കടലും മലയും കാണാന്‍ ഇത്ര കഷ്ടപ്പെട്ട്  വിദൂരയാത്രകള്‍ പോവുന്നത് എന്തിനാണ്?

'കടല്‍ കാണാന്‍ അവിടെ പോവണോ? ഇവിടുന്നും കാണാമല്ലോ, നമ്മള്‍ കടല്‍ കണ്ടിട്ടല്ലേ, മല കയറിയത്, നമുക്ക്  മസ്‌കറ്റില്‍ നിന്താന്‍ പോകാമായിരുന്നു, എ സിയിട്ട് ഉറങ്ങാമായിരുന്നു, കളിക്കാമായിരുന്നു.....'ലക്ഷ്മി വി എഴുതുന്നു

thinking of travel and self expressions by Lakshmi V

എല്ലാത്തിലുമുണ്ടാവും ഈ സന്ദേഹം. എന്തെങ്കിലും എഴുതാം എന്ന് വച്ചാല്‍ ആദ്യം തോന്നും, എന്തിനാണിത് ചെയ്യുന്നത്? എന്താണതിന് ഗുണം? പിന്നെയാ തോന്നല്‍ നീണ്ടു നീണ്ട് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ആ  ചോദ്യത്തില്‍ ചെന്നു നില്‍ക്കും. എന്തിനാണ് ജീവിതം? എന്താണ് അതിനര്‍ത്ഥം?  സുഹൃത്തായ ഹന്ന ഇടയ്ക്കു പറയുന്ന ജീവിതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പറച്ചിലുകള്‍ ഓര്‍മ്മ വരും. ജീന്‍ കൈമാറാന്‍ വേണ്ടി മാത്രം ജന്മമെടുത്ത ഇടനിലക്കാരി എന്നതിനപ്പുറം മറ്റെന്താണ് ജീവിതത്തില്‍ നമ്മുടെ  ജന്മലക്ഷ്യം?thinking of travel and self expressions by Lakshmi V

രണ്ടു വര്‍ഷം മുമ്പാണ്. ഞങ്ങള്‍ ഒമാനിലെ സവാധി ബീച്ച് കാണാന്‍ പോയി. കൂടെയുള്ളത് ഫിലിപ്പീന്‍സ് സ്വദേശിയായ അടുത്ത സുഹൃത്താണ്. അപ്പൂപ്പന്‍ താടി പോലെ പറന്ന് നടക്കുന്ന മനസ്സുളള ഒരുത്തന്‍. ബന്ധങ്ങളുടെയോ ജീവിതത്തിന്റെയോ  കെട്ടുകളില്‍ ഇതുവരെ അകപ്പെട്ടിട്ടില്ലേ ഇയാളെന്ന് തോന്നുംവിധം ദിവസങ്ങള്‍ ആഘോഷമാക്കി നടക്കുന്ന ഒരാള്‍. അന്നന്ന് നേരിടുന്ന പ്രതിസന്ധികളെല്ലാം, ഒരു രാപ്പകല്‍ കഴിഞ്ഞാല്‍ കഥ പോലെ കൂളായി പറയാന്‍ കഴിയുന്നവന്‍. 

ചുറ്റുമുള്ള ചിലരെ അറിയാമോ എന്ന് ചിലപ്പോള്‍ ഞാന്‍ അയാളോട് ചോദിക്കാറുണ്ട്. അറിയില്ല എന്ന് ചുമ്മാ പറയും. ഈ പറയുന്ന ആളുകള്‍ക്കൊക്കെ എന്നെ അറിയുമോ എന്ന് തിരിച്ചു ചോദിക്കും. അപ്പോള്‍ ഞാന്‍  ചോദിക്കും, നിനക്ക് നരേന്ദ്ര മോദിയെ എങ്കിലും അറിയുമോ എന്ന്! എന്നെ അറിയാത്തവരെ എനിക്കും അറിയില്ല എന്നാവും ചെറുചിരിയോടെയുള്ള മറുപടി. അപ്പുപ്പന്‍ താടി പോലെ ഒറ്റയ്ക്ക് അനായാസം പറന്നുപറന്ന്, നമുക്ക് മുന്നിലെത്തി അയാള്‍ നമ്മളെ കൊതിപ്പിച്ചും, ചിരിപ്പിച്ചും നമുക്ക് മുകളിലൂടെ കടന്നു പോകും.

അയാളെ കാണുമ്പോള്‍, ആ അനായാസത കാണുമ്പോള്‍ നമ്മള്‍ തീരെ ചെറുതായി പോവുന്നതുപോലെ തോന്നും. ഉള്ളതും, ഇല്ലാത്തതുമായ സകല പ്രയാസങ്ങളും മനസ്സിലേറ്റി ഗുണിച്ചും, ഹരിച്ചും മനസ്സില്‍ നിന്ന് തൂവാതെ കൊണ്ടു നടക്കുന്ന ഒരുവളാണല്ലോ ഞാനെന്ന് തോന്നും. 

സവാധി ബീച്ചില്‍ മുമ്പും പോയിട്ടുണ്ട്. എഴുപത്തഞ്ചു കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ച് കരയവസാനിക്കുന്ന കോണില്‍ ഒരു പച്ചക്കടല്‍. അതിനപ്പുറം, കരയില്‍ നിന്നും കാണാവുന്ന ഒരു ദ്വീപാണ്. നനഞ്ഞു പതിഞ്ഞ മണല്‍തിട്ടയില്‍ പലവിധ ശംഖുകള്‍ നീണ്ട പരവതാനി  വിരിച്ചിടും. വേലിയേറ്റ നേരങ്ങളില്‍, കടല്‍ കണ്ണ് തുറക്കുന്നേരം വെള്ളം വഴി മാറി നില്‍ക്കും. കടല്‍ കണ്ണുപൂട്ടിയുറങ്ങുമ്പോള്‍ വീണ്ടും ജലം കയറി വന്ന് ചെറുതാരാട്ടീണത്തില്‍ തിരയടിക്കും. വേലിയിറക്കസമയത്ത് കടല്‍ നടന്നുകടന്ന് ഒരു മല കയറി ദ്വീപിലെ ഒരു കോട്ടയില്‍ എത്തണം. പാറക്കല്ലില്‍  കൊത്തിയ പടികള്‍ നടന്നുകയറണം. പിന്നെയാ കോട്ട ഒന്നു ചുറ്റി കാണണം.  ഇരുളടഞ്ഞ ചെങ്കുത്തായ പടികള്‍ തപ്പിക്കയറി മുകളിലെ നിരയിലെത്തണം. അവിടെ നിന്ന് പച്ചക്കടലിന്റെ അനന്തതയിലേക്കു നോക്കി നില്‍ക്കണം. അത്രയേള്ളൂ, യാത്രയുടെ മാര്‍ഗവും ലക്ഷ്യവും. 

അവിടെനിന്നു കണ്ടാല്‍ മണല്‍ പൊതിഞ്ഞ മലഞ്ചെരിവിലൂടെ കുതിച്ചു കയറുന്ന വണ്ടികള്‍ കുട്ടികള്‍ ഉരുട്ടി കളിക്കുന്ന കളിവണ്ടികളാണെന്നേ തോന്നൂ.  വണ്ടികളുടെ കുത്തിയിരമ്പല്‍ ഒരു ഭാഗത്ത് കേള്‍ക്കാം. മറുഭാഗത്ത് കടലിരമ്പം! ഓരോ ചുവട് മലകള്‍ കയറുമ്പോഴും ഫിലിപ്പീനി സുഹൃത്ത് ചോദിക്കും, 'ഇതെന്തിനാണ് നമ്മളിങ്ങനെ മല കയറുന്നത്?'  

.......................................................................................................................

എന്തെങ്കിലും എഴുതാം എന്ന് വച്ചാല്‍ ആദ്യം തോന്നും, എന്തിനാണിത് ചെയ്യുന്നത്? എന്താണതിന് ഗുണം?

.......................................................................................................................

ആദ്യമാദ്യം അതത്ര ശ്രദ്ധിച്ചില്ലെങ്കിലും കേട്ടുകേട്ട് അത് കാതുകളിലും പിന്നിട് ഹൃദയത്തിലും ബുദ്ധിയിലുമെത്തും. സത്യത്തില്‍ എന്തിനാണിത്ര കഷ്ടപ്പെട്ട് മല കയറുന്നത് എന്നൊരു ചോദ്യം നമ്മുടെ ഉള്ളിലും ഉണരും. എന്നാലും, ആ മലകയറ്റവും കടലും ദ്വീപും വിതയ്ക്കുന്ന സ്വപ്‌നാഭമായ തോന്നല്‍ ആ ചോദ്യങ്ങളെ തിരമാലകളെപ്പോലെ മായ്ച്ചുകളയും. 

നടന്നുനടന്ന് കാല്‍ കുഴഞ്ഞപ്പോള്‍ അയാള്‍ എന്നോട് വീണ്ടും ചോദിച്ചു, 'ഇനി എത്ര ദൂരമുണ്ട്? നമ്മള്‍ എന്തിനാണിങ്ങനെ കഷ്ടപ്പെടുന്നത്?'  

'നടന്നു കയറിയാല്‍ കോട്ടയിലെത്താമല്ലോ. അവിടുന്ന് കടല്‍ കാണാല്ലോ', ഞാന്‍ പറഞ്ഞു. 
 
'കടല്‍ കാണാന്‍ അവിടെ പോവണോ? ഇവിടുന്നും കാണാമല്ലോ, നമ്മള്‍ കടല്‍ കണ്ടിട്ടല്ലേ, മല കയറിയത്, നമുക്ക്  മസ്‌കറ്റില്‍ നിന്താന്‍ പോകാമായിരുന്നു, എ സിയിട്ട് ഉറങ്ങാമായിരുന്നു, കളിക്കാമായിരുന്നു.....'

അയാളതിന് മറുപടി പറഞ്ഞു. ശരിയാണല്ലോ എന്നാര്‍ക്കും തോന്നാവുന്ന യുക്തിഭദ്രമായ സംശയങ്ങള്‍. നമ്മളുമന്നേരം ആശയക്കുഴപ്പത്തിലാവും. 

ഞാനതിനും എന്തോ മറുപടി പറഞ്ഞു.  എന്നാല്‍, ആ മറുപടിയില്‍ ഒട്ടും തൃപ്തനാവാതെ അയാള്‍ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. 'നമ്മളെന്തിന് ഇങ്ങനെ കഷ്ടപ്പെടണം? എന്തിന് ഇങ്ങനെയൊക്കെ ചെയ്യണം' 

പിന്നീട് ഇക്കാര്യം പറഞ്ഞ്  ഞാനും ഭര്‍ത്താവും പലപ്പോഴും ചിരിക്കാറുണ്ട്. ഇതിനൊക്കെ എന്തു പറയാനാണ്? പ്രത്യേകിച്ച് കാര്യങ്ങള്‍ ഒന്നുമില്ലാത്തവരുടെ ജീവിതത്തെക്കുറിച്ച് ആധികാരികമായി മറ്റെന്ത് മറുപടി പറയാന്‍? ഒന്നും ഒന്നിനുമല്ല. ലക്ഷ്യങ്ങളില്ല, കാരണങ്ങളില്ല, ഉത്തരവുമില്ല.
 
എല്ലാത്തിലുമുണ്ടാവും ഈ സന്ദേഹം. എന്തെങ്കിലും എഴുതാം എന്ന് വച്ചാല്‍ ആദ്യം തോന്നും, എന്തിനാണിത് ചെയ്യുന്നത്? എന്താണതിന് ഗുണം? പിന്നെയാ തോന്നല്‍ നീണ്ടു നീണ്ട് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ആ  ചോദ്യത്തില്‍ ചെന്നു നില്‍ക്കും. എന്തിനാണ് ജീവിതം? എന്താണ് അതിനര്‍ത്ഥം?  സുഹൃത്തായ ഹന്ന ഇടയ്ക്കു പറയുന്ന ജീവിതത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പറച്ചിലുകള്‍ ഓര്‍മ്മ വരും. ജീന്‍ കൈമാറാന്‍ വേണ്ടി മാത്രം ജന്മമെടുത്ത ഇടനിലക്കാരി എന്നതിനപ്പുറം മറ്റെന്താണ് ജീവിതത്തില്‍ നമ്മുടെ  ജന്മലക്ഷ്യം?
 
സാധാരണക്കാരുടെ എഴുത്തും, ജീവിതവും എന്തിനു വേണ്ടിയെന്നത് ഒരു പ്രതിസന്ധി തന്നെയാണ്. എന്തിനാണ് നമ്മള്‍ സ്വയം പകര്‍ത്തുന്നത്? ആവിഷ്‌കരിക്കുന്നത്?  ഒരാവര്‍ത്തി കൂടി വായിച്ചാല്‍, മായ്ച്ചു  കളയാനുള്ള വരികള്‍ അല്ലാതെ മറ്റെന്താണ് നമ്മള്‍ എഴുത്തെന്ന് വിളിച്ചുപോരുന്ന ഈ സംഗതി?  തിരിച്ചും മറിച്ചുമാലോചിച്ചാല്‍ അപ്രസക്തമാകുന്ന ചിന്തകള്‍ നമ്മള്‍ എന്തിനെഴുതണം? എത്രയോ കാലമായി പലരും പറഞ്ഞുപോരുന്ന കാര്യങ്ങള്‍ക്കപ്പുറം നമുക്കെന്താണ് പറയാനുള്ളത്? ഇങ്ങനെയൊക്കെ ആലോചിച്ചാല്‍ ഉത്തരം മുട്ടും. 

മഹായാത്രികനും ദാര്‍ശനികനും പ്രകൃതിനിരീക്ഷകനുമായ പീറ്റര്‍ മാത്തിസണ്‍ യാത്രകളെക്കുറിച്ച് പറയുന്ന വാചകം ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കുള്ള ഒരു താക്കോല്‍ വാചകമാവുമെന്ന് തോന്നുന്നു. 

യാത്ര തന്നെയാണ് യാത്രയുടെ മാര്‍ഗവും ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. യാത്രയുടെ ലക്ഷ്യം യാത്ര തന്നെയാണ്. ജീവിതവും ജീവിതത്തിലെ നമുക്ക് മനസ്സിലാവുന്നതും അല്ലാത്തതുമായ മറ്റനവധി കാര്യങ്ങളും ഇതു പോലെ തന്നെയല്ലേ? ജീവിക്കുന്നത് ജീവിക്കാന്‍ വേണ്ടിതെന്നയാണ്. അതിന്റെ  അര്‍ത്ഥവും ജീവിതവും തന്നെയാണ്. കടല്‍ കാണാന്‍ മറ്റിടങ്ങളുള്ളപ്പോഴും നമ്മള്‍ വിദൂര ദേശങ്ങളില്‍ വന്ന് വലിയ മലകള്‍ വലിഞ്ഞു കയറി ഉന്നതശൃംഗങ്ങളില്‍നിന്നും കടലു കാണുന്നതും ഇതു കൊണ്ടു തന്നെ. അതിലേക്കുള്ള യാത്ര. അതിന്റെ ത്രില്‍. മറ്റെവിടെനിന്നും കാണാനാവാത്തതു പോലെ കടലിന്റെ അതിമനോഹരമായ കാഴ്ചയില്‍ ചെന്നു വീഴാനുള്ള സാദ്ധ്യത. 

നമ്മുടെ എഴുത്തുകള്‍ക്കും കലാവിഷ്‌കാരങ്ങള്‍ക്കും ഇത് ബാധകം തന്നെ. നമ്മുടെ തോന്നലുകള്‍, നമ്മുടെ നിരീക്ഷണങ്ങള്‍, അവ പറയുന്നത്, എഴുതുന്നത് അതിനു വേണ്ടിതന്നെയാണ്. ആ എഴുത്തും ആലോചനയും നല്‍കുന്ന സന്തോഷം തന്നെയാണ് അതിന്റെ മാര്‍ഗ്ഗവും ലക്ഷ്യവും.

Latest Videos
Follow Us:
Download App:
  • android
  • ios