മോപ്പഡിലെത്തി ഒരു മണിക്കൂറിനുള്ളില്‍ 21 മൊബൈലുകള്‍ തട്ടിപ്പറിച്ച മോഷ്ടാവ് പിടിയില്‍
ലണ്ടന്‍: ഒരു മണിക്കൂറിനുള്ളില്‍ 21 മൊബൈല്‍ തട്ടിപ്പറിച്ച മോഷ്ടാവ് പിടിയില്‍. മോപ്പഡില്‍ എത്തി വഴിയാത്രക്കാരുടൈ കൈയിലുള്ള മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു ഇയാള്‍. ഒടുവില്‍ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
ബ്രിട്ടനിലാണ് സംഭവം. ലണ്ടനിലെ ഹൈ ബറി ന്യൂ പാര്‍ക്ക് സ്വദേശിയായ കവെല്‍ ഹുസ്റ്റന്‍ എന്ന 21കാരനാണ് പിടിയിലായത്. ഒരു കൂട്ടാളിയുമൊത്താണ് ഇയാള്‍ മോഷണം നടത്തിയതെന്ന് പൊലീസ് പറയുന്നു.
വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മോപ്പഡ് ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്. അതിവേഗം പാഞ്ഞുവന്ന് വഴിയിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു നീങ്ങുന്ന യാത്രക്കാരില്‍നിന്നും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന രീതിയാണ് ഇയാള്‍ നടപ്പാക്കിയത്. വിവിധ സ്ഥലങ്ങളില്‍നിന്നായി 21 ഫോണുകളാണ് ഇയാള്‍ ഇങ്ങനെ തട്ടിയെടുത്തത്.
പൊലീസ് ഹെലികോപ്റ്ററില്‍ ഇയാളെ പിന്തുടര്‍ന്ന് കിംഗ്‌സ് ലാന്റ് മാര്‍ക്കറ്റില വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരും പൊലീസും ഇയാളെ പിടികൂടുകയായിരുന്നു.