‍ സഹായത്തോടെ കയർ വിപ്ലവത്തിന് തൃശ്ശൂർ ജില്ല തയ്യാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി ചകിരി സംസ്കരണ മേഖലയില്‍ വന്‍ നിക്ഷേപമാണ് തൃശ്ശൂര്‍ ജില്ല കേന്ദ്രീകരിച്ച് കയര്‍ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ചകിരിയുടെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ 11 ചകിരി സംസ്ക്കരണ യൂണിറ്റുകള്‍ വകുപ്പ് ഇതിനായി സ്ഥാപിച്ചു കഴിഞ്ഞു. 21 ലക്ഷം രൂപയാണ് ഒരു യൂണിറ്റിനുളള മുതൽമുടക്ക്.
പത്ത് കയർ വ്യവസായ സഹകരണ സംഘങ്ങളും ഒരു കുടുംബശ്രീ യൂണിറ്റുമാണ് ചകിരിനാര് ഉൽപാദനത്തിലും കയർ പിരിക്കുന്നതിലും ഏർപ്പെടുക. സ്ഥലവും കെട്ടിടവും ചകിരിനാര് വേർപ്പെടുത്തുന്ന യന്ത്രവും കയർപിരി യന്ത്രവും അടങ്ങുന്നതാണ് ഒരു യൂണിറ്റ്.
പ്രാദേശികമായി ശേഖരിക്കുന്ന ചകിരിയിൽ നിന്നാണ് നാര് വേർപിരിക്കേണ്ടത്. ഇവ ചകിരി നാരായും കയറായും നൽകാം. കയർഫെഡ് ഇത് നേരിട്ട് ശേഖരിക്കും. ചകിരിനാരുണ്ടാക്കുമ്പോള്‍ ബാക്കിയാവുന്ന ചകിരിച്ചോറ് വിറ്റഴിക്കാൻ വളം നിർമ്മിക്കുന്ന കമ്പനികളുമായി അധികൃതർ ധാരണയിലെത്തിയിട്ടുണ്ട്.