അതിര്‍ത്തികളില്‍ കുരുങ്ങിപ്പോയവരുടെ ദൃശ്യങ്ങള്‍ കാണ്‍കെ അയാളെ ഓര്‍മ്മവരുന്നു, ആ കുഞ്ഞിനെയും!

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് അതിര്‍ത്തികള്‍
 

On borders and politics autobiography of a nurse a column by Teresa joseph

എന്നാണ് അവസാനമായി നാട്ടില്‍ പോയത് എന്ന എന്റെ വിഡ്ഢിച്ചോദ്യത്തെ, മൊബൈലിന്റെ ഫോണ്‍ ഗാലറിയിലിരുന്ന് ചിരിക്കുന്ന ഒരു സുന്ദരിപ്പൂവിന്റെ ചിത്രം കാണിച്ച് റഷീന്‍ തീരെ നിസ്സാരവല്‍ക്കരിച്ചു കളഞ്ഞു. പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു പെണ്‍കുട്ടി. 'എന്റെ മോള്‍.'

 

On borders and politics autobiography of a nurse a column by Teresa joseph

 

എനിക്കൊരു കൂട്ടുകാരനുണ്ട്. ഉണ്ട് എന്നല്ല, ഒരിക്കല്‍ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍. ആശുപത്രിക്കിടക്കയുടെ ആകുലതയില്‍ നിന്ന് തുടങ്ങിയൊരു സൗഹൃദം. കൂട്ടുകാരനെന്ന് ഞാനയാളെ രേഖപ്പെടുത്തുമ്പോള്‍ പേരും സ്ഥലവുമൊഴികെ കാര്യമായൊന്നും അറിയില്ല. അതുമാത്രമല്ല കേട്ടോ, നക്ഷത്രക്കണ്ണുള്ള ഒരു സുന്ദരിപ്പൂവിന്റെ അബ്ബയാണ് അയാളെന്നും ഓര്‍മ്മകള്‍ പറഞ്ഞു വെയ്ക്കുന്നു.

ഒരു ദിവസം പെട്ടെന്ന് വന്നൊരു നെഞ്ചുവേദന ശല്യക്കാരനായി മാറിയപ്പോഴാണ് റഷീന്‍ ആശുപത്രിയില്‍ എത്തുന്നത്. മരുന്നു ഗന്ധമുള്ള ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ട അയാളുടെ കണ്ണുകളില്‍ അടക്കി വെച്ചൊരു ദീനത ഉണ്ടായിരുന്നു. നടക്കുമ്പോള്‍ ഒരു കാലിന് ചെറിയൊരു മുടന്ത് പോലെ. കയ്യില്‍ ഘടിപ്പിച്ചിരിക്കുന്ന നാനാവിധത്തിലുള്ള കുഴലുകള്‍ക്ക് ഇളക്കം തട്ടാതെ ഇടത് കൈ തലയിണയുടെ സാന്ത്വനത്തിലേക്ക് ചേര്‍ത്ത് വെച്ചപ്പോള്‍ തണുത്ത ഒരു ചിരി അയാള്‍ എന്നിലേക്ക് നീട്ടി. 'വീട്ടില്‍ പോകണം', 'ഡോക്ടര്‍ എപ്പോള്‍ വരും? ഈ രണ്ടു കാര്യങ്ങള്‍ മാത്രമേ അയാള്‍ക്ക് അറിയാന്‍ ഉണ്ടായിരുന്നുള്ളു.

പരിശോധനയ്ക്ക് അയച്ച രക്തത്തിന്റെ റിസള്‍ട്ട് വന്നാലുടന്‍ ഡോക്ടറെ വിളിക്കാം എന്നൊരുറപ്പിന്മേല്‍ ഇന്‍സുലിന്‍ എടുക്കാനായി അയാള്‍ കൈനീട്ടി. പരസ്പരം കൈമാറിയ പുഞ്ചിരിക്കല്ലുകള്‍ ചേര്‍ത്ത് വെച്ച് ഇന്ത്യയുടേയും പാകിസ്ഥാന്റെയും അതിര്‍ത്തികള്‍ ബന്ധിപ്പിക്കുന്ന ഒരു പാലം ഞങ്ങള്‍ പണിതു. സൗഹൃദത്തിന്റെ ആ പാലത്തിന്മേലിരുന്ന് റഷീന്‍ കാലുകള്‍ മെല്ലെയാട്ടി. പുഴവക്കത്ത് ചൂണ്ടയെറിഞ്ഞ് കാത്തിരിക്കുന്നൊരു മുക്കുവനെപ്പോലെ റഷീന്റെ കഥകളിലേക്ക് ഞാന്‍ കാത് കൂര്‍പ്പിച്ചു.

പാകിസ്ഥാനിലും ഇന്ത്യയിലുമായി ചിതറിക്കിടക്കുന്നു അയാളുടെ കുടുംബം. മുറിഞ്ഞു പോയ രാജ്യത്തിന്റെ ഒരുപാതിക്കുള്ളില്‍ കുറച്ചുപേര്‍. ഇത്രനാള്‍ വെളളം കോരിയിരുന്ന കിണര്‍ ഇനിമുതല്‍ 'ശത്രു'രാജ്യത്താണെന്ന പുതിയ അറിവില്‍ അവര്‍ ഉലഞ്ഞു. ഈ നാളുകളൊക്കെയും ജീവിച്ച മണ്ണില്‍നിന്നും പറിഞ്ഞു പോരാനാവില്ല എന്നുറപ്പിച്ച് കുടുംബത്തിലെ കുറേപ്പേര്‍ ഇന്ത്യയില്‍ തങ്ങി. അവര്‍ സ്വന്തം മണ്ണില്‍ വിദേശികളോ അതിക്രമിച്ചു കടന്നവരോ ഒക്കെയായി. അതിര്‍ത്തി കാക്കുന്ന ഇരുഭാഗത്തേയും പട്ടാളക്കാര്‍ രൂക്ഷമായ ആക്രമണം നടത്തിയൊരു രാത്രിയിലാണ് റഷീന്‍ സ്വന്തം മണ്ണുപേക്ഷിച്ച് യാത്ര തുടങ്ങുന്നത്.

സ്വപ്നങ്ങള്‍ നല്‍കിയ ഊര്‍ജം മാത്രം. ഒപ്പം പിറക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളും. മെക്‌സിക്കോ വഴി മാസങ്ങള്‍ നീണ്ട യാത്ര. പലപ്രാവശ്യം പോലീസ് പിടിച്ചു എന്ന് വരെയെത്തി. ഒടുവില്‍ താല്‍ക്കാലികമായുണ്ടാക്കിയ ഒരു പേപ്പറിന്റെ ബലത്തില്‍ പലയിടത്തായി ജോലി. എന്നാണ് അവസാനമായി നാട്ടില്‍ പോയത് എന്ന എന്റെ വിഡ്ഢിച്ചോദ്യത്തെ, മൊബൈലിന്റെ ഫോണ്‍ ഗാലറിയിലിരുന്ന് ചിരിക്കുന്ന ഒരു സുന്ദരിപ്പൂവിന്റെ ചിത്രം കാണിച്ച് റഷീന്‍ തീരെ നിസ്സാരവല്‍ക്കരിച്ചു കളഞ്ഞു. പതിനഞ്ചോ പതിനാറോ വയസ്സുള്ള ഒരു പെണ്‍കുട്ടി. 'എന്റെ മോള്‍.'

നനുത്തൊരു വാത്സല്യം ഹൃദയകോശങ്ങളെ തൊട്ടുഴിയുന്നത് പോലെ. 'ഞാനവളെ കണ്ടിട്ടില്ല' അയാളുടെ തണുത്ത ശബ്ദം എന്നിലെ അഹന്തകളെ ഉടച്ചുവാര്‍ക്കുന്നുവോ! ഫോട്ടോയിലും ഇടക്കൊക്കെയുള്ള വീഡിയോ കോളിലും ഒതുങ്ങി നില്‍ക്കുന്നു മകളെന്ന മാധുര്യം. കനവുറങ്ങുന്ന കണ്ണുകളോടെ ഒരു മിനിക്കുട്ടി എത്തിനോക്കുന്നു. കാബൂളിവാലയുടെ മാറാപ്പില്‍ നിന്ന് പെറുക്കിയെടുക്കുന്ന ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും. ഉള്ളില്‍ തെളിയുന്ന കഥാവിസ്മയങ്ങള്‍! മറിക്കുംതോറും ആവര്‍ത്തനം അരക്കിട്ടുറപ്പിക്കുന്ന ചരിത്രത്തിന്റെ നാള്‍വഴികള്‍.

 

On borders and politics autobiography of a nurse a column by Teresa joseph

 

പിന്നീടൊരിക്കല്‍ ഞാനയാളെ അടുത്തൊരു കടയില്‍ വെച്ച് കണ്ടുമുട്ടി. അവിടെ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു റഷീന്‍. ഒരു റംസാന്‍ കാലമായിരുന്നു അത്. സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെത്തിയ എന്റെ മനസ്സിനെ അറിയാത്തതെന്തോ കുത്തിനോവിച്ചു കൊണ്ടിരുന്നു. കളഞ്ഞു പോയ എന്തോ പരതിനടക്കുന്നതു പോലെ ഞാന്‍ അങ്ങുമിങ്ങും നടന്നു. പിന്നെ ഒരു തോന്നലില്‍ ചപ്പാത്തിക്ക് മാവ് കുഴച്ചു. ഉരുളക്കിഴങ്ങ് പൊടിച്ചുചേര്‍ത്ത പറാത്തയും തൈര് ചേര്‍ത്ത് ഒരു സാലഡും ഉണ്ടാക്കി. പച്ചക്കറികള്‍ അരിഞ്ഞു ചേര്‍ത്ത ചോറും ചിക്കന്‍ കറിയും ഒക്കെച്ചേര്‍ത്ത് അയാള്‍ക്കായി അത്താഴം പൊതിഞ്ഞു കെട്ടി. 'ഇതാര്‍ക്കാ അമ്മേ?' എന്ന കുരുന്നു ചോദ്യത്തിന് മകളെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരച്ഛന് എന്ന മറുപടി ഒരു മൗനത്തില്‍ മനസ്സിലുറപ്പിച്ചു ഞാന്‍ നടന്നു.

കൗണ്ടറില്‍ തിരക്കിയപ്പോള്‍ റഷീന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ പോയി എന്ന് ആരോ പറഞ്ഞു. അയാള്‍ എവിടെത്താമസിക്കുന്നു എന്നെനിക്കറിയില്ല. ചോദിച്ചിരുന്നില്ല എന്നതാണ് സത്യം. ഞങ്ങള്‍ രണ്ടുപേരും കുടിയേറി പാര്‍ത്തവരും പരദേശികളും ആയിരുന്നു. എന്റെ കയ്യില്‍ തിരിച്ചറിയല്‍ രേഖയുണ്ട് എന്നൊരു മെച്ചം മാത്രം.

അയാള്‍ക്കായി പൊതിഞ്ഞ ഭക്ഷണം എന്റെ കയ്യില്‍ ഭാരം കൊള്ളുന്നു. നെയ്യ് പുരട്ടി ചുട്ടെടുത്ത പറാത്തയുടെ ഗന്ധം നാടിന്റെ ഓര്‍മ്മകളുമായി ചേര്‍ത്ത് വെയ്ക്കാമെന്ന ബാലിശമായൊരു ചിന്തയില്‍ എന്റെ കണ്ണുകള്‍ വെറുതെ നിറഞ്ഞു. പിന്നെയും പലപ്രാവശ്യം അവിടെ പോയെങ്കിലും ഒരിക്കലും ആ മനുഷ്യനെ കണ്ടിട്ടില്ല. അടുത്ത ഓട്ടം ആരംഭിച്ചിരിക്കുമോ? പ്രയാണങ്ങള്‍ക്കൊടുവില്‍ കാലടികള്‍ ചെന്നുചേരുന്നത് മകള്‍ക്കരികിലാകുമോ എന്നൊരു നോവില്‍ എന്നിലെ അമ്മമനസ്സ് വേലാതിപ്പെടുന്നുണ്ട്.

പലകൈകള്‍ മാറിമാറി മതിലുകള്‍ക്ക് മുകളിലൂടെ അപ്പുറത്ത് ഉണ്ടെന്ന് വിചാരിക്കുന്ന സുരക്ഷിതത്വത്തിലേക്ക് പോകുന്ന ഒരു കുരുന്നിന്റെ ചിത്രം എത്ര മായ്ച്ചാലും പോകാത്തൊരു നോവായ് ഉള്ളില്‍ നിറയുന്നു. പലായനം ചെയ്യുന്നവര്‍ക്കൊക്കെ ഒരേ മുഖമാണെന്ന തിരിച്ചറിവിലേക്ക് ഉള്ളുണരുമ്പോള്‍ പൊള്ളിക്കുന്ന അമ്പരപ്പാണ്. ഭീതിയുടെയും അസന്ദിഗ്ധതയുടെയും അണുക്കള്‍ നുരയുന്ന ഹൃദയവുമായി പാഞ്ഞുപോകുമ്പോള്‍ ഉയിര് ബാക്കിയാകണേ എന്നൊരു നിലവിളി മാത്രമാകില്ലേ അവരുടെയുള്ളില്‍! പ്രാണന്‍... അതിന് പകരം എന്തും നല്‍കാമെന്നൊരു കരാര്‍.

ടിവിയില്‍ അഫ്ഗാനലിസ്താനില്‍നിന്നുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടേയിരിക്കുന്ന സമയത്താണ് ഈ കുറിപ്പ് എഴുതിയത്. അഫ്ഗാനിസ്താന്‍ താലിബാന്‍ കീഴടക്കിയതിനെ തുടര്‍ന്ന്, തിളച്ചുവേവുന്ന അശാന്തിയുടെ ഒരു കടലായി അഫ്ഗാന്‍ മാറുന്നതിനിടെ, വെറുതെ റഷീനെ ഓര്‍മ്മവന്നതാണ്. ടിവിയില്‍ ഇപ്പോള്‍ അനേകം മനുഷ്യരുണ്ട്. അവരെല്ലാം പല രാജ്യങ്ങളിലേക്ക് പറിച്ചെറിയപ്പെടാനുള്ള വിമാനങ്ങളില്‍ ഒരിടം കിട്ടാന്‍ പെടാപ്പാട് പെടുകയാണ്. അഭയാര്‍ത്ഥി പ്രവാഹം വളരുകയാണ്. അതിലനേകം കുട്ടികളുമുണ്ട്. എനിക്കെന്തോ റഷീന്റെ മോളെ ഓര്‍മ്മവന്നു. അഫ്ഗാന്‍ കണ്ണുള്ള കുഞ്ഞുങ്ങള്‍ക്കിടയില്‍ ഒരാളായി അവളുമുണ്ടെന്ന ആധി. 

സത്യമാണ്, ലോകമെങ്ങും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഇരകള്‍ പാവപ്പെട്ട സാധാരണ മനുഷ്യരാണ്. തങ്ങളുടെ സ്വതന്ത്രമായ ഇന്നലെകള്‍ എവിടെ എന്ന് തിരയുന്ന കുറേ മനുഷ്യര്‍. പുറത്തറിയപ്പെടാത്ത ചതിയുടെയും കഴിവുകേടിന്റെയും കഥകള്‍ക്ക് മേല്‍ നുണയുടെ കമ്പളം വിരിച്ചിട്ട് സുരക്ഷിത സ്ഥാനങ്ങളില്‍ ഇരിക്കുന്ന നമ്മള്‍ ആശ്വസിക്കും. ധര്‍മ്മരാജ് മടപ്പള്ളി എഴുതിയ വരികള്‍ പോലെ, 'ആഴത്തില്‍ അടയാളങ്ങളുള്ള മനുഷ്യരാണ് എങ്ങും അടയാളപ്പെടുത്താതെ പോകുക.'

അധിനിവേശങ്ങളും കലാപങ്ങളും അവശേഷിപ്പിക്കുന്നത് ഏറെയും പുറത്തറിയപ്പെടാത്ത നോവുകളാണ്. ചരിത്രത്താളുകളില്‍ കുടിയേറാന്‍ യോഗമില്ലാതെ പോയ ഏറ്റവും സാധാരണക്കാരുടെയും കുഞ്ഞുങ്ങളുടെയും നോവുകള്‍. വിലാപങ്ങള്‍ക്കുമപ്പുറത്തുള്ള വിലാപങ്ങള്‍!
പാകിസ്ഥാനില്‍ നിന്നൊരു റഷീന്‍, ഈജിപ്തില്‍ നിന്ന് മറിയം, വിയറ്റ്‌നാമില്‍ നിന്ന് നിന്നൊരു ബിന്‍, പലായനങ്ങളുടെ തുടര്‍ക്കഥകള്‍. കണ്ടുമുട്ടിയവരെക്കാള്‍ ആയിരമിരട്ടി വന്നേക്കും രേഖപ്പെടുത്താതെ മുറിഞ്ഞു പോയവര്‍.

 

ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഹൃദയം തൊടുന്ന അനുഭവങ്ങള്‍ വായിക്കാം
 

Latest Videos
Follow Us:
Download App:
  • android
  • ios