ചാറ്റ്ജിപിറ്റി; സെര്‍ച്ച് എന്‍ജിനുകള്‍ നമ്മുടെ ഭാഷ സംസാരിക്കുമ്പോള്‍ സംഭവിക്കുന്നത്

ഇപ്പോഴത്തെ സെന്‍സേഷന്‍ ചാറ്റ്ജിപിറ്റിയാണ്. എന്താണിത് ?  

What is ChatGPT the AI software by S biju

വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഒരു അസൈമെന്റിനുള്ള വിവരം ശേഖരിക്കാന്‍ നമ്മുക്ക് ഇന്റര്‍നെറ്റിനെ ആശ്രയിക്കാം. എന്നാല്‍ അസൈന്‍മെന്റ് മുഴുവന്‍ തയ്യാറാക്കുന്നത് യന്ത്രമാണെങ്കില്‍ എങ്ങനെയാകും? എല്ലാ കൃത്രിമ ബുദ്ധി പ്രയോഗങ്ങളെയും പോലെ ഇതും പല തൊഴിലുകളെയും ഇല്ലാതാക്കാം. ചാറ്റ്ജിപിറ്റി സൃഷ്ടികള്‍ തയ്യാറാക്കുന്നത് മറ്റുള്ളവര്‍ ഇന്റര്‍നെറ്റില്‍ പകര്‍ന്നു നല്‍കിയിട്ടുള്ള വിവരം ഉപയോഗപ്പെടുത്തിയാണ്. ഇതില്‍ നിന്ന് ചാറ്റ്ജിപിറ്റി ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നത്തിന് അതിന് അസംസ്‌കൃത വസ്തു നല്‍കിയവര്‍ക്കും വിഹിതം  കിട്ടേണ്ടതല്ലേ?. നമ്മുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ എടുക്കുമ്പോള്‍ സ്വകാര്യത ലംഘനപ്രശ്‌നവും ഉയര്‍ന്നു വരുന്നുണ്ട്. ഇത് കേവലം പകര്‍പ്പവകാശ ലംഘന പ്രശ്‌നമല്ല മറിച്ച് നമ്മളില്‍ നിന്ന്  ചോരുന്ന വിവരങ്ങള്‍ നമ്മളെ അപകടപ്പെടുത്താം.

 

What is ChatGPT the AI software by S biju

 

പുത്തന്‍ സാങ്കേതിക വിദ്യകളുടെ കാലമാണ്. പുതിയ പുതിയ സാങ്കേതികവിദ്യകള്‍ വന്നുമറയുന്ന കാലം. തരംഗമാകുന്ന പലതിനും അല്‍പ്പയുസ്സാകും. ചിലവ ഹിറ്റാകും. ഇപ്പോഴത്തെ സെന്‍സേഷന്‍ ചാറ്റ്ജിപിറ്റിയാണ്. എന്താണിത് ?  

കോവിഡാനന്തരം  നമ്മളൊക്കെ കൂടിക്കാഴ്ചകള്‍ പലതും ഓണ്‍ലൈനിലാക്കി. നേരിട്ടുള്ള വിവര ശേഖരണത്തിന് പകരം പലതിനും നാം ഇന്റര്‍നെറ്റിനെയാണ് ആശ്രയിക്കുന്നത്. മാധ്യമ പ്രവര്‍ത്തകരും  വിദ്യാര്‍ത്ഥികളും എല്ലാം ഗൂഗില്‍ സെര്‍ച്ച്  ചെയ്ത് വിവരം ശേഖരിക്കുക എന്നത് നാട്ടുനടപ്പായി സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ മുഴുവനും ഗൂഗിളില്‍ നിന്ന്  കിട്ടിയത്  പകര്‍ത്തി വച്ചാല്‍ പ്‌ളാഗരിസം സോഫ്റ്റ്‌വെയര്‍ അഥവാ ലേഖന മോഷണം കണ്ടുപിടിക്കുന്ന സമ്പ്രദായത്തില്‍ കുടുങ്ങുമെന്നതിനാലാണ് നമ്മളൊക്കെ ഷൂലെതര്‍ ജേണലിസം അഥവാ വസ്തുതകള്‍ നേരിട്ടെത്തി  കണ്ടെത്തുന്നതിന്  കുറച്ചെങ്കിലും  മെനക്കെടുന്നത്. എന്നാല്‍ ഇനി അസൈന്‍മെന്റിനും   വാര്‍ത്തയ്ക്കുമുള്ള ഗവേഷണത്തിനും ഗൂഗിളിനപ്പുറം പോകാം. .അതിനെ നമുക്ക് ചാറ്റ് ജി.പി.റ്റി (ChatGPT) എന്ന് വിളിക്കാം. ഇക്കഴിഞ്ഞ നവംബറിലാണ്   ചാറ്റ് ജി.പി.റ്റി അവതരിപ്പിക്കപ്പെട്ടത്.

ഗൂഗിളും ചാറ്റ്ജിപിറ്റിയും തമ്മിെലന്ത്? 

എന്താണ്  ഗൂഗില്‍ നിന്ന് ചാറ്റ്ജിപിറ്റിയെ വ്യത്യസ്തമാക്കുന്നത്.

ഈ ചോദ്യം ഗൂഗിളിനോട് തന്നെ ചോദിച്ചു. How different is ChatGPT from google?

Chat GPT is primarily focused on generating human-like text, while  Google AI application has a wider range of capabilities,including image and voice recognition, language translation ,and more..എന്നാണ് സ്‌ക്രീനില്‍  കണ്ടത്.ഇത് ഇത് സംബന്ധിച്ച് വന്ന ഒരു ലേനത്തിന്റെ ഹൈലൈറ്റാണ്. ഒപ്പം ഇത് സംബന്ധിച്ചുള്ള നിരവധി ലേഖനങ്ങളും, മാധ്യമ റിപ്പോര്‍ട്ടുകളും വീഡിയോകളും ഒക്കെ ലിങ്കായി നല്‍കുന്നുണ്ട് ഗൂഗിള്‍.

ഇതേ ചോദ്യം ചാറ്റ് ജി പിറ്റിയോടും ചോദിച്ചു

Q:  How different is ChatGPT from google: A: ChatGPT is a natural language processing (NLP) chatbot, while Google is a search engine. ChatGPT is designed to understand and respond to natural language input, while Google is designed to search for information on the web.

ഇതില്‍ നിന്ന്  ഒന്ന് വ്യക്തമാണ്.  അടിസ്ഥാനപരമായി ഗൂഗിള്‍ ഒരു സെര്‍ച്ച് എന്‍ജിനാണ്. ഇന്റര്‍നെറ്റില്‍ വ്യാപകമായി പരതി  നാം ആവശ്യപ്പെടുന്ന വിവരങ്ങള്‍, അത്  വിവിധ സൈറ്റുകളില്‍ നിന്ന് ചികഞ്ഞെടുത്ത് കൊണ്ടു വരും. ഗൂഗിള്‍ സ്വന്തമായി ഉത്തരം നല്‍കുന്നില്ല. മറിച്ച് അത് മറ്റുള്ളവരുടെ ഉത്തരങ്ങള്‍ നമ്മുടെ മുന്നില്‍ കൊണ്ടു തരുന്നു . അതില്‍ നിന്ന് യുക്തമായവ നമുക്ക് തെരഞ്ഞെടുക്കാം. ചാറ്റ്ജിപിറ്റിയാകട്ടെ നമ്മുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുകയാണ്. അറിഞ്ഞൂകൂടാത്തവയ്ക്ക് അറിയില്ല അഥവാ   Unknown എന്നത് പറയുന്നു.

 

 

ഭാഷാ നൈപുണിക്ക് നല്‍കുന്ന ഊന്നല്‍
അമേരിക്കയിലെ കാലിഫോണിയ സംസ്ഥാനത്ത് ഐ.ടി സംഭരഭകര്‍ ഏറെയുള്ള  സാന്‍ഫ്രാന്‍സിസ്‌കോ പട്ടണത്തിലെ  ഓപ്പണ്‍ എ.ഐ  എന്ന കമ്പനിയാണ് ചാറ്റ് ജിപിറ്റിയുടെ ഉപജ്ഞാതാക്കള്‍. കഴിഞ്ഞ നവംബറിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. ഇപ്പോഴും അത് പരീക്ഷണാര്‍ത്ഥമുള്ള ബീറ്റാ വെര്‍ഷനിലാണ്. എന്നാല്‍ ഇതിനകം തന്നെ കോടിക്കണക്കിന് ആള്‍ക്കാര്‍ ഇത് ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. ഗൂഗിളിനെ പോലെ Artificial Intelligence അഥവാ  നിര്‍മ്മിത ബുദ്ധിയും  Machine Learning അഥവാ  യന്ത്ര പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് ചാറ്റ് ജിപിറ്റിയും പ്രവര്‍ത്തിക്കുന്നത്.

ഈ കമ്പനിയുടെ സവിശേഷത സ്വാഭാവിക ഭാഷാ നൈപുണിക്ക്  അത് നല്‍കുന്ന ഊന്നലിലാണ്. NLG  അഥവാ Natural Language Generator എന്നാണിത് അറിയപ്പെടുന്നത്. അതായത് ചാറ്റ് ജിപിറ്റി നല്‍കുന്ന ഉത്തരങ്ങള്‍ നമ്മുടെ സംസാര ഭാഷ പോലെയാണ്. ജനറേറ്റീവ് പ്രീ ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോമര്‍ എന്നതാണ് ജി പി റ്റി കൊണ്ടുദ്ദേശിക്കുന്നത്. അതായത് ഈ യന്ത്രത്തിന്  മുന്‍കൂട്ടി നിരവധി കാര്യങ്ങള്‍  പരിചയപ്പെടുത്തി മനുഷ്യര്‍ പരിശീലനം നല്‍കുന്നു. അതില്‍ നിന്ന് കാര്യങ്ങള്‍ ഉള്‍കൊണ്ട് നിര്‍മ്മിത ബുദ്ധിയാല്‍  ചാറ്റ്ജിപിറ്റി നമുക്കായ് ഉത്തരം നല്‍കുന്നു.  പുതുതായി  സൃഷ്ടിക്കപ്പെടുന്ന ശ്രേണിയില്‍പ്പെടുന്ന കമ്പ്യൂട്ടിങ്ങിനെയാണ് ജനറേറ്റിവ് എ.ഐ എന്ന് പറയുന്നത്.  മാത്രമല്ല വലിയൊരു ലേഖനം എഡിറ്റ് ചെയ്ത് നല്‍കാനും, അക്ഷര വ്യാകരണ തെറ്റുകള്‍ തിരുത്തി നല്‍കാനുമൊക്കെ ഇതില്‍ സംവിധാനങ്ങളുണ്ട്.  

കോഡിംഗ് ഭാഷയെ സ്വാഭാവിക ഭാഷയാക്കാനും  സാധാരണ ഭാഷയില്‍ നിന്ന് കോഡിങ്ങ് ഉണ്ടാക്കാനുമൊക്കെ ഇതില്‍ വകുപ്പുണ്ട്. മാത്രമല്ല നമ്മുടെ സൃഷ്ടികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുമ്പോള്‍ അത് ഫലപ്രദമായി ഉപഭോക്താക്കളില്‍ എത്താന്‍ ചില ഡിജിറ്റല്‍ പൊടി വേലകളൊക്കെയുണ്ട്. ഇതിനെ സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമേസേഷന്‍ എന്ന് പറയുന്നു. അതായത് ചില വാക്കുകള്‍ ഉപയോഗിച്ചാണ് ആള്‍ക്കാര്‍ ഒരു വാര്‍ത്തയ്‌ക്കോ, വീഡിയോക്കോ തിരയുന്നത്. ആ തെരച്ചിലില്‍ നമ്മുടെ സൃഷ്ടി    മുന്നിലെത്തണമെങ്കില്‍ ഫലപ്രദമായ കീവേഡുകള്‍ ഉപയോഗിച്ച്  ടാഗ് ചെയ്യണം. നമ്മുടെ സൃഷ്ടികളുടെ ടെക്സ്റ്റും വീഡിയോവും ചാറ്റ് ജിപിറ്റിക്ക് ഇട്ടു കൊടുത്താല്‍ ക്ഷണനേരം കൊണ്ട്  അത് കീവേഡുകള്‍ ഉത്പാദിപ്പിച്ചു നല്‍കും.

ഗൂഗിള്‍ ചെയ്യുന്നത് 

ഇതൊക്കെ ഗുഗിളിനില്ലേ എന്നതാവും ചോദ്യം. അവര്‍ക്ക് ഇതിന് മുകളിലുള്ള സംവിധാനങ്ങളുണ്ട്. ഗൂഗിള്‍ എ.ഐ എന്ന പേരില്‍ വന്‍ നിര്‍മ്മിത ബുദ്ധി  സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ ഗൂഗില്‍ ബ്രെയിന്‍ ഡിവിഷന്‍ ഇതു പോലെ വിദഗ്ധ പരിശോധനയും സ്വാഭാവിക ഭാഷയില്‍ ഉത്തരം നല്‍കാന്‍ പ്രാപ്തിയുള്ളവരുമാണ്. എന്നാല്‍ അവര്‍ ഇതൊക്കെ പ്രീമിയം സര്‍വീസായാണ് അവതരിപ്പിക്കുന്നത്. അടുത്തകാലം വരെ വലിയ സ്ഥാപനങ്ങളാണ് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍കൈ എടുത്തിരുന്നത്.

എന്നാലിപ്പോള്‍ പുത്തന്‍ കമ്പ്യൂട്ടിങ്ങ് സാങ്കേതിക വിദ്യാ ഗവേഷണത്തിനും വികസനത്തിനും സ്റ്റാര്‍ട്ട് അപ്പുകളായ  ചെറിയ കമ്പനികള്‍ നിര്‍ണ്ണായകമായ മുന്നേറ്റം നടത്തുന്നുണ്ട്. ഗൂഗിളിനെ പോലെയുള്ള വലിയ കമ്പനികള്‍ വിപണി കീഴടക്കുന്നത് പല കുതന്ത്രങ്ങള്‍ പ്രയോഗിച്ചാണ്. ആദ്യ പടിയായി ഗൂഗിള്‍ മറ്റ് മെയിലുകളെയെല്ലാം വിഴുങ്ങി. 425 കോടിയോളം ഈ മെയിലുകളാണ് ലോകമാകെ ഉപയോഗിക്കുന്നത്. ഇതില്‍ നാലിലൊന്നും ജി മെയിലാണ്. എന്നാല്‍  മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇപ്പോഴും  ആപ്പിള്‍ മെയിലാണ്, 65 ശതമാനത്തോളം വരും. അമേരിക്കയില്‍ ആപ്പിളാണ് പുലി. അവിടെ ഗൂഗിള്‍ പേയൊന്നും പ്രചാരത്തിലില്ല. ആപ്പിള്‍ പേയാണ് പുലി.  

ആപ്പിളും ഗൂഗിളും ചേര്‍ന്ന് 88 ശതമാനത്തോളം മെയിലുകളെ നിയന്ത്രിക്കുന്നു. ഒരു വേളയില്‍ മെയിലുകളില്‍ 35 ശതമാനം വരെയായിരുന്നു ജി മെയിലിന്റെ പങ്ക് . എന്നാല്‍ കച്ചവടവത്കരണത്തിനും സമഗ്രാധിപത്യത്തിനും ഗൂഗിള്‍  ശ്രമിക്കുന്നുവെന്ന  വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന്  അവര്‍ക്ക് ഇന്ത്യയിലടക്കം പല നിയന്തണ ഏജന്‍സികളും വന്‍ തുക പിഴ ചുമത്തി. മാത്രമല്ല കോര്‍പ്പറേറ്റ് ഇ മെയില്‍ സര്‍വ്വീസുകള്‍ക്ക് ഗൂഗിള്‍ കാര്യമായി  വാടക കൂട്ടുകയും ചെയ്തു.

മാത്രമല്ല മറ്റു സ്വതന്ത്ര ബ്രൗസറുകളില്‍ ജി മെയില്‍ തുറക്കാനും ബുദ്ധിമുട്ടാക്കി. ജി മെയില്‍ ഉപഭോക്താക്കള്‍  ഗൂഗിള്‍ ക്രോം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായി. ഇതും ജി മെയില്‍ ഉപേക്ഷിക്കാന്‍ പലരെയും പ്രേരിപ്പിച്ചു. അമേരിക്കയിലും പാശ്ചാത്യ രാജ്യങ്ങളിലുമൊക്കെയാണ് ഈ സ്ഥിതി വിശേഷം. എന്നാല്‍ ഇന്ത്യയില്‍ ജിമെയിലിന് സമഗ്രാധിപത്യമാണ്. ഇവിടെ 95 ശതമാനം പേരും ജി മെയിലാണ്  ഉപയോഗിക്കുന്നത്.

ഗൂഗിളിന്റെ മറ്റ് പല സേവനങ്ങളും സാധാരണക്കാര്‍ സൗജന്യമായി ഉപയോഗിക്കുമ്പോള്‍  അതിന് പിന്നിലെ കാര്യങ്ങള്‍ നാം വിസ്മരിക്കുന്നു. നാം തിരയുമ്പോള്‍ ഗൂഗിള്‍ എല്ലാ വിവരങ്ങളും എത്തിക്കുന്നത് ചുമ്മാതാണോ? നാം ഓരോ തിരയല്‍ നടത്തുമ്പോഴും ലക്ഷണക്കക്കിന് വിവരങ്ങളാണ് ഒരു നിമിഷത്തിന്റെ പത്തിലൊന്ന്  സമയത്തില്‍   ഗൂഗില്‍ തരുന്നത്. അതിനൊപ്പം  അവരുടെ പരസ്യ വിഭാഗവും ഉഷാറാകുന്നു. നമ്മള്‍ സെര്‍ച്ചുകള്‍ സൂക്ഷ്മമാക്കുമ്പോള്‍ അവര്‍ക്ക് സന്തോഷമാണ്. അവര്‍ അതിന് അനുസരിച്ച് കൃത്യമായ പരസ്യം നല്‍കുന്നു.

നമ്മള്‍ കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്ക് വിമാന ടിക്കറ്റിന് പരതിയാല്‍ പെട്ടെന്ന് വിമാന നിരക്കുകള്‍ ഓഫര്‍ ചെയ്യുന്ന പരസ്യം വന്ന് തുടങ്ങുന്നത് ഇങ്ങനെയാണ്. ഇങ്ങനെ ഗൂഗിള്‍ വിവരം ശേഖരിക്കുന്നത് സെര്‍ച്ചില്‍ നിന്ന് മാത്രമല്ല ഗൂഗില്‍ പേയും, ജി മെയിലടക്കം നാം ഉപയോഗിക്കുന്ന വിവിധ സേവനങ്ങളില്‍ നിന്നാണ്. ഇത് കേവലം ഗൂഗിള്‍ മാത്രം ചെയ്യുന്നതല്ല. ഇന്റര്‍നെറ്റിനാല്‍ ബന്ധിതമായ എല്ലാ കാര്യങ്ങളിലും ഇത്തരം വിവര ചോര്‍ച്ച നടക്കുന്നുണ്ട്. ഗൂഗിളിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവര്‍ നമ്മളില്‍ നിന്ന് വിവരം തരാന്‍ പണമൊന്നും വാങ്ങുന്നില്ല. പകരം നമ്മുടെ വിവരങ്ങള്‍ ചോര്‍ത്തി അവര്‍ പണമുണ്ടാക്കുന്നു.


ചരടുകള്‍ ഇല്ലാത്ത സേവനങ്ങള്‍

ചരടുകള്‍ ഇല്ലാത്ത  നല്ല സേവനത്തിന് പണം മുടക്കാന്‍ സമൂഹത്തിലെ ഒരു വിഭാഗം തയ്യാറാണ്. വില കൊടുത്ത് വാങ്ങിയാല്‍ നമുക്ക് അവരോട്  ഗുണനിലവാരം ചോദിക്കാം. ഇവിടെയാണ് ചാറ്റ് ജി.പി.റ്റി പുതിയ  മാതൃകക്ക്   ശ്രമിക്കുന്നത്. അവിടെ നമ്മള്‍ തിരയുന്ന ഓരോ വിവരം ശേഖരിക്കാനും അതില്‍ നിന്ന് ലേഖനം തയ്യാറാക്കാനും അവര്‍ക്ക് ചെലവ് വരുന്നുണ്ട്. ഏതാണ്ട് അഞ്ച് അമേരിക്കന്‍ സെന്റ്  വരും ഓരാ ചാറ്റ് ജിപിറ്റി സൃഷ്ടിക്കുമുള്ള ചെലവ്. അതിനാല്‍ അവര്‍ക്ക് ഇത് നടത്തി കൊണ്ടു പോകാന്‍ ഭാവിയില്‍ നാം പണം നല്‍കേണ്ടി വരും. നമുക്ക് എത്ര വാക്കുകളിലുള്ള സൃഷ്ടി, അതിന് എത്രത്തോളം സങ്കീര്‍ണ്ണമായ വിവരം ശേഖരണം നടത്തി തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചായിരിക്കും നാം ഭാവിയില്‍ പണം നല്‍കേണ്ടി വരുക. എത്ര തീവ്രമായി പരിശോധന നടത്തണം, എത്ര സര്‍ഗ്ഗാത്മക്ത വേണം എന്നൊക്കെ നിശ്ചയിക്കാനും ക്രമീകരിക്കാനുമൊക്കെ  ചാറ്റ് ജിപിറ്റിയിലെ സെറ്റിങ്ങില്‍ അവസരമുണ്ട്. ഇവിടെ നിങ്ങള്‍ക്ക് ടെംപറേച്ചര്‍ സെറ്റ് ചെയ്ത് തീവ്രത തോത് ക്രമപ്പെടുത്താം.  

നിങ്ങളുടെ വളര്‍ത്തു മൃഗങ്ങള്‍ക്ക് പേരിടാനും, ആ പേരുകള്‍ തന്നെ ഏത്  ശ്രേണിയില്‍പെട്ടതാകണമെന്ന ക്രമീകരണം വരുത്താനും ചാറ്റ്ജിപിറ്റിയിലൂടെ   സാധിക്കും അധികം താമസിയാതെ നിങ്ങള്‍ക്ക് വേണ്ട ചിത്രം വരച്ചു നല്‍കാനും സംഗീതം ചിട്ടപ്പെടുത്തി നല്‍കാനും ഇവര്‍ക്ക് കഴിയും.  സമാനമായ ചാറ്റ് ബോട്ടുകള്‍ മുന്‍പും ഇറങ്ങിയിട്ടുണ്ട്. 1966-ല്‍ വിഖ്യാതമായ  എം .ഐ. റ്റി ബോസ്റ്റണ്‍ തയ്യാറാക്കിയ എലീസയാണ് ആദ്യമായി ശ്രദ്ധേയമായത്. 1972-ല്‍ സൈക്രാട്രിസ്റ്റ് കെന്നത്ത് കോള്‍ബി തയ്യാറാക്കിയ  പാരിയും ശ്രദ്ധേയമായി .


ചാറ്റ് ബോട്ടുകള്‍ എന്ന സാദ്ധ്യത

അടിസ്ഥാനപരമായി ഉപഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് സോഫ്റ്റ്‌വെയര്‍  അടിസ്ഥാനപ്പെടുത്തിയ   യന്ത്രങ്ങള്‍ എഴുത്തായും ശബ്ദമായും മറുപടി നല്‍കുന്നതിനെയാണ് ബോട്ടുകള്‍ എന്ന് പറയുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്,  റീട്ടെയില്‍ കച്ചവടക്കാര്‍, ഹോട്ടലുകള്‍, എയര്‍ലൈനുകള്‍ തുടങ്ങി മാധ്യമങ്ങള്‍ വരെ വ്യാപകമായി ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിച്ചു തുടങ്ങി. ഇന്നിപ്പോള്‍ നാമെല്ലാം വിവിധ സേവനങ്ങള്‍ക്കായി ദിവസവും നാം  ഫോണിലൂടെയും മറ്റും നടത്തുന്ന ഇടപാടുകള്‍ പലപ്പോഴും  ചാറ്റ്‌ബോട്ടുകളുമായാണ്. നമ്മുടെ ചോദ്യങ്ങള്‍ മനസ്സിലാക്കി നാച്യുറല്‍ ലാംഗ്വേജ് പ്രോസസറിലൂടെ ചാറ്റ് ബോട്ടുകള്‍ സംസാര ഭാഷയില്‍ മറുപടി നല്‍കും  

വിവിധ ആവശ്യങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ളതാണ് ഭൂരിഭാഗം ചാറ്റ് ബോട്ടുകളും. അവയ്ക്ക് മറ്റു കാര്യങ്ങളില്‍ സേവനം നല്‍കാന്‍ കഴിയാറില്ല. എല്ലാം തെരയാന്‍  നാം ഗൂഗിളിനെ ആശ്രയിക്കും പോലെ എല്ലാം നിര്‍വഹിച്ചു തരുന്ന ചാറ്റ്‌ബോട്ടാക്കാനാണ്  ചാറ്റ്ജിപിറ്റിയുടെ ഉപജ്ഞാതാക്കളായ ഓപ്പണ്‍ എ.ഐ ശ്രമിക്കുന്നത്. എന്നാല്‍ ഇപ്പോഴും  അവര്‍ ആ ലക്ഷ്യത്തില്‍ നിന്ന് വളരെ പിന്നിലാണെന്ന് നാം മനസ്സിലാക്കണം. ഇനിയും പല കാര്യങ്ങളും അവര്‍ക്ക് കൈവരിക്കാനുണ്ട്.  പക്ഷേ പ്രതീക്ഷക്ക് വകയുണ്ട്.  


ചാറ്റ്ജിപിറ്റി ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

അതവിടെ നില്‍ക്കട്ടെ. ഇത് മറ്റ് പല സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. തുടക്കത്തില്‍ പറഞ്ഞത് പോലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഒരു അസൈമെന്റിനുള്ള വിവരം ശേഖരിക്കാന്‍ നമ്മുക്ക് ഇന്റര്‍നെറ്റിനെ ആശ്രയിക്കാം. എന്നാല്‍ അസൈന്‍മെന്റ് മുഴുവന്‍ തയ്യാറാക്കുന്നത് യന്ത്രമാണെങ്കില്‍ എങ്ങനെയാകും? അദ്ധ്യാപകര്‍ എങ്ങനെ കുട്ടികളെ വിലയിരുത്തും.? ഇപ്പോഴത്തെ പ്‌ളാഗറിസം സോഫ്റ്റ്‌വെയറുകള്‍ മതിയാകില്ല കളവ് കണ്ടെത്താന്‍. മാത്രമല്ല ചാറ്റ്ജിപിറ്റി കോഡിങ്ങ് സഹായി കൂടിയായതിനാല്‍ ഹാക്കമാര്‍ ഇത് ദുരുയോഗപ്പെടുത്താനുള്ള സാധ്യതയും ഏറെയാണെന്ന് വിമര്‍ശകര്‍ ആശങ്കപ്പെടുന്നു.

എല്ലാ കൃത്രിമ ബുദ്ധി പ്രയോഗങ്ങളെയും പോലെ ഇതും പല തൊഴിലുകളെയും ഇല്ലാതാക്കാം. പുതിയ തൊഴിലുകള്‍ വരും. പക്ഷേ നഷ്ടമായ തൊഴില്‍ മേഖലയില്‍  മുന്‍പ് താഴിലെടുത്തവര്‍ക്ക് പുതിയ തൊഴില്‍ മേഖലയിലേക്ക് കടക്കാനാകുമോ എന്നാണ് അറിയേണ്ടത്. ഇതിനുള്ള പരിശീലനമൊക്കെ തങ്ങളും നല്‍കുമെന്ന് ചാറ്റ്ജിപിറ്റി അവകാശപ്പെടുന്നെങ്കിലും അതൊക്കെ എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം. ഇനി പകര്‍പ്പവകാശ പ്രശ്‌നവും അവശേഷിക്കുന്നു.

ചാറ്റ്ജിപിറ്റി സൃഷ്ടികള്‍ തയ്യാറാക്കുന്നത് മറ്റുള്ളവര്‍ ഇന്റര്‍നെറ്റില്‍ പകര്‍ന്നു നല്‍കിയിട്ടുള്ള വിവരം ഉപയോഗപ്പെടുത്തിയാണ്. ഇതില്‍ നിന്ന് ചാറ്റ്ജിപിറ്റി ഉത്പാദിപ്പിക്കുന്ന പുതിയ ഉത്പന്നത്തിന് അതിന് അസംസ്‌കൃത വസ്തു നല്‍കിയവര്‍ക്കും വിഹിതം  കിട്ടേണ്ടതല്ലേ?.

നമ്മുടെ വിവരങ്ങള്‍ മറ്റുള്ളവര്‍ എടുക്കുമ്പോള്‍ സ്വകാര്യത ലംഘനപ്രശ്‌നവും ഉയര്‍ന്നു വരുന്നുണ്ട്. ഇത് കേവലം പകര്‍പ്പവകാശ ലംഘന പ്രശ്‌നമല്ല മറിച്ച് നമ്മളില്‍ നിന്ന്  ചോരുന്ന വിവരങ്ങള്‍ നമ്മളെ അപകടപ്പെടുത്താം. ചെറുതല്ല ഇക്കാര്യം. നമ്മള്‍ വര്‍ഷങ്ങളായി ആര്‍ജിച്ചെടുക്കുന്ന ചിന്താപരമായ കഴിവുകള്‍ കൊണ്ടാണ് ഒരു മേഖലയില്‍ നാം പ്രാവീണ്യം കാട്ടുന്നത്. ഇന്ന് നമ്മുടെ തലച്ചോറിനെ തന്നെ മാപ്പ് ചെയ്യാന്‍ സംവിധാനമുള്ള ഇക്കാലത്ത് ഇത്തരം ചാറ്റ്‌ബോട്ടുകളുടെ ഉടമസ്ഥര്‍ സമഗ്രമായി അത് മനസ്സിലാക്കി ആ അറിവുകളെ സമര്‍ത്ഥമായി സവിസ്താരം പ്രതിപാദിപ്പിച്ച്  പകര്‍പ്പവകാശം നേടിയേക്കാം.

ലോകത്ത് പല രാജ്യങ്ങളിലും  നിര്‍മ്മിത ബുദ്ധിയുടെ കാര്യത്തിലെ പകര്‍പ്പവകാശത്തിനും അനുബന്ധ കാര്യങ്ങ്യള്‍ക്കും നിയമനിര്‍മ്മാണം ആയി വരുന്നതേയുള്ളു. സാങ്കേതിക വിദ്യ കുതിച്ചാണ് പായുന്നത്.  എന്നാല്‍ ഇതിന് അനുരൂപമായി  നിയമനിര്‍മ്മാത്തില്‍ വേണ്ട മാറ്റം വരുന്നില്ല. ഇന്ത്യയിലെ പൊതു അവസ്ഥ ഇക്കാര്യത്തില്‍ പരിതാപകരമാണ്. നമ്മുടെ നിയമനിര്‍മ്മാണ സഭകളാകട്ടെ  ഇക്കാര്യത്തില്‍ പിന്നോട്ടാണ്. നമ്മുടെ ഭൂരിഭാഗം എം.എല്‍.എമാരും എം.പി മാരും ഇക്കാര്യങ്ങളില്‍ തികച്ചും അജ്ഞരാണ്. നിയമനിര്‍മ്മാണ നടപടികള്‍ തുടങ്ങിയാലും വല്ലാത്ത കാലതാമസം വരും.

പിന്നെ ആകപ്പാടെ ഒരാശ്വാസം ചാറ്റ്ജിപിറ്റിയുടെ നിര്‍മ്മാതാക്കളായ ഓപ്പണ്‍ എ.ഐയുടെ തുറന്ന പറച്ചിലാണ് . സ്വകാര്യത സംബന്ധിച്ചുള്ള അവരുടെ openai.com/privacy ഇക്കാര്യം വ്യക്തമാക്കുന്നു. നമ്മളുടെ പേര് വിവരങ്ങള്‍, ഇ മെയില്‍, ഉപകരണങ്ങള്‍, താത്പര്യങ്ങള്‍, ഇടപാടുകള്‍, ചിന്താധാരകള്‍ ഇങ്ങനെ എന്തും അവര്‍ക്ക് പ്രാപ്യമാണെന്ന് അവര്‍ പറയുന്നു. ഇത് അറിവുകള്‍ പങ്കിടാനും, സ്വന്തം കച്ചവടത്തിനും ഇതര കച്ചവടങ്ങള്‍ക്കും സാങ്കേതിക വിദ്യാ വികാസത്തിനും , നിയമ പരിപാലകര്‍ക്കും ഒക്കെ പങ്കിടുമത്രേ. ഇനിയെന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ അങ്ങ് കാലിഫോണിയിലെ നിയമം അനുസരിച്ചാവും  കേസും  നടപടിയും.

പുറംതിരിഞ്ഞു നില്‍ക്കാനാവില്ല

ഇതാക്കെയാണെങ്കിലും പുത്തന്‍ സാങ്കതിക വിദ്യയുടെ മാസ്മരികതയോട് നമുക്ക് പുറം തിരിഞ്ഞ് നില്‍ക്കാനാകില്ല. പലരും പറയാതെ തന്നെയാണ് ഇതുക്കും മേലേ കാര്യങ്ങള്‍ ചെയ്യുന്നത്. ചാറ്റ്ജിപിറ്റിക്കാര്‍ പറഞ്ഞിട്ടല്ലേ ചെയ്യുന്നതെന്ന് ആശ്വസിക്കാം. നിരന്തരം  വിവരങ്ങള്‍ മനുഷ്യന്റെ മേല്‍നോട്ടത്തോടെയും അല്ലാതെയും നല്‍കിയാണ് ചാറ്റ്ജിപിറ്റിയെ ഓപ്പണ്‍ എ.ഐ പരിശീലിപ്പിക്കുന്നത്. ചിലപ്പോള്‍ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളും നല്‍കാറുണ്ടെന്ന് അവര്‍ തന്നെ പറയുന്നുണ്ട്.

ഇന്റര്‍നെറ്റുമായി നേരിട്ട് ബന്ധിപ്പിച്ചല്ല വിവര ശേഖരണം. ഒരിടനില സംവിധാനമുണ്ടെന്നാണ് ഓപ്പണ്‍ എ.ഐ പറയുന്നത്. 2021-ന് ശേഷമുള്ള വിവരങ്ങളും കാര്യമായില്ല ഇപ്പോഴത്തെ ബീറ്റാ പതിപ്പില്‍. ഇതൊക്കെ ഒറിജനല്‍ വെര്‍ഷന്‍ വരുമ്പോള്‍ പരിഹരിക്കാനാണ് സാധ്യത. പുത്തന്‍ സാങ്കേതിക വിദ്യയുടെ താരോദയത്തെ ഡിസ്‌റപ്ഷന്‍ എന്നാണ് പറയാറ്. നിലവിലുള്ളതിനെ തകര്‍ത്താണ് പുതിയവ വരുന്നത്.  ഒന്നിനെ വളമാക്കിയേ മറ്റൊന്നിന് വളരാനാകൂ. കാത്തിരുന്ന് കാണാം. 

Latest Videos
Follow Us:
Download App:
  • android
  • ios