ഗ്രാമീണ തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു, തൊഴിൽ വിപണിയിൽ പ്രതിസന്ധി വർധിക്കുന്നു: സിഎംഐഇ റിപ്പോർട്ട്
ഗ്രാമീണ ഇന്ത്യയിലെ കാർഷികേതര മേഖലയുടെ വളർച്ചയ്ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഒരു തന്ത്രം ആവിഷ്കരിക്കണം, അത് കൂടുതൽ തൊഴിലുകളിൽ ആളുകളെ ഉൾക്കൊള്ളാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശങ്ക വർധിപ്പിച്ചുകൊണ്ട് രാജ്യത്തെ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് ഉയരാൻ തുടങ്ങി. ജൂലൈ 19 ന് അവസാനിച്ച ആഴ്ചയിൽ ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 7.1 ശതമാനമായി ഉയർന്നു. മുൻ ആഴ്ചയിൽ ഇത് 6.34 ശതമാനമായിരുന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ) യുടെ പുതിയ കണക്കുകൾ വിശദമാക്കുന്നു.
മാർച്ച് 25 ന് ഇന്ത്യ ലോക്ക്ഡൗണിലേക്ക് പോകുന്നതിന് മുമ്പുള്ള ആഴ്‌ചയിലെ കണക്കിന് താഴെയാണിത്. എന്നാൽ, വരും ആഴ്ചകളിൽ ഇത് ക്രമാനുഗതമായി ഉയരുമെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. ജൂലൈയിൽ തൊഴിലവസരങ്ങൾ വളരെയധികം വർദ്ധിക്കാത്തതുമൂലം വരും ആഴ്ചകളിൽ ഈ നിരക്ക് ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.
ജൂലൈ 19 ന് അവസാനിച്ച ആഴ്ചയിൽ ദേശീയ തൊഴിലില്ലായ്മ 7.94 ശതമാനമായി ഉയർന്നതായി സിഎംഐഇയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ആഴ്ച ഇത് 7.44 ശതമാനമായിരുന്നു. നഗര മേഖലകളിലെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രാജ്യത്തിന് വലിയ ആശങ്കയായി തുടരുകയാണെന്ന് സിഎംഐഇ ചൂണ്ടിക്കാണിക്കുന്നു.
വരാനിരിക്കുന്നത് വെല്ലുവിളികളുടെ മാസമോ?
നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.92 ശതമാനത്തിൽ നിന്ന് 9.78 ശതമാനമായി കുറഞ്ഞു. എന്നാൽ, ഇപ്പോഴും തുടരുന്ന ഉയർന്ന നില രാജ്യത്തെ ധനകാര്യ മേഖലയ്ക്ക് അപകടരമായ ഒന്നാണ്. സിഎംഐഇയുടെ അഭിപ്രായത്തിൽ, നിലവിലുള്ള ബിസിനസ്സ് അന്തരീക്ഷത്തെ നേരിട്ട് സ്വാധീനിക്കുന്ന, ഔപചാരിക മേഖലയിലെ തൊഴിൽ മേഖലയിലെ പ്രതിസന്ധിയാണിതിന് പ്രധാന കാരണം. ഇത് വളരെ സാവധാനത്തിൽ മെച്ചപ്പെടുന്നതായും അവർ വ്യക്തമാക്കുന്നു.
അടുത്ത രണ്ട് മാസങ്ങളിൽ ഗ്രാമീണ മേഖലയിലും നഗര പോക്കറ്റുകളിലുമുളള തൊഴിൽ വിപണി കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഗ്രാമീണ ഇന്ത്യയിൽ വിതയ്ക്കുന്ന കാലം അവസാനിക്കുകയാണ്. ഇന്ത്യയുടെ ചില ഭാഗങ്ങളിൽ മൺസൂൺ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെണ്ടെങ്കിലും, പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം പോലെയുളളവ ആശങ്കയാണ്. ഇത്തരത്തിലൊരു സാഹചര്യം ഉണ്ടായാൽ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും സ്വയം തൊഴിൽ മാർഗങ്ങൾ ഭാഗികമായി പരിമിതപ്പെടുകയും ചെയ്യും.
കൊറോണ വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കാൻ ഇടയ്ക്കിടെയുള്ള ലോക്ക്ഡൗണുകൾക്ക് സാക്ഷ്യം വഹിക്കുന്ന നഗരപ്രദേശങ്ങളിൽ, ബിസിനസുകളുടെ വേഗത്തിലുള്ള വീണ്ടെടുക്കൽ ശ്രമങ്ങൾക്ക് ഈ നിയന്ത്രണങ്ങൾ തടസ്സം സൃഷ്ടിക്കുന്നു. ഇത് തൊഴിൽ വിപണിയുടെ വലിയ തകർച്ചയ്ക്ക് ഇടയാക്കുന്നുണ്ട്, റിപ്പോർട്ട് പറയുന്നു.
വരുമാന വളർച്ചയിൽ ആശങ്ക
"വിതയ്ക്കൽ കാലം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്, ഗ്രാമീണ തൊഴിൽ വിപണിയിലെ ബുദ്ധിമുട്ട് വരും ആഴ്ചകളിൽ കൂടുതൽ ദൃശ്യമാകും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർജിഎസ്) സഹായകരമാണ്. പക്ഷേ, മഴക്കാലത്ത് എല്ലാ ജനങ്ങളിലേക്കും എത്താനും അവരെ ഉൾക്കൊള്ളാനും അതിന് കഴിയില്ല, ” സാമ്പത്തിക ശാസ്ത്ര പ്രൊഫസർ അരൂപ് മിത്ര (ദില്ലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്) അഭിപ്രായപ്പെട്ടതായി പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.
"ഗ്രാമീണ തൊഴിൽ സാഹചര്യം അടുത്ത കാലത്ത് മെച്ചപ്പെട്ടെന്ന് സിഎംഇഇ ഡാറ്റ വിശദമാക്കുന്നു. എന്നാൽ, കാർഷിക മേഖലയിലെ ഉയർന്ന തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക് അർത്ഥമാക്കുന്നത് തൊഴിലാളികളുടെ ഉൽപാദനക്ഷമതയുടെ വളർച്ച നേരിയത് മാത്രമാണെന്നാണ്. ഉടനടി വരുമാന വളർച്ച കാണുന്നില്ല," മിത്ര പറഞ്ഞു.
ഗ്രാമീണ ഇന്ത്യയിലെ കാർഷികേതര മേഖലയുടെ വളർച്ചയ്ക്ക് കേന്ദ്രവും സംസ്ഥാനങ്ങളും ഒരു തന്ത്രം ആവിഷ്കരിക്കണം, അത് കൂടുതൽ തൊഴിലുകളിൽ ആളുകളെ ഉൾക്കൊള്ളാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“കൂടുതൽ ഭൂമി കൈവശമുള്ള കർഷകർ മികച്ചരീതിയിൽ പ്രവർത്തിക്കുന്നു, പക്ഷേ, ആവശ്യത്തിന് സ്ഥലമില്ലാത്തതോ ദൈനംദിന കൂലിപ്പണിക്കാരായി ജോലി ചെയ്യുന്നതോ ആയ ആളുകൾ യഥാർത്ഥത്തിൽ കുഴപ്പത്തിലാണ്. കയ്യിലുള്ള പണത്തിന്റെ അഭാവം ഒരു പ്രശ്നമാണ്, മോശം ജീവിത സാഹചര്യങ്ങൾക്കിടയിലും നഗരപ്രദേശങ്ങളിലേക്ക് മടങ്ങാൻ ഇത് ആളുകളെ പ്രേരിപ്പിക്കും. ഇവിടെയാണ് കാർഷികേതര പ്രവർത്തനങ്ങളും പ്രാദേശിക തലത്തിലുള്ള വൈറ്റ് കോളർ ജോലികളും സഹായകമാകുക," ബീഹാറിലെ പൂർനിയയിൽ നിന്നുള്ള ജി എൻ ത്സാ എന്ന കർഷകൻ അഭിപ്രായപ്പെട്ടതായി ലൈവ് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.