വികസന ധനകാര്യ സ്ഥാപനത്തിന് അം​ഗീകാരം: ആരംഭിക്കുക സർക്കാർ ഉടമസ്ഥതയിൽ; ഭാവിയിൽ ഓഹരി വിഹിതം 26 ശതമാനമാകും

ഡിഎഫ്ഐക്ക് ഒരു പ്രൊഫഷണൽ ബോർഡും, അതിൽ 50 ശതമാനം ഔദ്യോഗിക ഡയറക്ടർമാരും ആയിരിക്കും. തുടക്കത്തിൽ, പുതിയ സ്ഥാപനം സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും, അതിന്റെ ഓഹരി ക്രമേണ 26 ശതമാനമായി കുറയ്ക്കും.

union cabinet approved formation of the Development Finance Institution

ദില്ലി: രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്താനായി വികസന ധനകാര്യ സ്ഥാപനം രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 20,000 കോടി മൂലധനം ഉൾച്ചേർത്ത് വികസന ധനകാര്യ സ്ഥാപനം (ഡിഎഫ്ഐ) സ്ഥാപിക്കാൻ മന്ത്രിസഭ അനുമതി നൽകിയതായി ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. വികസന ധനകാര്യ സ്ഥാപനം ദീർഘകാല അടിസ്ഥാനത്തിൽ ഫണ്ട് സ്വരൂപിക്കാൻ സഹായിക്കും. 10 വർഷത്തേക്ക് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് ചില നികുതി ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്നിന് 2021 ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഡിഎഫ്ഐ സ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. 
 
പ്രാരംഭ ഗ്രാന്റ് 5,000 കോടി രൂപയും ഗ്രാന്റിന്റെ അധിക വർദ്ധനവ് 5,000 കോടിയുടെ പരിധിയിൽ സന്നിവേശിപ്പിക്കും. ഡിഎഫ്ഐക്ക് ഒരു പ്രൊഫഷണൽ ബോർഡും, അതിൽ 50 ശതമാനം ഔദ്യോഗിക ഡയറക്ടർമാരും ആയിരിക്കും. തുടക്കത്തിൽ, പുതിയ സ്ഥാപനം സർക്കാരിന്റെ ഉടമസ്ഥതയിലായിരിക്കും, അതിന്റെ ഓഹരി ക്രമേണ 26 ശതമാനമായി കുറയ്ക്കും.

വികസന ധനകാര്യ സ്ഥാപനത്തിന് ചില സെക്യൂരിറ്റികൾ നൽകാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നും അതിലൂടെ ഫണ്ടുകളുടെ ശതമാനം കുറയുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ഇത് പ്രാരംഭ മൂലധനത്തെ സ്വാധീനിക്കാനും വിവിധ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് എടുക്കാൻ സഹായിക്കുകയും രാജ്യത്തെ ബോണ്ട് വിപണിയിൽ നല്ല സ്വാധീനം ചെലുത്തുകയും ചെയ്യും. പുതിയ പ്രോജക്ടുകളിൽ നിക്ഷേപിക്കുന്നതിന് ആഗോള പെൻഷൻ, ഇൻഷുറൻസ് മേഖലകളിൽ നിന്ന് ഫണ്ട് സ്വരൂപിക്കാൻ ഡിഎഫ്ഐ ശ്രമിക്കും, കൂടാതെ നികുതി ആനുകൂല്യങ്ങളും ലഭിക്കും.

ഇൻഫ്രാസ്ട്രക്ചർ ഫണ്ടിംഗ് പ്രോത്സാഹിപ്പിക്കുന്നതിനായി വികസന ധനകാര്യ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതിനായി ഒരു പഠനം ധനമന്ത്രി 2019-20 ലെ ബജറ്റിൽ നിർദ്ദേശിച്ചിരുന്നു. ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ (എൻഐപി) പ്രകാരം 2020-25 കാലയളവിൽ 111 ലക്ഷം കോടി നിക്ഷേപം നടത്തി.
 

Latest Videos
Follow Us:
Download App:
  • android
  • ios