മാലിനി ഇപ്പോള്‍ പഴയ പെണ്‍കുട്ടിയല്ല!
- സോനാഗാച്ചിയിലെ ആ പെണ്‍കുട്ടി!
- സഹദ് ഇബ്‌നു അബ്ദുല്ല എഴുതുന്നു
കാല്‍ പെരുമാറ്റം കേട്ട് ഉള്ളില്‍ നിന്നുംഅവളിറങ്ങി വന്നു. ഒരു നിമിഷം ആലോചിച്ച ശേഷം അവള്‍ ഓടിവന്ന് ഞങ്ങടെ കാലില്‍ വീണ് പൊട്ടിക്കരഞ്ഞു... 'ഏട്ടന്മാരെ', എന്നാണവള്‍ വിളിച്ചത് .കണ്ണ് നിറഞ്ഞു പോയി. അമ്മ ഒരു വര്‍ഷം മുമ്പ് മരിച്ചു. ഏക അത്താണിയായിരുന്ന തുണിക്കടയിലെ വൃദ്ധനും നാല് മാസത്തിനു മുമ്പ് മരിച്ചു. ചില പൈശാചിക ജന്മങ്ങള്‍ അവരുടെ കാമപൂര്‍ണ്ണതക്ക് മാലിനിയെ ഉപയോഗിച്ചു. ബാലുവിന്റെ സമനില തെറ്റി. ഇപ്പോള്‍ ടൈലറാണ് മാലിനി. കൂട്ടത്തില്‍ ബീഡയും പാനും വില്‍ക്കുന്നു. അന്ന് മനസ്സ് മരവിച്ചാണ് നാട്ടിലേക്ക് പോന്നത്. പോരാന്‍ നേരം ഞങ്ങളവള്‍ക്ക് കാശു കൊടുത്തെങ്കിലും അവളത് വാങ്ങിയില്ല. ഇന്ന് നല്ലൊരു ജോലിയുണ്ട്, വരുമാനമുണ്ട്. അവളുടെ മറുപടി അതാണ് .14 കാരിയുടെ പക്വതയല്ല അവള്‍ക്കിപ്പോള്‍
മാലിനി. അതായിരുന്നു അവളുടെ പേര്. പതിനൊന്ന് വയസ്സ് പ്രായമുണ്ടാവും. പേര് പോലെ തന്നെ മനോഹരി. വിളഞ്ഞ ഗോതമ്പ് മണിയുടെ നിറം. ചെമ്പിച്ച തലമുടി അലസമായി താഴ്ത്തിയിട്ടിരിക്കുന്നു. കാറ്റടിക്കുമ്പോള്‍ അതിങ്ങനെ പാറിപ്പറക്കുന്നു. തേന്‍ നിറമുള്ള കൃഷ്ണമണി നന്നായി ജ്വലിക്കുന്ന പോലെ. കൈയ്യില്‍ 'മാലിനി' എന്ന് പച്ച കുത്തിയിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ ആദ്യം കാണുമ്പോഴുള്ള മാലതി.
ശരീരവില്‍പ്പനക്ക് പേര് കേട്ട ഇന്ത്യയിലെ രണ്ടാമത്തെ നഗരമായ കൊല്‍ക്കത്തക്കടുത്ത സോനഗച്ചിക്ക് തൊട്ടടുത്താണ് മാലിനിയുടെ വീട്. പ്രകൃതി മനോഹാരിത നിറഞ്ഞൊരു മേഖലയാണ് സോനാഗച്ചിയും പരിസരപ്രദേശങ്ങളും. വയലുകളാല്‍ സമൃദ്ധം. എള്ളും,ചോളവും,നെല്ലും,കടുകും വാഴയും എല്ലാം സുലഭമായി കൃഷി ചെയ്യുന്നു. ഒന്നിടവിട്ട് കമുകിന്‍ തലപ്പുകള്‍ തലയുയര്‍ത്തി നില്‍ക്കുന്നു. പ്രകൃതിക്ക് ഭംഗിയേകി ദാമോദര്‍ നദിയും, കൊല്‍ക്കത്ത നഗര്‌ത്തെ ഈ നാടുമായി ബന്ധിപ്പിക്കുന്നൊരു പാലവും. കാണേണ്ട കാഴ്ച തന്നെയാണ്.
ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ഉച്ച കഴിഞ്ഞു. വയലുകളില്‍ പണിയെടുക്കുന്ന കര്‍ഷകര്‍ അന്നത്തെ ജോലി മതിയാക്കാറായിട്ടുണ്ട്. കുട്ടികള്‍ സ്‌കൂള്‍ വിട്ട് നടന്നു പോകുന്നു. തീരെ ചെറിയ കുട്ടികളെയും കൊണ്ട് ഏഴെട്ടു റിക്ഷകള്‍ പോകുന്നുണ്ട്. പൂട്ടു കാളയെപ്പോലെ തോന്നിക്കും അത് കാണുമ്പോള്‍. മുന്‍വശം ഒരു ഭാഗത്തേക്ക് ചെരിഞ്ഞിട്ടാണ്. ഇപ്പൊ പൊട്ടി വീഴുമെന്നു തോന്നും. വൈകുന്നേരമായ സ്ഥിതിക്ക് അന്ന് കാഴ്ച കാണാനായി കറങ്ങേണ്ട എന്ന് തീരുമാനിച്ചു. ക്ഷീണമുണ്ട്. തൊട്ടടുത്ത് പുഴയാണ്. ആലോചിക്കാനൊന്നുമില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയേ കുളിക്കാന്‍ അവസരമുണ്ടാവാറുള്ളു.
സമയം പാഴാക്കാതെ പുഴയിലേക്കിറങ്ങി. അകലെ നിന്ന് കാണുന്ന ഭംഗിയില്ല പുഴക്ക്. വൃത്തിഹീനമാണ്. ഏറിയ പേരും പുഴയെയാണ് ശൗചാലയമായി കണക്കാക്കുന്നതും ഉപയോഗിക്കുന്നതും. അതിന്റെ എല്ലാ തെളിവും കാണുന്നുണ്ട്. കാലെടുത്തു കുത്തുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചവിട്ടും. അലക്കുന്ന കല്ലിന്മേല്‍ ഇരുന്നിട്ടും കാര്യം സാധിച്ചിട്ടുണ്ട് ഒരുത്തന്‍. എങ്കിലും കുറച്ചു വൃത്തിയുണ്ടെന്ന് തോന്നുന്ന ഒരു ഭാഗത്ത് ഞങ്ങളിറങ്ങി, വേണ്ടുവോളം നീന്തിത്തുടിച്ചു.
രാത്രിഭക്ഷണത്തിനായി ഇരിക്കുമ്പോഴാണ് ഒരു കുഞ്ഞു കൈ നീണ്ടു വന്നത്. എട്ട് വയസ്സിനോടടുത്ത പ്രായമുള്ള ഒരു ചെക്കന്‍. 10 രൂപ കൊടുത്തു,. അവന്‍ അതും വാങ്ങി ഒരോട്ടം. കുറച്ചകലെ മാറി നില്‍ക്കുന്ന പെണ്‍കുട്ടിയുടെ കൈയ്യില്‍ അവനാ കാശ് കൊടുത്തു. അവര്‍ അതും വാങ്ങി മങ്ങിയ വെളിച്ചമുള്ള റോഡിലൂടെ നടന്നു മറഞ്ഞു. പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴേ നടക്കാനിറങ്ങി. കാഴ്ചകള്‍ കാണണം .ചുവന്ന തെരുവ് കാണാനാണ് ആകാംക്ഷ കൂടുതല്‍. നന്നായി ചുറ്റിയടിച്ചു നടക്കുന്നതിനിടയില്‍ വല്ലാത്തൊരു ബഹളം. പിള്ളേര്‍ തമ്മില്‍ അടിപിടി കൂടുകയാ. കൂട്ടത്തിലൊരുത്തന്റെ മേല്‍ കണ്ണ് പതിഞ്ഞു. ഇന്നലെ രാത്രിയില്‍ കണ്ടവനാണ്.
'അറിയില്ല. അച്ഛന്‍ പുതിയ ഭാര്യയുടെ കൂടെയാണെന്ന് അമ്മ പറയാറുണ്ട്'.
ഞങ്ങളെ കണ്ടതും പിള്ളേര്‍ ചിതറിയോടി. ഒരുനിമിഷം നിന്നിട്ട് അവനും ഓടി. കുറച്ചു മാറി അവന്റെ കൂടെ രാത്രിയില്‍ കണ്ട പെണ്‍കൊച്ചുമുണ്ട്. അവള്‍ ഇവന്റെ കൈയും പിടിച്ചു ഓടി മറഞ്ഞു. വൈകിട്ടോടെ അവര്‍ വീണ്ടും വന്ന് കൈനീട്ടി. ഞാനവരോട് പേര് ചോദിച്ചു.'ഞാന്‍ ബാലു. ഇതെന്റെ ചേച്ചി മാലിനി' അവന്‍ അതു പറഞ്ഞതും അവള്‍ ഓടി. പിന്നാലെ അവനും. പിറ്റേന്നും കാലത്തേ വന്നു അവര്‍. കുട്ടികളൊക്കെ സ്‌കൂളില്‍ പോകുന്നത് കാണാം. 'ഇവരെന്താ സ്‌കൂളില്‍ പോകാത്തെ' ഞാനത് ചിന്തിക്കുന്നതോടു കൂടി ചോദിക്കുകയും ചെയ്തു. പെണ്‍കുട്ടിയാണ് മറുപടി തന്നത്. 'ഇവനെ സ്‌കൂളില്‍ ചേര്‍ത്തിട്ടുണ്ട്.പോവാഞ്ഞിട്ടാണ്'.
'അപ്പൊ നീയോ?'
'ഞാന്‍ പോയിട്ടില്ല, പോകുന്നുമില്ല. അമ്മക്ക് വയ്യ. ആരെങ്കിലും വീട്ടില്‍ നില്‍ക്കണ്ടേ.അമ്മക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കണ്ടേ...?'
പതിനൊന്ന് വയസ്സേയുള്ളൂ. 25 കാരിയുടെ പക്വതയോടെയാണ് പെണ്ണ് സംസാരിക്കുന്നത്. ഞങ്ങള്‍ പരസപരം മുഖത്തോടു മുഖം നോക്കി.
'അച്ഛനെവിടെ മോളെ...?'
'അറിയില്ല. അച്ഛന്‍ പുതിയ ഭാര്യയുടെ കൂടെയാണെന്ന് അമ്മ പറയാറുണ്ട്'.
'അമ്മയെവിടെ..?'.
അവള്‍ കുറച്ചു ദൂരേക്ക് കൈചൂണ്ടി.
'ആ കടയുടെ പുറകിലാണ് വീട് '- അവള്‍ പറഞ്ഞു.
'അമ്മയെ കാണാമോ...?'
അവള്‍ തലകുലുക്കി. അവളെയും കൊണ്ട് ആ കടയുടെ പിന്നിലേക്കെത്തി.വീടെന്നു പറയാന്‍ പറ്റില്ല അതിനെ...ഒരു ചെറിയ ഗോഡൗണാണത്. വളവും വെണ്ണീറും സൂക്ഷിക്കുന്ന ഒരിടം. അതിന്റെ ഒരു മൂലയില്‍ പലക വിരിച്ചു കിടക്കുന്നൊരു സ്ത്രീ. ആദ്യം ഞങ്ങളെ കണ്ടപ്പോള്‍ ഒന്നു അമ്പരന്നെങ്കിലും ആ പെണ്‍കുട്ടി എന്തോ പറഞ്ഞപ്പോള്‍ ആ സ്ത്രീ പൊട്ടിക്കരഞ്ഞു. നിവര്‍ന്നിരുന്നപ്പോഴാണ് ഞങ്ങള്‍ അത് കണ്ടത്. ഒരു കാല്‍ ഇല്ല. മറ്റേ കാലില്‍ രണ്ട് വിരലേയുള്ളൂ. ഒരു കൈക്കും സ്വാധീനക്കുറവുണ്ട്.
'ഇതെങ്ങനെ പറ്റിയതാ..?'.
'ആത്മഹത്യക്ക് ശ്രമിച്ചതാ. പക്ഷെ,ജീവന്‍ ബാക്കിയായി. ദൈവം തുണച്ചില്ല.ഇപ്പോള്‍ മക്കള്‍ ഭിക്ഷയിരന്നു അന്നം കണ്ടെത്തുന്നു. വല്ലപ്പോഴും ചില ആളുകള്‍ വീട്ടില്‍ വന്ന് ഭക്ഷണമോ രൂപയോ തരാറുണ്ട്'-ആ സ്ത്രീ കണ്ണീരൊലിപ്പിച്ചു കൊണ്ട് പറഞ്ഞു.
'ഭര്‍ത്താവ് എവിടെ, അയാളെന്താ നോക്കാത്തത്'- കൂടെയുള്ളവര്‍ ചോദിച്ചു.
പോരാന്‍ നേരം മാലിനി കൈയ്യില്‍ പിടിച്ചു പറഞ്ഞത് 'മരിച്ചാലും മറക്കില്ല' എന്നായിരുന്നു.
അതിനുത്തരം ആ സ്ത്രീയുടെ ജീവിതമായിരുന്നു. കണ്ണീര്‍ തുടച്ചു കൊണ്ട് ആ സ്ത്രീ പറഞ്ഞു തുടങ്ങി...
'ആസാമിലെ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ഗോത്രവിഭാഗക്കാരാണ്. ഗോത്രത്തിലുള്ളവര്‍ പരസ്പ്പരം വിവാഹം കഴിക്കാറാണ് പതിവ്. അത് തെറ്റിക്കുന്നവരെ ഗോത്രത്തില്‍ നിന്നും പുറത്താക്കും. എനിക്ക് ഗോത്രത്തിനു പുറത്തുള്ള ഒരാളോട് പ്രണയമുണ്ടായിരുന്നു. ചന്തയില്‍ വെച്ച് കണ്ടതാണ്. അത് സ്ഥിരമായപ്പോള്‍ പ്രണയമായി മാറി. വീട്ടുകാരറിയാതെ വിവാഹിതരായി. പിന്നീട് വീട്ടുകാരറിഞ്ഞപ്പോള്‍ കുലത്തില്‍ നിന്നും ഭ്രഷ്ട്് കല്പിക്കപ്പെട്ടു. പിന്നീട് ജാര്‍ഖണ്ഡിലേക്ക് കുടിയേറി. അവിടുന്ന് ഒരു പെണ്‍കുഞ്ഞു ജനിച്ചു. അതാണ് മാലിനി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവിന്റെ പെരുമാറ്റം മോശമായി.എന്നെ കണ്ടാല്‍ വെറുപ്പായി. വീട്ടിലേക്കുള്ള വരവ് വല്ലപ്പോഴുമായി. പിന്നീട് പുള്ളി അയാളേക്കാള്‍ പ്രായക്കൂടുതലുള്ള സ്ത്രീയെ വിവാഹം ചെയ്തു.പിന്നീട് ആ സ്ത്രീയെ വീട്ടില്‍ കൊണ്ട് വന്ന് പൊറുതിയും തുടങ്ങി. ഭാര്യ എന്ന നിലയില്‍ അത് താങ്ങാവുന്നതല്ലല്ലോ. കുഞ്ഞിനേയുമെടുത്തു വീട് വിട്ടിറങ്ങി. സ്വന്തം വീട്ടിലേക്കും പോകാനാവാത്ത അവസ്ഥ. രണ്ടുമൂന്നു ദിവസം തള്ളിനീക്കി. നല്ല ഭാവി ഉണ്ടാവില്ല എന്ന ചിന്ത ഉടലെടുത്തതോടെ കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ചു. ബസ്സിന് മുന്നിലേക്ക് ചാടിയതാണ്.ബസ്സ് ഒരു കാലിലൂടെ കയറിയിറങ്ങിയതല്ലാതെ മരിച്ചില്ല. ആ കാല്‍ മുറിച്ചു മാറ്റി. ആശുപത്രി വാസത്തിനു ശേഷം ഒരു വനിതാസംഘടനയുടെ കൈയ്യിലെത്തപ്പെട്ടു. അവിടെ വെച്ചു ശേഷിച്ച കാലില്‍ മുറിവുണ്ടാവുകയും പഴുപ്പ് എല്ലിനെ ബാധിക്കുകയും 3 വിരലുകള്‍ മുറിക്കപ്പെടുകയും ചെയ്തു. പിന്നീട് നിയമപ്രശ്‌നങ്ങളും സംഘടനയിലെ ഉദ്യോഗസ്ഥരുടെ ഐക്യമില്ലായ്മയും സംഘടനയെ ഇല്ലാതാക്കി'-അവരുടെ കണ്ണുകളില്‍ നിസ്സംഗത.
പിന്നീട് ശരീരം വിറ്റെങ്കിലും ജീവിക്കാമെന്ന് കരുതി രണ്ടര വയസ്സുള്ള കുഞ്ഞിനേയും കൊണ്ട് സോനാഗച്ചിയിലെത്തിയതാണ്. അതിനിടയില്‍ ആരോ കൊടുത്ത സമ്മാനമാണ് ബാലു എന്ന പയ്യന്‍. പിന്നീട് ശരീരം ഒരുഭാഗം കുഴഞ്ഞു. മുന്നിലുള്ള തുണിക്കടക്കാരന്റെ ഉടമസ്ഥതയിലുള്ളതാണ് ഇപ്പോ താമസിക്കുന്ന പഴഞ്ചന്‍ കെട്ടിടം. ഇടയ്ക്കിടെ വിവരമന്വേഷിക്കുന്നതും പാവം വൃദ്ധന്‍ മാത്രമാണ്. അയാളുടെ ഔദാര്യം. ഇപ്പൊ മകള്‍ വലുതായപ്പോള്‍ എല്ലാം അവള്‍ നോക്കും...'- ആ സ്ത്രീ കണ്ണീരോടെ പറഞ്ഞവസാനിപ്പിച്ചു.
പിന്നീട് ഏഴ് ദിവസമാണ് ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നത്. അത്രയും ദിവസം ഞങ്ങള്‍ ഭക്ഷണ സാധനങ്ങളും മൂന്ന് പേര്‍ക്കുമായി രണ്ട് ജോഡി വീതം വസ്ത്രവും വാങ്ങിക്കൊടുത്തു. കൈയ്യിലുണ്ടായിരുന്ന വളരെകുറച്ചു കാശും. പോരാന്‍ നേരം മാലിനി കൈയ്യില്‍ പിടിച്ചു പറഞ്ഞത് 'മരിച്ചാലും മറക്കില്ല' എന്നായിരുന്നു. കണ്ണില്‍നിന്നും മറയുന്നത് വരെ അവള്‍ കൊച്ചു കുഞ്ഞിനെ പോലെ കൈവീശി കാണിക്കുന്നുണ്ടായിരുന്നു...
പിന്നീട് കുറെക്കാലം അവരുടെ ഓര്‍മ്മകളെ മനസ്സിലിട്ടു നടന്നു. കാലചക്രം തിരിയുന്നതോടൊപ്പം ആ ഓര്‍മ്മകളും മറന്നു.
പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴാണ് കൊല്‍ക്കത്തയിലേക്ക് ഒരു ട്രിപ്പ് കിട്ടിയത്. കൊല്‍ക്കത്ത എന്ന് കേട്ടപ്പോള്‍ ആദ്യം ഓര്‍ത്തത് മാലിനിയെയാണ്. അവളെ കാണാനുള്ള ആകാംക്ഷ. ഞങ്ങള്‍ അവിടെയെത്തിയപ്പോള്‍ പഴയ തുണിക്കടക്ക് മുമ്പില്‍ മെലിഞ്ഞൊട്ടിയ ഒരു രൂപമിരിക്കുന്നു. ബാലുവാണ്. ഞങ്ങളെ കണ്ടിട്ടും അവന് വികാരമാറ്റമൊന്നുമില്ല. . അവന് അറിയില്ലായിരിക്കാം. രണ്ടു വര്‍ഷത്തിനു മുമ്പ് കണ്ടതല്ലേ. ഞങ്ങള്‍ ആ കെട്ടിടത്തിലേക്ക് കയറി. അവരുടെ അമ്മയെ കാണുന്നില്ല.
കാല്‍ പെരുമാറ്റം കേട്ട് ഉള്ളില്‍ നിന്നുംഅവളിറങ്ങി വന്നു. ഒരു നിമിഷം ആലോചിച്ച ശേഷം അവള്‍ ഓടിവന്ന് ഞങ്ങടെ കാലില്‍ വീണ് പൊട്ടിക്കരഞ്ഞു... 'ഏട്ടന്മാരെ', എന്നാണവള്‍ വിളിച്ചത് .കണ്ണ് നിറഞ്ഞു പോയി. അമ്മ ഒരു വര്‍ഷം മുമ്പ് മരിച്ചു. ഏക അത്താണിയായിരുന്ന തുണിക്കടയിലെ വൃദ്ധനും നാല് മാസത്തിനു മുമ്പ് മരിച്ചു. ചില പൈശാചിക ജന്മങ്ങള്‍ അവരുടെ കാമപൂര്‍ണ്ണതക്ക് മാലിനിയെ ഉപയോഗിച്ചു. ബാലുവിന്റെ സമനില തെറ്റി. ഇപ്പോള്‍ ടൈലറാണ് മാലിനി. കൂട്ടത്തില്‍ ബീഡയും പാനും വില്‍ക്കുന്നു. അന്ന് മനസ്സ് മരവിച്ചാണ് നാട്ടിലേക്ക് പോന്നത്. പോരാന്‍ നേരം ഞങ്ങളവള്‍ക്ക് കാശു കൊടുത്തെങ്കിലും അവളത് വാങ്ങിയില്ല. ഇന്ന് നല്ലൊരു ജോലിയുണ്ട്, വരുമാനമുണ്ട്. അവളുടെ മറുപടി അതാണ് .14 കാരിയുടെ പക്വതയല്ല അവള്‍ക്കിപ്പോള്‍.നല്ലൊരു വീട്ടമ്മയെ പോലെ. ഒത്തിരി പ്രായവും തോന്നിക്കും. ബാലുവിന്റെ കാര്യത്തില്‍ മാത്രമേ സങ്കടമൊള്ളൂ അവള്‍ക്ക്...
വീണ്ടും രണ്ടു മാസത്തിനു ശേഷം ഞാനവിടെ പോയപ്പോള്‍ അവര്‍ താമസിച്ചിരുന്ന കെട്ടിടം അവിടെയില്ല. അവരെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കൊല്‍ക്കത്ത ടൗണിലേക്ക് താമസം മാറിയെന്നും നല്ലൊരു തയ്യല്‍ കടയില്‍ അവള്‍ക്ക് ജോലി കിട്ടിയെന്നും അറിഞ്ഞപ്പോള്‍ ഒത്തിരി സന്തോഷം തോന്നി.മാലിനിയെ കാണാന്‍ സാധിച്ചില്ല. ഹൗറാ പാലത്തിന് സമീപം വെച്ചു ബാലുവിനെ കണ്ടപ്പോള്‍ മാത്രമാണ് ഉള്ള് തേങ്ങിയത്. മാനസികനില ഏകദേശം പൂര്‍ണ്ണമായും നശിച്ചിരിക്കുന്നു. എന്തൊക്കെയോ പറയുന്നുണ്ട്, കൈകൊണ്ട് എന്തൊക്കെയോ കാണിക്കുന്നുമുണ്ട്.
പിന്നീട് വിവരമൊന്നുമറിഞ്ഞിട്ടില്ല. നന്നായി ജീവിക്കുന്നുണ്ട് എന്നറിഞ്ഞാല്‍ മതി...