നാലാം ക്ലാസില്‍ കൂടെ പഠിച്ച സില്‍ക്കിമുടിക്കാരീ നീ എന്നെ തേടി വരില്ലേ?
മിക്ക ദിവസവും ഉച്ച ഇടവേളകളിൽ ഞങ്ങളവളുടെ വീട്ടു മുറ്റത്ത് യെരണിപ്പഴം പെറുക്കാൻ പോയി. വീടിനതിരിട്ട് നിക്കുന്ന കൂറ്റൻ മരത്തിനു കീഴെ പെറുക്കിയാലും പെറുക്കിയാലും തീരാത്തത്രയും യെരണിപ്പഴങ്ങൾ വീണു കിടന്നിരുന്നു.
കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്.
ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...
പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.
കക്കാടംപുറം ജി എം യു പി സ്കൂളിൽ, നാലാം ക്ലാസ്സിൽ കൂടെ പഠിച്ചതാണ് ഓള്.. തെക്കുന്നോ വടക്കുന്നോ ബാങ്കുദ്യോഗസ്ഥനായ അച്ഛനൊപ്പം സ്ഥലം മാറി വന്ന പെണ്ണ്. മലപ്പുറവും മലപ്പുറം ഭാഷയും വട്ടം ചുറ്റിച്ചപ്പോളെല്ലാം 'എന്ന് വെച്ചാലെന്താണെന്ന്' ചോദിച്ചും കൊണ്ടാണവളെന്‍റെ കൂട്ടുകാരിയായത്. എണ്ണക്കറുപ്പുള്ള മുഖത്തിന് ചുറ്റും വട്ടത്തിൽ മുറിച്ചിട്ട സിൽക്കി തലമുടിയാണ് എനിക്കാദ്യത്തെ അവളോർമ്മ.. പേര് ശ്രീകലയോ ശ്രീലേഖയോ എന്നുറപ്പില്ലെങ്കിലും 'ശ്രീ'ത്വം തുളുമ്പുന്ന ഒന്നായിരുന്നു. അല്ലെങ്കിലും പേരോർമ ഉള്ളവരുടെ മുഖവും, മുഖമോർമ ഉള്ളവരുടെ പേരും മറക്കുന്നതാണല്ലോ ഒരിത്.
സ്കൂളിന് തൊട്ടടുത്തുള്ള കുഞ്ഞമ്മദ് മാഷിന്റെ വീടിനടുത്തായിരുന്നു അവരുടെ ഓടിട്ട ചെറിയ വാടക വീട്. വീട്ടു മുറ്റത്തു നിറച്ചും കാശിത്തുമ്പ പലവർണത്തിൽ പൂത്തു നിന്നിരുന്നു. പൂവിനു കീഴെ ഉള്ള മൂപ്പെത്തിയാൽ താനെ പൊട്ടുന്ന വിത്തുകൾ താഴെ പോകാതെ നോട്ടു ബുക്കിന്റെ പേജുകളിൽ പൊതിഞ്ഞു തരികയും പൂക്കൾ പറിച്ചാൽ കണ്ണുരുട്ടുകയും ചെയ്യുന്ന രണ്ടോ മൂന്നോ ചേച്ചിമാരുമുണ്ടായിരുന്നു അവൾക്ക്.
മിക്ക ദിവസവും ഉച്ച ഇടവേളകളിൽ ഞങ്ങളവളുടെ വീട്ടു മുറ്റത്ത് യെരണിപ്പഴം പെറുക്കാൻ പോയി. വീടിനതിരിട്ട് നിക്കുന്ന കൂറ്റൻ മരത്തിനു കീഴെ പെറുക്കിയാലും പെറുക്കിയാലും തീരാത്തത്രയും യെരണിപ്പഴങ്ങൾ വീണു കിടന്നിരുന്നു. പച്ച ആണെങ്കിൽ കറയും ചവർപ്പും ഉള്ളതും, പഴുത്തു താഴെ വീണാൽ കല്ലും മണ്ണും കമ്പും തട്ടി ചതഞ്ഞു പോകുന്നതുമായ കുഞ്ഞു പഴങ്ങൾ. യെരണിപ്പഴങ്ങൾ കഴിക്കാനിഷ്ടമില്ലാത്ത പെൺകുട്ടി എന്നതാണെന്റെ രണ്ടാമത്തെ അവളോർമ്മ..
അന്ന് ഞങ്ങളുടെ നാട്ടിൽ ഒരു പ്രത്യേക തരം കളി നിലവിലുണ്ടായിരുന്നു. കുട്ടികൾ രണ്ടു ഗ്രൂപ്പ് ആയി തിരിയുകയും അതിലൊരാൾ ചില പ്രത്യേകതരം പാട്ടുകൾ ശ്വാസം വിടാതെ പാടി എതിർ ഗ്രൂപ്പിലൊരാളെ തൊട്ട് ഓടി വരുന്നതുമായ ഒരു കളി. ഒറ്റ ശ്വാസത്തിൽ ഈ പാട്ടുകൾ പാടണമെന്നതാണ് കളിയുടെ മുഖ്യ നിബന്ധന. 'കുടു കുടു താനി തപ്പി താനി താനീ താനീ താനീ...' എന്നിങ്ങനെ വളരെ രസകരമായ പാട്ടുകൾ കാണാതെ പഠിച്ചാലേ ഈ കളിക്ക് യോഗ്യനാവുകയുള്ളൂ. എന്നാൽ ഇത്തരം പാട്ടുകൾ കാണാതെ പഠിക്കുന്നത് പ്രയാസകരമായതിനാലാകാം അവൾ മിക്കപ്പോഴും കാണിയായി. ഒരിക്കൽ ഞങ്ങളവളെ നിർബന്ധിച്ച് കളിയിൽ കൂട്ടുകയും പാട്ടും ശ്വാസവും ഒന്നിച്ചു കൊണ്ട് പോകാൻ കഴിയാതെ വട്ടത്തിൽ വെട്ടിയിട്ട സില്‍ക്കി തലമുടിയുമാട്ടിക്കൊണ്ട് അവൾ കണ്ണ് നിറച്ചു തിരിച്ചോടുകയും ചെയ്തതാണ് എനിക്കവളെക്കുറിച്ചുള്ള അവസാനത്തെ ഓർമ്മ...
പ്രിയപ്പെട്ട കൂട്ടുകാരീ, നമ്മളൊരു സാധാരണ ഗവണ്‍മെന്‍റ് സ്കൂളിലെ വിദ്യാർത്ഥികളായിരുന്നുവല്ലോ.. അതുകൊണ്ടാകണം, നീ പഠിക്കാൻ മിടുക്കിയായിരുന്നോ, നിനക്കെത്ര മാർക്കുണ്ടാകാറുണ്ടായിരുന്നു എന്നൊന്നും എനിക്കോർമ്മ പോലുമില്ല. ഒരു വേനലവധി കഴിഞ്ഞെത്തിയപ്പോൾ, നീ പേര് വെട്ടിപ്പോയിരുന്നു. നിന്റെ വാടക വീട്ടിലെ കാശിത്തുമ്പച്ചെടികളത്രയും ഉണങ്ങി വരണ്ടു കിടന്നിരുന്നു. കൂറ്റൻ യെരണി മരത്തിനു കീഴെ കുഞ്ഞമ്മദ് മാഷിന്റെ വണ്ടി നിര്‍ത്തിയിട്ടത് കണ്ട് ഞങ്ങൾ, ഞാനും ഹസീബയും അനുഷയും ജസീലയുമെല്ലാം തിരിച്ചോടിയിരുന്നു.
പിന്നീടെത്ര എത്ര വർഷങ്ങള്‍. പാതി വഴിക്ക് "പേര് വെട്ടിപ്പോയ" ഒറ്റ സൗഹൃദം പോലുമില്ലാതെ കടന്നു പോയ സ്കൂൾ, പ്ലസ് ടു, ഡിഗ്രി, പിജി ദിനങ്ങൾ.. ഏതോ വേനലവധിക്ക് യാത്ര പറയാതെ പോയ നീ മറ്റേതെങ്കിലുമൊരു വേനലവധി കഴിഞ്ഞെത്തുമ്പോൾ ക്ലാസ്സിലുണ്ടാകുമെന്നു തന്നെ ഉള്ളിലിരുന്നാരോ പറഞ്ഞു കൊണ്ടിരുന്ന വർഷങ്ങൾ. നിന്‍റെ നാടോ, വിലാസമോ, പൂർണമായ പേരോ എനിക്കറിയില്ല കൂട്ടുകാരീ.. എങ്കിലുമെങ്കിലും ഏതോ കോണിൽ നിന്ന് നീ ഇത് വായിക്കുമെന്നും കാശിത്തുമ്പകൾ പൂത്തു നിക്കുന്ന ചെറിയ വാടക വീടോർമ്മയിൽ വരുമെന്നും, അങ്ങനെ ഒരു ദിവസം എന്‍റെ ഇൻബോക്സിൽ വന്നെത്തി നോക്കുമെന്നും അന്ന് നമ്മൾ യെരണി പഴത്തെ കുറിച്ചും കുടു കുടു താനിയെകുറിച്ചുമൊക്കെ സംസാരിക്കുമെന്നും ഞാൻ സ്വപ്നം കാണുന്നുണ്ട്.. യെരണി പഴങ്ങൾ ഇഷ്ടമില്ലാത്ത സില്‍ക്കി തലമുടിയുള്ള, പേരിലും മുഖത്തും 'ശ്രീ ' ത്വമുള്ള പ്രിയപ്പെട്ടവളേ നീ ഇത് വായിക്കാതിരിക്കില്ലല്ലോ??
'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം