അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ സീരിയൽകില്ലർ, കൊല്ലുന്നത് മയക്കുമരുന്നിനടിമകളെയും ലൈംഗികത്തൊഴിലാളികളെയും
തനിക്ക് ഏഴ് അല്ലെങ്കിൽ എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള രസം കയറിയത് എന്ന് അയാൾ പൊലീസിനോട് പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർമാരിൽ ഒരാളാണ് സാമുവൽ ലിറ്റിൽ. ഇതുവരെ പിടിക്കപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സീരിയൽ കില്ലർ എന്നാണ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) പോലും അയാളെ വിശേഷിപ്പിച്ചത്. ഇപ്പോൾ 79 വയസ്സായ അയാൾ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സ്റ്റേറ്റ് ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ്. 1981 -നും 1994 -നും ഇടയിൽ എട്ടു സ്ത്രീകളെ കഴുത്ത് ഞെരിച്ച് കൊന്ന കുറ്റത്തിനാണ് അയാൾ ശിക്ഷിക്കപ്പെട്ടതെങ്കിലും, 1970 മുതൽ 2005 വരെയുള്ള 35 വർഷത്തെ കാലയളവിൽ അയാൾ കൊന്നുതള്ളിയത് 93 സ്ത്രീകളെയായിരുന്നു. ലിറ്റിൽ കുറ്റസമ്മതം നടത്തിയപ്പോൾ ഒരു ഞെട്ടലോടെയാണ് എല്ലാവരും ഈ കാര്യം കേട്ടത്. എഫ്ബിഐ പിന്നീട് നടത്തിയ അന്വേഷണത്തിൽ എല്ലാം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തു.
അയാളുടെ കൗമാരകാലത്ത് തുടങ്ങിയ ഈ കൊലപാതക പരമ്പരയ്ക്ക് ഇരയായവരാകട്ടെ പലപ്പോഴും ലൈംഗികത്തൊഴിലാളികളായിരുന്ന മയക്കുമരുന്നിന് അടിമകളായിരുന്ന അല്ലെങ്കിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട പാവപ്പെട്ട സ്ത്രീകളായിരുന്നു. സമൂഹത്തിന് വേണ്ടാത്ത അവരുടെ മരണം ശ്രദ്ധിക്കപ്പെടാതെ പോയി. സമൂഹത്തിന് അപ്രസക്തമായവരെ കണ്ടെത്തി കൊല്ലുന്നത് മാത്രമല്ല, തെളിവുകൾ ഒന്നും ഉപേക്ഷിക്കാതിരുന്നതും അയാളുടെ തന്ത്രത്തിൽ ഉൾപ്പെടുന്നു. ഇരകളായവരിൽ അറുപത്തിയെട്ടോളം പേർ കറുത്ത സ്ത്രീകളാണ്. ലിറ്റിൽ സ്വമേധയാ കുറ്റസമ്മതം നടത്താതെ മിക്ക കേസുകളും പരിഹരിക്കപ്പെടില്ലെന്നും പൊലീസ് സമ്മതിച്ചിട്ടുണ്ട്.
മദ്യവും മയക്കുമരുന്നും നൽകിയാണ് സ്ത്രീകളെ അയാൾ വലയിലാക്കിയിരുന്നത്. ഇതിനാവശ്യമായ പണം സ്വരൂപിക്കുന്നതിനായി അയാൾ കടകൾ കൊള്ളയടിക്കുമായിരുന്നു. സ്ഥിരമായി ഒരിടത്ത് താമസിക്കുന്ന പതിവും അയാൾക്ക് ഇല്ല. 1971 -ലെ പുതുവത്സര ദിനത്തിൽ മിയാമിക്കടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്ത് വച്ചാണ് അയാൾ ആദ്യമായി ഒരു സ്ത്രീയെ കൊല്ലുന്നത്. കുടുംബത്തിൽ നിന്ന് അകന്ന്, അതിജീവിക്കാൻ പാടുപെടുന്ന 33 -കാരിയായ മേരി ബ്രോസ്ലി, ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായപ്പോൾ ആരും അത് ശ്രദ്ധിച്ചില്ല. "ഈ സ്ത്രീകൾ സമ്പന്നരും, വെള്ളക്കാരും, സ്ത്രീ സോഷ്യലൈറ്റുകളും ആയിരുന്നെങ്കിൽ, ഇത് അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കഥയാകുമായിരുന്നു" സീരിയൽ കില്ലർമാരെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള ക്രിമിനോളജിസ്റ്റ് സ്കോട്ട് ബോൺ പറഞ്ഞു.
1940 ജൂൺ 7 -ന് അറ്റ്ലാന്റയിൽ നിന്ന് 100 മൈൽ തെക്കുള്ള റെയ്നോൾഡ്സ് എന്ന ചെറുപട്ടണത്തിൽ ഒരു വെള്ളക്കാരിയായ അമ്മയിൽ ജനിച്ചതാണ് സാമുവൽ ലിറ്റിൽ. തനിക്ക് ഏഴ് അല്ലെങ്കിൽ എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള രസം കയറിയത് എന്ന് അയാൾ പൊലീസിനോട് പറഞ്ഞു. അക്കാലത്ത് വടക്കുകിഴക്കൻ ഒഹായോയിൽ ബന്ധുക്കളോടൊപ്പമായിരുന്നു ലിറ്റിൽ താമസിച്ചിരുന്നത്. കൗമാരക്കാരിയായ അമ്മ താൻ ശിശുവായിരുന്നപ്പോൾ തന്നെ ഉപേക്ഷിച്ചുവെന്നും അദ്ദേഹം പത്രപ്രവർത്തകയായ ജിലിയൻ ലോറനോട് പറയുകയുണ്ടായി.
സ്ത്രീകളെ മർദ്ദിക്കുകയും, ക്രൂരമായി ബലാത്സംഗം ചെയ്യുകയും, കഴുത്തുഞെരിച്ച് കൊല്ലുകയും ഒടുവിൽ അവരുടെ മൃതദേഹങ്ങൾ ഒരു ഇടവഴിയിലോ, അഴുക്ക് ചാലിലോ തള്ളുകയുമാണ് അയാളുടെ കൊലപാതക രീതി. എന്നാൽ ഇതേക്കുറിച്ച് തീർത്തും വ്യത്യസ്തമായ കാര്യങ്ങളാണ് അയാൾ ജിലിയനോട് പറഞ്ഞത്. കൊന്ന സ്ത്രീകളെയെല്ലാം സ്വന്തം കുഞ്ഞുങ്ങളായിട്ടാണ് താൻ കാണുന്നതെന്നും, തന്റെ ഹൃദയത്തിൽ അവരോട് എത്രമാത്രം സ്നേഹമുണ്ടെന്ന് ആർക്കും മനസിലാക്കാൻ കഴിയില്ലെന്നും ലിറ്റിൽ ജിലിയനോട് പറഞ്ഞു. ഇരകളെ വേദനിപ്പിച്ചതിൽ തനിക്ക് വളരെ വേദന തോന്നുന്നുവെന്ന് പറഞ്ഞെങ്കിലും, അവരെക്കുറിച്ച് ചിന്തിക്കുന്നത് മാത്രമാണ് തന്റെ ജീവിക്കാനുള്ള പ്രചോദനം എന്നും അയാൾ പറഞ്ഞുവത്രെ.