കീറിയത് അവളുടെ ഒരേയൊരു പാവാടയായിരുന്നു; അതോടെ ആമിയുടെ പഠിത്തം നിന്നു!
കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പര 'നീ എവിടെയാണ്' സീസണ്‍ 2 ആരംഭിക്കുന്നു. ഓത്തുപള്ളിക്കാലത്തെ കൂട്ടുകാരിയെക്കുറിച്ച് കെ ടി എ ഷുക്കൂര്‍ മമ്പാട് എഴുതുന്നു.
'നീ എവിടെയാണ്'. എന്നോ കണ്ടുമുട്ടി എവിടെയോ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ഓര്‍മ്മയ്ക്കായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ഒരുക്കുന്ന പംക്തി സീസണ്‍ 2 ആരംഭിക്കുന്നു. ഓത്തുപള്ളിക്കാലത്തെ കൂട്ടുകാരിയെക്കുറിച്ച് കെ ടി എ ഷുക്കൂര്‍ മമ്പാട് എഴുതുന്നു.
വിദൂരതയില്‍ മറഞ്ഞുപോയ ഇത്തരമൊരാള്‍ നിങ്ങളുടെ ഉള്ളിലുമില്ലേ? ഉണ്ടെങ്കില്‍, അവരെക്കുറിച്ച് എഴുതൂ. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.
ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന അമ്മിഞ്ഞപ്പാല്‍മണമുള്ള ഫോട്ടോ, ഓര്‍മ്മകളുടെ കവാടം തുറന്ന് ഉടലോടെ മറ്റൊരു സമയരാശിയിലേയ്ക്കു പ്രവേശിക്കുന്നു. കുഞ്ഞായി ചിണുങ്ങാന്‍ അവസരമൊരുക്കുന്നതു പോലെ, ചില കാഴ്ചകള്‍, സംഭവങ്ങള്‍ സംഭവമില്ലായ്മകള്‍ എന്നെ അവളുടെ അടുത്തെത്തിക്കുന്നു-ആമിന.
എന്റെ വീട്ടില്‍നിന്ന് നോക്കിയാല്‍ കാണുന്ന അകലത്തില്‍ ആയിരുന്നു ആമിയുടെ വീട്. പുല്ലുമേഞ്ഞ കൊച്ചുവീട്. മുറ്റത്തൊരു പുളിമരം നീണ്ടുനിവര്‍ന്നങ്ങനെ നില്‍പ്പുണ്ടായിരുന്നു.കുട്ടികള്‍ക്ക് കൊടുക്കാന്‍ വേണ്ടി സ്‌ക്കൂളിലേയ്‌ക്കെന്നും അവള്‍ ചുട്ട പുളിങ്കുരു കൊണ്ടുവരുമായിരുന്നു. അവര്‍ സ്‌നേഹത്തോടെ അവളെ 'പുള്യാമിന' എന്നു വിളിച്ചുപോന്നു .ഞാന്‍ മാത്രം അവളെ ആമി എന്നുവിളിച്ചു.
അവളുടെ വീട്ടുപടിക്കല്‍ കൂടിയായിരുന്നു ഓത്തുപള്ളിയിലേക്ക് പോയിരുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ കണ്ണുംതിരുമ്മി അക്ഷമയോടെ കാത്തുനില്‍ക്കാറുള്ളതാണ് അവള്‍. അന്ന് ഏറെ വൈകിയാണ് അവള്‍ എത്തിയത്. മുഖത്ത്് ഒത്തിരി സന്തോഷം.
വഴിയില്‍ കണ്ട കല്ലിനോടും പുല്ലിനോടും ഒന്നുംരണ്ടും പറഞ്ഞു, മഞ്ഞുചൂടി കിടക്കുന്ന പുതുപൂക്കളെ ചുംബിച്ചു ഞങ്ങള്‍ ചെമണ്‍ നിരത്തിലൂടെ ഒഴുകി.
'അല്ല കുട്ട്യേ ..ഇന്നെന്തേയിനു ചായക്ക് കടി ..?'
അത്തന്‍കാക്കയുടെ കുശലാന്വേഷണം. അയാള്‍ വഴിയില്‍ കാത്തു നില്‍ക്കുകയായിരുന്നു. ചോദ്യം ആമിയോടാണ്.
'കപ്പ'- ഏറെ സന്തോഷത്തോടെയാണ് അവളതു പറഞ്ഞത് .
ആമിയുടെ സന്തോഷത്തിന്റെ കാരണം എനിക്ക് പിടികിട്ടി. പാവം ..! ഇന്നവള്‍ക്ക് വയറുനിറഞ്ഞു കാണും. വെറും ചക്കരച്ചായ മോന്തിയാണ് എന്നും അവള്‍ ഓത്തുപള്ളിയിലേക്ക് വരാറുള്ളത്. മുളക് ചുട്ടരച്ചതും കഞ്ഞിയും രണ്ടുനേരം ഉണ്ടെങ്കിലായി. ബാപ്പാക്ക് പണിയൊന്നും ഇല്ലാത്ത കള്ളക്കര്‍ക്കിടകത്തില്‍ ആ വീട്ടിലെ അടുക്കള അപൂര്‍വ്വമേ പുകയാറുണ്ടായിരുന്നുള്ളൂ. കൊല്ലത്തിലൊരിക്കല്‍ ആരെങ്കിലും ഔദാര്യത്തില്‍ എറിഞ്ഞു കൊടുക്കുന്ന സക്കാത്ത് അരി കൊണ്ട് എന്താവാനാണ്.
ആമി മറുപടിപറഞ്ഞതും അത്തന്‍കാക്കയുടെ കണ്ണുകള്‍ ചുവന്നു. പല്ലു ഞെരിച്ചുകൊണ്ട് 'ഹറാംപറന്നോനെ' എന്നലറികൊണ്ട് അയാള്‍ ശരവേഗത്തില്‍ പാഞ്ഞു.
പെട്ടെന്ന്, ആമിയുടെ മുഖം വിളറിവെളുത്തു. ആ വട്ടക്കണ്ണുകളില്‍ നിസ്സഹായത അലയടിച്ചു. കണ്‍കോണുകളില്‍ നിന്ന് കണ്ണുനീര്‍ എത്തിനോക്കുന്നുണ്ടായിരുന്നു. അവള്‍ എന്തൊക്കെയോ ഭയപ്പെടുന്നതുപോലെ തോന്നി.
ബാപ്പ ഉമ്മറത്തിണ്ണയില്‍ തലതൂക്കി ഇരിക്കുന്നു. കീഴ്ച്ചുണ്ട് വീങ്ങിയിട്ടുണ്ട്. നെറ്റിയില്‍ അവിടെയിവിടെ മുറിവുകള്‍.
എനിക്കൊന്നും മനസ്സിലായില്ല. ചോദിച്ചിട്ട് അവളൊന്നും പറഞ്ഞതുമില്ല. സമയം ഏറെ വൈകിയിരുന്നു. ഞങ്ങള്‍ വേഗം നടന്നു; പരസ്പരം ഒന്നും മിണ്ടാതെ ....
ഓത്തുപള്ളി വിട്ടു തിരികെ വന്നപ്പോള്‍ അവളുടെ വീട്ടുമുറ്റത്തെ പുളിമരച്ചുവട്ടില്‍ ആരൊക്കെയോ നില്‍ക്കുന്നു.
'ന്നാലും ഇങ്ങന്യൊന്നും ചെയ്യരുത്. കണ്ണില്‍ചോര ഇല്ലാത്ത മനുസന്മാരാ ദുനിയാവ് മുഴുവന്‍'-ആരോ പിറുപിറുക്കുന്നു.
അവളുടെ ബാപ്പ ഉമ്മറത്തിണ്ണയില്‍ തലതൂക്കി ഇരിക്കുന്നു. കീഴ്ച്ചുണ്ട് വീങ്ങിയിട്ടുണ്ട്. നെറ്റിയില്‍ അവിടെയിവിടെ മുറിവുകള്‍.
ആമി ഓടിച്ചെന്നു ബാപ്പാനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഒരു കൊച്ചുകുട്ടിയെ പോലെ അയാളും കരയാന്‍ തുടങ്ങി .
എനിക്കു സഹിച്ചില്ല .ഞാന്‍ വീട്ടിലേയ്‌ക്കോടി.
അയലത്തെ ശാരദേടത്തി ഉമ്മയോട് പറയുന്നത് കേട്ടു: 'അത്തന്‍മാപ്ലേടെ പാടത്തൂന്ന് ഇന്നലെ രാത്രി ഒരു മൂട് കപ്പ കാണാതായീത്രെ...ആ പേരും പറഞ്ഞാ ആ പാവത്തിനെ ഇങ്ങനെ അച്ചാലും മുച്ചാലും തല്ലിയത്'
അപ്പോഴാണ് അത്തന്‍കാക്കയുടെ ഹാലിളക്കത്തിന്റെയും ആമി ഭയപ്പെട്ടതിന്റെയും കാരണം എനിക്കു പിടികിട്ടിയത്. കപ്പ മോഷണം പോയിട്ടുണ്ടെങ്കില്‍ അതെടുത്തത് ആമിയുടെ ബാപ്പയായിരിക്കും എന്നതില്‍ അത്തന്‍കാക്കയ്ക്ക് സംശയം ഒന്നുംതന്നെ ഉണ്ടാകുമായിരുന്നില്ല. നാട്ടില്‍ അത്രയ്ക്ക് ദാരിദ്ര്യം മറ്റാര്‍ക്കും ഇല്ലായിരുന്നല്ലോ. അതൊന്ന് ഉറപ്പിക്കാനായിരിക്കണം രാവിലെ ആമിയെ തടഞ്ഞു നിര്‍ത്തിയുള്ള ആ അന്വേഷണം. അയാളെ കൊല്ലണമെന്ന് എനിക്ക് തോന്നി. പക്ഷേ, ഭയം കാരണം അയാളെ കണ്ടപ്പോഴൊക്കെ ഒഴിഞ്ഞു മാറിനടന്നു.
പിന്നീട്, ഏറെ ദിവസം ആമി ഓത്തുപള്ളിയിലേക്കോ സ്‌ക്കൂളിലേയ്‌ക്കോ വന്നില്ല.നാണക്കേട് ഓര്‍ത്തായിരിക്കണം. അത്രയ്ക്ക് അഭിമാനിയായിരുന്നല്ലോ അവള്‍. ഓത്തുപള്ളിയിലേക്കു വന്നിട്ടും വലിയ കാര്യമുണ്ടായിരുന്നില്ല. ഫീസ് കൊടുക്കാത്തത് കൊണ്ട് മാസാവസാനങ്ങളില്‍ മിക്കപ്പോഴും ക്ലാസിന് പുറത്തായിരിക്കും അവള്‍. സ്‌കൂള്‍ അവള്‍ക്കൊരു ഉത്സവമായിരുന്നു. കളിയും ചിരിയും വഴക്കും വക്കാണവുമായി ആ ദിനങ്ങള്‍ അവള്‍ ഏറെ ആസ്വദിച്ചു. അല്ലെങ്കിലും, ഉപ്പുമാവുണ്ടാവുമെന്ന അറിവ് വിശപ്പിനെ സാന്ത്വനിപ്പിച്ച കലാലയമുറ്റം അവള്‍ക്ക് മറക്കാന്‍ കഴിയുന്നത് എങ്ങനെ!
അവള്‍ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് എന്റെ അടുത്തുവന്നു കാതില്‍ മന്ത്രിച്ചു
ഒരിക്കല്‍ സ്‌ക്കൂളില്‍ വെച്ച് കബഡി കളിച്ചപ്പോള്‍ അവളുടെ പുള്ളിപ്പാവാട കീറി വെള്ളത്തുട കണ്ടു കുട്ടികളൊക്കെ കളിയാക്കിചിരിച്ചു. അവള്‍ ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ട് എന്റെ അടുത്തുവന്നു കാതില്‍ മന്ത്രിച്ചു:
'ന്റെ പഠിപ്പ് നിന്ന്'
എനിക്കും കരച്ചില്‍ വന്നു.ആ പറഞ്ഞതിന്റെ അര്‍ത്ഥം മാറ്റരേക്കാളും എനിക്ക് മനസ്സിലാകുമായിരുന്നു. നാട്ടില്‍ പണിയില്ലാത്തത് കൊണ്ട് അവളുടെ ബാപ്പ വയനാട്ടില്‍പോയി പണിയെടുക്കുന്ന സമയമായിരുന്നു അത്. മാസത്തിലൊരിക്കല്‍ അരിയും വീട്ടുസാധനകളുമായി ആയാളെത്തുമ്പോള്‍ ആ വീട്ടില്‍ വലിയപെരുന്നാളായിരുന്നു. മൂന്നോ നാലോ ദിവസം കഴിഞ്ഞു ബാപ്പ തിരിച്ചു പോകുന്നതുവരെ ആമി വലിയ സന്തോഷത്തിലായിരിക്കും. പിന്നെ, അവളുടെ വെള്ളില പോലുള്ള മുഖത്തു ഇരുള്‍മേഘങ്ങള്‍ പരക്കുകയായി...എവിടെയും പെയ്‌തൊഴിയാനാകാതെ വീര്‍പ്പടക്കി...കനലടക്കി...
ആമിക്ക് ഒരു പാവാട മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് കീറിയത്. അവളുടെ പഠിത്തം അങ്ങനെ അവസാനിച്ചു.
ഏറെ ദിവസം അവളെ പുറത്തേയ്ക്ക് കണ്ടില്ല.
ഒരു ദിവസം ഞാന്‍ ഓത്തുപള്ളിയിലേക്ക് പോകുമ്പോള്‍ പഴയപോലെ വീട്ടുപടിക്കല്‍ അവള്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. ആ മുഖത്തു ഒട്ടും പ്രസരിപ്പുണ്ടായിരുന്നില്ല. ആകെ കോലം കെട്ടുപോയിരുന്നു.
'ഞങ്ങളെ വീടും പറമ്പും വിറ്റു! ഇനി ബാപ്പാന്റെ കൂടെ വയനാട്ടീ പോകാ.. ഇജ്ജ് ഇന്നെ മറക്കോ ..?'
അവള്‍ തേങ്ങിക്കൊണ്ട് ഓടിമറഞ്ഞു. അതിനുശേഷം അവളെ കണ്ടിട്ടേയില്ല ....
ആ വീടും മുറ്റത്തെ പുളിമരവും എന്റെ മൂകസ്മരണകളുടെ അടയാളമായി ഏറെ നാള്‍ കണ്ണുകളില്‍ നിറഞ്ഞു നിന്നു. പിന്നെ, കൊട്ടാരസമാനമായ ഒരു കെട്ടിടം അവിടെ ഉയര്‍ന്നു വന്നു.
മഞ്ഞുമൂടി അവ്യക്തമായിക്കിടക്കുന്ന ഓര്‍മ്മത്തുരുത്തില്‍ എവിടെയോ ഒരു പുളിമരം പൂത്തു നില്‍ക്കുന്നു. ഇന്ന്, അവള്‍ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാന്‍ മനസ്സ് തത്രപ്പെടുന്നു.
ഒരു പ്രാര്‍ത്ഥന മാത്രം. പഴയ അല്ലലും പരാധീനതയും ഇല്ലാത്തൊരു ശാന്തിനിറഞ്ഞ ജീവിതമായിരിക്കണേ അത്...
'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം