സാമ്പത്തിക മാന്ദ്യത്തിന്റെ ചുഴിയിൽ നിന്ന് ഇന്ത്യ കരകയറുന്നു; ജിഡിപിയിൽ വളർച്ച
കൊവിഡ് കാലത്തിന് മുൻപുള്ള പോലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയതിന്റെ തെളിവാണ് ഇതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പറഞ്ഞു.
ദില്ലി: നടപ്പു സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യൻ ജിഡിപി 0.4 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി നാഷണൽ സ്റ്റാറ്റിസ്റ്റികൽ ഓഫീസ് വ്യക്തമാക്കി. ആദ്യ രണ്ട് പാദവാർഷികങ്ങളിൽ 24.4 ശതമാനവും 7.3 ശതമാനവും ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഈ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
കൊവിഡ് കാലത്തിന് മുൻപുള്ള പോലെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയതിന്റെ തെളിവാണ് ഇതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പറഞ്ഞു. ഒക്ടോബർ - ഡിസംബർ പാദവാർഷികത്തിൽ 3.9 ശതമാനം വളർച്ചയാണ് ഇന്ത്യയിലെ കാർഷിക മേഖലയിൽ രേഖപ്പെടുത്തിയത്. ആദ്യരണ്ട് പാദവാർഷിക കാലത്ത് യഥാക്രമം 3.3 ശതമാനവും മൂന്ന് ശതമാനവുമായിരുന്നു വളർച്ച.
മാനുഫാക്ചറിങ്, കൺസ്ട്രക്ഷൻ മേഖല അടുത്ത സാമ്പത്തിക വർഷത്തിൽ പൂർവാധികം ശക്തിയോടെ പ്രവർത്തിക്കുമെന്നും രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ പാതയൊരുക്കുമെന്നും കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. സേവന മേഖല മൂന്നാം പാദവാർഷികത്തിൽ ഉണ്ടാക്കിയ മുന്നേറ്റവും തുടരാൻ തന്നെയാണ് സാധ്യത.