376 ഇന്ത്യക്കാരെയാണ് അന്നവര്‍ തുരത്തിയോടിച്ചത്!
1914 മേയ് മാസം പതിനേഴം തിയതി 'കോമഗാട മാരു' എന്ന ജാപ്പനീസ് കപ്പലിൽ ഇവിടെയെത്തിയ 376 ഇന്ത്യക്കാരുടെ കഥയും ഇവിടെ ഒരു ഫലകത്തിൽ കാണാം. പ്രധാനമായും സിക്കുകാർ ഉൾപ്പെട്ട ഈ സംഘം യാത്ര പുറപ്പെട്ടത് അന്നത്തെ ബ്രീട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ഹോങ്ക്കോങ്ങിൽ നിന്നാണ്. ചൈനയിലെ ഷാങ്ങ് ഹായ്, ജപ്പാനിലെ യോക്കഹോമ എന്നീ തുറമുഖങ്ങളിലൂടെ സഞ്ചരിച്ച് അവർ വാൻകൂവറിൽ എത്തി. പക്ഷേ, ജനിച്ച രാജ്യത്ത് നിന്നുമല്ല അവർ യാത്ര പുറപ്പെട്ടതെന്ന മുടന്തൻ ന്യായം പറഞ്ഞ് അവരെ കരയിലിറങ്ങാൻ അനുവദിച്ചില്ല. രണ്ടു മാസം അവർ ദയനീയമായ അവസ്ഥയിൽ കപ്പലിൽ കഴിഞ്ഞു.
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
രണ്ടാഴ്ച നീണ്ട് നിന്ന ഒരു കനേഡിയൻ റോഡ് യാത്രയുടെ അവസാനത്തെ സ്റ്റോപ്പായിരുന്നു വാൻകൂവർ. കാനഡയുടെ ഏറ്റവും പടിഞ്ഞാറുള്ള പ്രവിശ്യയായ ബ്രീട്ടീഷ് കൊളംബിയ പെസഫിക്ക് സമുദ്രത്തിനും റോക്കി മൗണ്ടനും ഇടയിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ തലസ്ഥാനം വിക്ടോറിയ ആണെങ്കിലും ഏറ്റവും വലിയ പട്ടണം വാൻ കൂവർ ആണ്. കുടുംബസുഹൃത്തായ അനസിനും കൂടുബത്തിനും ഒപ്പമായിരുന്നു താമസം. സ്ഥലം കാണുന്നതിന് ഞങ്ങൾക്കുള്ള താല്പര്യത്തേക്കാൾ അധികമായിരുന്നു ഞങ്ങളെ കൊണ്ട് നടന്ന് കാണിക്കാനായുള്ള ആതിഥേയന്റെ താല്പര്യം. അത് കൊണ്ട് മാത്രമാണ് കുറഞ്ഞ സമയത്തിനുള്ളിൽ ഈ പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം കാണാൻ സാധിച്ചത്.
ചൈന, ജപ്പാൻ, ആസ്ത്രേലിയ, കിഴക്കനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വാണിജ്യവും ടൂറിസവും വാൻകൂവർ വഴിയാണ് കാനഡയിലേയ്ക്ക് പ്രവേശിക്കുന്നത്. കാനഡയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ഇടമായ ഈ പട്ടണത്തിൽ ഏകദേശം 63 ലക്ഷം ആളുകൾ വസിക്കുന്നു. ചൈനാക്കാരും ഇന്ത്യക്കാരും ആണ് ജനസംഖ്യയുടെ നല്ലൊരു വിഭാഗം. 52 ശതമാനം ആളുകളുടെ മാതൃഭാഷ ഇവിടെ ഇംഗ്ലീഷല്ല എന്ന് പറഞ്ഞാൽ സ്ഥിതി കുറേക്കൂടി വ്യക്തമാകുമല്ലോ. ആദ്യമായി ഈ സ്ഥലത്തെപ്പറ്റി രേഖകളിൽ എഴുതിച്ചേർത്ത ദേശപര്യവേക്ഷകനായ ജോർജ് വാൻകുവറിന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
ഈ നാട്ടിലെ ആദിവാസികൾ ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ച് പോന്ന ഒരു വനപ്രദേശമായിരുന്നു ഇത്
വാൻകുവർ ഒരു പട്ടണമായി വളരാൻ തുടങ്ങിയത് 1867 -ന് ശേഷമാണ്. അക്കാലത്ത് ബോട്ടിൽ അവിടെയെത്തിയ ക്യാപ്റ്റൻ ജോൺ ഡൈട്ടൺ സംസാരപ്രിയനായ ഒരാളായിരുന്നു. മണിക്കൂറുകൾ തുടർച്ചയായി സംസാരിയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹത്തിന്റെ “കാറ്റുനിറച്ച” കഥകളാണ് കഥാകാരന് “ഗ്യാസി ജാക്ക്”എന്നും ഈ പ്രദേശത്തിന് “ഗാസ് ടൗൺ” എന്നും പേര് നല്‍കിയത്. അദ്ദേഹം ഇവിടെ തടി വെട്ടാനായി വന്നവരോട് തനിക്ക് ഇവിടെ ഒരു സലൂൺ നിർമ്മിയ്ക്കാൻ സഹായിക്കുന്ന എല്ലാവർക്കും ഒരു “ഡ്രിങ്ക് “വാഗ്ദാനം ചെയ്തു. അങ്ങനെ അവരുടെ എല്ലാവരുടെയും സഹായം കൊണ്ട് അദ്ദേഹത്തിന്റെ “ഗ്ലോബ് സലൂൺ” ഒറ്റ ദിവസം കൊണ്ട് പ്രവർത്തനക്ഷമമായി. തുടർന്ന് അതിനടുത്ത് തന്നെ ചില കെട്ടിടങ്ങളും താമസസ്ഥലങ്ങളും പതിയെ ഉയർന്ന് വന്നു. 1870 -ൽ ഇത് 600 ആളുകൾ പാർത്തിരുന്ന ഒരു ടൗൺഷിപ്പായി രജിസ്റ്റർ ചെയ്യപ്പെട്ടു. കാലക്രമേണ സമീപ പ്രദേശങ്ങൾ കൂടിച്ചേർന്ന് വാൻകൂവർ പട്ടണമായി മാറി. ഇതിന്റെ ഓർമ്മയ്ക്കായി ഗ്യാസിജാക്കിന്റെ ഒരു പ്രതിമ ഒരു ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ട്. ഈ പേരിൽ ഉള്ള ആവി കൊണ്ട് പ്രവർത്തിയ്ക്കുന്ന ക്ലോക്കും വളരെ ധാരാളം സന്ദർശകരെ ആകർഷിയ്ക്കുന്നു. ഓരോ പതിനഞ്ച് മിനിറ്റിലും മണി അടിയ്ക്കുന്നതിന് പകരമായി നല്ല ശബ്ദത്തോടെ ആവി പുറത്തേക്ക് ചീറ്റും! കനേഡിയൽ പെസിഫിക്ക് റെയിൽവേയുടെ നിർമ്മാണം പൂർത്തിയായതോടെ ആണ് ധാരാളം ആളുകൾ ഇവിടേക്ക് മാറിത്താമസിക്കാൻ ആരംഭിച്ചത്.
പ്രകൃതി തന്നെയാണ് ഈ നാടിന്റെ ഏറ്റവും സുന്ദരമായ കാഴ്ച. മറ്റെല്ലാം അതു കഴിഞ്ഞേ വരുന്നുള്ളൂ. നഗര ഹൃദയത്തിലെ പച്ചത്തുരുത്തായ സ്റ്റാൻലി പാർക്ക് ഏതൊരാളിനും പ്രകൃതിയുടെ മടിത്തട്ടിലേയ്ക്ക് ആഴ്ന്നിറങ്ങാൻ പാകത്തിൽ പലവിധ കാഴ്ചകളും സംവിധാനങ്ങളും നിറഞ്ഞതാണ്. മുക്കാൽ ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന 400 ഹെക്ടർ വിസ്താരമുള്ള ഈ പാർക്ക് പട്ടണത്തിന്റെ വടക്ക് പടിഞ്ഞാറേ അതിരിലാണ്. ഈ നാട്ടിലെ ആദിവാസികൾ ആയിരക്കണക്കിന് കൊല്ലങ്ങളായി ജീവിച്ച് പോന്ന ഒരു വനപ്രദേശമായിരുന്നു ഇത്. 1886-ൽ അന്നത്തെ ഗവർണർ ജനറലായിരുന്ന ലോർഡ് സ്റ്റാൻലിയാണ് അദ്ദേഹത്തിന്റെ തന്നെ പേരിൽ ഈ പ്രദേശത്തെ ഒരു പാർക്ക് ആയി മാറ്റിയത്. ഈ വന പ്രദേശത്തെ അതിന്റെ തനതായ സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ പലതരം സൗകര്യങ്ങൾ ഏർപ്പെടുത്തി വികസിപ്പിയ്ക്കുകയായിരുന്നു. പോളാർ ബെയർ എക്സിബിറ്റ്, അക്വേറിയം, പാർക്കിന് ചുറ്റുമുള്ള കടൽഭിത്തിയും നടക്കാനുള്ള വഴികൾ എന്നിവ അവയിൽ ചിലതു മാത്രം. അര മില്യൻ മരങ്ങൾ ഇവിടെയുണ്ട്. അവയിൽ അധികവും 250 അടി ഉയരമുള്ളതും 100 കൊല്ലത്തിൽ കൂടുതൽ പഴക്കമുള്ളതും ആണ്.
നശിച്ചു പോകുന്നവയ്ക്ക് പകരമായി പുതിയത് നട്ടു വളർത്താനുള്ള പദ്ധതികളുണ്ട്. ഡഗ്ലസ് ഫിർ, റെഡ് സെഡാർ, ഹെംലോക്, സ്പ്രൂസ് എന്നിങ്ങനെയാണ് വളരെ ഉയരത്തിൽ വളരുന്ന ഈ മരങ്ങളുടെ പേരുകൾ. 200 തരം പക്ഷികളുടെ ആവാസ കേന്ദ്രമാണിവിടം. വലിയ മൃഗങ്ങൾ ഒന്നും തന്നെയില്ല. പാർക്ക് മുഴുവൻ നടന്ന് കാണുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് ചെറിയ ട്രെയിനുകളും കുതിര വണ്ടികളും ഉപയോഗപ്പെടുത്താം. ഒരു ഭാഗത്ത് ടോട്ടെം പോളുകളുടെ ഒരു കൂട്ടം കാണാം. വടക്കൻ അമേരിക്കയിലെ ആദിവാസികൾ മരത്തിൽ കൊത്തിയെടുത്ത്, നിറം പൂശി ഉണ്ടാക്കിയെടുക്കുന്ന ഒരു കലാസൃഷ്ടി ആണ് ഇത്. പൂർവികരുടെ ഓർമ്മ, സാംസ്കാരിക വിശ്വാസങ്ങൾ, പ്രധാന സംഭവങ്ങൾ എന്നിവയാണ് ഈ സൃഷ്ടിക്ക് ആധാരം. പലപ്പോഴും ഒരു ഗ്രാമത്തിന്റെയോ ശവപ്പറമ്പിന്റെയോ അടയാളമായും ഇത് സ്ഥാപിക്കാറുണ്ട്.
ഡോക്ടർ സൺ യാറ്റ് സെന്നിന്റെ പേരിലുള്ള( 1886-1925) ചൈനീസ് ഗാർഡൻ വളരെ സുന്ദരമായ ഒരു കാഴ്ചയാണ്. ആധുനികചൈനയുടെ പിതാവെന്ന് അറിയപ്പെടുന്ന ഇദ്ദേഹം 1912 -ൽ അവിടുത്തെ രാജ ഭരണം അവസാനിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഇതിനകത്തെ കോയി മത്സ്യങ്ങൾ നീന്തിക്കളിക്കുന്ന താമരക്കുളങ്ങളും, ചൈനീസ് ശൈലിയിൽ പണി കഴിപ്പിക്കപ്പെട്ട പന്തലുകളും മുളങ്കാടുകളും ധാരാളം പേരെ ആകർഷിയ്ക്കുന്നു. ഗിഫ്റ്റ് ഷോപ്പിൽ ചൈനാക്കാരുടെ കരകൗശല വസ്തുക്കളുടെ ഒരു നല്ല ശേഖരം ഉണ്ട്.
ഇനുക്ഷക്ക് (Inukshuk) എന്ന് പേരുള്ള ഒരു ശില്പം ബീച്ചിൽ ഒരു ഭാഗത്ത് കാണാം ഇത് ഇനു (Inuit) എന്ന ആദിമ ഗോത്രക്കാർ സൗഹൃദത്തിനെയും ആതിഥ്യമര്യദയെയും പ്രതീകവൽക്കരിച്ചു കൊണ്ട് എക്സ് പോ 86 ഇവിടെ നടന്നപ്പോൾ നിർമ്മിച്ചു നൽകിയതാണ്. അമേസിങ്ങ് ലാഫ്റ്റർ (A-Mazing Laughter)എന്ന പേരിലുള്ള ഒരു കലാശില്പം ഇവിടെ ഇംഗ്ലീഷ് ബേ കടൽത്തീരത്തിന് അടുത്തായി കാണാം. യൂമിൻ ജുൻ എന്ന ചൈനീസ് കലാകാരൻ സ്വന്തം മുഖം മാതൃകയായി ഉപയോഗിച്ച്, കണ്ണടച്ചു കൊണ്ട് പൊട്ടിച്ചിരിക്കുന്ന കുറേ മനുഷ്യരുടെ ഒരു കൂട്ടം സൃഷ്ടിച്ചിരിയ്ക്കുകയാണിവിടെ. യഥാർത്ഥ്യത്തിന് നേരെ കണ്ണടച്ചു കൊണ്ട് പുറം കാഴ്ചകളിൽ അഭിരമിച്ച് നടയ്ക്കുന്ന മനഷ്യരെ കണ്ട് ചിരിയ്ക്കുകയാണ് അവർ.
കണ്ണടച്ചു കൊണ്ട് പൊട്ടിച്ചിരിക്കുന്ന കുറേ മനുഷ്യരുടെ ഒരു കൂട്ടം സൃഷ്ടിച്ചിരിയ്ക്കുകയാണിവിടെ
കാപ്പിലാനോ തൂക്കുപാലവും ലിൻ കന്യൻ തൂക്കുപാലവും ആണ് മറ്റ് രണ്ട് പ്രധാന കാഴ്ചകൾ. ഇതിൽ ആദ്യത്തേത് കാപ്പിലാനോ നദിയ്ക്ക് മുകളിലൂടെ 140 മീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്നു. ഇവിടെ പ്രവേശന ഫീസ് ഉണ്ട്. ലിൻ കനിയൻ പാലം വടക്കൻ വാൻകൂവറിലാണ് ഒരു വ്യക്തി സ്വന്തം ഉപയോഗത്തിനായി ഒരു മലയിടുക്കിന് മുകളിലൂടെ നിർമ്മിച്ച ഈ പാലം, 1912 -ലാണ് പൊതു ഉപയോഗത്തിനായി തുറന്ന് കൊടുക്കുന്നത്. പാലത്തിൽ നിന്ന് താഴേക്ക് ഉള്ള കാഴ്ച വളരെ മനോഹരമാണ്.
പട്ടണമദ്ധ്യത്തിലെ വാട്ടർ ഫ്രണ്ട് എന്നറിയപെട്ടുന്ന ഭാഗത്തെ ഏറ്റവും പ്രധാന ആകർഷണം കാനഡ പ്ലെയിസ് എന്നറിയപ്പെടുന്ന കുറ്റൻ കോംപ്ലക്സ് ആണ്. ഇവിടെ നിന്നാണ് പ്രസിദ്ധമായ അലാസ്ക ക്രൂയിസുകൾ ആരംഭിക്കുന്നത്. ഞങ്ങൾ ചെന്ന സമയം അവിടെ ഒരു കൂറ്റൻ ഉല്ലാസനൗക തുറമുഖത്ത് നങ്കൂരമിട്ട് കിടക്കുന്നുണ്ടായിരുന്നു. ഇതിനുള്ളിൽ വാൻകൂവർ കൺവെൻഷൻ സെന്റർ, ഹോട്ടലുകൾ വാൻ കൂവർ വേൾഡ് ട്രെയ്ഡ്സെന്റർ, “ഫ്ലൈ ഓവർ കാനഡ” എന്ന പ്രസിദ്ധമയായ ഷോ നടക്കുന്ന ഇടം എന്നിവ ഉണ്ട് . “ഫ്ലൈ ഓവർ കാനഡ”എന്നത് ഒരു 4D ഷോ ആണ്. 29 കനേഡിയൻ ഡോളർ കൊടുത്ത് ടിക്കറ്റ് വാങ്ങാം.4 നില കെട്ടിടത്തിന്റെ പൊക്കവും 20 മീറ്റർ വിസ്താരവും ഉള്ള ഒരു സ്ക്രീൻ ആണ് ഇതിന് വേണ്ടി ഒരുക്കിയിരിക്കുന്നത്.
ആകാശത്തുകൂടി കാനഡയുടെ കിഴക്കുനിന്ന് പടിഞ്ഞാറ് വരെ പറന്ന് പോകുന്ന ഒരു അനുഭവം കൃത്രിമമായി ഉണ്ടാക്കിയിരിക്കുകയാണ് ഇവിടെ. ഇതിനിടെ വെള്ളം ചീറ്റുന്ന തിമിംഗലങ്ങൾ, ഐസ് ബർഗുകൾ, നോർത്തേൺ ലൈറ്റ്സ് (പല നിറങ്ങളിൽ ഇളകിക്കൊണ്ടിരിക്കുന്ന ഉത്തരധ്രുവത്തിനടുത്ത് കാണുന്ന പ്രകാശധാര), നയാഗ്ര വെള്ളച്ചാട്ടം, കണ്ണെത്താ ദൂരത്ത് പരന്നു കിടക്കുന്ന സൂചിയിലക്കാടുകൾ, പഞ്ചമഹാതടാകങ്ങളായ മിഷിഗൺ, ഇറി, ഹൂറോൺ, ഒന്റേറിയോ, സുപ്പിരിയർ എന്നിവയുടെ മുകളിലൂടെ പറക്കാം. കനേഡിയൻ പ്രയറികളിലെ ഗോതമ്പുപാടങ്ങളുടെയും റോക്കീസിന്റെയും വിഹഗ വീക്ഷണം ലഭിയ്ക്കും. ഇതിനിടയിൽ ഇവിടങ്ങളിലെ കാററും മഴത്തുള്ളികളും മണങ്ങളും ഒക്കെ നമ്മളുടെ പഞ്ചേന്ദ്രിയങ്ങളെ ഒരു അപൂർവ അനുഭൂതിയുടെ ലോകത്തിൽ എത്തിക്കും. 25 മിനിറ്റാണ് ഈ ഷോയുടെ ദൈർഘ്യം. പക്ഷേ, അഞ്ചോ പത്തോ മിനിറ്റ് കൊണ്ട് യാത്ര അവസാനിച്ച പോലെ കാഴ്ചക്കാരന് തോന്നും. ഇവിടം സന്ദർശിയ്ക്കുന്നവർ ഒരിക്കലും ഇത് കാണാതിരിയ്ക്കരുത്.
2010 -ലെ ശീതകാല ഒളിമ്പിക്സ് വാന്‍കൂവറിൽ വച്ചാണ് നടന്നത് ഇതിനോടനുബന്ധിച്ച് നിർമ്മിച്ച ഒളിമ്പിക് കോൾഡ്രൺ(cauldron) കോൾ ഹാർബറിന്റെ ഒരു ഭാഗത്ത് കാണാം. ഉദ്ഘാടനത്തിനും സമാപനത്തിനും കൂടാതെ ടീം കാനഡ സ്വർണ മെഡൽ നേടുന്ന ദിവസങ്ങളിൽ വൈകുന്നേരം 6-8 മണി വരെ ഇതിൽ ദീപം തെളിയിച്ചിരുന്നു. കൂടാതെ ചില പ്രത്യേക വിശേഷദിനങ്ങളിൽ ഇന്നും ഇതിൽ ദീപം തെളിയാറുണ്ട്. പെസഫിക് സമുദ്രത്തിന്റെ കുറേ ഭാഗം പട്ടണത്തിനകത്തേക്ക് കയറിക്കിടക്കുന്നത് 'ബറാർഡ് ഇൻ ലെറ്റ്' എന്ന അറിയപ്പെടുന്നു. ഇവിടം കടൽ തിരകളൊന്നുമില്ലാതെ ശാന്തമാണ്. ഇത് സമുദ്രയാനങ്ങൾക്ക് നങ്കൂരമിടാനും ചരക്ക് ഗതാഗതത്തിനും വളരെ അനുയോജ്യമാണ്.
ചില പ്രത്യേക വിശേഷദിനങ്ങളിൽ ഇന്നും ഇതിൽ ദീപം തെളിയാറുണ്ട്
ഹാർബറിൽ നിന്നുള്ള കാഴ്ച വളരെ സുന്ദരമാണ്. വെള്ളി മേഘങ്ങൾ ശിരസ്സിൽ വാരിയണഞ്ഞ നീലമലകളെ ദൂരെ കാണാം. ഇതിനടുത്താണ് സീപ്ലേയിൻ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതുമായ ഇടം. ഇടയ്ക്കിടെ പലതും വരുന്നതും പോകുന്നതും കണ്ടു. കുറേ എണ്ണം വെള്ളത്തിൽ പാർക്ക് ചെയ്തു കിടപ്പാണ്. പ്രധാനമായും ടൂറിസ്റ്റുകൾക്ക് വേണ്ടിയുള്ളതാണിത്. അമേരിക്കയിലെ സിയാറ്റൽ ഉൾപ്പടെ ഉള്ള സ്ഥലങ്ങളിലേക്ക് സർവീസ് ഉണ്ട്. ആദ്യകാലത്ത് ഇവിടെ വന്ന്, സ്ഥിരോത്സാഹവും കഠിന പരിശ്രമവും കൊണ്ട് ചരിത്രത്തിൽ തങ്ങളുടേതായ മുദ്ര പതിപ്പിച്ച കുറേ മനുഷ്യരുടെ കഥകൾ ഇവിടെ കുറേ ഫലകങ്ങളിൽ എഴുതി വച്ചിട്ടുണ്ട്.
അവരിൽ ഒരാളായ ഫ്രാങ്ക് സ്വാന്നെൽ (Frank Swannell) ഒണ്ടേറിയോവിൽ നിന്ന് 1890 -ൽ ഇവിടെയെത്തിയത്, അക്കാലത്തെ ഗോൾഡ് റഷി (സ്വർണ്ണവേട്ട)ന്റെ ഒഴുക്കിൽപ്പെട്ടാണ്. പക്ഷേ, ബ്രിട്ടീഷ് കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാമം ആയി മാറാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം. സ്പെയിനിന്റെ രണ്ടിരട്ടി വലിപ്പമുള്ള ഈ പ്രവിശ്യയുടെ പ്രധാന സർവേയർ ആയി 30 കൊല്ലം ജോലി ചെയ്തു. വളരെ കുറച്ച് ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് ഈ നാടിനെ 640 ഏക്കറുകൾ ഉള്ള യൂണിറ്റുകളായി അളന്ന്, അവിടെയുള്ള ഭൂമിയുടെ സ്വഭാവം, മണ്ണിന്റെ ഗുണം, ഏത് തരത്തിൽ ഈ ഭൂമി ഉപയോഗപ്പെടുത്താം എന്നതിനെ പറ്റി ഒരു വിശദമായ റിപ്പോർട്ടുണ്ടാക്കി. ഇതു പിന്നിട് ഈ നാടിന്റെ വികസനത്തിന് വളരെ പ്രയോജനപ്രദമായി. ആദിവാസികളുടെയും സ്ഥലം പരിചയമുള്ള മരം വെട്ടുകാരുടെയും സഹായത്തോടെ ചെയ്ത ഈ ജോലിയ്ക്കിടെ അദ്ദേഹം വനത്തിലൂടെയും ചതുപ്പിലൂടെയും തടാകങ്ങളിലൂടെയും ഒക്കെ സഞ്ചരിച്ചു. അദ്ദേഹം അന്ന് ഉണ്ടാക്കിയ റിപ്പോർട്ടും എടുത്ത ഫോട്ടോകളും ആർക്കൈവ്സിൽ കാണാം.
1914 മേയ് മാസം പതിനേഴം തിയതി 'കോമഗാട മാരു' എന്ന ജാപ്പനീസ് കപ്പലിൽ ഇവിടെയെത്തിയ 376 ഇന്ത്യക്കാരുടെ കഥയും ഇവിടെ ഒരു ഫലകത്തിൽ കാണാം. പ്രധാനമായും സിക്കുകാർ ഉൾപ്പെട്ട ഈ സംഘം യാത്ര പുറപ്പെട്ടത് അന്നത്തെ ബ്രീട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായ ഹോങ്ക്കോങ്ങിൽ നിന്നാണ്. ചൈനയിലെ ഷാങ്ങ് ഹായ്, ജപ്പാനിലെ യോക്കഹോമ എന്നീ തുറമുഖങ്ങളിലൂടെ സഞ്ചരിച്ച് അവർ വാൻകൂവറിൽ എത്തി. പക്ഷേ, ജനിച്ച രാജ്യത്ത് നിന്നുമല്ല അവർ യാത്ര പുറപ്പെട്ടതെന്ന മുടന്തൻ ന്യായം പറഞ്ഞ് അവരെ കരയിലിറങ്ങാൻ അനുവദിച്ചില്ല. രണ്ടു മാസം അവർ ദയനീയമായ അവസ്ഥയിൽ കപ്പലിൽ കഴിഞ്ഞു. അന്ന് അവിടുത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾ അവരെ കരയിലിറക്കുന്നതിനെതിരായി പ്രകടനങ്ങൾ നയിച്ചു. അവസാനം, പട്ടാളം അവരെ തുരത്തിയോടിയ്ക്കയായിരുന്നു. മടങ്ങി ഇന്ത്യയിൽ എത്തിയ ഇവരിൽ 19 പേരെ ബ്രിട്ടിഷുകാർ വെടിവെച്ചു കൊന്നു. ബാക്കിയുള്ളവരെ ജയിലിൽ ആക്കി. ഈ സംഭവം കാനഡയുടെ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായി കരുതപ്പെടുന്നു. ഇത്തരം സംഭവങ്ങൾ പിന്നീട് ആവർത്തിക്കപ്പെടാതിരിയ്ക്കാനുള്ള നിയമനിർമ്മാണം നടത്തുകയും അടുത്ത കാലത്ത് പ്രധാനമന്ത്രിയിയായ ജസ്റ്റിൻ ടുഡോ ഇതിന്റെ പേരിൽ മാപ്പ് പറയുകയും ചെയ്തു.
റോസി (Rosie the Rivetter )എന്ന പേര് വടക്കൻ അമേരിക്കയിലെ സ്ത്രീശാക്തികരണത്തിന്റെ തിളങ്ങുന്ന പ്രതീകമായത് ഇങ്ങനെ. രണ്ടാം ലോക മഹായുദ്ധത്തിന് മുൻപ് വാൻകൂവർ തുറമുഖത്തിന്റെ പല ഭാഗങ്ങളിലായി കപ്പൽ നിർമ്മാണത്തിനും കേടുപാടു തീർക്കുന്നതിനുമായി ധാരാളം പണിശാലകൾ ഉണ്ടായിരുന്നു. ഇവിടെ 24 മണിക്കൂറും മൂന്ന് ഷിഫ്റ്റായി ധാരാളം പുരുഷന്മാർ ജോലി ചെയ്തിരുന്നു. ഒരു യുദ്ധക്കപ്പലിന് 383000 വിളക്കാണികൾ(Rivets) ആവശ്യമുണ്ട്. ഇതിനായി ജോലി ചെയ്തിരുന്ന ധാരാളം പേർ രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടാള സേവനത്തിനായി പോയി. ഇത് മൂലമാണ് സ്ത്രീകൾ ഈ ജോലിയ്ക്കായി തിരഞ്ഞെടുക്കപ്പെട്ടത്. ഇത് ഒരു തുടക്കം മാത്രമായിരുന്നു. ഇന്ന് കാണുന്നത് പോലെ ഫാക്ടറികളിലും യുദ്ധത്തിനാവശ്യമായ പടക്കോപ്പുകളും മറ്റും നിർമ്മിക്കുന്ന ഇടങ്ങളിലും സ്ത്രികൾ ജോലി ചെയ്യാൻ തുടങ്ങിയത് ഇതിന് ശേഷമാണ്. ഫാക്ടറി തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച അക്കാലത്താണ് ഓരോരുത്തരെയും പേരിന് പകരം നമ്പർ കൊണ്ട് അടയാളപ്പെടുത്തുന്ന രീതി ആരംഭിച്ചത്. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് ജോലിക്കാരുടെ ഐഡന്റിറ്റി കാർഡുകൾ. പുരുഷന്മാർ കുത്തകയായി കരുതിയിരുന്ന പല ജോലികളിലും കഴിവ് തെളിയിച്ചു കൊണ്ട് സ്ത്രീകൾ ആത്മവിശ്വാസത്തോടെ സാമ്പത്തിക സ്വാതന്ത്യത്തിന്റെയും സ്ത്രീ പുരുഷ സമത്വത്തിലേയ്ക്കുള്ള പ്രയാണത്തിന്റെയും പുതുലോകത്തേയ്ക്ക് പ്രവേശിച്ചത് ഇതോടെയാണ്. ക്രമേണ ലോകം മുഴുവൻ ഈ പാതയിൽ സഞ്ചരിക്കാൻ തുടങ്ങി!
ജിഞ്ചർ ഗോഡ്വിൻ ( Ginger Godwin) കാനഡയിലെ തൊഴിലാളി യൂണിയനുകളുടെ പിതാവായാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിൽ ജനിച്ച ഇദ്ദേഹം കൽക്കരി ഖനി തൊഴിലാളിയായിരുന്നു. 1910 -ൽ വാൻകൂവറിൽ എത്തി. അവിടുത്തെ തൊഴിലാളികളുടെ തൊഴിലിടങ്ങളിലെ ശോചനീയാവസ്ഥയും മുതലാളിമാരുടെ ഇതിനെപ്പറ്റിയുമുള്ള പരിപൂർണമായ അവഗണനയും കണ്ട് മനസ്സ് നൊന്ത ഇദ്ദേഹം ഇവരുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിച്ചു. ആദ്യമായി തൊഴിലാളി യൂണിയനുകൾക്ക് രൂപം കൊടുത്ത് എട്ടു മണിക്കൂർ ജോലിയ്ക്കായി പൊരുതേണ്ട ആവശ്യകത അവരെ ബോദ്ധ്യപ്പെടുത്തി. അധികം താമസിയാതെ സംശയകരമായ സാഹചര്യത്തിൽ ജിഞ്ചർ കൊല്ലപ്പെട്ടു. ഒളിവിൽ താമസിയ്കുമ്പോൾ അദ്ദേഹം തൊണ്ടയിൽ വെടിയേറ്റ് മരിക്കുകയായിരുന്നു. ആഗസ്റ്റ് 2, 1918 -ന് അദ്ദേഹത്തിന്റെ ശവസംസ്കാര ദിവസം കാനഡ മുഴുവൻ ആദ്യമായി ഒരു പൊതുപണിമുടക്ക് നടന്നു. ഈ നാട്ടിലെ തൊഴിലാളി അവകാശ സമരങ്ങൾക്കുള്ള പന്തം കൊളുത്തുന്നതിനുള്ള തീപ്പൊരി കടഞ്ഞെടുത്തത് ഇദ്ദേഹമായിരുന്നു.
പലപ്പോഴും അവർ വെറും കൈ കൊണ്ടാണ് പല ജോലികളും ചെയ്തത്
ഇവിടുത്തെ ജനസംഖ്യയിൽ നല്ലൊരു ശതമാനം ചൈനീസ് വംശജരാണ്. കനേഡിയൻ പെസഫിക്ക് റെയിൽവെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇവരുടെ പൂർവപിതാക്കന്മാർ ഇവിടെയെത്തിയത്. 1867 -ൽ ഡോമിനിയൻ ഒഫ് കാനഡ ഉണ്ടാകുമ്പോൾ നോവസ്കോഷിയ, ന്യൂ ബ്രോൺസ് വിക്ക്, ഒണ്ടേരിയോ, ക്യുബെക് എന്നീ നാല് പ്രവിശ്യകൾ മാത്രമേ അതിൽ ഉൾപ്പെട്ടിരുന്നുള്ളു. കാനഡയിൽ ലയിയ്ക്കുകയാണെങ്കിൽ പത്തു വർഷത്തിനകം കാനഡയുടെ കിഴക്കു നിന്ന് പടിഞ്ഞാറ് വരെ എത്തുന്ന ഒരു റെയിൽ പാത പത്ത് കൊല്ലത്തിനകം നിർമ്മിച്ചു നൽകാമെന്ന് അന്നത്തെ പ്രധാന മന്ത്രിയായിരുന്നു ജോൺ മക്ഡൊണാൾഡ് ബ്രിട്ടീഷ് കൊളമ്പിയയ്ക്ക് വാഗ്ദാനം നൽകി. എന്നാൽ വളരെ കഠിനമായ തണുപ്പും കരിമ്പാറമലകളും സാഗരസമാനമായ തടകങ്ങളും ഒക്കെ കലർന്ന സ്ഥലങ്ങളിലൂടെയുള്ള റെയിൽവേ നിർമ്മാണം ഉദ്ദേശിച്ച പോലെ പുരോഗമിച്ചില്ല. അങ്ങനെയാണ് പലതരം എതിർപ്പുകളെയും ആവഗണിച്ചു കൊണ്ട് 1882 - ൽ ഇതിനായി ചൈനീസ് ജോലിക്കാരെ കൊണ്ട് വരാമെന്ന് തീരുമാനിച്ചത്.
15000 പണിക്കാരെ ഇത്തരത്തിൽ ചൈനയിൽ നിന്നും കാലിഫോർണിയയിൽ നിന്നും കൊണ്ട് വന്നു. ചൂടുള്ള കാലാവസ്ഥയിൽ നിന്ന് വന്ന ഇവർക്ക് ബൂട്ട്, കമ്പിളിവസ്ത്രങ്ങൾ, ഗ്ലൗസ്, തൊപ്പി ഇങ്ങനെ തണുപ്പിനാവശ്യമായ ഒന്നും തന്നെ മുതലാളിമാർ നൽകിയില്ല. ഭക്ഷണവും വളരെ കുറവായിരുന്നു. വെള്ളക്കാരന് ദിവസക്കൂലി 150 സെന്റ് നൽകുമ്പോൾ അതേ ജോലി ചെയ്യുന്ന ചൈനാക്കാരന് 75 സെന്റ് ആണ് നൽകിയത്. 12 മണിക്കൂർ ദിവസവും അഴ്ചയിൽ 6 ദിവസം അവർക്ക് ജോലി ചെയ്യേണ്ടി വന്നു. പലരും ക്ഷയരോഗബാധിതതായി. പലപ്പോഴും അവർ വെറും കൈ കൊണ്ടാണ് പല ജോലികളും ചെയ്തത്. ഏറ്റവും കഠിനമായ ജോലികളെല്ലാം അവർക്ക് നൽകപ്പെട്ടു. ധാരാളം പേർ രോഗികളായി.. ഏകദേശം അയ്യായിരത്തോളം പേർ ഇവിടെ മരിച്ചിട്ടുണ്ട് എന്ന് കരുതുന്നു. ഓരോ മൈൽ നീളത്തിലുള്ള റെയിവേട്രാക്കിന് വേണ്ടി ഒരു ചൈനീസ് വംശജൻ മരിച്ചിട്ടുണ്ട് എന്ന് കണക്കുകൾ പറയുന്നു! പക്ഷേ, ഉദ്ദേശിച്ചതിലും നാല് കൊല്ലം മുൻപ് പണി പൂർത്തിയായി. പക്ഷേ പണിക്കാർക്ക് മടങ്ങിപ്പോകാൻ അവരുടെ കയ്യിൽ പണം ഉണ്ടായില്ല. 30000 പേർ ചേർത്ത് ആറര വർഷം കൊണ്ടാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
ഈ മനുഷ്യരുടെ മഹത്തായ സംഭാവന കാനഡ കാലക്രമേണ തിരിച്ചറിഞ്ഞു
പല ജോലികൾ ചെയ്തു ഇവിടെ തങ്ങിയ ഈ ജോലിക്കാർക്ക് Head tax കൊടുക്കേണ്ടി വന്നു. കാനഡയിൽ നിന്ന ഓരോ ചൈനാക്കാരനിൽ നിന്നും അയാളുടെ 2-3 കൊല്ലത്തെ ശമ്പളം ഹെഡ് ടാക്സ് ആയി പിരിച്ചെടുത്തു. കൂടാതെ ഭാര്യമാരെ കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നത് കൊണ്ട് പലരും ഇരുപത് കൊല്ലം വരെ കുടുംബത്തെ കാണാതെ ഇവിടെ ജീവിച്ചു. 1947 വരെ ഇവർക്ക് വോട്ടവകാശം ഉണ്ടായില്ല. വെള്ളക്കാരന് മാത്രമേ അക്കാലത്ത് വോട്ട് ചെയ്യാൻ അവകാശം ഉണ്ടായുള്ളൂ. ഇവരെ പ്രത്യേക ചേരി പ്രദേശങ്ങളിൽ മാത്രമേ താമസിക്കാൻ അനുവദിച്ചിരുന്നുള്ളൂ. സ്വന്തമായി കൃഷി സ്ഥലം കൈവശം വയ്ക്കാൻ അവകാശുണ്ടായില്ല. ഇവരുടെ കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിയ്ക്കുന്നത് മറ്റുകുട്ടികളുടെ രക്ഷാകർത്താക്കൾ ശക്തിയായി എതിർത്തു. വോട്ടവകാശം ഇല്ലാത്തവർക്ക് ഡോക്ടർ, എഞ്ചിനീയർ, വക്കീൽ എന്നിവയാകാൻ പറ്റുമായിരുന്നില്ല.. സ്വന്തമായി ശവമടക്കാനുള്ള സ്ഥലം പോലുമുണ്ടായിരുന്നില്ല. നല്ലവരായ പല വെള്ളക്കാർ ദാനം ചെയ്ത ഭൂമിയിലാണ് പലരും ശവം മറവു ചെയ്തിരുന്നത്. ഇത്തരത്തിലൊന്ന് ഇന്നും വാൻകൂവറിനടുത്ത് കാംലൂപ്സ് ( kamloops ) എന്ന പട്ടണത്തിൽ നിലവിൽ ഉണ്ട്.
42000 ചൈനീസ് വംശജർ രണ്ടാം ലോക മഹായുദ്ധത്തിൽ കാനഡയ്ക്ക് വേണ്ടി പൊരുതി. വളരെ കുറച്ച് പേർ മാത്രമേ ജീവനോടെ മടങ്ങിവന്നുള്ളൂ ചെറിയ ഡോമിനിയൻ ആയിരുന്ന കാനഡ, പടിഞ്ഞാറെ അറ്റത്ത് ബ്രീട്ടീഷ് കൊളംബിയ വരെയുള്ള പ്രവിശ്യകൾ ചേർത്ത്,ലോകത്തിലെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ രാജ്യമായി മാറിയത് കനേഡിയൻ പെസഫിക്ക് റെയിൽപാത നിർമ്മാണത്തിന് ശേഷമാണ്. അതിൽ ഈ മനുഷ്യരുടെ മഹത്തായ സംഭാവന കാനഡ കാലക്രമേണ തിരിച്ചറിഞ്ഞു. പതുക്കെ പതുക്കെ കാര്യങ്ങൾ മാറാൻ തുടങ്ങി.1947 -ൽ ഇവർക്ക് വോട്ടവകാശം നൽകുകയും, വിവേചനം നിയമം മൂലം നിരോധിയ്ക്കുകയും ചെയ്തു. അങ്ങനെ 75 വർഷത്തെ ഈ മനഷ്യരുടെ ദുരിതങ്ങൾക്ക് അവസാനമായി. ഇന്ന് ഈ രാജ്യത്തെ വളരെ ഉന്നതമായ സ്ഥാനങ്ങളിൽ ധാരാളം ചൈനീസ് വംശജരെ കാണം!