'യാത്രക്കൂലിക്കുള്ള കവര്‍ തുറന്നുനോക്കിയപ്പോള്‍ ആകെ ഞെട്ടി!'

എനിക്കും ചിലത് പറയാനുണ്ട്: തൃശൂര്‍ കൈപ്പമംഗലത്തെ കാളമുറി മസ്ജിദുല്‍ മുബാറക്കിലെ ഇമാമായ  മാലിക് വീട്ടിക്കുന്ന് എഴുതുന്നു 

Speak up a special series for quick response Malik Veettikunnu

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.Speak up a special series for quick response Malik Veettikunnu
കോഴിക്കോടിന്റെ വടക്കുള്ള ഒരു ഗ്രാമത്തിലായിരുന്നു പരിപാടി. നോമ്പ് തുടങ്ങുന്നതിന്റെ മുമ്പുള്ള റമദാന്‍ പ്രഭാഷണം. ഞായറാഴ്ച മഗ്‌രിബിനു ശേഷമാണ് പ്രോഗ്രാം. അഞ്ചു മണിക്കെങ്കിലും കോഴിക്കോടെത്തണമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. 

ആദ്യമായാണ് ഇത്രയും ദൂരേക്ക് പരിപാടിക്ക് പോകുന്നത്. വിഷയം പലതവണ റെഫര്‍ ചെയ്ത് ഒരുങ്ങി. നേരത്തെ തന്നെ തൃശൂരില്‍ നിന്ന് പുറപ്പെട്ടു. 150 ഓളം കിലോമീറ്റര്‍ യാത്ര ചെയ്യണം. ചുട്ടുപൊള്ളുന്ന വെയിലാണ്. ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പൂതി കെട്ടു. എങ്കിലും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കുന്ന സംഘാടകരെ ഓര്‍ത്തു. അഞ്ചു മണിക്കൂര്‍ നേരത്തെ പൊരിവെയില്‍ യാത്രക്കൊടുവില്‍ കോഴിക്കോടെത്തി. 

ഉച്ചയ്ക്ക് ഊണു കഴിച്ചിരുന്നില്ല. ഹോട്ടലില്‍ കയറി ചെറിയ തോതില്‍ ഭക്ഷണം കഴിച്ചു. പ്രസംഗിക്കാന്‍ ക്ഷണിച്ചിരുന്ന വ്യക്തിയുടെ ഫോണിലേക്ക് വിളിച്ചു. അയാള്‍ സ്ഥലത്തില്ലെന്നും മറ്റൊരാള്‍ വന്നു കൂട്ടിക്കോളും എന്നും പറഞ്ഞ് അയാളുടെ നമ്പര്‍ തന്നു. വിളിച്ചപ്പോള്‍ ബിസിയോടു ബിസി! മനസ്സില്‍ അസ്വസ്ഥത പെരുകി. തിരിച്ചു പോയാലോ എന്ന് പോലും ചിന്തിച്ചു. അപ്പോഴാണ് ഞെട്ടലോടെ ആ സത്യം തിരിച്ചറിഞ്ഞത്. മടക്കയാത്രയില്‍ കഷ്ടിച്ച് പകുതി ദൂരം വരെ എത്താനുള്ള പണം മാത്രമേ കയ്യിലുള്ളൂ...! 

കോഴിക്കോടുള്ള പരിചിത മുഖങ്ങളെ മനസ്സില്‍ പരതി. പെട്ടെന്ന് ആരെയും ഓര്‍മ്മ വന്നില്ല. അതിനിടെ മൊബൈല്‍ ശബ്ദിച്ചു. വിവരം പറഞ്ഞപ്പോള്‍ അര മണിക്കൂര്‍ കഴിയുമ്പോഴേക്ക് എത്താം എന്നറിയിച്ചു. മൊബൈലില്‍ തോണ്ടി മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു. വന്നയാളുടെ ബൈക്കില്‍ കയറി അര മണിക്കൂറിലധികം യാത്ര. സംഭവ സ്ഥലത്ത് എത്തുമ്പോള്‍ മഗ്‌രിബ് ബാങ്ക് വിളിക്കുന്നുണ്ടായിരുന്നു. ബെഞ്ചുകള്‍ കൂട്ടിയിട്ട് കെട്ടിയുണ്ടാക്കിയ സ്‌റ്റേജില്‍ മങ്ങിയ പ്രകാശം മാത്രം. മുന്നില്‍ കുറച്ച് കസേരകള്‍ കൂട്ടിയിട്ടിട്ടുണ്ട്. പള്ളിമുറ്റത്തെ തെങ്ങില്‍ ഒരു ബോക്‌സ് കെട്ടി വെച്ചിട്ടുണ്ട്. റോഡില്‍ നില്‍ക്കുന്നവര്‍ക്കല്ലാതെ മുന്നിലിരിക്കുന്ന ആര്‍ക്കും ഒന്നും കേള്‍ക്കാന്‍ സാധ്യതയില്ലെന്ന് മനസ്സ് മന്ത്രിച്ചു. 

ഒരു പരിപാടി നടക്കാന്‍ പോകുന്നതിന്റെ കാര്യമായ ലക്ഷണം ഒന്നുമില്ല. അതോടെ മനസ്സ് ചത്തു. നമസ്‌കാരം കഴിഞ്ഞപ്പോള്‍, പരിപാടി തുടങ്ങാന്‍ എട്ടുമണിയാകുമെന്നും ഇത്തിരി നേരം കാത്തിരിക്കണമെന്നും ഒരാള്‍ പറഞ്ഞു. അന്യഗ്രഹ ജീവിയെപ്പോലെ പള്ളിമൂലയില്‍ വിശ്രമിച്ചു. പരിപാടി കഴിയാന്‍ ചുരുങ്ങിയത് പത്തുമണിയെങ്കിലും ആകുമെന്ന് കണക്കു കൂട്ടി. നാളെ ഡ്യൂട്ടിയുള്ളതാണ്. പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്കാകും നാട്ടിലെത്തുക. പടച്ചവനേ! ഏത് സമയത്താണ് ഇങ്ങനെ ഒരു പരിപാടി ഏല്‍ക്കാന്‍ തോന്നിയത്... അസ്വസ്ഥത പാരമ്യത്തിലായി. 

എങ്കിലും മനസ്സ് ഇങ്ങനെ സാന്ത്വനപ്പെടുത്തി: സാരമില്ല, ദീനീ പ്രവര്‍ത്തനമല്ലേ, ക്ഷമിക്കുക. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം മാത്രം ആഗ്രഹിക്കുക... പ്രസംഗത്തിന്റ കുറിപ്പ് ഒന്നുകൂടി ഓടിച്ചു വായിച്ചു. അപ്പോഴേക്കും ഇശാ ബാങ്ക് കൊടുത്തു. 'ഇനി കാത്തു നില്‍ക്കണ്ട, തുടങ്ങാം' ഇങ്ങനെ പറഞ്ഞ് ഒരാള്‍ വന്ന് വേദിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. കണ്ണില്‍ കുത്തുന്ന പോലുള്ള ഒരു വെളിച്ചം വേദിയിലേക്ക് തിരിച്ചു വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നിലേക്ക് നോക്കുമ്പോള്‍ ഇരുട്ട് മാത്രം! സ്വാഗത ഭാഷണം കഴിഞ്ഞ് ഒരാള്‍ ഉത്ഘാടന പ്രഭാഷണം തുടങ്ങി. പലതവണ മൊബൈലില്‍ സമയം നോക്കി. 50 മിനിറ്റ് നേരത്തെ ബഹളം കഴിഞ്ഞ് വിയര്‍ത്തു കുളിച്ച് അയാള്‍ അടുത്തു വന്നിരുന്നു. ഞാന്‍ അദ്ദേഹത്തിനു നേരെ കൈനീട്ടി. ചിരിയോടെ അല്‍പ്പം തടിച്ച ആ മനുഷ്യന്‍ എന്റെ കയ്യില്‍ പിടിച്ചു. 'നന്നായി ട്ടോ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആ ചിരി ഒന്നുകൂടി വിരിഞ്ഞു. അയാള്‍ അത് ആഗ്രഹിച്ചിരുന്ന പോലെ തോന്നി. 

അപ്പോഴേക്കും എന്നെ ക്ഷണിച്ചു. ഹംദും സ്വലാത്തും പറഞ്ഞപ്പോള്‍ മനസ്സില്‍ ഒരു കുളിരു തോന്നി. മൈക്ക് തരക്കേടില്ല! അതുവരെയുള്ള മൂഡോഫ് നീങ്ങി. ശരീരത്തില്‍ ഉന്മേഷം പ്രസരിച്ചതോടെ വാക്കുകള്‍ ഇടതടവില്ലാതെ വന്നു. ഒന്നര മണിക്കൂര്‍ എന്നാണു പറഞ്ഞിരുന്നതെങ്കിലും ഒരു മണിക്കൂറില്‍ വിഷയം തീര്‍ത്തു. സദസ്സിലെ കരഘോഷം മനസ്സില്‍ ആനന്ദത്തിന്റ ആന്ദോളനമുണ്ടാക്കി. വേദിയില്‍ നിന്നിറങ്ങുമ്പോള്‍ അപരിചിത മുഖങ്ങളുടെ നിരവധി ഹസ്തദാനങ്ങള്‍... സമയം ഒന്നുകൂടി നോക്കി. പത്തുമണി കഴിഞ്ഞിരിക്കുന്നു!

എന്നെ വേഗം കോഴിക്കോട് സ്റ്റാന്റില്‍ കൊണ്ടുവിടണം. ഞാന്‍ സംഘാടകരോട് പറഞ്ഞു. 'ഭക്ഷണം റെഡിയാക്കിയിട്ടുണ്ട്, നമസ്‌കാര ശേഷം കഴിച്ചിട്ടു പോകാം' അവരുടെ നിര്‍ബന്ധത്തിനു വഴങ്ങുകയല്ലാതെ മാര്‍ഗമില്ലായിരുന്നു. ടിഫിന്‍ കാരിയര്‍ തുറന്നപ്പോള്‍ തന്നെ പുളിച്ച മണം പരന്നു. നേരത്തെ എപ്പോഴോ ഉണ്ടാക്കി വെച്ച ഭക്ഷണമാണ്. അല്‍പ്പം കഴിച്ചപ്പോഴേക്ക് മനംപിരട്ടി. പെട്ടെന്ന് കൈകഴുകി കൊണ്ടുപോകുന്നയാളുടെ വാഹനത്തിനു കാത്തുനിന്നു. ആളൊഴിഞ്ഞ നഗരത്തില്‍ എത്തുമ്പോള്‍ മണി പതിനൊന്നു കഴിഞ്ഞു... കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ കൊണ്ടുവിട്ട കൂട്ടുകാരന്‍ എന്റെ പോക്കറ്റിലേക്ക് ഒരു കവര്‍ നിക്ഷേപിച്ച് യാത്ര പറഞ്ഞു പോയി. 

അതാ, തൃശൂര്‍ ബോര്‍ഡ് വെച്ച സൂപ്പര്‍ ഫാസ്റ്റ്. ഞാന്‍ ഓടിക്കയറി. ബസില്‍ സൂചി കുത്താന്‍ ഇടമില്ല. ഞായറാഴ്ച ലീവ് കഴിഞ്ഞ് പോകുന്ന ദീര്‍ഘ ദൂര യാത്രക്കാരാണ് അധികം. ബസില്‍ ശ്വാസം മുട്ടി ഞാന്‍ നിന്നു. എപ്പോഴാണ് തൃശൂര്‍ എത്തുക എന്ന് ഒരു യാത്രക്കാരനോട് അന്വേഷിച്ചു. മൂന്നുമണി കഴിയും എന്ന് കേട്ടതോടെ ഞാന്‍ തളര്‍ന്നു. ടൗണില്‍ നിന്ന് ഒരു മണിക്കൂര്‍ ഓട്ടോയില്‍ യാത്ര ചെയ്താലേ താമസിക്കുന്ന സ്ഥലത്ത് എത്തൂ. ഒരു പോള കണ്ണടക്കാതെ നാളെ ജോലിക്ക് പോകേണ്ടി വരും... സുഹൃത്തായ ജബ്ബാറിക്കയോട് മൂന്നുമണിയോടെ തൃശൂരില്‍ എത്താന്‍ ശട്ടം കെട്ടി. കൂട്ടത്തില്‍ ചോദിച്ചു: ചാര്‍ജ് ഏകദേശം എത്രയാകും? '600 രൂപക്ക് മുകളിലാകും' - അദ്ദേഹം പറഞ്ഞു. 

ബസ് ചലിച്ചു തുടങ്ങി. ഉറക്കം പാഞ്ഞു കയറുന്ന കണ്ണുകളുമായി നിന്നുകൊണ്ടുള്ള യാത്ര. വല്ലാത്തൊരു അവസ്ഥ തന്നെയാണത്! രാമനാട്ടുകര കഴിഞ്ഞപ്പോഴാണ് കണ്ടക്ടര്‍ വന്നത്. ടിക്കറ്റ് കൊടുക്കാന്‍ പോക്കറ്റില്‍ കാശ് തികയില്ലല്ലോ. ഞാന്‍ പോക്കറ്റില്‍ നിന്ന് 'ടി.എ കവര്‍' എടുത്തു. തുറന്നു നോക്കിയ ഞാന്‍ ഞെട്ടി. തികച്ചും 500 രൂപ! സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും കണ്ണുകള്‍ തുളുമ്പി വന്നു. അതെ, എല്ലാം ദീനിന് വേണ്ടിയാണല്ലോ.
.................................................................................
സ്റ്റാര്‍ പദവി ഇല്ലാത്ത ഒരുപാട് പാവപ്പെട്ട പ്രഭാഷകരുടെ സങ്കടം മറ്റുള്ളവര്‍ അറിയാന്‍ വേണ്ടിയാണ് ഈ കുറിപ്പ്. അവരുടെ അധ്വാനം, യാത്ര, ജോലി നഷ്ടം, ക്ഷീണം തുടങ്ങി ഒന്നിനെയും മുഖവിലക്കെടുക്കാത്ത സംഘാടകര്‍. വണ്ടിക്കൂലിക്ക് പോലും തികയാത്ത ടി.എ നല്‍കി അവരെ ചതിക്കുമ്പോള്‍, ആത്മാഭിമാനം കൊണ്ട് മറ്റുള്ളവരോട് പറയാന്‍ കഴിയാതെ വിഷമം ഉള്ളിലൊതുക്കുന്നവര്‍. സര്‍ക്കാര്‍ ജോലിയില്ലാത്ത, ഗള്‍ഫ് റിട്ടേണ്‍ഡല്ലാത്ത, തുച്ഛ വരുമാനത്തിന് ജോലി ചെയ്യുന്ന പാവങ്ങള്‍. എന്നാണ് അവരെയൊക്കെ കണ്ടറിയാന്‍ നമുക്ക് സാധിക്കുക?

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios