നഗ്നയാക്കി ബെൽറ്റുപയോഗിച്ച് അടിക്കുക, ക്രൂരമായി ഉപദ്രവിക്കുക; 'മന്ത്രവാദ വേട്ട'യ്ക്ക് ഇരയാക്കപ്പെടുന്നവർ
ഗ്രാമീണ മേഖലകളിൽ മാത്രമല്ല, ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ പോലും മരുമക്കളെ ഉപേക്ഷിക്കുന്നതിന് അവലംബിച്ച് വരുന്ന ഒരു സാധാരണ രീതിയാണ് ഇത്.
മന്ത്രവാദം എന്ന് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. എന്നാൽ, മിക്കവർക്കും അത് പുസ്തകങ്ങളിലും, സിനിമകളിലും കാണുന്ന നിറക്കൂട്ടാർന്ന മന്ത്രവാദകളങ്ങളും, ചുവപ്പ് വസ്ത്രം ധരിച്ച് വരുന്ന ക്രൂരഭാവമുള്ള മന്ത്രവാദികളും മാത്രമാണ്. അതിനപ്പുറം അതിനെ അടുത്തറിയുന്നവർ കുറവായിരിക്കും. എപ്പോഴും അത്ഭുതത്തോടെയും, അല്പം ഭയത്തോടെയും മാത്രമേ അതിനെ നമുക്ക് കാണാൻ കഴിയൂ. എന്നാൽ, നമ്മൾ അറിയുന്നതിലും കാണുന്നതിനും അപ്പുറം അതിന് വളരെ ഭയപ്പെടുത്തുന്ന, കൊടുംക്രൂരതയുടെ ഒരു മുഖമുണ്ട്. യഥാർത്ഥ ജീവിതത്തിൽ അതിന്റെ പേരിൽ ഒരുപാട് പേരുടെ ജീവൻ ഹോമിക്കപ്പെടുന്നു എന്നത് എത്രപേർക്കറിയാം? പ്രത്യേകിച്ച് ആസാമിലും മറ്റും ഓരോ വർഷം ഇതിന്റെപേരിൽ മരണത്തിന് കീഴ്പ്പെടുന്നവർ അനവധിയായിരുന്നു.
ഇന്ത്യയുടെ പലഭാഗത്തും ഇതുപോലെയുള്ള അന്ധവിശ്വാസത്തിന്റേയും, ദുരാചാരത്തിന്റെയും പേരിൽ അനവധി കൊടുംക്രൂരതകൾ അരങ്ങേറുന്നുണ്ട്. ഇതിന് ഇരകളാകുന്നത് മിക്കപ്പോഴും സ്ത്രീകളായിരിക്കും എന്നത് മറ്റൊരു സത്യമാണ്. ആളുകൾ അവരെ പലപ്പോഴും ബാധകൂടിയവരായി കണക്കാക്കുകയും സമൂഹത്തിൽ നിന്ന് പുറത്താക്കുകയും ചെയ്യുന്നു. രാജസ്ഥാൻ, ജാർഖണ്ഡ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ‘മന്ത്രവാദ വേട്ട’ എന്ന പേരിൽ ഒരാചാരം പ്രചാരത്തിലുണ്ട്.
ഇത് സ്ത്രീകളെ ബാധ ഉപദ്രവത്തിന്റെ പേരും പറഞ്ഞ് കൊലപ്പെടുത്തുന്ന ഒരു പ്രാകൃതരീതിയാണ്. ഒരു വ്യക്തിക്കോ കുടുംബത്തിനോ എന്തെങ്കിലും ദുരന്തമോ അപകടമോ സംഭവിച്ചാൽ അതെല്ലാം വീട്ടുകാർ ആ സ്ത്രീയുടെ (മരുമകൾ / ഭാര്യ) തലയിൽ കെട്ടിവയ്ക്കും. കുടുംബത്തിൽ എന്ത് ദുരന്തം നടന്നാലും അവളുടെ നിർഭാഗ്യം കൊണ്ടാണെന്നും, എല്ലാ അപകടങ്ങൾക്കും ഉത്തരവാദി അവളാണെന്നും സമൂഹം അവളുടെ മേൽ പഴിചാരും. അത്തരമൊരു ദുരാചാരത്തിന്റെ ഇരയാണ് ലേഖയും (സാങ്കല്പിക നാമം). ഒരു ഈശ്വരവിശ്വാസിയായിട്ടാണ് അവൾ വളർന്നത്. എന്നാൽ, വിവാഹശേഷം ഉത്തരവാദിത്ത്വങ്ങൾ കൂടിയപ്പോൾ, അവൾക്ക് പ്രാർത്ഥനക്കായി സമയം ചെലവഴിക്കാൻ സാധിക്കാതായി. എന്നിരുന്നാലും ഉള്ളിൽ അവൾ അപ്പോഴും വിശ്വാസിയായിരുന്നു. എന്നാൽ, ഭർതൃവീട്ടുകാർ അവൾ കറുത്ത് പോയതിനെ ചൊല്ലി അവളെ പരിഹസിക്കുകയും, അവളുടെ ദൈവവിശ്വാസത്തെ വിമർശിക്കുകയും ചെയ്തു. ഒടുവിൽ അവളെ ഒരു ബാധ കയറിയ സ്ത്രീയായി അവർ ചിത്രീകരിച്ചു. ഒരു പൈശാചിക ശക്തിയായി കണക്കാക്കാൻ തുടങ്ങി. അതിന്റെ പേരിൽ അവളെ നിരന്തരം പീഡിപ്പിക്കുകയും, അപമാനിക്കുകയും ചെയ്തു.
സോണിത്പൂർ ജില്ലയിലെ പൂർണി ഒറംഗ് എന്ന 63 -കാരിയെ നഗ്നയായി ഗ്രാമത്തിലൂടെ നടത്തിക്കുകയും, നൂറോളം പേർ ചേർന്ന് തല്ലിച്ചതക്കുകയും ചെയ്തതും വാർത്തയായിരുന്നു. ആ ഗ്രാമത്തിൽ മുഴുവൻ ഒരു പകർച്ചവ്യാധി പിടിപെട്ടത്തിന് കാരണം അവരാണെന്നും പറഞ്ഞാണ് ആളുകൾ ഈ ക്രൂരത ആ പാവം സ്ത്രീയോട് കാണിച്ചത്.
ഗ്രാമീണ മേഖലകളിൽ മാത്രമല്ല, ദില്ലി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ പോലും മരുമക്കളെ ഉപേക്ഷിക്കുന്നതിന് അവലംബിച്ച് വരുന്ന ഒരു സാധാരണ രീതിയാണ് ഇത്. ഇതിന്റെ പേരിൽ സ്ത്രീകൾ ഒരുപാട് മാനസിക വേദനയും, പീഡനങ്ങളും ഏൽക്കുന്നുണ്ട്. ശരീരത്തിൽ കയറിക്കൂടിയ ബാധയെ ഒഴിപ്പിക്കാനാണെന്ന പേരിൽ സ്ത്രീകളെ നഗ്നയാക്കി ബെൽറ്റുപയോഗിച്ച് അടിക്കുക പോലും ചെയ്യാറുണ്ട്. ഇത് കൂടാതെ മനുഷ്യ വിസർജ്ജനം കഴിക്കാനും ചിലപ്പോൾ ബലാത്സംഗത്തിന് ഇരകളാക്കപ്പെടുകയും ചെയ്യുന്നു. 2019 -ൽ പുറത്തിറങ്ങിയ കണക്കുകൾ പ്രകാരം,161 പേരാണ് ആസാമിൽ കഴിഞ്ഞ 18 വർഷത്തിനുള്ളിൽ ഇങ്ങനെ കൊല്ലപ്പെട്ടത്.
2005 -ൽ മന്ത്രവാദ വേട്ടയ്‌ക്കെതിരെ ഒറ്റയ്ക്ക് പോരാടിയ ആളാണ് ബിരുബാല റഭ. മന്ത്രവാദത്തിനെതിരായ അവരുടെ പോരാട്ടം 2015 -ൽ അസം സർക്കാറിനെ അസം വിച്ച് ഹണ്ടിംഗ് നിയമം പാസാക്കാൻ സഹായിച്ചു. 2015 -ലെ ആ ബില്ലിന് 2018 -ൽ പ്രസിഡന്റ് രാം നാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു. അതിൻ പ്രകാരം അഞ്ചു വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷയും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്. എന്നിരുന്നാലും പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുവെന്നും ഇന്നും പല രൂപത്തിലും നടക്കുന്നുവെന്നും പറയപ്പെടുന്നു. നിരക്ഷരതയും ഇതിന് ഒരു കാരണമാണ്. ഇന്ത്യ ഡിജിറ്റൽ ലോകത്തേയ്ക്ക് കുതിച്ചുയരുമ്പോഴും മറുവശത്ത് ഇത്തരം പുറകിലേക്ക് പിടിച്ചു വലിക്കുന്ന പ്രാകൃത ആചാരങ്ങളും, അന്ധവിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യമാണ്.