Domestic Violence: വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ കാന്താരിമുളക് അമ്മിയിലിടിച്ച് മുഖത്ത് തേച്ച ഭര്‍ത്താവ്!
വയറുവേദനയാല്‍ നിലവിളിക്കുന്നവളെ വായില്‍ തുണി കയറ്റിവച്ചു കൊടുത്തിട്ട് സുഖമായി ഉറങ്ങിയ ഭര്‍ത്താവിനെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.- എനിക്കും ചിലത് പറയാനുണ്ട്. സഫി അലി താഹ എഴുതുന്നു
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
മോനിപ്പോഴും പഴയതുപോലെ തന്നെയാണ് അല്ലേ? എന്തിനായിരുന്നു ആ കുട്ടിയുടെ ജീവിതം കൂടി നശിപ്പിച്ചത്. അവളുടെ പഠനവും നിര്‍ത്തി അല്ലെ?' ഓഫീസില്‍ എന്നോടൊപ്പം വര്‍ക്ക് ചെയ്തിരുന്ന ഒരുമ്മയോട് ഒരു ചേച്ചി ചോദിച്ചതാണ്.
'വിവാഹം കഴിഞ്ഞാല്‍ അവള്‍ നന്നാക്കും എന്ന് കരുതിയതാ, അവളെ കൊണ്ട് കാശിന് കൊള്ളില്ല .'
'അവളെന്താ മേസ്തിരിയോ, നിങ്ങള്‍ വാര്‍ത്തതില്‍ വിള്ളല്‍ വീണത് നന്നാക്കാന്‍?'-കേട്ടുനിന്ന എനിക്ക് മറുപടി പറയാതിരിക്കാനായില്ല.
വിവാഹം കഴിഞ്ഞതിന്റെ മൂന്നിന് കാന്താരിമുളക് കഴിച്ചു എന്ന കുറ്റത്തിന് ആ മുളക് അമ്മിയിലിടിച്ച് തന്റെ മുഖത്ത് തേച്ച ഭര്‍ത്താവിനെകുറിച്ച് പറയുമ്പോള്‍പോലും ഒരു പെണ്‍കുട്ടിയുടെ വേദനകണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. അപ്പോള്‍ അവള്‍ അനുഭവിച്ച വേദന എത്രത്തോളമായിരിക്കും?
വയറുവേദനയാല്‍ നിലവിളിക്കുന്നവളെ വായില്‍ തുണി കയറ്റിവച്ചു കൊടുത്തിട്ട് സുഖമായി ഉറങ്ങിയ ഭര്‍ത്താവിനെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട്.
ഏതൊരു ആണിനോട് മിണ്ടിയാലും അയാളെക്കൂട്ടി പറഞ്ഞ് മാനസികമായും ശാരീരികമായും ഭാര്യയെ പീഡിപ്പിക്കുകയും സ്വന്തം മകന്‍ കുടിച്ച് കൂത്താടി കൂട്ടുകാരോടൊപ്പം അര്‍മ്മാദിച്ചു നടക്കുകയും വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഏറുകയും ചെയ്യുമ്പോള്‍ മരുമകളെ നോക്കി ''ഈ മൂശേട്ട വന്നിട്ടാണ് 'എന്ന് പറയുന്ന ചെക്കന്‍വീട്ടുകാരും ഈ ലോകത്തുണ്ട്.
എല്ലാം സഹിച്ചു ജീവിക്കുമ്പോഴും കൊണ്ടുചെല്ലുന്നതില്‍ ഒന്നുപോലും ബാക്കിയില്ലാതെ തീര്‍ക്കുമ്പോഴും അവളുടെ കഴിവുകേടിനെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്ന ഭര്‍ത്താവിനെകുറിച്ചും കേള്‍ക്കാറുണ്ട്
മോളോടൊപ്പം കാറും സ്വര്‍ണ്ണവും അലമാരിയും വാഷിങ് മെഷീനും ഫ്രിഡ്ജും ചെക്കന്‍ കുടുംബത്തിലെ എല്ലാര്‍ക്കും സ്വര്‍ണ്ണവും കൊടുത്തുവിടുന്ന ഏര്‍പ്പാട് അങ്ങ് നിര്‍ത്തണം. മോള്‍ക്ക് കൊടുക്കാനുള്ളത് നിങ്ങളുടെ വീട്ടില്‍ നിലനിര്‍ത്തണം. കാരണം പോകുന്നിടം സുരക്ഷിതമാണോ എന്ന് നമുക്ക് അറിയില്ലല്ലോ, അവള്‍ തിരികെ വന്നാലും, മാതാപിതാക്കളുടെ കലാശേഷവും അവള്‍ക്ക് ആരുടെ മുന്നിലും കൈനീട്ടാതെ ജീവിക്കാന്‍ കഴിയണം. ഭര്‍ത്താവില്ലെങ്കിലും ആരെയും ബുദ്ധിമുട്ടിക്കാതെ അവള്‍ക്ക് ജീവിക്കാന്‍ ഒരു ജോലി മാത്രം മതി.
മുകളില്‍ പറഞ്ഞതില്‍ രണ്ടുപേര്‍ അന്ന് സഹിച്ചത് അറിവില്ലായ്മ കൊണ്ടായിരുന്നു, ഇതായിരിക്കും വിവാഹമെന്ന ചിന്ത, താനെന്തും സഹിക്കേണ്ടവളാണെന്ന തെറ്റിദ്ധാരണ. മറ്റുള്ളവര്‍ സഹിച്ചത് തങ്ങളുടെ വിവാഹത്തിന് പിതാവ് വാങ്ങിക്കൂട്ടിയ കടത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മ,അധ്വാനിച്ച വിയര്‍പ്പിന്റെ വില ഇതൊക്കെ അറിയുന്ന മക്കള്‍ ഏത് ദുരിതത്തിലും കെട്ടിയവന്റെ വീട്ടില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും.തന്റെ പിതാവിനെ പോലെയോ സഹോദരനെപ്പോലെയോ മാറുവാന്‍ ഭര്‍ത്താവിനും കഴിയും എന്ന പ്രതീക്ഷയാകും അപ്പോള്‍ മനസ്സ് നിറയെ.
സ്ത്രീകള്‍ ഭൂരിഭാഗവും അത്രയേറെ സഹിക്കാന്‍ കഴിയില്ലെങ്കില്‍ മാത്രമേ തന്റെ ജീവിതത്തിലെ ദുരിതത്തിനെ കുറിച്ച് വീട്ടില്‍ പറയാനോ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടാനോ ശ്രമിക്കൂ.മാതാപിതാക്കള്‍ കൊടുക്കുന്ന സ്വാതന്ത്ര്യം മുതലെടുക്കുന്ന പെണ്‍കുട്ടികളുണ്ട് എന്നകാര്യവും വിസ്മരിക്കുന്നില്ല.അതുകൊണ്ട് തീര്‍ച്ചയായും മക്കള്‍ പറയുന്ന കാര്യങ്ങള്‍ എല്ലാം നന്നായി അന്വേഷിക്കണം.
സമൂഹത്തിന്റെ കുത്തലുകളും കിംവദന്തികളും പേടിച്ചാല്‍ നഷ്ടപ്പെടുന്നത് മാതാപിതാക്കള്‍ക്ക് മാത്രമായിരിക്കും. അപ്പോഴും സമൂഹം പറയും, 'നിങ്ങളിപ്പോള്‍ മോങ്ങുന്നോ എന്തുകൊണ്ട് അവളെ രക്ഷിച്ചില്ല എന്ന്!
വാര്‍ത്തകള്‍ക്കും അതിനുള്ള അവസരങ്ങള്‍ക്കും ഇപ്പോള്‍ ദാരിദ്ര്യമില്ലാത്തത്‌കൊണ്ട് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇങ്ങനെ മാറിക്കൊണ്ടിരിക്കും.
യഥാസമയത്ത് തീരുമാനങ്ങള്‍ എടുക്കാതെയിരുന്നാല്‍ ഒരുപാട് പെണ്‍കുട്ടികളുടെ ഗതി നമ്മുടെ കുട്ടിക്കും ഉണ്ടാകും എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. അവരെ സ്വന്തംകാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയുണ്ടാക്കി എന്ന് എല്ലാ മാതാപിതാക്കളും ഉറപ്പുവരുത്തണം.
മക്കള്‍ക്ക് വേണ്ടി സമ്പാദിച്ചുകൊടുക്കേണ്ടത് ആത്മവിശ്വാസമാണ്. അവരില്‍ വളര്‍ത്തിയെടുക്കേണ്ടത് ഉടനടി തീരുമാനം എടുക്കാനുള്ള കഴിവാണ് .നിങ്ങള്‍ക്ക് വേണ്ടതും അതാണ്, കണ്ണീര്‍കുടിക്കാനുള്ളവളല്ല മകളെന്ന് തീരുമാനിക്കാനുള്ള കഴിവ്, ഒരുത്തനെയും നോക്കാതെ മകളെ താന്‍ ജീവിച്ചിരിക്കുന്നവരെയും പൊതിഞ്ഞുപിടിക്കാനുള്ള മനസ്സ്,
അല്ലെങ്കില്‍ ഭര്‍തൃപീഡനത്താല്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത, അല്ലെങ്കില്‍ സ്ത്രീധനം കുറഞ്ഞതിനോ സ്വര്‍ത്ഥലാഭങ്ങള്‍ക്കോ കൈപിടിച്ചേല്പിച്ചവനും അവന്റെ കുടുംബവും ചേര്‍ന്ന് ജീവനെടുത്തവളുടെ ശരീരം കെട്ടിപിടിച്ചുകരയേണ്ടി വരും. ജീവിച്ചിരിക്കുമ്പോഴാണ് ചേര്‍ത്തുപിടിക്കേണ്ടത്,ജീവനറ്റ് പോയിട്ടല്ല.
ഒന്നുകൂടി ഓര്‍മ്മിക്കുന്നു, വിവാഹമോചിതയായി വീട്ടില്‍ വരുന്ന മകളെ ചേര്‍ത്തുപിടിച്ചതിന്റെ പേരില്‍ കേള്‍ക്കേണ്ടി വരുമെന്ന് കരുതുന്ന സമൂഹത്തിന്റെ വിലയില്ലാത്ത വാക്കുകള്‍ക്ക് സമമല്ല മകള്‍. അവള്‍ നമ്മുടെ ജീവനാണ്, ജീവനോളം വിലയുണ്ടവള്‍ക്ക്.