'ഉപ്പ നിന്നെ വിളിക്കുന്നൂ'ന്ന് പറഞ്ഞ് ഇനിയാരും എന്നെ ‘ശല്ല്യം’ ചെയ്യില്ല, എന്നിട്ടും...

ഉമ്മയെ ഓർക്കുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ സ്നേഹത്തിന്‍റെ നനവുണ്ടാകും. എല്ലാവർക്കും അമ്മമാരെന്നാൽ ഇങ്ങിനെയൊക്കെയായിരിക്കും. ഉമ്മക്ക് കരയാൻ ചെറിയ കാരണം മതിയായിരുന്നു.  എന്നാൽ, ഉപ്പ കരയുന്നത് ഞാൻ കണ്ടിട്ടില്ല. എന്ത് പ്രശ്നമുണ്ടായാലും നെഞ്ചും വിരിച്ച് നിൽക്കും. കണ്ണിൽ കനലെരിഞ്ഞാലും തുള്ളിയായി പുറത്തോട്ട് വരില്ല. അതുകൊണ്ട് ഉപ്പക്ക് സങ്കടങ്ങളില്ലെന്നും സ്നേഹമില്ലെന്നും മുരടനാണെന്നുമൊക്കെ ഞാൻ തെറ്റിദ്ധരിച്ചു.

hospital days bisher kakkattu para

ജീവിതം എത്ര നിസ്സാരമെന്ന് പഠിപ്പിക്കുന്ന പാഠശാലയാണ് ആശുപത്രികള്‍. നമ്മുടെ അഹന്തകളെ, സ്വാര്‍ത്ഥതകളെ തകര്‍ത്തുകളയുന്ന അനുഭവങ്ങളുടെ ഇടം. അകമേ നമ്മെ പുതിയൊരാളാക്കി മാറ്റും അത്.  നിങ്ങള്‍ക്കുമില്ലേ അത്തരം അനുഭവങ്ങള്‍. രോഗിയായും കൂട്ടിരിപ്പുകാരായും ഡോക്ടറായും നഴ്സുമാരായുമെല്ലാം നിങ്ങളറിയുന്ന ആശുപത്രി അനുഭവങ്ങള്‍ എഴുതൂ. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പൂര്‍ണമായ പേരും മലയാളത്തില്‍ എഴുതണേ. സബ് ജക്ട് ലൈനില്‍ 'ആശുപത്രിക്കുറിപ്പുകള്‍' എന്നെഴുതാനും മറക്കരുത്

hospital days bisher kakkattu para

ഇജെവ്ട്ക്കാടോ...? (നീ എവിടേക്കാടോ?) ഉമ്മറക്കോലായിലെ ചാരുകസേരയിൽ കിടന്ന് ഞാൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴൊക്കെ ഉപ്പ ചോദിക്കുന്ന ചോദ്യമാണത്. ദേഷ്യം വരാറുണ്ട്, ആ ചോദ്യം കേൾക്കുമ്പോഴൊക്കെയും. നന്നേ ചെറുപ്പത്തിൽ കേൾക്കാൻ തുടങ്ങിയതായിരുന്നു അത്. പിന്നെ ‘വല്ല്യ ആളായി’, പ്രവാസിയായി. പ്രവാസത്തിൽ നിന്നും കിട്ടാറുള്ള പരോളിൽ നാട്ടിൽ വരുമ്പോഴും ആ ചോദ്യം ഉപ്പ തുടർന്നു. ഉമ്മയോട് പലപ്പോഴും അതേ ചൊല്ലി വഴക്കിട്ടിട്ടുണ്ട്. “ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല, ഇങ്ങനെ ചോദിക്കാൻ, എങ്ങോട്ടിറങ്ങിയാലും ഒരു ചൊറിച്ചിൽ.” പതിവ് പോലെ ഉമ്മ സമാധാനിപ്പിക്കും, “വയസ്സായില്ലെടാ.”

വെള്ളം നനഞ്ഞപ്പോൾ കമ്പിളിക്ക് കനം കൂടി. അത് കടലിൽ ഉപേക്ഷിക്കേണ്ടി വന്നു

“കണ്ണുണ്ടാകുമ്പോൾ അതിന്‍റെ വില അറിയൂലാ...” കേട്ട് പഴകിയതാണ്. എന്നാലും അതിന്‍റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഉപ്പ മൺമറഞ്ഞിട്ട് രണ്ട് വർഷമാകുന്നു. പരുക്കൻ ശബ്ദം. അതിലേറെ പരുക്കനായ പെരുമാറ്റം. ഈ വക പുറന്തോടിനുള്ളിൽ നിന്ന് അകത്തൊളിപ്പിച്ച് വെച്ച സ്നേഹവും കരുതലുമൊന്നും അത്രക്കൊന്നും പുറത്തോട്ട് വന്നിരുന്നില്ല. അതുകൊണ്ടാകാം, ഞങ്ങൾ മക്കൾക്ക് മറ്റ് പല മക്കളേയും പോലെ ഉപ്പ ‘സ്നേഹമില്ലാത്തവനാ’യത്. 

ജീവിക്കാനായി യു.എ.ഇ രൂപീകരിക്കുന്നതിന് മുമ്പ് ആദ്യമായി കടല് കടന്ന കഥ ഉപ്പ പലരോടായി പലവട്ടം പറയുന്നത് കേട്ടിട്ടുണ്ട്. “ഓ... തുടങ്ങി” എന്ന ഭാവത്തിൽ ഞങ്ങളിരിക്കും. അന്ന് അവിടെപ്പോയി തിരിച്ച് വരുമ്പോൾ ഒരു കമ്പിളി വാങ്ങിച്ചത്രേ. തിരിച്ചുള്ള ലാഞ്ചിയിലെ യാത്രയിൽ കടലിൽ ഇറക്കേണ്ട സ്ഥലത്ത് വഞ്ചിക്കാർ വരുമെന്നൊക്കെ പറഞ്ഞു. എന്നാൽ ആരും വന്നില്ല. ആറ്റ് നോറ്റ് വാങ്ങിയ കമ്പിളിപ്പുതപ്പും കയ്യിൽ ആകെയുണ്ടായിരുന്ന 50 രൂപയും  കൊണ്ട് എടുത്ത് ചാടി. വെള്ളം നനഞ്ഞപ്പോൾ കമ്പിളിക്ക് കനം കൂടി. അത് കടലിൽ ഉപേക്ഷിക്കേണ്ടി വന്നു. അങ്ങനെ പല കഥകൾ.

ചെറുപ്പം മുതൽ ഉപ്പയുടേയും സഹോദരന്മാരുടേയും ഗൾഫിലെ പ്രാരാബ്ധക്കഥകൾ കേട്ട് വളർന്നത് കൊണ്ടാകാം, ഗൾഫ് മോഹിപ്പിക്കുന്ന മരുഭൂമിയായിരുന്നില്ല എനിക്ക്. എന്നിട്ടും നാട്ടിൽ ‘ക്ലച്ച്’ പിടിക്കാത്തവനെ കടല് കടത്തണമെന്ന വീട്ടുകാരുടെ അലിഖിത നിയമത്തിന് മുന്നിൽ കീഴടങ്ങി ഞാനും ‘വിമാനം’ കയറി.  

നാട്ടിലുള്ളപ്പോൾ ഇടം വലം തിരിയാനയക്കില്ലായിരുന്നു. വൈകുന്നേരങ്ങളിലെ കളിയായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും സങ്കടകരമായ കാര്യം. പാടത്തേക്ക് കളിക്കാൻ പോയിട്ട് തിരിച്ച് വരുമ്പോൾ  വീട്ടിലേക്ക് കടക്കാൻ ഞാൻ കാണിച്ച തന്ത്രവും വൈഭവമൊന്നും വേറൊരാളും കാണിച്ചിരിക്കില്ല. ഇത് കൊണ്ടൊക്കെ തന്നെ ഈ ‘പ്രതിസന്ധി’ മറികടക്കാൻ പണ്ട് തൊട്ടേ രണ്ട് ചെരുപ്പുണ്ടായിരുന്നു എനിക്ക്. ഒന്ന്, അടുക്കളയുടെ വാതിലിന് പുറത്ത്. മറ്റൊന്ന് കോലായിക്ക് പുറത്തും. ഉപ്പ കോലായിലാണെങ്കിൽ അടുക്കള വഴി മുങ്ങും. അടുക്കളയിലാണെങ്കിൽ തിരിച്ചും. എന്നാലും, ചിലപ്പോൾ മുന്നിൽ പെടാറുണ്ട്. എന്തെങ്കിലുമൊക്കെ കേൾക്കുകയും ചെയ്യും. 

ഉപ്പ ചിലപ്പോൾ രാവിലെ തന്നെ എവിടേക്കെങ്കിലും പോകും. അന്നെനിക്ക് ഉത്സവമാണ്. “ഹോ, ഇന്ന് സമാധാനത്തോടെ പുറത്തിറങ്ങാം.”
       
ഉമ്മയെ ഓർക്കുമ്പോഴൊക്കെ നമ്മുടെ മനസ്സിൽ സ്നേഹത്തിന്‍റെ നനവുണ്ടാകും. എല്ലാവർക്കും അമ്മമാരെന്നാൽ ഇങ്ങിനെയൊക്കെയായിരിക്കും. ഉമ്മക്ക് കരയാൻ ചെറിയ കാരണം മതിയായിരുന്നു.  എന്നാൽ, ഉപ്പ കരയുന്നത് ഞാൻ കണ്ടിട്ടില്ല. എന്ത് പ്രശ്നമുണ്ടായാലും നെഞ്ചും വിരിച്ച് നിൽക്കും. കണ്ണിൽ കനലെരിഞ്ഞാലും തുള്ളിയായി പുറത്തോട്ട് വരില്ല. അതുകൊണ്ട് ഉപ്പക്ക് സങ്കടങ്ങളില്ലെന്നും സ്നേഹമില്ലെന്നും മുരടനാണെന്നുമൊക്കെ ഞാൻ തെറ്റിദ്ധരിച്ചു.

രണ്ട് വർഷം മുമ്പ് ലീവിന് പോയപ്പോൾ ഉപ്പക്ക് ചെറിയ ഒരു പനി... ഞാൻ ആശുപത്രിയിൽ കൊണ്ട് പോയി കാണിച്ചു. രണ്ട് ദിവസം കഴിഞ്ഞപ്പോ‍ൾ പനി കുറഞ്ഞു. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും പനിയും കഫക്കെട്ടും കൂടി. ഡോക്ടറെ കാണിച്ചപ്പോൾ എക്സറേ എടുക്കാൻ പറഞ്ഞു. എക്സറേ എടുത്ത് ഡോക്ടറെ കാണിച്ചപ്പോൾ കഫക്കെട്ടുണ്ടെന്നും രണ്ട് ദിവസം ആവി പിടിക്കണമെന്നും പറഞ്ഞു. അപ്പോഴേക്കും ലീവ് തീർന്ന് ഞാൻ തിരിച്ച് പോന്നു. അന്ന് യാത്ര പറഞ്ഞിറങ്ങിയപ്പോൾ പതിവില്ലാതെ ഉപ്പയുടെ ശബ്ദമിടറിയിരുന്നു. ഗൗരവക്കാരനായ ഉപ്പയോടധികമൊന്നും പണ്ടേ സംസാരിക്കാറില്ല. ചെറുപ്പം തൊട്ടേ എന്തെങ്കിലും ആ‍വശ്യങ്ങളുണ്ടെങ്കിൽ ഉമ്മയോടായിരുന്നു പറഞ്ഞിരുന്നത്.  വലുതായപ്പോഴും അത് തുടർന്നു. അന്ന് പക്ഷേ യാത്ര പറഞ്ഞപ്പോൾ   “മരുന്നൊക്കെ ശരിക്ക് കഴിക്കണം, പനി കുറവില്ലെങ്കിൽ വീണ്ടും ഡോക്ടറെ കാണണമെന്നൊ”ക്കെ ഞാനും പറഞ്ഞു. 

എന്തോ ഒരു ഭയം മനസ്സിനെ പിടികൂടി കഴിഞ്ഞിരുന്നു                 

ഞാൻ ഗൾഫിൽ തിരിച്ചെത്തി രണ്ട് നാൾ കഴിഞ്ഞപ്പോൾ ഉപ്പക്ക് വീണ്ടും പനി കൂടി. വീട്ടുകാർ ഡോക്ടറെ കാണിച്ചു. പല ടെസ്റ്റുകളും ചെയ്തു. ഒടുവിൽ ശ്വാസകോശ ക്യാൻസറാണെന്ന് സ്ഥിരീകരിച്ചു. കണ്ടെത്താൻ ഏറെ വൈകിയിരുന്നത് കൊണ്ട്  ഇനി കാര്യമായി ഒന്നും ചെയ്യാനില്ലെന്നും ഡോക്ടർ പറഞ്ഞു. ആദ്യമത് കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു. പതുക്കെ പതുക്കെ മനസ്സിനകത്ത് വേദന നിറയാൻ തുടങ്ങി.
                  
പിന്നെ ആശുപത്രിയിലും വീട്ടിലുമായി കുറേ നാൾ. രണ്ട് മാസം കഴിഞ്ഞ്  ഒരു ദിവസം ഉപ്പക്ക് ഫോൺ ചെയ്തപ്പോൾ “നീ ഒന്നിങ്ങ് വരുമോ..? കാണാനൊരു പൂതി”എന്ന് പറഞ്ഞു. അടുത്ത ഒരാഴ്ചത്തേക്കുള്ള ജോലി മാനേജര്‍ ഏൽപ്പിച്ചിട്ട് പോയിരുന്നു. അതുകൊണ്ട്, “ഉപ്പാ... ഞാൻ അടുത്തയാഴ്ച വരാ”മെന്ന് പറഞ്ഞു. ''എന്നാൽ അങ്ങനെ മതിയെടാ''ന്ന് പറഞ്ഞ് ഉപ്പ ഫോൺ വെച്ചു.
         
പിറ്റേന്ന് അവധി ദിവസമായിരുന്നു. അന്ന് രാത്രി കിടന്നപ്പോൾ എന്തോ ഒരു അസ്വസ്ഥത. രാത്രി ഒരു മണിയായിട്ടും ഉറക്കം വന്നില്ല. എന്തോ ഒരു ഭയം മനസ്സിനെ പിടികൂടി കഴിഞ്ഞിരുന്നു. ഒടുവിൽ മാനേജർക്ക് വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചിട്ടു. “ഉപ്പക്ക് അസുഖമാണ്, എനിക്ക് നാളെ നാട്ടിൽ പോകണം”. മാനേജർ ചിലപ്പോൾ ഉറക്കമായിട്ടുണ്ടാകുമെന്ന് കരുതിയാണ് മെസ്സേജയച്ചത്. പിറ്റേന്ന് അവധി ദിനമായതിനാൽ മിക്കവാറും അദ്ദേഹം എവിടെയെങ്കിലും കറങ്ങാൻ പോയിട്ടുണ്ടാകും. വന്നിട്ട് രണ്ട് മാസം കഴിഞ്ഞതേ ഉള്ളൂ, മാത്രമല്ല കുറേ നാളത്തെ ഇടവേളക്ക് ശേഷം കുറച്ച് ജോലി വന്ന സമയവുമാണ്. എന്ത് പറയുമെന്നറിയില്ല. ഇനി എന്ത് തന്നെ പറഞ്ഞാലും നാളെ ഞാൻ പോകുമെന്ന് തീരുമാ‍നിച്ചിരുന്നു. എന്നാൽ, എന്നെ അത്ഭുതപെടുത്തിക്കൊണ്ട് യാതൊന്നും ചോദിക്കാതെ “ഓക്കെ, പോയിട്ട് വാ” എന്നദ്ദേഹം തിരിച്ച് മെസ്സേജയച്ചു. ശേഷം ട്രാവൽസിൽ വർക്ക് ചെയ്യുന്ന കൂട്ടുകാരനും മെസ്സേജ് അയച്ചു, രാവിലെ ടിക്കറ്റെടുത്ത് എനിക്ക് മെയിലച്ചിടാനായി. പിന്നെയെപ്പോഴോ ഒന്ന് കണ്ണടച്ചു. രാവിലെ നേരത്തെ എണീറ്റു. 

വാട്സാപ്പ് ചെക്ക് ചെയ്തപ്പോൾ ട്രാവൽസിലെ കൂട്ട്കാരന്റെ മെസ്സേജ് കിടക്കുന്നു, “ഇന്ന് വൈകീട്ടത്തെ ഫ്ലൈറ്റിന് എടുക്കട്ടേന്ന്” ചോദിച്ച് കൊണ്ട്. അവനെ വിളിച്ച് അത് ഉറപ്പിച്ചതിന് ശേഷം കുറച്ച് ഡ്രസ്സുകളെല്ലാം പാക്ക് ചെയ്ത് വെച്ചു. കൂട്ടുകാരനെ വിളിച്ച്  എയർപ്പോർട്ടിലേക്ക് പോകാൻ വാഹനവും ഏർപ്പാടാക്കി. 

പിറ്റേന്ന് പുലർച്ചെ നാട്ടിലെത്തി. ഉപ്പ ആശുപത്രിയിലായിരുന്നു. അതുകൊണ്ട് എയർപോർട്ടിൽ നിന്ന് നേരെ ഹോസ്പിറ്റലിലേക്ക് പോയി. ചെന്ന് കയറിയപ്പോൾ ഉപ്പ നീണ്ട് നിവർന്ന് കിടക്കുന്നു. ചുറ്റിലും വീട്ടുകാരെല്ലാവരും ഉണ്ട്. പ്രായം ഒരുപാടായിരുന്നെങ്കിലും നല്ല ആരോഗ്യവാനായിരുന്ന ഉപ്പ രണ്ട് മാസം കൊണ്ട് മെലിഞ്ഞൊട്ടിയിരുന്നു. ഞങ്ങളെ എല്ലാവരേയും മുന്നിൽ നിന്ന് നയിച്ച, ഒരു നോട്ടം കൊണ്ട് ഞങ്ങളെയെല്ലാം അടക്കി നിർത്തിയ, ഒരു അമർത്തിയ മൂളലിൽ ചില വിഷയങ്ങൾക്ക് തീരുമാനം പറഞ്ഞിരുന്നയാൾ… ഉപ്പ വീട്ടിലുണ്ടെങ്കിൽ അധികം ഒച്ചയില്ലാതെ സംസാരിക്കുന്ന ഞങ്ങളെല്ലാവരും ഉപ്പയെ സഹായിക്കാൻ ചുറ്റിലും നിൽക്കുന്ന കാഴ്ച. 

ഉപ്പയുടെ കണ്ണിൽ നീർത്തിളക്കം. വല്ലപ്പോഴും ഒരു പനിയോ ജലദോഷമോ വരും, അതല്ലാതെ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്നയാൾ.  വല്ല്യുപ്പായുടെ ഒറ്റ മോനായിരുന്നു ഉപ്പ. മൂന്ന് പെങ്ങന്മാർക്കും വല്ല്യുമ്മക്കും ആകെയുള്ള ആശ്രയം.  ഉപ്പയുടെ ചെറുപ്പത്തിലേ വല്ല്യുപ്പ മരിച്ച് പോയത് കൊണ്ട് ചെറുപ്പത്തിലേ ഒറ്റക്ക് ജീവിതത്തോട് പോരാടി. ആരെയും ആശ്രയിക്കാതെ സ്വപ്രയത്നം കൊണ്ട് ജീവിതം വെട്ടിപ്പിടിച്ച മനുഷ്യന് ആ കിടത്തം സഹിക്കാവുന്നതിലപ്പുറമായിരിക്കും.  

അപ്പോഴൊക്കെയും വെറുതെ ഞാൻ ആ മൂലയിലെ കസേരയിലേക്ക് നോക്കും

ഒരു പക്ഷേ ആ ഒറ്റക്കുള്ള പോരാട്ടമായിരിക്കും ഉപ്പയെ ഒരു പരുക്കനാക്കിയത്. ഞങ്ങൾ മക്കളുടെ ഓർമ്മയിലെങ്ങും ഉപ്പ ഞങ്ങളെ ലാളിച്ചിട്ടില്ല,  കുശലാന്വേഷണം പോലും ഉപ്പ നടത്താറില്ല. എന്നാലും, നമുക്കൊരു പനി വന്നാ‍ൽ ഉമ്മയോട് ചോദിക്കും “ഓന് ഭേദണ്ടോടീ.” അത്രയൊക്കെയായിരുന്നു ഉപ്പയിൽ നിന്നുമോർക്കാനുള്ള കുഞ്ഞ് കുഞ്ഞ് നനുത്ത ഓർമ്മകൾ...

“നീ വല്ലതും കഴിച്ചിരുന്നോ” എന്ന ഉപ്പയുടെ ചോദ്യമാണ് ചിന്തയിൽ നിന്നുണർത്തിയത്. ഉപ്പയുടെ അരികിലായിരുന്നു ഞാൻ. കഴിച്ചെന്ന് മറുപടി പറഞ്ഞു. രാത്രി വരെ ഉപ്പയോടൊപ്പം ചിലവിട്ടു, അന്നവിടെ നിന്ന്, രാവിലെ വീട്ടിൽ പോകാമെന്ന് കരുതിയതായിരുന്നു. ഉപ്പ നിർബന്ധിച്ചെന്നെ പറഞ്ഞയക്കാൻ നോക്കിയെങ്കിലും പോകാതെ ഞാൻ നിന്നു. ഹോസ്പിറ്റലിൽ അന്നൊരുപാട് പേരുണ്ടായിരുന്നു, ഞങ്ങൾ മക്കളും പേരമക്കളും. ഉപ്പക്ക് സംസാ‍രിക്കാനൊന്നും പ്രയാസമുണ്ടായിരുന്നില്ല. അവരെല്ലാം എന്നെ നിർബന്ധിച്ചു, ഇന്നിവിടെ എല്ലാവരുമുണ്ടല്ലോ, “ഉപ്പക്ക് ഇപ്പോൾ അത്ര പ്രയാസമൊന്നും കാണുന്നില്ല, നാളെ നീ നിന്നോ” എന്ന് പറഞ്ഞപ്പോൾ അർധ സമ്മതത്തോടെ ഞാൻ വീട്ടിലേക്ക് തിരിച്ചു.

രാവിലെ ബാങ്കിലൊന്ന് പോകേണ്ട ആവശ്യവുമുണ്ടായിരുന്നു. അതും കഴിച്ച് രാവിലെ ഹോസ്പിറ്റലിലേക്ക് വരാമെന്ന ചിന്തയോടെ ഞാൻ വീട്ടിലെത്തി. പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞപ്പോൾ സഹോദരന്‍റെ ഫോൺ വന്നു, “നീ പെട്ടെന്നിങ്ങോട്ട് വാ”ന്നും പറഞ്ഞ്. തിരിച്ചൊന്നും ചോദിച്ചില്ല, അതിനുള്ള ധൈര്യമില്ലായിരുന്നു. വണ്ടിയെടുത്ത് ആശുപത്രിയിലെത്തുമ്പോഴേക്ക് എല്ലാം കഴിഞ്ഞിരുന്നു. പുഞ്ചിരിയോടെ ഉപ്പ ഉറങ്ങുന്നു. മാറാവ്യാധിയാണെന്നറിഞ്ഞപ്പോഴും ഇത്ര പെട്ടെന്നൊരു മടക്കം പ്രതീക്ഷിച്ചതല്ലായിരുന്നു. കുറച്ച് കാലം കൂടെയൊക്കെ ഉപ്പ കൂടെയുണ്ടാകുമെന്നൊരു തോന്നൽ മനസ്സിലെവിടെയോ ഉണ്ടായിരുന്നു. പക്ഷേ, ഉപ്പക്കിങ്ങനെ കിടക്കാൻ ആഗ്രഹമില്ലായിരുന്നിരിക്കാം. അവസാനമായി കണ്ട് സംസാരിക്കാനെങ്കിലും കഴിഞ്ഞല്ലോയെന്നോർത്ത് ആശ്വാസം തോന്നി. അവസാനമായി മൂന്ന് പിടി മണ്ണ് വാരിയിട്ടപ്പോൾ ഓർമ്മകൾ അടക്കം ചെയ്യുകയായിരുന്നില്ല. അതങ്ങനെ പെറ്റ് പെരുകുകയായിരുന്നു. 

ഉപ്പയുടെ മരണ ശേഷം മൂന്ന് തവണ കൂടി നാട്ടിൽ പോയി. അപ്പോഴൊക്കെയും വെറുതെ ഞാൻ ആ മൂലയിലെ കസേരയിലേക്ക് നോക്കും. ഉപ്പ ചാരിയിരുന്ന് കുമ്മായമിളകിയ ചുമരിലേക്കും. ഉപ്പ മരിക്കുന്നതിന് മുമ്പ് മിക്കവാറും പണി തീർത്തിരുന്ന പുതിയ വീട്ടിലേക്ക് ഞങ്ങൾ ഈയടുത്ത് കയറിയിരുന്നു. ഉപ്പക്കൊരു ദിവസം പോലും താമസിക്കാൻ കഴിയാത്ത സങ്കടത്തോടെ. എന്നാലും ഓർമ്മയുടെ വേരുകളിപ്പോഴും ആ പഴയ വീട്ടിൽ തന്നെയാണ്.  

ഇന്ന് വീട്ടിൽ രണ്ട് ചെരുപ്പില്ലെനിക്ക്, ആരെയും പേടിക്കാനില്ല

ചിലതിന്റെയെല്ലാം അർത്ഥം മനസ്സിലാകുന്നത് പിന്നീടാണ്. അന്ന് രാത്രി ആശുപത്രിയിൽ നിന്നിറങ്ങുമ്പോൾ ഞാനൊന്ന് കൂടി തിരിഞ്ഞ് നോക്കി. എന്നെ തന്നെ നോക്കി ഉപ്പ കിടക്കുകയായിരുന്നു. ഭൂമിയിലെ അവസാനത്തെ കാഴ്ചക്കെന്നോണം അൽപം പ്രയാസപ്പെട്ട് തല ചെരിച്ച് പിടിച്ച്.. ഇനിയുമെന്തൊക്കെയോ പറയാൻ ബാക്കിയുള്ള പോലെ.. 

ഇന്ന് വീട്ടിൽ രണ്ട് ചെരുപ്പില്ലെനിക്ക്, ആരെയും പേടിക്കാനില്ല, എന്നിട്ടും ഒരിടത്തേക്കും പോകാൻ തോന്നാറില്ല. 'ഉപ്പ നിന്നെ വിളിക്കുന്നൂ'ന്ന് പറഞ്ഞ് ഇനിയാരും എന്നെ ‘ശല്ല്യം’ ചെയ്യില്ല.
                       
ഒരിക്കലും നടക്കില്ലെന്നും ചിലപ്പോൾ നടക്കുമായിരിക്കുമെന്നും ഓർത്ത് ഭാവിയെക്കുറിച്ചും, കഴിഞ്ഞ് പോയ ഇന്നലകളെക്കുറിച്ചുമോർത്തും നടക്കുകയായിരിക്കും മിക്ക പ്രവാസികളും.‘വർത്തമാനത്തിൽ’ ജീവിക്കാൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ ഇങ്ങനെയങ്ങ് കെട്ടു പോകുമായിരിക്കും.

ആശുപത്രിക്കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios