പ്രപഞ്ചം എനിക്ക് വേണ്ടി കരുതിവെച്ച ഒരുവള്‍

ജീവിതപാഠങ്ങള്‍ എന്നിലെഴുതിച്ചേര്‍ത്ത പ്രിയപ്പെട്ട സുഭ ടീച്ചര്‍ എനിക്കു സുഹൃത്തിനുമപ്പുറമാണ്. മറവിയിലേക്ക് ഞാനെന്ന ഏട് ഉപേക്ഷിക്കപ്പെട്ടാലും ആത്മാവില്‍  ഈയൊരോര്‍മ്മ തിളങ്ങുക തന്നെ ചെയ്യും. ജിഷ കെ എഴുതുന്നു

Thottappan UGC series Jisha K

നിങ്ങളുടെ ജീവിതത്തിലുമില്ലേ ഒരു തൊട്ടപ്പന്‍? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം.  ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി.  തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരാ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. നിങ്ങളുടെ ഉള്ളിലെ ആ ഒരാളെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോയ്‌ക്കൊപ്പം  submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ തൊട്ടപ്പന്‍ എന്നെഴുതാന്‍ മറക്കരുത്.

Thottappan UGC series Jisha K

എന്റെ തൊട്ടപ്പന്‍. കുറിപ്പുകള്‍ തുടരുന്നു. എല്ലാ വാതിലുകളും അടിയുമ്പോള്‍, അവിചാരിതമായി മുന്നില്‍ തുറക്കുന്നൊരു വാതില്‍. സഹപ്രവര്‍ത്തകയായ അധ്യാപികയെക്കുറിച്ച് യുവകവികളില്‍ ശ്രദ്ധേയയായ ജിഷ കെ എഴുതുന്നു

.......................................................................................................................................................

ജീവിത പ്രതിസന്ധികളില്‍ എന്നും കൂടെയുണ്ടാവുമെന്ന് നമ്മള്‍ പ്രതീക്ഷയോടെ മുട്ടി വിളിക്കുന്ന സൗഹൃദങ്ങള്‍ അടഞ്ഞ വാതിലുകളായ് കിടക്കുമ്പോള്‍, നിര്‍വ്വികാരതയില്‍, ഒരു തുണ്ട് ഭൂമി എവിടെയെങ്കിലും നമുക്കായ് പിളര്‍ന്നിടണേയെന്ന് എത്ര ആഴത്തില്‍  നാമോരുരുത്തരും ആഗ്രഹിച്ചിട്ടുണ്ടാവും.

മുള്ളുകളാഴ്ന്നിറങ്ങുന്ന,മുറിവുണങ്ങാത്ത അത്തരമൊരു യാത്ര ആരെയും പോലെ എന്നിലും ഉണ്ടായിരുന്നു. ആര്‍ക്കോ വേണ്ടി  പാകപ്പെടുത്തിയ ജീവിതചര്യകള്‍, പെരുമാറ്റം, രുചികളും അരുചികളും.  എല്ലാം ചേര്‍ന്ന് എന്നെ  ഓര്‍മ്മയുടെ പിന്നാമ്പുറത്ത്  ഉപയോഗശൂന്യമായ ഒരു പാഴ് വസ്തു പോലെ വലിച്ചെറിഞ്ഞു കളഞ്ഞിരുന്നു. 

വളര്‍ച്ചയെത്തും മുമ്പേ, ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് കൂടെക്കൂടെ പറിച്ചു നടപ്പെട്ടപ്പൊഴൊക്കെ, ഞാന്‍ തളര്‍ന്നിട്ടുണ്ട്. മറ്റാരോ എഴുതിയ തിരക്കഥയില്‍ തകര്‍ത്ത് ജീവിക്കുകയാണ് എല്ലാവരും എന്ന് ഞാനും ധരിച്ചിരുന്നു. അതുകൊണ്ട് തന്നെ  മടുപ്പിഴഞ്ഞ് കയറിയിട്ടും സ്ത്രീയെന്ന  എന്റെ ദിനചര്യ ഒന്നും മുടങ്ങിയില്ല. വിലകൊടുത്തു വാങ്ങിയ കളിപ്പാട്ടമെന്ന് ചിന്തകള്‍ കാടുകയറാന്‍ തുടങ്ങിയപ്പോഴൊക്കെ അസ്വസ്ഥമായ, അകാരണമായ ഒരു പേടിയില്‍ ഞാനെന്നെ  ഒളിപ്പിക്കുമായിരുന്നു. 

വിമുഖതയില്‍, ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു നില്ക്കുന്ന എന്നെ ഞാന്‍ വെറുത്തു  തുടങ്ങിയിരുന്നു. എന്റെ ഒറ്റപ്പെട്ട തുരുത്തിലേക്ക് ആരേയും ക്ഷണിച്ചു വരുത്താന്‍  ഞാന്‍  മെനക്കെട്ടതുമില്ല. ആത്മ സംഘര്‍ഷങ്ങളില്‍, മിണ്ടാതെ  അടഞ്ഞു പോകുമായിരുന്നു അപ്പോഴൊക്കെ. എനിക്ക് ചുറ്റും അനേകര്‍ പരസ്പരം വിനിമയം ചെയ്യുന്ന ചിന്തകളും വിഷയങ്ങളും എന്നിലൊരു കൗതുകവും ഉണ്ടാക്കിയതുമില്ല. അത്തരമൊരു സൗഹൃദവലയത്തില്‍ ചെവിയില്ലാത്തൊരു കാണിയായി ഞാന്‍ അപഹസിക്കപ്പെട്ടിരുന്നു. എന്റെ ഉള്ളിലേക്ക് അവരാരും എത്തി നോക്കിയതുപോലുമില്ല. അവര്‍ക്കാനന്ദിക്കാന്‍ ചേരുവകളില്ലാത്ത മടുപ്പിക്കുന്ന ഒരു ഔഷധക്കൂട്ടാണ് ഞാനെന്ന് പിന്നീടെനിക്ക് തോന്നി. 

.......................................................................................................................................................

നേരത്തെ അറിയാമെങ്കിലും അത്രയ്ക്ക് അഗാധമായ ഒരു ഹൃദയബന്ധത്തിന് സാധ്യതകള്‍ ഒന്നുമില്ലാത്ത വെറുമൊരു പരിചയമാണ് എന്റെ  ഇന്നലെകളുടെ, ഞാന്‍ പുറംതള്ളിയ എന്നെ തിരികെ തന്നത്

.......................................................................................................................................................

ഒരു മാറ്റത്തേക്കുറിച്ച് ഞാനാലോചിച്ചു  തുടങ്ങിയത്  അപ്പോഴാണ്. ആ ഒരു തീരുമാനം വലിയൊരു വഴിത്തിരിവിലേക്കെത്തിക്കുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുണ്ടായിരുന്നേയില്ല. നേരത്തേ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും ഫോര്‍ ബെറ്റര്‍ കണ്‍വീനിയന്‍സ് എന്നൊരു മാറ്റം. അപരിചിതരുടെ ലോകം എനിക്കെന്നും വിറയലുകള്‍ മാത്രമേ സമ്മാനിക്കാറുള്ളൂ. അമ്പരപ്പോടെ അവിടേക്ക് എടുത്തുവെച്ച ആദ്യപടി ഇന്നുമോര്‍മ്മയില്‍ ഉണ്ട്. 

എന്നാല്‍, ഇവിടെയാണ് പ്രപഞ്ചം എനിക്ക് വേണ്ടിയൊരുക്കിവെച്ച ആ സാന്നിധ്യം ഉള്ളതെന്നറിയാതെ ഞാനെന്നിലേക്ക് കൂടുതല്‍  ഉള്‍വലിഞ്ഞു. കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തക എന്നു മാത്രം പറയുമ്പോള്‍, ഞാനവര്‍ക്ക് നല്‍കുന്ന ഉപചാരങ്ങള്‍ ശുഷ്‌കിച്ചു പോവും. നേരത്തെ അറിയാമെങ്കിലും അത്രയ്ക്ക് അഗാധമായ ഒരു ഹൃദയബന്ധത്തിന് സാധ്യതകള്‍ ഒന്നുമില്ലാത്ത വെറുമൊരു പരിചയമാണ് എന്റെ  ഇന്നലെകളുടെ, ഞാന്‍ പുറംതള്ളിയ എന്നെ തിരികെ തന്നത്. ഒരു പാട് നേരം സംസാരിച്ചിരിക്കുകയോ, അല്ലെങ്കില്‍, പിരിയാതിരിക്കുകയോ, മറ്റു സൗഹൃദങ്ങളെപ്പോലെ ഒരുമിച്ചിരുന്ന് നാട്ടു വര്‍ത്തമാനങ്ങളില്‍ നഷ്ടപ്പെടുകയോ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഔദ്യോഗികമായ പദവികളില്‍ എനിക്കായ് ഒരു വഴി തെളിച്ചു തന്ന സ്‌നേഹവും കരുതലും വളക്കൂറുള്ള ആ മണ്ണിലേക്ക്  കൂടുതല്‍ ആഴത്തിലേക്ക് ചേര്‍ത്ത് നിര്‍ത്തി.

കുടുബാംഗം എന്ന അതിശയോക്തി പ്രയോഗത്തില്‍ ആ നന്മയെ മുക്കിക്കളയാന്‍ എനിക്കാവില്ല. ആരെയെങ്കിലും പോലെ എന്നു താരതമ്യപ്പെടുത്തി  എനിക്ക് കിട്ടിയ സൗഭാഗ്യത്തിന്റെ മാറ്റ് കുറച്ചു കാട്ടാനും ഞാനാഗ്രഹിക്കുന്നില്ല. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും നിഴല്‍ പോലെ കൂട്ടിരുന്ന് മുന്‍തരുതലുകളോടെ, മാര്‍ഗ്ഗദര്‍ശിയായി, എല്ലാറ്റിനുമുപരി സ്‌നേഹോഷ്മളമായ ഒരു പുഞ്ചിരിയില്‍ എല്ലാമൊതുക്കുന്ന ആ വ്യക്തിത്വത്തോടാണ് എന്റെ രണ്ടാം പതിപ്പിന്റെ കടപ്പാട് മുഴുവനും. 

ചിലപ്പോഴൊക്കെ എന്റെ പുറംതോട് ദുര്‍ബ്ബലമാവും. ഞാനറിയാതെ ഉള്‍വലിഞ്ഞുപോകുന്ന ചുഴികളില്‍ എന്നെ തീര്‍ത്തും നഷ്ടപ്പെട്ടു പോകാറുണ്ട്. വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും ദീര്‍ഘദൂര യാത്രകളും സമയപ്പിഴവുകളും നിര്‍വ്വഹിക്കപ്പെടാത്ത കടമകളും പ്രകടമാക്കപ്പെടാത്ത സ്‌നേഹവും വാത്സല്യവും നിരന്തരം നടത്തുന്ന വടംവലികളില്‍, തെറ്റിദ്ധാരണകളില്‍ നീങ്ങിയൊഴുകുന്ന ഉറക്കമില്ലാത്ത രാത്രികളില്‍, അടുക്കു തെറ്റിപ്പോകുന്ന ജീവിതശൈലികളില്‍, ചുരുക്കം ചിലപ്പോഴൊക്കെ അതിശക്തമായ മൈഗ്രേന്‍ ആക്രമണങ്ങളില്‍ എന്നെ മറന്നുവെച്ച് ഇറങ്ങിപ്പോവാറുണ്ട് ഞാന്‍. 

ആര്‍ക്കും പ്രകടമല്ലാത്ത എന്റെ ആശയക്കുഴപ്പങ്ങള്‍ ഒറ്റ നോട്ടത്തില്‍  തിരിച്ചറിഞ്ഞ്, സ്‌നേഹത്തോടെ കെട്ടിപ്പിടിക്കുന്ന, വാത്സല്യത്തോടെ ചുമലില്‍ തട്ടുന്ന, തമാശയിലൂടെ  താക്കീതുകള്‍  കോര്‍ത്തിടുന്ന പിണക്കവും പരിഭവങ്ങളുമില്ലാത്ത  ആ സ്‌നേഹനിധിക്ക് തന്നെ എന്റെ എക്കാലത്തേയും പ്രിയപ്പെട്ട അധ്യാപിക എന്ന പദവി. 

ജീവിതപാഠങ്ങള്‍ എന്നിലെഴുതിച്ചേര്‍ത്ത പ്രിയപ്പെട്ട സുഭ ടീച്ചര്‍ എനിക്കു സുഹൃത്തിനുമപ്പുറമാണ്. മറവിയിലേക്ക് ഞാനെന്ന ഏട് ഉപേക്ഷിക്കപ്പെട്ടാലും ആത്മാവില്‍  ഈയൊരോര്‍മ്മ തിളങ്ങുക തന്നെ ചെയ്യും.

 

തൊട്ടപ്പന്‍ കുറിപ്പുകള്‍:

ഫ്രാന്‍സിസ് നൊറോണ: ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു
അക്ബര്‍: തൊട്ടപ്പന്‍ എന്ന നിലയില്‍ നേര്യമംഗലം കാടും മലയും നദിയും

 

Latest Videos
Follow Us:
Download App:
  • android
  • ios