'പുറത്ത് പഠിക്കണ പെണ്‍കുട്ടികള്‍ക്ക്  കല്യാണ മാര്‍ക്കറ്റില്‍ ഡിമാന്റ് കുറവാട്ടോ?'

എനിക്കും പറയാനുണ്ട്: സുമയ്യ ഫര്‍വിന്‍ എഴുതുന്നു

Speak up a special series for quick response by Sumayya Farwin

ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

Speak up a special series for quick response by Sumayya Farwin

'അയ്യോ പുറത്താണോ പഠിക്കുന്നത്? അതും ബാഗ്ലൂര്‍, 21 വയസായില്ലേ. വീട്ടില്‍ കല്യാണമൊന്നും നോക്കുന്നില്ലേ? പുറത്ത് പഠിക്കണ കുട്ടികള്‍ക്ക് കല്യാണ മാര്‍ക്കറ്റില്‍ ഡിമാന്റ് കുറവാട്ടോ? അല്ലെങ്കില്‍ ഇപ്പോ ആരെയോ കണ്ടു വെച്ചിട്ടുണ്ടാകും ലേ ?'

ഈയിടെ നാട്ടില്‍ പോയപ്പോള്‍ കേട്ടതാണ്. അങ്ങോട്ടെന്തെങ്കിലും പറയുന്നതിന് മുന്നെ ഇങ്ങോട്ട് തുരു തുരെ വന്ന മറുപടികള്‍.

ഇതിപ്പോള്‍ ആദ്യ അനുഭവമൊന്നുമല്ല.

'നിനക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ'

'ഒറ്റയ്ക്ക്, ഇത്ര ദൂരമൊക്കെ യാത്ര ചെയ്യാന്‍ പേടിയാവില്ലേ'

'നിങ്ങളെയൊക്കെ ഇങ്ങനെയൊക്കെ, പുറത്ത് പഠിക്കാന്‍ വിടോ?'

എന്റെ കുടുംബത്തിലെ ഇക്കാക്കാക്ക് കല്യാണാലോചന നടക്കുമ്പോള്‍, എന്റെ മുന്നില്‍ വെച്ചാണ് അമ്മായി പറഞ്ഞത്, 'പുറത്ത് പഠിക്കണ കുട്ടി വേണ്ടാട്ടോ?'

ഇങ്ങനെ എത്രയെത്ര പറച്ചിലുകള്‍ കേട്ടിരിക്കുന്നു. പക്ഷേ, ഒന്നറിയുക, പ്രിയപ്പെട്ട വീടും നാടും വിട്ട്, പുറത്തൊക്കെ പോകുന്നത്, നമ്മുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാനാണ്. അല്ലാതെ, നിങ്ങള്‍ കരുതുന്നതുപോലെ ജീവിതം ആഘോഷിക്കാനോ വഴി തെറ്റി അലയാനോ അല്ല. പഠനം എന്നതിന് പഠനം എന്നു തന്നെയാണ് ബാംഗ്ലൂരിലും അര്‍ത്ഥം.

എങ്ങനെയാണ് പുറത്ത് പഠിക്കുന്ന ആണ്‍കുട്ടികള്‍ ഇത്ര ഡിമാന്റുള്ളവരും പെണ്‍കുട്ടികള്‍ പുറമ്പോക്കും ആകുന്നത്? ആണ്‍കുട്ടികള്‍ക്ക് കിട്ടുന്ന ആദരവും ബഹുമാനവും പെണ്‍കുട്ടികള്‍ക്ക് കിട്ടാത്തത്. ഒരു കൂട്ടര്‍ അഭിമാനമാകുമ്പോള്‍ മറ്റേ കൂട്ടര്‍ അപമാനമായി കണക്കാക്കപ്പെടുന്നത്? 

അതിനുത്തരം ലിംഗപരമായ വിവേചനങ്ങളിലാണ്. ഓര്‍മ്മവെച്ച നാള്‍ മുതലേ കണ്ടും കേട്ടും വളരുന്നതാണത്. പെണ്ണെന്നാല്‍, ശരീരം മാത്രമാണെന്ന് കരുതുന്ന ഒരു പൊതുബോധത്തില്‍നിന്നാണ് അവയെല്ലാം പിറക്കുന്നത്. 

പുറത്ത് പഠിക്കുന്ന എല്ലാവരും പരമശുദ്ധരെന്ന്  ഞാന്‍ വാദിക്കുന്നില്ല. പക്ഷേ സാമാന്യവല്‍കരിക്കരുത്. 

എനിക്ക് പറയാനുന്തള്ളത്, എന്നെ പോലെ സ്വപ്നം കാണുന്ന പെണ്‍കുട്ടികളോടാണ്: ആരാണ് നമ്മുടെ സ്വപ്നങ്ങള്‍ക്ക് അതിരുകള്‍ നിര്‍ണയിക്കുന്നത്? ആരാണ് നമ്മുടെ ജീവിതത്തെ വിലയിരുത്തുന്നത്? 

നോക്കൂ, നമുക്കും പഠിക്കണം. അതെത്ര ദൂരെ ചെന്നായാലും. ഇട്ടാവട്ടത്തെ കോളേജും കടന്ന് നമുക്കും പുറത്ത് പോകണം. ജെ.എന്‍.യുവിലും ജാമിഅയിലും ഇഫ്‌ളുവിലുമൊക്കെ നമ്മടെ കൂട്ടത്തില്‍ എത്രയോ പേരുണ്ട്. ഒരിക്കല്‍ എങ്കിലും അവരോടൊക്കെ ഒന്ന് സംസാരിച്ച് നോക്കൂ. അപ്പോ അവര്‍ കാണിച്ചുതരുന്ന സാദ്ധ്യതകളുണ്ട്. അവര്‍ വരക്കുന്ന സ്വപ്നങ്ങള്‍ ഉണ്ട്, മനോഹരമായ സ്വപ്‌നങ്ങള്‍.

ഞാന്‍ പഠിക്കുന്നത് ബാഗ്ലൂരിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലാണ്. ഇഷ്ടപ്പെട്ട കോഴ്‌സ് തിരഞ്ഞെടുത്താണ് ഇവിടെ എത്തിയത്. ഇവിടമൊരു മിനി ഇന്ത്യയാണ്. നിരവധി ഭാഷകള്‍, സംസ്‌കാരങ്ങള്‍, വേഷങ്ങള്‍. അങ്ങനെ എല്ലാം വ്യത്യസ്തമാണ്. ഒരിക്കല്‍ പോലും എന്റെ വ്യക്തിത്വവും ആദര്‍ശവും അടിയറവ് വെച്ചിട്ടില്ല ഇവിടെ ജീവിക്കുന്നത്. ഈ ഹിജാബും പെണ്‍കുട്ടിയായതും ഒന്നും ഒരിക്കലും വിലങ്ങുതടിയായിട്ടില്ല. ഇത്രയൊക്കെ യാത്ര ചെയ്തപ്പോഴും വിഷമിക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്ന കുറേ കൂട്ടുകാരുണ്ട്. പല സംസ്‌ക്കാരങ്ങള്‍, ആഘോഷങ്ങള്‍, ഭാഷകള്‍. എല്ലാം അറിയുന്നുണ്ട്. നല്ല അറിവുള്ള അധ്യാപകരാണ് നയിക്കുന്നത്. പകലന്തിയോളം ചര്‍ച്ചകളില്‍ മുഴുകിയിട്ടുണ്ട്. മതിയാകുന്നത് വരെ ലൈബ്രറിയിലിരുന്നിട്ടുണ്ട്. അങ്ങനെ അറിയാത്ത പലതും അറിയുന്നുണ്ട്, പഠിക്കുന്നുണ്ട്. ഫീല്‍ഡ് ട്രിപ്പിന് ഉത്തരാഖണ്ഡിലും ഗവേഷണത്തിന് ദില്ലി തെരുവിലുമൊക്കെ ഇറങ്ങി നടന്നപ്പോഴാണ് യാഥാര്‍ത്ഥ ജീവിതങ്ങളെ അറിയുന്നത്. 

അങ്ങനെയങ്ങനെ പുറത്ത് പഠിച്ചാല്‍, കിട്ടുന്ന സാദ്ധ്യതകള്‍ ചെറുതൊന്നുമല്ല. ചുറ്റുപാടിനൊപ്പം നമ്മുടെ ചിന്തകളും വളരും. ഇനിയിപ്പോ ഇവരൊക്കെ പറയുന്നതുപോലെ നമ്മുടെ സങ്കല്‍പ്പത്തിലെ, ജീവിത പങ്കാളിയെ ആ കൂട്ടത്തില്‍ നിന്ന് കിട്ടിയാല്‍ തിരഞ്ഞെടുക്കുന്നതില്‍ എന്താണ് തെറ്റുള്ളത്? ആ കണ്ടുവെക്കല്‍ എല്ലാരും ചെയ്യണമെന്നല്ല, എന്നാലും അതില്‍ തെറ്റുണ്ടോ?

കൂടെ പഠിക്കുന്നവരുമായി ആശയ വിനിമയം നടത്തുമ്പോഴാണ്, ഇത്രയൊക്കെ സൗകര്യങ്ങളോടെ പഠിച്ചിട്ടും എന്ത് കൊണ്ടാണ്, നാം ലക്ഷ്യസ്ഥാനമില്ലാതെ പതറുന്നത് എന്ന കാര്യംആലോചിച്ചത്, നമ്മളെക്കാള്‍ എത്രയോ ദുരിതങ്ങള്‍, കഷ്ടപ്പാടുകള്‍, എന്നിട്ടും ആത്മവിശ്വാസത്തോടെ അവര്‍ മുന്നേറുന്നു, ആവശ്യത്തിന് പ്രോത്സാഹനം കിട്ടാത്തപ്പോഴും അവര്‍ എത്രയോ മുന്നിലാണ്.  നമ്മള്‍ ഒതുങ്ങിപ്പോവുകയാണ്. മത്സരലോകത്ത് ജീവിക്കുകയാണെന്ന ബോധ്യം വേണം. 
നാം നേടുന്ന വിദ്യാഭ്യാസത്തിന്റെ മേന്മ സമൂഹത്തില്‍ പ്രതിഫലിക്കണം.

സ്വന്തം കഴിവ് കൊണ്ട് സ്വപ്നങ്ങള്‍ നേടിയെടുക്കുന്ന കുറേ കൂട്ടുകാര്‍ എനിക്കുണ്ട്.  അതില്‍ ആണും പെണ്ണുമുണ്ട്. നാട്ടിലുള്ളവരെല്ലാം പരമപൂജ്യരല്ലാത്തത് പോലെ, പുറത്ത് പഠിക്കുന്ന എല്ലാവരും പരമശുദ്ധരെന്ന്  ഞാന്‍ വാദിക്കുന്നില്ല. പക്ഷേ സാമാന്യവല്‍കരിക്കരുത്. 

എനിക്കും ചിലത് പറയാനുണ്ട്: ഈ പംക്തിയില്‍ നേരത്തെ വന്ന കുറിപ്പുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios