തമ്മിലടിച്ച് അമേരിക്കയും ചൈനയും: അന്താരാഷ്ട്ര സ്വർണ വില റെക്കോർഡ് തകർത്തു; നിക്ഷേപകർ മഞ്ഞലോഹത്തിന് പിന്നാലെ

ചാരവൃത്തി ആരോപിച്ചാണ് ഹൂസ്റ്റനിലെ ചൈനീസ് കോൺസിലേറ്റ് അടച്ചു പൂട്ടാൻ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടത്. ഇതിന് തിരിച്ചടിയായി ചെങ്ഡുവിലെ അമേരിക്കൻ കോൺസിലേറ്റ് അടയ്ക്കാൻ ചൈനയും കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു.

international gold price cross record mark

ന്താരാഷ്ട്ര സ്വർണ നിരക്കിലുളള വൻ വർധനയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം രാജ്യത്തെ സ്വർണ വില വീണ്ടും റെക്കോർഡ് തകർത്ത് മുന്നേറി. കേരളത്തിൽ ഗ്രാമിന് 4,825 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 38,600 രൂപയും. 60 രൂപയാണ് ഇന്ന് മാത്രം ഒരു ​ഗ്രാമിന് കൂടിയത്. പവന്റെ മുകളിലുണ്ടായ വർധന 480 രൂപയും. 

ജൂലൈ 25 ശനിയാഴ്ച, ഗ്രാമിന് 4,765 രൂപയായും പവന് 38,120 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ സ്വർണത്തിന്റെ വൻ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണിപ്പോൾ സ്വർണം. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1, 944 ഡോളറാണ് നിലവിലെ നിരക്ക്. 2011 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ ട്രോയ് ഔണ്‍സിന് 1,921 ഡോളര്‍ എന്ന നിരക്കാണ് ഇന്ന് മഞ്ഞലോഹം മറികടന്നത്.

സ്വർണ്ണവിലയിലെ വർധനവ് ഈ നില തുടരുകയാണെങ്കിൽ ഈ ആഴ്ച തന്നെ നിരക്ക് 2,000 ഡോളർ മറികടക്കുമെന്നാണ് സൂചന. മറ്റ് നിക്ഷേപ മേഖലകൾ പ്രതീക്ഷിച്ച മുന്നേറ്റം പ്രകടിപ്പിക്കാതിരിക്കുന്നത് മൂലം നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് ഇത്തരത്തിൽ വില ഉയരാനിടയാക്കുന്നത്. 2011 സെപ്റ്റംബറിൽ നിരക്ക് 1,900 ഡോളറിലേക്ക് ഉയർന്നെങ്കിലും അന്ന് യുഎസ് കറൻസിക്കെതിരെ രൂപയുടെ മൂല്യം 50 -55 നിരക്കിലായിരുന്നതിനാലാണ് ആഭ്യന്തര വിപണിയിൽ വില വർധന വലിയതോതിൽ പ്രതിഫലിക്കാതെ പോയത്. എന്നാൽ, നിലവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 74 -75 മേഖലയിലാണ്, അതിനാൽ രാജ്യന്തര വില വർധന ആഭ്യന്തര വിപണിയിൽ നിരക്ക് ഉയരുന്നതിന് ഇടയാക്കും. 

പ്രതിസന്ധിയായി അമേരിക്ക -ചൈന സംഘർഷം

ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ഇക്വിറ്റി മാർക്കറ്റുകളിലെ ചാഞ്ചാട്ടം, ആഗോള സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച വേഗത്തിൽ വീണ്ടെടുക്കുന്നില്ലെന്ന തരത്തിലെ വിപണി റിപ്പോർട്ടുകൾ, അമേരിക്കയും ചൈനയും തമ്മിലുളള രാഷ്ട്രീയ- സാമ്പത്തിക- വ്യാപാര തർക്കങ്ങൾ എന്നിവ നിക്ഷേപകരെ സ്വർണത്തിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്. ചൈനയുമായുളള സംഘർഷങ്ങളെ തുടർന്ന് ഡോളറിന്റെ മുകളിൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്, ഇതുമൂലമുളള അസ്ഥിരതയും മാന്ദ്യ ഭീതിയും കാരണം ഗോൾഡിന് ഒരു ഗ്ലോബൽ കറൻസി എന്ന നിലയിലുളള പരി​ഗണന വർധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വഴികൾ മാറ്റാനുളള സമ്മർദ്ദത്തിന്റെ ഭാ​ഗമായി "കൂടുതൽ ക്രിയാത്മകവും ഉറച്ചതുമായ വഴികൾ" വാഷിംഗ്ടണും സഖ്യകക്ഷികളും ഉപയോഗിക്കണമെന്ന് കഴിഞ്ഞയാഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത് ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം വർധിക്കാനിടയാക്കിയിട്ടുണ്ട്. വാഷിംഗ്ടണും ബീജിംഗും തമ്മിലുള്ള ഏറ്റുമുട്ടൽ ക‌ടുപ്പിച്ചുകൊണ്ട്, ചെങ്ഡുവിലെയും ഹ്യൂസ്റ്റണിലെയും കോൺസുലേറ്റുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതോടെ ഡോളർ കറൻസി രണ്ട് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇ‌ടിഞ്ഞു. എന്നാൽ, ഡോളറിന്റെ മൂല്യത്തിലെ ഈ ഇട‌ിവ് ഇന്ത്യയിലെ ആഭ്യന്തര വിപണിയിലെ സ്വർണ വില വർധനവിനെ പ്രതിരോധിക്കാൻ പര്യാപ്തമായില്ല. 

സ്വർണ ഫ്യൂച്ചറുകൾ എക്കാലത്തെയും ഉയർന്ന നിരക്കിൽ

ചാരവൃത്തി ആരോപിച്ചാണ് ഹൂസ്റ്റനിലെ ചൈനീസ് കോൺസിലേറ്റ് അടച്ചു പൂട്ടാൻ അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടത്. ഇതിന് തിരിച്ചടിയായി ചെങ്ഡുവിലെ അമേരിക്കൻ കോൺസിലേറ്റ് അടയ്ക്കാൻ ചൈനയും കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. ഹൂസ്റ്റനിൽ കഴിഞ്ഞ 40 വർഷമായി പ്രവർത്തിച്ചിരുന്ന ചൈനീസ് കോൺസിലേറ്റാണ് യുഎസ് പൂട്ടിച്ചത്. ഇന്നലെയാണ് ഹൂസ്റ്റനിലെ കോൺസിലേറ്റിൽ നിന്ന് ജീവനക്കാർ ഒഴിഞ്ഞുപോയത്. ഇതിന് പിന്നാലെ സുരക്ഷാ ഉദ്യോ​ഗസ്ഥർ എത്തി കെട്ടിടം മുദ്ര വച്ചു. ബലം പ്രയോ​ഗിച്ച കെട്ടിടം മുദ്രവച്ച നടപടിയെ ചൈന അപലപിച്ചിട്ടുണ്ട്. ചെങ്ഡുവിലെ അമേരിക്കൻ കോൺസിലേറ്റിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഉദ്യോ​ഗസ്ഥർ ഒഴിഞ്ഞുപോയത്. 

ചരക്ക് വ്യാപാരത്തിൽ സ്വർണ്ണ ഫ്യൂച്ചറുകൾ എക്കാലത്തെയും ഉയർന്ന നിരക്കായ 51,833 രൂപയിലെത്തി. വെള്ളി റെക്കോഡിലെ ഏറ്റവും ഉയർന്ന നിരക്കായ 64,849 രൂപയിലെത്തി. എച്ച്ഡി‌എഫ്‌സി സെക്യൂരിറ്റീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ദേശീയ തലസ്ഥാനത്തെ സ്വർണ്ണ വില വെള്ളിയാഴ്ച 10 ഗ്രാമിന് 475 രൂപ ഉയർന്ന് 51,946 രൂപയായി. വെള്ളി കിലോയ്ക്ക് 109 രൂപ കുറഞ്ഞ് 62,262 രൂപയായി.

വെള്ളിയും റാലിയിൽ ചേർന്നു, 2013 സെപ്റ്റംബറിന് ശേഷം 4.5 ശതമാനം ഉയർന്ന് ഔൺസിന് 23.86 ഡോളറായി.  പ്ലാറ്റിനം 1.4 ശതമാനം ഉയർന്ന് 926.58 ഡോളറായും പല്ലേഡിയം 0.5 ശതമാനം ഉയർന്ന് 2,230.16 ഡോളറായും എത്തി.

സ്വർണ വിപണി തകരുമോ?

കോറോണ വൈറസ് മൂലം സമ്പദ് വ്യവസ്ഥ നിശ്ചലമായിരിക്കുന്ന അമേരിക്ക, ജർമനി, ഇറ്റലി, ഫ്രാൻസ് ,റഷ്യ, ബ്രിട്ടൺ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ രാജ്യങ്ങളും കൂട്ടായ്മയും ഏറ്റവും കൂടുതൽ ബാഹ്യ കടം ഉള്ളവർ എന്നതിലുപരി ഈ രാജ്യങ്ങളുടെ ഒക്കെ ഫോറിൻ റിസർവിൻ്റെ വളരെ നല്ല ഭാഗവും സ്വർണത്തിലാണ്. ഇത് റിഅറേഞ്ച് ചെയ്യാനുളള വളരെ ചെറിയ ഒരു സെല്ലിംഗ് വന്നാൽ പോലും സ്വർണ വിപണി തകരാൻ ഇടയാക്കിയേക്കാം. സാമ്പത്തിക മാന്ദ്യ സാഹചര്യം ലോകത്ത് രൂക്ഷമായാൽ അത്തരം നടപടികളിലേക്ക് രാജ്യങ്ങൾ നീങ്ങിയേക്കാമെന്നും സാമ്പത്തിക വിദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

അന്താരാഷ്ട്ര നാണയ നിധി, മറ്റ് ബാങ്കുകൾ, ആഗോള നിക്ഷേപ സ്ഥാപനങ്ങൾ, ചെറു രാജ്യങ്ങൾ, വ്യക്തികൾ ഒക്കെ മറ്റ്  നിക്ഷേപ മേഖലകളിലുളള തകർച്ച കാരണം ഗോൾഡ് സെല്ലിംഗിനും, പ്രോഫിറ്റ് ബുക്കിംഗിനോ, ഹെഡ്ജിംഗിനോ ശ്രമിക്കാമെന്നതും സ്വർണ നിരക്ക് താഴേക്ക് പോകാൻ ഇടയാക്കിയേക്കും. 
 

Latest Videos
Follow Us:
Download App:
  • android
  • ios