സ്‌നോഡോണിയ: അതിമനോഹരമായ ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക്

സ്‌നോഡന്റെ താഴ്‌വരയില്‍. ലണ്ടന്‍ വാക്ക്. പത്താം ഭാഗം. നിധീഷ് നന്ദനം എഴുതുന്നു 
 

snowdonia London Walk travelogue by Nidheesh Nandanam

ഒടുവില്‍ മല കയറി മുകളിലെത്തി. വെറുതെ നിന്നാല്‍ പോലും കാറ്റടിച്ചു കൊണ്ട് പോകുമെന്ന പ്രതീതി. മഴ ചാറിയപ്പോള്‍ കൂട്ടത്തിലൊരാള്‍ കുട തുറന്നതേ ഓര്‍മയുള്ളൂ. കാറ്റതെടുത്തു മറിച്ചു ഡിഷ് ആന്റിനയാക്കി. തിരിച്ചു മടക്കാന്‍ ശ്രമിച്ചപ്പോള്‍ ചില്ലകള്‍ ഒടിഞ്ഞും പോയി. ഇത്തിരി കുന്നിറങ്ങിയാല്‍ അതിവിശാലമായ തടാകം-ലിനെല്‍സി (Llyn elsi ).  കാറ്റ് വീശിയടിക്കുന്ന തടാകത്തില്‍ നിറയെ ഓളങ്ങള്‍. അത് ചെറു തിരമാല കണക്കെ തീരത്തെ വന്നു പുല്‍കുന്നു.ഇടയ്ക്കിടെ കാറ്റ് വന്നു വെള്ളത്തെ കോരിയെടുക്കുന്നു. ഇങ്ങനെയൊരു കാഴ്ച ആദ്യമായിത്തന്നെ. തടാകത്തിനു ചുറ്റും മരങ്ങള്‍. ഇടക്കിടെ പച്ചത്തുരുത്തുകള്‍.

 

snowdonia London Walk travelogue by Nidheesh Nandanam

 

ഇംഗ്ലണ്ടിലെ ശൈത്യകാലം ഏതാണ്ട് അവസാനിക്കാറായി. കാത്തുകാത്തിരുന്ന് അവസാനം മഞ്ഞു വന്നു മൂടിയ ഫെബ്രുവരിയും കഴിഞ്ഞ് വസന്തം വിടരുന്ന മാര്‍ച്ചിലേക്ക് കടക്കുകയായി. കൊടും ശൈത്യത്തില്‍ ഇലകള്‍ കൊഴിച്ചു ശിഖരങ്ങളില്‍ മഞ്ഞണിഞ്ഞു വിറങ്ങലിച്ചു നിന്ന മരങ്ങള്‍ ആ വെളുത്തു നരച്ച മേല്‍പ്പടം അഴിച്ചു തുടങ്ങി. വെള്ളപുതച്ചുറങ്ങിയ കുന്നിന്‍പുറങ്ങളുടെ പുതപ്പെടുത്തു മാറ്റിയപ്പോള്‍ അവ നഗ്നമായി കാണപ്പെട്ടു. ശൈത്യ കാലമത്രയും പുതപ്പിനടിയില്‍ തള്ളി നീക്കിയ ഞങ്ങള്‍ ഒരു ദീര്‍ഘയാത്രയുടെ ആവേശത്തിലേക്കിറങ്ങി. 

ലണ്ടനും അതിന് തെക്കോട്ടുള്ള സ്ഥലങ്ങളും ഒരു വിധം കണ്ടുകഴിഞ്ഞതിനാല്‍ ഇപ്പൊ വടക്കോട്ടാണ് കണ്ണ്. രണ്ടും ദിവസം ഒഴിവുള്ളതിനാല്‍ ചര്‍ച്ചകളൊടുവില്‍ വടക്കന്‍ വെയില്‍സിലെ സ്‌നോഡോണിയയിലെത്തി. പിന്നെ അടുത്ത രാജ്യത്തിലേക്ക് കാറോടിച്ചു പോകുന്നതിന്റെ ത്രില്ലിലായി എല്ലാവരും. രണ്ടു കാര്യങ്ങള്‍ ആദ്യമേ തീരുമാനമാകേണ്ടതുണ്ട് - വാഹനം, താമസം.

ശങ്കറിന്റെ മുന്‍കാല അനുഭവ പരിജ്ഞാനം കൊണ്ട് ഒരു ബെഡ് ആന്റ് ബ്രേക്ഫാസ്റ്റ് റെഡിയാക്കി. ഇനി വണ്ടി. പലവിധ കൂട്ടിക്കിഴിച്ചിലുകള്‍ക്കും ആലോചനകള്‍ക്കും ശേഷം ഫോക്‌സ് വാഗണ്‍ കാഡി ബുക്ക് ചെയ്തു. പിന്നെ യാത്രക്കുള്ള കാത്തിരിപ്പായി.

 

snowdonia London Walk travelogue by Nidheesh Nandanam

 

വെള്ളിയാഴ്ച്ച നേരത്തെ തന്നെ ഓഫീസില്‍ നിന്നിറങ്ങി നേരെ പോയി വണ്ടി എടുത്തു. ഫോക്‌സ് വാഗണ്‍ കാഡി നിരാശപ്പെടുത്തിയില്ല. ഇഷ്ടം പോലെ സ്ഥലം. ആറുപേര്‍ക്കിത്  ധാരാളം. നേരെ ആള്‍ഡര്‍ഷോട്ടിലേക്കു വെച്ച് പിടിച്ചു. ബിരിയാണി കഴിക്കണം. നാളത്തേക്കുള്ള സാധനങ്ങള്‍ വാങ്ങണം. ഇംഗ്ലണ്ടിലെ 'ലിറ്റില്‍ കാഠ്മണ്ഡു' എന്നറിയപ്പെടുന്ന സ്ഥലമാണ് ഗൂര്‍ഖ റോയല്‍ റജിമെന്റിന്റെ ആസ്ഥാനമായ ആള്‍ഡര്‍ഷോട്ട്. ഇവിടുത്തെ പത്തിലൊരാള്‍ നേപ്പാളിയാണ്. സ്വാദിഷ്ടമായ ഇന്ത്യന്‍ ബിരിയാണി കഴിച്ചു. തിരിച്ചു വന്നു ഉറങ്ങാന്‍ കിടന്നപ്പഴേ 11 കഴിഞ്ഞു. അതുകൊണ്ട്  4 മണിക്ക് പുറപ്പെടാനുള്ള പ്ലാന്‍ തല്‍ക്കാലം  നടക്കില്ലെന്നു തലേ ദിവസമേ ഉറപ്പായിരുന്നു. എങ്കിലും അഞ്ചര ആയപ്പഴേക്കും എല്ലാവരും റെഡിയായി വണ്ടിയില്‍ കയറി. 

 

snowdonia London Walk travelogue by Nidheesh Nandanam

 

ആദ്യമായി വണ്ടിയെടുത്തു കറങ്ങുന്നതിന്റെ ആവേശത്തിലാണ് എല്ലാവരും. സൂര്യന്‍ ഉദിച്ചു വരുന്നതേയുള്ളൂ. മോട്ടോര്‍ റോഡില്‍ കയറുമ്പോഴും കനത്ത മൂടല്‍മഞ്ഞായിരുന്നു. അതൊന്നും വക വെക്കാതെ വണ്ടി കുതിച്ചു. ഏകദേശം ഏഴ് മണിയോടടുത്തതും എല്ലാവര്‍ക്കും വിശപ്പു വന്നുതുടങ്ങി. ഓക്‌സ്‌ഫോര്‍ഡിനും ബെര്‍മിങ്ഹാമിനും ഇടയിലുള്ള സര്‍വീസില്‍ ഒന്നില്‍ കയറി. ഇംഗ്ലണ്ടിന്റെ തലങ്ങും വിലങ്ങുമുള്ള അതിവേഗ റോഡ് നെറ്റ്വര്‍ക്കാണ്  മോട്ടോര്‍ വേകള്‍. മിക്കവാറും 6 വരി അല്ലെങ്കില്‍ 8 വരി ഹൈവേയാണിത്. നഗരങ്ങള്‍ക്ക് പുറത്തു കൂടെ പോകുന്ന ഇവയില്‍ നിന്നും ഓരോ നഗരത്തിലേക്കും കണക്ഷന്‍ റോഡുകളുണ്ട്. വഴിയരികില്‍ വെറുതേ വണ്ടി നിര്‍ത്തുന്നത് പോലും ശിക്ഷാര്‍ഹമായ ഇവിടങ്ങളില്‍ ഓരോ 25-30 മൈല്‍ ഇടവേളകളിലും സര്‍വീസുകളുണ്ട്. അതിവിശാലമായ പാര്‍ക്കിങ് ഇടങ്ങളോടു കൂടിയ ഇവിടെ ഒരു ചെറിയ ഷോപ്പിംഗ് മാളിന് വേണ്ട സംവിധാനങ്ങളൊക്കെ കാണാം. ദീര്‍ഘദൂര യാത്രകളിലെ വലിയൊരാശ്വാസമാണ് ഇത്തരം സര്‍വീസുകള്‍. പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നു. 

 

snowdonia London Walk travelogue by Nidheesh Nandanam

 

ഇംഗ്ലണ്ടിന്റെ ഉള്‍ഗ്രാമങ്ങളില്‍ കൂടിയാണ് യാത്ര. അതിവിസ്തൃതവും വിശാലവുമായ കൃഷിയിടങ്ങള്‍. വഴിയരികില്‍ വീടുകളൊന്നും തന്നെയില്ല. M25, M40, M6, M54  തുടങ്ങിയ മോട്ടോര്‍ വേകള്‍ താണ്ടി ഞങ്ങള്‍ വെയില്‍സിലേക്ക് പ്രവേശിച്ചു. വഴിയില്‍ തിരക്ക് തീരെയില്ല. മുന്നോട്ടു പോകുന്തോറും റോഡിന്റെ വീതി എട്ടില്‍നിന്നും ആറും പിന്നെ നാലും ആയി ചുരുങ്ങിയെന്നു മാത്രമല്ല, വഴി സൂചികകളില്‍ ഇംഗ്ലീഷിന് പുറമേ വെയില്‍സ് ഭാഷ കൂടെ ദൃശ്യമായിത്തുടങ്ങി. സ്‌നോഡോണിയ നാഷണല്‍പാര്‍ക്ക് എന്ന ബോര്‍ഡ് നോക്കി പിന്നെയും പിന്നെയും പോകുന്തോറും വഴി രണ്ടു വരിയായി ചുരുങ്ങി. മാത്രമല്ല റോഡില്‍ പലയിടത്തും 'ARAF, എന്നെഴുതിയും കണ്ടു. പിന്നെയാണ് മനസിലായത് 'Slow' എന്നതിന്റെ വെല്‍ഷ് പരിഭാഷയാണ് 'ARAF  എന്നത്.

ഇരുവശങ്ങളിലും യഥേഷ്ടം ചെമ്മരിയാടുകള്‍ മേഞ്ഞു നടക്കുന്ന കുന്നിന്‍ ചരിവുകള്‍. മുന്നോട്ടു പോകുന്തോറും ഭൂപ്രകൃതി ദുഷ്‌കരമായിത്തുടങ്ങി. കുന്നുകളും ഇറക്കങ്ങളും വളവുകളും അവക്ക് അരികിലൊഴുകുന്ന മനോഹരമായ അരുവികളും അത്യപൂര്‍വമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്.

 

snowdonia London Walk travelogue by Nidheesh Nandanam

 

ഇംഗ്ലണ്ടിനെയും വെയില്‍സിനേയും  കൂട്ടിയാല്‍ ഇവിടുത്തെ ഏറ്റവും ഉയരം കൂടിയവയാണ് സ്നോഡന്‍ മലനിരകള്‍. സ്നോഡന്റെ താഴ്വര  എന്ന അര്‍ത്ഥത്തിലാണ് സ്‌നോഡോണിയക്ക് ആ പേര് വീണത്. അതി മനോഹരവും വിശാലവുമായ ഭൂവിടത്തില്‍ കൂടെയുള്ള യാത്രയുടെ വീഡിയോ പകര്‍ത്താന്‍ ഞങ്ങള്‍ യാത്രയിലുടനീളം മത്സരിച്ചു. ഒടുക്കം സ്‌നോഡോണിയ എന്ന പേര് മാത്രം ലക്ഷ്യം വെച്ചു വന്ന ഞങ്ങളെ കാറ്റിനു നടുവിലാക്കി  ഗൂഗിള്‍ പറഞ്ഞു 'you have arrived'. 

സ്‌നോഡോണിയയില്‍ എങ്ങോട്ടു പോകണമെന്ന് ഞങ്ങള്‍ക്ക് ഒരു നിശ്ചയവുമില്ലായിരുന്നു. ഒരു വിധം ഫോണുകളിലൊന്നും റേഞ്ചും കിട്ടാനില്ല. എന്തായാലും മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു. അഞ്ചാറ് മൈലുകള്‍  പോയിക്കാണും  റേഞ്ച് കിട്ടിയ ഫോണില്‍ ഗൂഗിളില്‍ പരതി അടുത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കണ്ടു പിടിച്ച് നേരെ അങ്ങോട്ട് വിട്ടു.

ചെന്നെത്തിയ സ്ഥലം ഞങ്ങള്‍ അന്വേഷിച്ചത് തന്നെ. വണ്ടി ഒതുക്കിയിട്ടു. അതിനു തൊട്ടു മുന്നിലൊരു റെയില്‍വേ സ്‌റ്റേഷനാണ്. പേര് വായിക്കാന്‍ പലകുറി ശ്രമിച്ചു. 'Betws-Y-Coed ' ബെറ്റസിക്കോയ്ഡ്.

 

snowdonia London Walk travelogue by Nidheesh Nandanam

 

സമയം പത്തരയോടടുക്കുന്നു. തിരുവനന്തപുരത്തു നിന്ന് കോഴിക്കോടേക്കുള്ളതിനേക്കാള്‍ 400 കിലോമീറ്റര്‍ പിന്നിട്ടിരിക്കുന്നു, വെറും അഞ്ചു മണിക്കൂറുകൊണ്ട്.

കോണ്‍വി നദിയുടെ കരയില്‍ ആരും കൊതിച്ചു പോകുന്ന അതി മനോഹരമായ ഭൂപ്രദേശം. സ്നോഡന്‍ മലനിരകളില്‍ നിന്ന് ഉത്ഭവിച്ച തെളിനീര് ശാന്തമായി ഒഴുകുകയാണ്. അതിന്റെ തീരത്തെ നിര്‍മിതികളെല്ലാം കരിങ്കല്ലില്‍ തീര്‍ത്തവ. പിറകില്‍ വിശാലമായ മലനിരകള്‍. ഏകദേശം ഒരു മൈല്‍ ദൂരത്താണ് സിപ് ഫോറെസ്റ്റ് വ്യൂപോയിന്റ്. പോണ്ടിവെയര്‍ പാലവും കടന്നു നടന്നു തുടങ്ങുമ്പോള്‍ ചെറിയ ചാറ്റല്‍മഴയുണ്ട്.  ലൂഗി(Llugwy ) നദിയും ലെഡര്‍ (Lledr) നദിയും കോണ്‍വി  നദിയോട് ചേരുന്ന അതിമനോഹരമായ ഭൂപ്രകൃതിയാണ് ബെറ്റസിക്കോയ്ഡിലേത്. ലെഡ്  ഖനനത്തിന് പ്രസിദ്ധമായ ഇവിടം വാട്ടര്‍ലൂ പാലം വഴി മറ്റിടങ്ങളോട് ബന്ധപ്പെടുത്തിയിട്ടു കേവലം 200 വര്‍ഷമേ ആയിട്ടുള്ളൂ. എങ്കിലും ഇന്നും ബെറ്റസിക്കോയ്ഡിലെ ജനസംഖ്യ വെറും 564 ആണ്. നടക്കാനിറങ്ങിയ ഞങ്ങള്‍ പതിയെ ജോഗിങ്ങിലേക്കു മാറി. 

പകലുറച്ചു വരുന്നതേയുള്ളൂ എന്നതിനാല്‍ തണുപ്പ് വിട്ടു മാറിയിട്ടില്ല. ശാന്തമായൊഴുകുന്ന  പുഴയും വയലും മലനിരകളും ചേര്‍ന്ന ഭൂപ്രകൃതിയാസ്വദിച്ചു  ചുറ്റിക്കണ്ട് തിരിച്ചു വരുമ്പോള്‍ ഞങ്ങള്‍ റെയില്‍വേ സ്റ്റേഷനില്‍ കയറി. അവിടെ രണ്ടു പൗണ്ട് കൊടുത്താല്‍ എട്ടു മിനുട്ട് ദൈര്‍ഘ്യമുള്ളൊരു പൈതൃക തീവണ്ടിയാത്രക്ക് കയറാം. ലാന്‍ഡുഡ്‌നോ ജംഗ്ഷന്‍ മുതല്‍ ബെറ്റസിക്കോയ്ഡ് വരെയുള്ള പതിനഞ്ചു മൈല്‍ മാത്രമുള്ള ചെറിയൊരു തീവണ്ടിപ്പാതയാണിത്. എങ്കിലും കുന്നും മലഞ്ചരിവുകളും പാലങ്ങളും കൊണ്ട് അത്രമേല്‍ മനോഹരം. ദിനവും ആറു വീതം ട്രെയിനുകള്‍ ഇരുപുറമോടുന്ന ഈ സ്‌റ്റേഷനിലെ ഒരു വര്‍ഷത്തെ യാത്രക്കാരുടെ എണ്ണം എത്രയെന്നറിയാമോ? വെറും 35000 പേര്‍. അതായത്  ഒരു ദിവസം ശരാശരി 100 പേരിലും താഴെ.

 

snowdonia London Walk travelogue by Nidheesh Nandanam

 

വിശപ്പു കാര്യമായി  വന്നുതുടങ്ങിയിട്ടില്ല. ഓരോ ഐസ്‌ക്രീമും കഴിച്ചു ട്രെക്കിങ്ങിനു  പോകാന്‍ തീരുമാനിച്ചു. അടുത്തുള്ള മല കയറിയാല്‍ മുകളില്‍ 'ലിന്‍ എല്‍സി' തടാകമുണ്ട്. എല്ലാവര്‍ക്കും സമ്മതം. ഒരു വശത്തേക്ക് രണ്ടര മൈല്‍ ദൂരമുണ്ട്. അത് കയറി പകുതിയെത്തിയപ്പോള്‍ മനസ്സിലായി ഇതത്ര എളുപ്പമല്ലെന്ന്. എങ്കിലും തോറ്റു പിന്മാറരുതല്ലോ. മുകളിലേക്ക് കയറിച്ചെല്ലുംതോറും കാടിന് രൂപമാറ്റം. മരങ്ങള്‍ തിങ്ങി നിറഞ്ഞ കൊടും കാട്. ചിലയിടങ്ങളില്‍ സൂര്യപ്രകാശം പോലും താഴെയെത്തുന്നില്ല. മരങ്ങള്‍ക്കെല്ലാം അസാധാരണമായ ഉയരം. മുകളിലേക്ക് പോകുംതോറും കാറ്റ് കൂടിക്കൊണ്ടിരുന്നു. കാറ്റ് കാറ്റാടി മരങ്ങളെ പിടിച്ചുലക്കുന്നു. എങ്ങും കാറ്റിന്റെ കനത്ത ഇരമ്പങ്ങള്‍ മാത്രം. 

 

snowdonia London Walk travelogue by Nidheesh Nandanam

 

ഒട്ടു കഷ്ടപ്പെട്ടെങ്കിലും ഒടുവില്‍ മല കയറി മുകളിലെത്തി. വെറുതെ നിന്നാല്‍ പോലും കാറ്റടിച്ചു കൊണ്ട് പോകുമെന്ന പ്രതീതി. മഴ ചാറിയപ്പോള്‍ കൂട്ടത്തിലൊരാള്‍ കുട തുറന്നതേ ഓര്‍മയുള്ളൂ. കാറ്റതെടുത്തു മറിച്ചു ഡിഷ് ആന്റിനയാക്കി. തിരിച്ചു മടക്കാന്‍ ശ്രമിച്ചപ്പോള്‍ ചില്ലകള്‍ ഒടിഞ്ഞും പോയി. ഇത്തിരി കുന്നിറങ്ങിയാല്‍ അതിവിശാലമായ തടാകം-ലിനെല്‍സി (Llyn elsi ). 

കാറ്റ് വീശിയടിക്കുന്ന തടാകത്തില്‍ നിറയെ ഓളങ്ങള്‍. അത് ചെറു തിരമാല കണക്കെ തീരത്തെ വന്നു പുല്‍കുന്നു.ഇടയ്ക്കിടെ കാറ്റ് വന്നു വെള്ളത്തെ കോരിയെടുക്കുന്നു. ഇങ്ങനെയൊരു കാഴ്ച ആദ്യമായിത്തന്നെ. തടാകത്തിനു ചുറ്റും മരങ്ങള്‍. ഇടക്കിടെ പച്ചത്തുരുത്തുകള്‍.

ആകപ്പാടെ അവിസ്മരണീയമായ കാഴ്ച. 

 

snowdonia London Walk travelogue by Nidheesh Nandanam

 

വിശപ്പു വന്നു  തുടങ്ങി. ഇനി കുന്നിറങ്ങണം. തിരിച്ചുമുണ്ട് രണ്ടര മൈല്‍. താഴേക്കിറങ്ങുന്തോറും കാറ്റിനു ശമനമുണ്ട്. ഇറങ്ങിയിട്ടും ഇറങ്ങിയിട്ടും എത്തുന്നില്ല. പിന്നെ ഓടാന്‍ തുടങ്ങി. കുന്നു കയറുന്നവരോട് കുശലം പറഞ്ഞു വഴി പറഞ്ഞു കൊടുത്തു. ഇന്ത്യയില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ അത്ഭുതം. ലണ്ടനില്‍ നിന്നും രാവിലെ വെച്ച് പിടിച്ചതാണെന്നു പറഞ്ഞപ്പോള്‍ അതിലും അത്ഭുതം. 

മഴ ചാറിത്തുടങ്ങി. വേഗം തിരിച്ചെത്തണം. വണ്ടിയില്‍ ചെന്ന് കയറിയതും മഴ ശക്തിയായി പെയ്തു തുടങ്ങി. ഇനി ലാന്‍ഡുഡ്‌നോയിലേക്ക്. വെയില്‍സിന്റെ മറ്റൊരു ഭാഗം കാണാന്‍. സ്നോഡന്റെ വിരിമാറിലൂടെ ഇനി തിരിച്ചിറക്കം. 

 

ലണ്ടന്‍ വാക്ക്: ആദ്യ ലക്കങ്ങള്‍

ഡിനോസറുകള്‍ക്ക് ഒരു തീരം! 

ഈജിപ്തിലെ മമ്മികള്‍ മുതല്‍, തഞ്ചാവൂരിലെ 'ബൃഹദേശ്വര പ്രതിമ' വരെ സൂക്ഷിക്കുന്ന ഒരിടം!

ചോറ്, തോരന്‍, മോര് കറി; ലണ്ടനിലെ 'മലയാളി' തട്ടുകട 

കളിയൊഴിഞ്ഞ നേരത്ത് ഓവല്‍!

ചെല്‍സീ, ചെല്‍സീ...ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍! 

അത്ഭുതമാണ് സെന്റര്‍ കോര്‍ട്ട്!

കപിലിന്റെ ചെകുത്താന്‍മാര്‍ ആരവം മുഴക്കിയത് ഇവിടെയാണ്! 

 

Latest Videos
Follow Us:
Download App:
  • android
  • ios