ആ പാട്ട് കേള്‍ക്കുമ്പോള്‍, നെഞ്ചിനകത്തൊരു ഭാരം വന്ന് നിറയും
അവരുടെ വാക്കുകളും ഗാനവും കേൾക്കേ ഞാനും അവരുടെ ഭാവനകൾക്ക് കൂട്ടുപോവുന്നതുപോലെ തോന്നി. അതുവരേക്കും വിഷാദത്താൽ ഇളകിമറിഞ്ഞിരുന്ന എന്റെ ഹൃദയം ഭൂമിയിൽ നിശാഗന്ധിയായി കൺതുറന്ന ആ ദേവാംഗനയോടുള്ള പ്രേമത്താൽ നിഷ്പന്ദം നിന്നു...
ബാല്യത്തിലും കൗമാരത്തിലും ഞാൻ പാട്ടുകൾക്ക് വേണ്ടി ആശ്രയിച്ചിരുന്നത് റേഡിയോ ആയിരുന്നു. അന്നൊന്നും ഞങ്ങളുടെ നാട്ടിൽ വൈദ്യുതി എത്തിയിരുന്നില്ല. റേഡിയോ ഉപ്പാന്റെ സന്തതസഹചാരിയായിരുന്നു. ഒരിക്കൽ റേഡിയോക്ക് വേണ്ടി എന്റെ ഇക്കാക്കമാർ പിടിവലികൂടിയപ്പോൾ അതിന്റെ ഹാൻഡിൽ പൊട്ടിപ്പോയി. അന്ന് രണ്ടുപേരേയും ഉപ്പ തല്ലുന്നത് ഞാൻ കണ്ടിരുന്നു.
വാർത്തയുടെ സമയമല്ലാത്തപ്പോഴായിരുന്നു ഉപ്പ ഞങ്ങൾക്ക് റേഡിയോ തരാറുണ്ടായിരുന്നത്. ചലച്ചിത്രഗാനങ്ങൾ സംപ്രേക്ഷണം ചെയ്യുന്ന സമയങ്ങൾ അക്കാലത്ത് ഞങ്ങൾക്ക് മനഃപ്പാഠമായിരുന്നു. റേഡിയോയിൽ പാട്ടുകേൾക്കുമ്പോൾ അത് കേൾക്കുന്ന സന്തോഷത്തോടൊപ്പം തന്നെ അത് തീർന്നു തീർന്നു പോവുന്നതിന്റെ വേദനയും എന്നിലെപ്പോഴുമുണ്ടായിരുന്നു.
സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ അവർക്കിഷ്ടമുള്ള തെരെഞ്ഞെടുത്ത ഗാനങ്ങൾ ആകാശവാണിയിലൂടെ അവതരിപ്പിക്കാറുണ്ടായിരുന്നു
എന്നെ വല്ലാതെ വിഷാദം പൊതിഞ്ഞ, കൗമാരത്തിലെ ഒരു പകലിലായിരുന്നു ആ ഗാനം എന്റെ ഹൃദയം കീഴടക്കിയത്. അന്നൊക്കെ ഞായറാഴ്ചകളിലും ചില വിശേഷദിവസങ്ങളിലും സമൂഹത്തിലെ വിശിഷ്ട വ്യക്തികൾ അവർക്കിഷ്ടമുള്ള തെരെഞ്ഞെടുത്ത ഗാനങ്ങൾ ആകാശവാണിയിലൂടെ അവതരിപ്പിക്കാറുണ്ടായിരുന്നു. മിക്കവരും അവർക്കിഷ്ടമുള്ള പാട്ടുകൾ ചിത്രം, ഗായകൻ/ഗായിക, രചന, സംഗീതം എന്ന വിവരണത്തോടെ അവതരിപ്പിക്കാറാണുണ്ടായിരുന്നത്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി അന്ന് കവയത്രി വിജയലക്ഷ്‌മിയാണെന്ന് തോന്നുന്നു ഓരോ ഗാനത്തിന്റെയും കഥാപരിസരവും അർത്ഥവും കൂടി ചേർത്ത് അവരുടെ സ്വന്തം ഭാവനകളിലൂടെ കാൽപനികമായി അവതരിപ്പിച്ചത്.
"ഭൂമിയെ സ്നേഹിച്ച ദേവാംഗനയൊരു പൂവിന്റെ ജന്മം കൊതിച്ചു.." എന്ന ഗാനത്തിലെ ഭൂമിയിൽ പിറക്കാൻ കൊതിച്ച ആ ദേവകന്യക അവരാണെന്നമട്ടിൽ ഹൃദ്യമായി വിവരിച്ചു. അവരുടെ വാക്കുകളും ഗാനവും കേൾക്കേ ഞാനും അവരുടെ ഭാവനകൾക്ക് കൂട്ടുപോവുന്നതുപോലെ തോന്നി. അതുവരേക്കും വിഷാദത്താൽ ഇളകിമറിഞ്ഞിരുന്ന എന്റെ ഹൃദയം ഭൂമിയിൽ നിശാഗന്ധിയായി കൺതുറന്ന ആ ദേവാംഗനയോടുള്ള പ്രേമത്താൽ നിഷ്പന്ദം നിന്നു... നറുംപാലുപോലെ നിലാവിറ്റിറ്റു വീഴുന്ന മണ്ണിലൂടെ കരിനിഴൽ പാമ്പുപോലെ പടരുന്നതെന്നെ ഭീതിപ്പെടുത്തി... സ്നേഹിച്ചുതീരാത്ത ആത്മാവിന്റെ ദാഹവുമായി ഇരുളിൽ ഏകാകിയായി നിൽക്കേണ്ടിവന്ന അവളെയോർത്ത് ഞാനും ദുഃഖാർദ്രനായി!
എന്റെ ഹൃദയം ഭൂമിയിൽ നിശാഗന്ധിയായി കൺതുറന്ന ആ ദേവാംഗനയോടുള്ള പ്രേമത്താൽ നിഷ്പന്ദം നിന്നു
മാധുരിയുടെ സ്വരമാധുരിയേയും ഒ. എൻ. വി. -യുടെ മനോഹരമായ വരികളേയും മൃദുവായി കയ്യിലെടുത്ത് താലോലിക്കുക മാത്രമാണ് ദേവരാജൻ മാഷിന്റെ സംഗീതം ഈ ഗാനത്തിൽ ചെയ്തതെന്നെനിക്ക് തോന്നാറുണ്ട്. പ്രിയപ്പെട്ട പഴയ ഗാനങ്ങൾ കേൾക്കുമ്പോഴെല്ലാം എന്റെ മനസ്സ് ഞാൻ പോലുമറിയാതെ ഓർമയുടെ മഹാകയങ്ങളിലേക്ക് ഊളിയിട്ടുപോകും. എന്റെ നെഞ്ചിനകത്തൊരു ഭാരം വന്ന് നിറയും, ഒരുവേള ശ്വാസത്തിന് വേണ്ടി ഞാൻ പിടയും!