ബോധം വന്നപ്പോള്‍ നിന്റെ ഓര്‍മ്മയില്‍പോലുമുണ്ടായിരുന്നില്ല ഞാന്‍...
നീ എവിടെയാണ്: രാജി പോള്‍ എഴുതുന്നു
കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്.
ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...
പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.
എന്നാണ് ഞാന്‍ അവനെ മറന്നുപോയതെന്നെനിക്കറിയില്ല. അല്ലെങ്കില്‍ തന്നെ അങ്ങനെ പെട്ടെന്ന് അവനെ മറക്കാന്‍ എനിക്കാകുമായിരുന്നോ?
അറിയില്ല ചിലപ്പോള്‍ അങ്ങനെയാണ്. തീവ്രമായ ചില ബന്ധങ്ങള്‍ പോലും വാക്കുകളുടെ മാസ്മരികതയില്‍ ഉറപ്പിച്ചു വച്ചിട്ടും കാലത്തിനൊപ്പം ഒഴുകിയകന്നുപോകാറില്ലേ കണ്ണെത്താ ദൂരേയ്ക്ക്.
പിന്നെ അവനാരാണ് എനിക്ക്? ആരുമല്ലാത്ത ഒരാള്‍.
നിശ്ചയിക്കപ്പെട്ട ഏതോ വിധിയാല്‍ എന്നിലേക്ക് എത്തിച്ചേര്‍ന്നവന്‍. അത്രമാത്രം.
അതു മാത്രമാണോ? അവനു വേണ്ടി ഞാന്‍ ഒഴുക്കിയ കണ്ണുനീര്‍. നിസ്സഹായതയോടെ അവനു വേണ്ടി കാരുണ്യം തേടി ഞാന്‍ തട്ടിയ വാതിലുകള്‍. എന്നില്‍ നിന്നും ലഭിച്ചതിനൊന്നും ഞാന്‍ പ്രതിഫലം ചോദിച്ചിട്ടില്ല. എന്നിട്ടും ഒരു വാക്കുപോലും പറയാതെ എങ്ങോട്ടെന്നറിയാതെ...
അവന്‍ എനിക് വെറുമൊരു രോഗി മാത്രമായിരിക്കണമായിരുന്നു. അവിടെയാണ് എനിക്ക് തെറ്റുപറ്റിയത്.
ഹൃദയം കഠിനമാക്കിവച്ചിട്ടാണല്ലോ ഈ ജോലിക്ക് ഇറങ്ങി തിരിച്ചത് തന്നെ. അല്ലെങ്കില്‍ എങ്ങനെയാണ് ഇന്നലെ വരെ ജീവസ്സുറ്റകണ്ട മുഖങ്ങള്‍ തണുത്ത വിറങ്ങലിച്ചു മരത്തടി പോലെ കിടക്കുമ്പോള്‍ ഒരു ഭാവഭേദവുമില്ലാതെ തുടച്ചു വെടിപ്പാക്കി യാത്രയയക്കുന്നത്? കരഞ്ഞുതളര്‍ന്നു വീഴുന്ന ഉറ്റവരെ കണ്ടില്ലെന്നു നടിക്കുന്നത്? കൃത്രിമ ഗൗരവം വരുത്തി മൃതദേഹത്തെ ധരിപ്പിക്കാനുള്ള വസ്ത്രങ്ങള്‍ എത്തിച്ചില്ലെങ്കില്‍ അതിനും ബില്‍ അടയ്ക്കണമെന്നും പറയുന്നത് എങ്ങനെയാണ്?
അറിയില്ല.
അതുപോലെ ഹൃദയം കഠിനമാക്കി വച്ച ഒരു ദിവസം അല്ലേ നീയും വന്നത്. പക്ഷെ നിന്നെ കണ്ടപ്പോള്‍ പുറമേ ഞാന്‍ അണിഞ്ഞ ഗൗരവം ഒക്കെ മഞ്ഞുപോലെ മാഞ്ഞു പോയിരുന്നു. അത്രയ്ക്കുണ്ടായിരുന്നു നിന്റെ മുഖം എന്നില്‍ ഉണ്ടാക്കിയ നീറ്റല്‍. വെള്ള പുതപ്പിനടിയില്‍ മാലാഖ പോലെ നീ. ഒന്നശ്വസിക്കുവാന്‍ പോലുമാവാതെ.
പാമ്പിന്‍ വിഷം പകര്‍ന്നു നീലിച്ചു പോയെങ്കിലും നിന്റെ മുഖത്ത് ഒരുമ്മ വയ്ക്കാന്‍ തോന്നുന്ന കുട്ടിത്തം നിറഞ്ഞു നിന്നിരുന്നു. വിഷസംക്രമണത്താല്‍ നിന്റെ മസ്തിഷ്‌കം മരിച്ചുപോയെന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കാനാവാതെ നിന്റെ ബെഡിന്റെ കാല്‍ ചുവടുകള്‍ക്കടുത്തു നില്‍ക്കുമ്പോള്‍ ഒരു നിശ്വാസം എന്നിലും ബാക്കിയായിരുന്നു.
മരണത്തിനു നിന്നെ വിട്ടുകൊടുക്കാനാവാതെ ദൈവത്തോട് കേണു ഞാന്‍. എത്രയോ ദിവസങ്ങള്‍. കണ്ണുനീര് കൊണ്ടു ഞാന്‍ നിന്റെ കഥ പറഞ്ഞു, എത്രയോ പേരോട്. ആരൊക്കെ നിനക്കു വേണ്ടി പ്രാര്‍ത്ഥിച്ചു കാണും.
അറിയില്ല
അന്ന് നിന്ന് അമ്മയുടെ കൈകളില്‍ പിടിച്ചു ഞാന്‍ യാചിക്കുകയായിരുന്നു, അവനു വേണ്ടി പ്രാര്‍ത്ഥിക്കുമോയെന്ന്. മരണത്തിനു നിന്നെ വിട്ടുകൊടുക്കരുതെയെന്ന്.
നീയെന്റെ ആരായിരുന്നു? ഞാന്‍ ഇത്രയും നിന്നിലേക്ക് ആകര്‍ഷിക്കപ്പെടുവാന്‍...
പക്ഷെ നിന്റെ അമ്മ ധീര ആയിരുന്നു. എന്റെ വാക്കുകള്‍ തള്ളിക്കളഞ്ഞില്ല അവര്‍.
ഒരു പ്രതീക്ഷയും ഇല്ലാതെ കൃത്രിമശ്വാസം നല്‍കുന്ന വെന്റിലേറ്റര്‍ നിര്‍ത്തി വച്ച് നിന്നെ സ്വതന്ത്രനാക്കാന്‍ അവരെല്ലാം കുടി തീരുമാനിച്ച ദിവസം. അവര്‍ ആ ധീരത കാട്ടിയതു കൊണ്ടു മാത്രമാണ് ഒന്നുകൂടി നിന്നെ ടെസ്റ്റുകള്‍ക്ക് വിധേയനാക്കിയത്.
ഒരിക്കലും നീ തിരിച്ചു വരില്ലയെന്നുറപ്പില്‍ നീ പിന്നെയും പരീക്ഷണങ്ങള്‍ക്ക് വിധേയനായപ്പോള്‍ ആരാവും നിന്റെ തലച്ചോറിനുള്ളില്‍ എവിടെയോ അണഞ്ഞുപോകാത്ത ആ പ്രകാശരശ്മി ശേഷിപ്പിച്ചു വച്ചത്? ആരുടെ പ്രാര്‍ത്ഥനയാകാം...?
വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ നിന്റെ ഓര്‍മ്മകളിലേക്ക ഒന്നുകൂടി വരികയാണ്. പിച്ചവച്ചു തുടങ്ങുന്ന നിന്റെ ആ ചിത്രമാണ് എന്റെ മനസ്സിനുള്ളില്‍ ഞാന്‍ അവസാനമായി പ്രതിഷ്ഠിച്ചത്. നിന്റെ രണ്ടാം ജന്മത്തിന്റെ ബാല്യപാഠങ്ങള്‍ നി പഠിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ.
ഞാന്‍ ചോദിക്കുന്നതിനൊന്നും മറുപടി തരാന്‍ നിനക്കാവുമായിരുന്നില്ല. നിന്റെ ഓര്‍മ്മകളില്‍ ശേഷിച്ചു വെക്കാന്‍ എന്റെ ചലനങ്ങളുടെ നിഴലനക്കങ്ങള്‍ പോലും നിന്റെ കണ്ണുകളില്‍ പതിഞ്ഞിരുന്നുമില്ല.
ഒന്നും പറയാതെ സുഖമായി വരുന്ന നിന്നെയും കൊണ്ട് അവര്‍ പോയപ്പോള്‍ ഒരു യാത്രപോലും പറയാന്‍ കനിവ് തോന്നിയില്ല ആര്‍ക്കും.
നിന്നെ മറക്കാന്‍ വേണ്ടി ഉള്ളു പൊള്ളിപ്പിടയുമ്പോഴും നി സുഖമായി ഇരിക്കുന്നുവോ എന്നറിയാന്‍ ആയിരുന്നു എനിക്ക് തിടുക്കം. ആ പൊള്ളലുകള്‍ ഒന്നു തണുക്കാന്‍ ഓര്‍മ്മകള്‍ക്ക് തിളക്കമേകാന്‍ നിന്നെ ചികിത്സിപ്പിച്ചു രക്ഷിച്ച, മസ്തിഷ്‌ക്ക മരണം സംഭവിച്ചിട്ടും നിനക്കു പുതുജീവന്‍ തന്ന ഡോക്ടറിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ആ ഫീച്ചര്‍ അതു മാത്രം മതിയായിരുന്നു. പത്രത്താളുകളിലെ അക്ഷരങ്ങള്‍ക്ക് മുകളിലായി ചേര്‍ത്ത നിന്റെ ചിത്രത്തില്‍ കണ്ണും നട്ട് ഞാന്‍ എത്ര നേരം.
സന്തോഷവതിയാണ് ഞാന്‍. അതല്ലേ നിന്നെ മറക്കാന്‍ എനിക്കായത്. ഇന്നും നിന്നെ ഓര്‍ക്കുമ്പോള്‍ കണ്ണുനീരല്ല, സന്തോഷമാണ് കണ്ണുകളിലും ഹൃദയത്തിലും.
എവിടെയോ നീ പ്രിയപ്പെട്ടവരുടെ കൂടെ സുഖമായി ഇരിക്കട്ടെ, എന്നും.
നിന്റെ ഓര്‍മ്മകളിലൊന്നും ഇല്ലാത്ത, എന്റെ പ്രാര്‍ഥനകള്‍ കൂടെയുണ്ടാകും വിവേക്.
എന്നും, നിനക്കൊപ്പം.
'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം