ഇന്ത്യയിലേക്കുളള എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്: കയറ്റുമതി രംഗത്തും തകർച്ച; പിപിഎസി കണക്കുകൾ പുറത്ത്
എണ്ണ ഉൽപ്പന്ന കയറ്റുമതി ഏകദേശം ആറ് ശതമാനം ഇടിഞ്ഞു.
2020 ജൂണില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ ഇടിവ്. 2015 ഫെബ്രുവരിക്ക് ശേഷമുളള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശുദ്ധീകരിച്ച എണ്ണയുടെയും ഉപോല്‍പ്പന്നങ്ങളുടെയും കയറ്റുമതിയിലും കുറവുണ്ടായിട്ടുണ്ട്. ജൂൺ മാസം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ ഇടിവോടെ 13.68 ദശലക്ഷം ടണ്ണിലേക്ക് എത്തി.
തുടര്‍ച്ചയായി ഇത് മൂന്നാമത്തെ മാസമാണ് എണ്ണ ഇറക്കുമതിയില്‍ കുറവുണ്ടാകുന്നതെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസ്സ് സെല്‍ (പിപിഎസി) വ്യക്തമാക്കി.
“എണ്ണ ആവശ്യകത ഇതുവരെ പൂർണമായി വീണ്ടെടുക്കാനാകാത്ത സ്ഥിതിയുണ്ട്. ഇന്ത്യയിൽ എണ്ണയുടെ ആവശ്യകത വീണ്ടും ശക്തമായി ഉയരാൻ കൂടുതൽ സമയമെടുക്കും,” യുബിഎസ് അനലിസ്റ്റ് ജിയോവന്നി സ്റ്റൗനോവോ പറഞ്ഞു.
"വർഷത്തിന്റെ തുടക്കത്തിൽ ക്രൂഡ് ഇറക്കുമതി കൂടുതലായിരുന്നു, ക്രൂഡ് ടാങ്കുകൾ ഇപ്പോഴും നന്നായി നിറഞ്ഞിരിക്കുന്നു, ഇത് ഇപ്പോൾ കൂടുതൽ ക്രൂഡ് ഇറക്കുമതി ചെയ്യേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു," അദ്ദേഹം എൻഡിടിവിയോട് പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യവും ഉപഭോക്താവുമായ ഇന്ത്യയിലെ ഇന്ധന ആവശ്യകത ജൂണിൽ 7.8 ശതമാനം ഇടിഞ്ഞു.
കയറ്റുമതിയും ഇടിഞ്ഞു
കൊറോണ വൈറസ് കേസുകൾ ഉയരത്തിൽ തുടരുന്നതിനാൽ ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ വീണ്ടെടുക്കലിന് ഇനിയും സമയമെടുക്കുമെന്ന് ഓണ്ട സീനിയർ മാർക്കറ്റ് അനലിസ്റ്റ് എഡ്വേഡ് മോയ പറഞ്ഞു.
എണ്ണ ഉൽപ്പന്ന കയറ്റുമതി ഏകദേശം ആറ് ശതമാനം ഇടിഞ്ഞു, 2019 ഓഗസ്റ്റിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ ഇടിവ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനമായും ഡീസൽ കയറ്റുമതി കുറയുന്നു, ഇത് കഴിഞ്ഞ വർഷം ഏപ്രിൽ മുതലുളള കണക്ക് പ്രകാരം ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തി.
ഡീസലിന്റെ കയറ്റുമതിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ 5.7 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഡീസൽ കയറ്റുമതി 2.09 ദശലക്ഷം ടണ്ണായി.
“വർദ്ധിച്ചുവരുന്ന ഇൻവെന്ററികൾ ഉൾക്കൊള്ളുന്നതിനായി, ചില റിഫൈനറികൾ ഇപ്പോൾ 2020 ന്റെ മൂന്നാം പാദത്തിൽ അറ്റകുറ്റപ്പണികളും അടച്ചിടലുകളും നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്, ഇത് കയറ്റുമതി നിയന്ത്രണവിധേയമാക്കും,” കൺസൾട്ടൻസി എനർജി ഇൻസ്പെക്ടിലെ എണ്ണ ഉൽപന്ന വിശകലന വിദഗ്ധൻ ആരോൺ ചിയോംഗ് പറഞ്ഞു.
പ്രാദേശിക, വിദേശ ഇന്ധന ആവശ്യം കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ 2020/21 ൽ റിഫൈനറികളുടെ കുറഞ്ഞ ശേഷിമാത്രമേ ഉപയോഗിക്കുകയൊള്ളുവെന്ന് രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചു.