നീ എനിക്ക് തന്ന ഷീറ്റിൽ തുന്നിയ ആ പാവക്കുട്ടി ഇപ്പോഴുമെന്‍റെ മനസ്സിലുണ്ട്..
പിന്നീടെപ്പോളോ പറഞ്ഞു നീ മഠത്തിൽ നിന്നാണ് പഠിക്കുന്നത് എന്ന്. നിന്റെ ചിരിയും കളിയും നിറഞ്ഞ ഈ പെരുമാറ്റങ്ങള്‍ക്കുമപ്പുറം ആരും കാണാത്ത കണ്ണീർ കഥകൾ ഉണ്ടെന്ന്.
കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്.
ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...
പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.
2008 - 2009 കാലഘട്ടത്തിൽ സെന്‍റ് തോമസ് ഹൈസ്കൂൾ കിളിയന്തറയിൽ 9,10 ക്ലാസ്സുകളിൽ ഒരുമിച്ചു പഠിച്ചതാണ് നമ്മൾ.. വീടെവിടെയെന്നോ, വീട്ടിലാരൊക്കെയോന്നോ ഒന്നുമുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അറിയാതെ നമ്മൾ കൂട്ടുകാരായി. മേഘ്‌ന.. പേര് മാത്രം മനസ്സിൽ മായാതെ നിൽക്കുന്നു. പിന്നെ, ഒരിക്കലും അടങ്ങിയിരിക്കാത്ത നീയും നിന്റെ നാക്കും. ക്ലാസ്സിലേക്ക് എന്നും വരാൻ തന്നെ പ്രചോദനം നീയായിരുന്നു മേഘ്‌ന.
പിന്നീടെപ്പോളോ പറഞ്ഞു നീ മഠത്തിൽ നിന്നാണ് പഠിക്കുന്നത് എന്ന്. നിന്റെ ചിരിയും കളിയും നിറഞ്ഞ ഈ പെരുമാറ്റങ്ങള്‍ക്കുമപ്പുറം ആരും കാണാത്ത കണ്ണീർ കഥകൾ ഉണ്ടെന്ന്. ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ നീ സഹിച്ചു എന്ന്.. എങ്കിലും ചിരിച്ച മുഖത്തോടെ അല്ലാതെ നിന്നെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. നീയും ഞാനും അഞ്ജലിയും പിന്നെ പ്രജിഷ എന്നോ മറ്റോ പേരുള്ള ഒരു കുട്ടിയും ആയിരുന്നു ഗ്യാങ്.. നമ്മൾ നാല് പേരും ചേർന്ന് ഒരു ക്രിസ്മസ് കാലത്ത് ക്രിസ്തുമസ് ഫ്രണ്ട് ഇട്ടു. അന്ന് നീ എനിക്ക് തന്ന ഒരു ഷീറ്റിൽ നീ തുന്നിയ ഒരു പാവക്കുട്ടി.. അതിപ്പോഴും എന്റെ മനസ്സിൽ ഉണ്ട്.
ഒമ്പതാം ക്ലാസ്സിൽ ജോസ് സാറിന്‍റെ തല്ലു വാങ്ങാനും, ഞാൻ ക്ലാസ് ലീഡർ ആകാൻ മത്സരിച്ചപ്പോൾ എനിക്ക് വേണ്ടി വോട്ട് ചോദിക്കാനും മറ്റുള്ളവരോട് അടികൂടാനും നമ്മൾ ഒന്നിച്ചായിരുന്നു. അല്ലു അർജുൻ തരംഗം അലയടിക്കുന്ന ആ കാലഘട്ടത്തിലും നിനക്ക് ഇഷ്ട നടൻ ജഗതി ശ്രീകുമാർ ആയിരുന്നു. നിന്റെ ഇഷ്ടങ്ങൾ എല്ലാം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു മേഘ്‌ന..
അവസാനം 10 ആം ക്ലാസ്സിലെ സെന്റ് ഓഫ് നു നമ്മൾ അടുത്തടുത്ത നിന്നായിരുന്നു ഫോട്ടോ വരെ എടുത്തത്. അന്ന് നീ എന്നോട് പറഞ്ഞു, ഇത് കഴിഞ്ഞാൽ എങ്ങോട്ട് എന്ന് പോലും അറിയില്ല എന്ന്. ഫോൺ ഒന്നും ഇല്ലാത്ത കാലം ആയിരുന്നതുകൊണ്ട് ആ ബന്ധം അവിടെ തീരുകയായിരുന്നു. പിന്നീട് നീ ബി എ കഴിഞ്ഞു എന്ന് ഞാൻ അറിഞ്ഞു. പക്ഷെ, നിന്നെ കാണാനോ സംസാരിക്കാനോ അവസരം കിട്ടിയില്ല. ഓട്ടോഗ്രാഫിലെ താളുകളിൽ അതിമനോഹരമായ വരികളെഴുതി നീ പോയി.
ഇന്നെവിടെ എന്നുപോലും അറിയില്ല എനിക്ക്. എന്നും വാർത്തകൾ വായിക്കുന്ന നീ ഇത് ഉറപ്പായും വായിക്കും എന്നുള്ളത് ഉറപ്പാണ്. എവിടെ ആയിരുന്നാലും സന്തോഷത്തോടെ ഇരിക്കണം. നമ്മൾ കാലത്തിന്റെ വേഗതയ്ക്കിടയിലും എവിടെങ്കിലും കണ്ടുമുട്ടും തീർച്ച..
'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം