ഓരോ മനുഷ്യനും ഒരു തൊട്ടപ്പനായി കാത്തിരിക്കുന്നു; അടുത്തെവിടെയോ അയാളുണ്ട്!
സിനിമയിലെ തൊട്ടപ്പന്‍; ജീവിതത്തിലെയും. 'തൊട്ടപ്പന്‍' കഥ എഴുതിയ ഫ്രാന്‍സിസ് നൊറോണ എഴുതുന്നു
നിങ്ങളുടെ ജീവിതത്തിലുമില്ലേ ഒരു തൊട്ടപ്പന്‍? തലതൊട്ടപ്പനെപ്പോലൊരു സാന്നിധ്യം. ജീവിതത്തെ മാറ്റിമറിച്ചൊരാള്‍. വഴികാട്ടി. തളരുമ്പോള്‍ ചായാനൊരു ചുമല്‍. അതാരുമാകാം. ആണോ പെണ്ണോ. പരിചിതരാ അപരിചിതരോ. സുഹൃത്തോ ബന്ധുവോ സഹപ്രവര്‍ത്തകരോ. നിങ്ങളുടെ ഉള്ളിലെ ആ ഒരാളെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ തൊട്ടപ്പന്‍ എന്നെഴുതാന്‍ മറക്കരുത്.
ജീവിതത്തിലെ തൊട്ടപ്പനെക്കുറിച്ചുള്ള കുറിപ്പുകള്‍ ആരംഭിക്കുന്നു. ആദ്യ ലക്കത്തില്‍, ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്‍ എന്ന സിനിമയുടെ കഥയെഴുതിയ പ്രശസ്ത കഥാകൃത്ത് ഫ്രാന്‍സിസ് നൊറോണയുടെ കുറിപ്പ്.
........................................................................................................................................................................
ഒരു ഫിയാത്തിലൂടെ (ഒരു വലിയ ദൗത്യം ഏറ്റെടുക്കാമെന്നുള്ള സമ്മതം.) മറ്റൊരാളുടെ ജീവതത്തില്‍ എല്ലാമാകുന്നവനാണ് തൊട്ടപ്പന്‍. അനുഗ്രഹത്തിന്റെ വിരലുകളാണ് അയാള്‍ക്കുള്ളത്. എപ്പോഴാണ് അതിലൊന്ന് നമ്മുടെ ശിരസ്സിനെ തൊടുക, അന്നുമുതല്‍ നമ്മുടെ കാവലാളായി അയാള്‍ മാറുന്നു. ജീവിതത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു തൊട്ടപ്പനുണ്ട്. അല്ലെങ്കില്‍ ഒരു തൊട്ടപ്പനുവേണ്ടി നമ്മളിപ്പോഴും കാത്തിരിക്കുന്നുണ്ടാവാം.
അയാളാരുമാകാം. ആണോ പെണ്ണോ കുഞ്ഞോ കൂടപ്പിറപ്പോ. ജാതിയോ മറ്റുവേര്‍തിരിവുകളൊ ഒന്നുമതിനു തടസ്സമല്ല. അയാള്‍ക്കൊരു പേരുപോലും വേണമെന്നില്ല. നെറുകയിലെ അയാളുടെ കൈവെയ്പ്പില്‍ മണ്ണ് കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ബന്ധത്തിനാണ് നാമ്പു മുളയ്ക്കുന്നത്. മനുഷ്യരുടെയും മാലാഖമാരുടെയും ഇടയില്‍ ഉണ്ടായിട്ടുള്ള സ്നേഹത്തിന്റെ എല്ലാ നിര്‍വ്വചനങ്ങള്‍ക്കും അപ്പുറമാണ് ആ ഇഴചേരല്‍. അപ്രകാരം നമ്മെ മരണത്തോളവും ഒരുപക്ഷെ അതിനപ്പുറത്തേക്കും ചേര്‍ത്തു പിടിക്കുന്ന ഒരാളെ തൊട്ടപ്പനെന്ന് പേരിട്ടു വിളിക്കാനാണ് എനിക്കിഷ്ടം. കഥയില്‍ ഞാന്‍ ചെയ്തതും അതു തന്നെയാണ്.
ഇതുപോലെയുള്ള ചിലര്‍ എന്റെ ജീവിതത്തിലുമുണ്ട്. അക്ഷരം പഠിപ്പിച്ച മാര്‍ഗരറ്റ് മമ്മ. നിന്റെ എഴുത്തിനു കുടുംബ ജീവിതമാണ് നല്ലതെന്നും പറഞ്ഞ് സെമിനാരിയില്‍ ചേരാന്‍ചെന്ന എന്നെ തിരിച്ചയച്ച തിരുഹൃദയ ആശ്രമത്തിലെ പാതിരി. എന്തുവന്നാലും തളരാതെ ജീവിതത്തെ ചേര്‍ത്തുപിടിക്കുക എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്ന മെഡിക്കല്‍ കോളേജിലെ ആനി നേഴ്സ്. ആരൊക്കെ അകന്നുപോയാലും നിനക്ക് ഞാനില്ലേ എന്ന് ഓര്‍മ്മപ്പെടുത്തുന്ന മേരി. നിനക്കുവേണ്ടി പ്രാര്‍ത്ഥിക്കാതെ ഞാനുറങ്ങാറില്ല എന്ന മഠത്തിലെ മദറിന്റെ ബലം. എഴുത്തിന്റെ ദൈവം നിന്നോടു കൂടെയുണ്ട് എന്നു പറയാറുള്ള അരവിന്ദന്‍. കെ. എസ്. മംഗലം. എഴുത്തിലെന്നും എനിക്കു കരുത്തായ ജുബിറ്റ്.
സാഹിത്യ രചന തുടങ്ങിയ നാളുകളില്‍ കഥകള്‍ ആഴ്ച്ചപ്പതിപ്പുകള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ മത്സരങ്ങള്‍ക്ക് അയയ്ക്കുന്നതിലായിരുന്നു താല്‍പ്പര്യം. കോമ്പറ്റീഷന് കൊടുത്താല്‍ എന്തായാലും ഒരു റിസള്‍ട്ട് ഉണ്ടാവും. സമ്മാനത്തിനു അര്‍ഹനായാല്‍ മെച്ചപ്പെട്ട തുക കൈയോടെ വാങ്ങുകയും ചെയ്യാം. കിട്ടുന്ന കാശ് വീട്ടിലെ ആവശ്യങ്ങള്‍ക്ക് ആശ്വാസവുമായിരുന്നു.
എറണാകുളം ലൂര്‍ദ്ദ് ആശുപത്രിയില്‍ മേരിയെ ഡെലിവറിക്ക് അഡ്മിറ്റ് ചെയ്ത സമയത്താണ് എനിക്ക് ശാലോം മീഡിയയുടെ കഥയ്ക്കുള്ള അവാര്‍ഡ് കിട്ടുന്നത്. സമ്മാനം വാങ്ങി പെട്ടെന്ന് തിരിച്ചെത്താമെന്നും പറഞ്ഞ് പാതിരാവണ്ടിക്ക് കോഴിക്കോടിനുപോയി. വെളുപ്പിന് പെരുവണ്ണാമൂഴിയിലെത്തി. ബിഷപ്പ് മാക്സ്വെല്‍ നൊറോണ അതിഥിയായിട്ടുള്ള വലിയൊരു ചടങ്ങ്. അവിടെവെച്ചാണ് ജെ. ജുബിറ്റിനെ പരിചയപ്പെടുന്നത്. നോവലിന് അദ്ദേഹത്തിനായിരുന്നു അവാര്‍ഡ്. പരിപാടി കഴിഞ്ഞ് മുന്തിയ ഒരു വിരുന്നുണ്ടായിരുന്നു. കിട്ടിയ കവറില്‍ കാശുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് ഞാനതില്‍ പങ്കെടുക്കാതെ ആശുപത്രിയിലേക്ക് മടങ്ങി.
പിന്നീട് ജുബിറ്റിനെ കാണുന്നത് ആലപ്പുഴയില്‍ വെച്ചാണ്. ഞങ്ങളൊന്നിച്ച് കുറച്ചു കാലം ആലപ്പുഴയില്‍ ജോലിചെയ്തിരുന്നു. ആ സമയത്താണ് 'അശരണരുടെ സുവിശേഷം' എന്ന നോവല്‍ എഴുതാന്‍ തുടങ്ങുന്നത്. ഒരു ചെറിയ നോട്ടുബുക്കില്‍ ഓരോ അദ്ധ്യായവും എഴുതി ജുബിറ്റിനെ കാണിക്കും. വായിച്ചിട്ട് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. മിക്കവാറും പേജിന്റെ മാര്‍ജിനില്‍ രണ്ടുവരയോ, ചോദ്യചിഹ്നമോ അതുമല്ലെങ്കില്‍ ബോറാണ്, മാറ്റണം, പുതുമയില്ല, മറ്റൊരു രീതിയില്‍ പറയുക എന്നിങ്ങനെയുള്ള ചെറിയ ഇടപെടലേ കാണൂ. ഇപ്രകാരം കുറിക്കുന്ന വാക്കുകളിലൂടെ കഥയില്‍ വരുത്തേണ്ട മാറ്റം എന്താണെന്ന് പെട്ടെന്നു മനസ്സിലാകുമായിരുന്നു. തിരുത്തലുകളില്‍ തൃപ്തി വരുന്നതുവരെ മാറ്റിയെഴുതാനുള്ള എന്റെ മനസ്സും ആവര്‍ത്തിച്ചു വായിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷമയുമാണ് രചനകളെ പൂര്‍ണ്ണതയിലേക്കെത്തിച്ചിരുന്നത്.
നോവല്‍ പൂര്‍ത്തിയാകുമ്പോഴേക്കും അദ്ദേഹത്തിനു ചേര്‍ത്തലയിലേക്ക് ട്രാന്‍സ്ഫര്‍. ഡി റ്റി പി. ചെയ്ത കോപ്പി ഞാനയച്ചുകൊടുത്തു. ഒരുമാസം കഴിഞ്ഞപ്പോള്‍ എനിക്കൊരു മറുപടി കിട്ടി. നോവലിനോടു ചേര്‍ത്തുവെച്ചിരുന്ന കടലാസിലെ നിര്‍ദ്ദേശങ്ങള്‍ ഇത്തിരി ബുദ്ധിമുട്ടുള്ളതായിരുന്നു. എന്നാലും അവസാന പന്ത്രണ്ട് അദ്ധ്യായങ്ങളും മാറ്റിയെഴുതി. നോവല്‍ ഡി.സി. ബുക്സിന് അയച്ചിട്ട് കാത്തിരുന്നു. ഡി.സി.യുടെ പബ്ലിക്കേഷന്‍ കമ്മറ്റി അത് സ്വീകരിച്ചു. പിന്നീട് ബെന്യാമിന്റെ അവതാരികയോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു.
......................................................................................................................................................................
തൊട്ടപ്പന്‍ എന്ന കഥയെഴുതുമ്പോഴും ഇതുപോലെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ആറുമാസമെടുത്തു കഥ പൂര്‍ത്തിയാവാന്‍. അവസാന വായനയിലാണ് ക്ലൈമാക്സ് മാറ്റിയെഴുതണമെന്ന് ജുബിറ്റ് പറയുന്നത്.
തൊട്ടപ്പന്‍ എന്ന കഥയെഴുതുമ്പോഴും ഇതുപോലെയൊരു അനുഭവമുണ്ടായിട്ടുണ്ട്. ആറുമാസമെടുത്തു കഥ പൂര്‍ത്തിയാവാന്‍. അവസാന വായനയിലാണ് ക്ലൈമാക്സ് മാറ്റിയെഴുതണമെന്ന് ജുബിറ്റ് പറയുന്നത്. അത് തിരുത്തിയെഴുതാന്‍ വീണ്ടും കുറേ രാത്രികള്‍ വേണ്ടിവന്നു. ഉറക്കമിളപ്പില്‍ തെളിഞ്ഞ ആ കഥ മാതൃഭൂമിയില്‍ വരികയും ഏറെ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും കാരണമാവുകയും ചെയ്തു. എന്റെ ആദ്യ കഥാസമാഹാരം ഡി.സി. ബുക്സ് പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ ടൈറ്റില്‍ കക്കുകളി വേണോ തൊട്ടപ്പന്‍ മതിയോ എന്നൊരു ആശയക്കുഴപ്പമുണ്ടായിരുന്നു. ജുബിറ്റാണ് തൊട്ടപ്പനെന്ന് ഉറപ്പിച്ചത്. ജുബിറ്റിനും ഡി.സി.യിലെ അരവിന്ദന്‍ സാറിനുമാണ് കഥാസമാഹാരം സമര്‍പ്പിച്ചിരിക്കുന്നത്.
സാഹിത്യത്തിലേക്ക് ഞാനെത്തുന്നതിനും എത്രയോ കാലം മുന്നേ എഴുത്തിലേക്ക് കടന്നുവന്നയാളാണ് ജുബിറ്റ്. സാധാരണ എഴുത്തുകാര്‍ക്ക് തോന്നുന്ന ഈഗോയൊന്നും ഇല്ലാത്തൊരാള്‍. സ്വന്തം കഥകളും നോവലുകളും സമാഹരിക്കാതെ കിടക്കുമ്പോഴും എന്റെ മൂന്നാമത്തെ പുസ്തകത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ സംസാരം. തീരവും കണ്ടലും പൊഴിയും നിറയുന്ന ഭൂമികയില്‍ എഴുതി തുടങ്ങിയ എന്നെ തികച്ചും വ്യത്യസ്ത രചനകളായ ഉറുക്ക്, ച്യൂയിംഗ് ചെറീസ്, എനം തുടങ്ങിയ കഥകളിലേക്കെത്തിച്ചതില്‍ അദ്ദേഹത്തിനും പങ്കുണ്ട്.
എഴുത്തിലെ തൊട്ടപ്പനെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കുന്നതിനു മുന്‍പ് ഷാനവാസ് കെ ബാവാക്കുട്ടിയെക്കുറിച്ചു രണ്ടുവരി എഴുതട്ടെ. കേവലം രണ്ടു സിനിമയിലൂടെ എത്രയെത്ര നവാഗതരെയാണ് ഈ മനുഷ്യന്‍ സിനിമയിലേക്കെത്തിച്ചിരിക്കുന്നത്. സംവിധായകന്റെ ജാഡകളൊന്നുമില്ലാത്ത പൊന്നാനിയുടെ ജനകീയ സിനിമാപ്രേമിയുടെ കൈകളില്‍ തൊട്ടപ്പനെ ഏല്‍പ്പിക്കാനായത് ഭാഗ്യമായി കരുതുന്നു. അദ്ദേഹം തൊട്ടു വിട്ട ഒട്ടനവധിപേര്‍ ഇന്ന് മലയാള സിനിമയില്‍ നക്ഷത്രങ്ങളാണ്.
ഓരോ മനുഷ്യനും ഒരു തൊട്ടപ്പനുവേണ്ടി കാത്തിരിക്കുന്നുണ്ട്. നിങ്ങളുടെ അടുത്തെവിടെയോ അയാളുണ്ട്. ഇത്രകാലവും കൊണ്ടുനടന്ന ഇടയസങ്കല്‍പ്പങ്ങളുടെയെല്ലാം പൂര്‍ണ്ണതയാണ് അയാള്‍. വിമ്മി നില്‍ക്കുന്ന നിമിഷങ്ങളില്‍ നെറുകയെ തണുപ്പിക്കാനായി അയാളുടെ കൈ നിങ്ങളുടെ ശിരസ്സിനെ തേടുന്നുണ്ട്. മുങ്ങുന്ന തോണി കണ്ട കരക്കാഴ്ച പോലെ, വിശപ്പിനെ തണുപ്പിച്ച മണ്‍കലത്തിലെ വറ്റുപോലെ 'തൊട്ടപ്പന്‍' നമ്മുടെ ജീവിതത്തോടു അത്രമേല്‍ ഒട്ടി നില്‍ക്കുന്നു. പ്രാന്തന്‍കണ്ടലിന്‍ കീഴെ നിന്ന് അയാള്‍ നടന്നു വരുന്നത് നമ്മുടെ ജീവിതത്തിലേക്ക് തന്നെയാണ്.