തൃശൂര്‍: മത്സരം പൊടിപൂരമാകുമോ?

എൺപതിൽ സിപിഐ വീണ്ടും മാർക്സിസ്റ്റ് മുന്നണിയിലെത്തി. കെ എ രാജൻ തന്നെ വീണ്ടും സ്ഥാനാർത്ഥിയായി. കോൺഗ്രസ് മുന്നണിയിൽ  കോൺഗ്രസ്(ഐ) യും ജനതാ പാർട്ടിയും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തി. കോൺഗ്രസിന് വേണ്ടി പി പി ജോർജ്ജും ജനതാ പാർട്ടിക്ക് വേണ്ടി കെ വി കെ പണിക്കരും മത്സരിച്ചു. കെ എ രാജൻ 43151 വോട്ടുകൾക്ക് പി പി ജോർജ്ജിനെ തോൽപ്പിച്ചപ്പോൾ കെവികെ പണിക്കർക്ക് 25,133  വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. 

mandalakalam nissam syed thrissur

കീഴ്വഴക്കങ്ങള്‍ ലംഘിച്ച് ഇത്തവണ തൃശ്ശൂര്‍.. മത്സരത്തില്‍ പൊടിപാറുമോ? കാത്തിരുന്ന് തന്നെ കാണണം. കഴിഞ്ഞ കാല തെരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ ആര്‍ക്കൊപ്പമായിരുന്നു. ഇനി ആര്‍ക്കൊപ്പമായിരിക്കും. നിസാം സെയ്ദ് എഴുതുന്ന കോളം 'മണ്ഡലകാലം- മണ്ഡലങ്ങളിലൂടെ' ഇത്തവണ തൃശൂര്‍... 

mandalakalam nissam syed thrissur

തൃശൂരിലെ മത്സരം ഇത്തവണ കീഴ്‌വഴക്കങ്ങള്‍ ലംഘിക്കുകയാണ്.  മുന്നണികൾ  വ്യത്യസ്തരായ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിരിക്കുന്നു. വ്യത്യസ്തനായ കോൺഗ്രസ്സുകാരനെന്ന് അറിയപ്പെടാനാണ്  ടി എൻ പ്രതാപന് താത്പര്യം.  പരിസ്ഥിതിവിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന, പാർശ്വവത്കൃത  സമൂഹങ്ങളുടെ വിഷയങ്ങളിൽ ഇടപെടുന്ന, അഴിമതിരഹിതനായ, പാർട്ടിക്കുള്ളിലെ ഗ്രൂപ്പുകൾക്ക് പുറത്ത് വസിക്കുന്ന കോൺഗ്രസുകാരൻ എന്നു വിശേഷിപ്പിക്കപ്പെടാനാവും പ്രതാപൻ ഇഷ്ടപ്പെടുക. രാജാജി മാത്യു തോമസും പരമ്പരാഗത കമ്യൂണിസ്റ്റല്ല. ആഗോള യുവജനപ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്നു അദ്ദേഹം. ദേശീയ അന്തർ ദേശീയ രംഗങ്ങളിൽ പ്രവർത്തനപരിചയമുള്ള ആളാണ്. ഇപ്പോൾ അദ്ദേഹം പാർട്ടി പത്രമായ ജനയുഗത്തിന്റെ പത്രാധിപരാണ്. 

പ്രതാപൻ രണ്ടുതവണ നാട്ടികയിൽ നിന്നും ഒരു തവണ കൊടുങ്ങല്ലൂരിൽ നിന്നും നിയമസഭാംഗമായി. കഴിഞ്ഞവണ പരാജയഭീതികൊണ്ടാണോ എന്നറിയില്ല, മത്സരിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചു. തൃശൂർ ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രതാപന്റെ തീരുമാനം ബുദ്ധിപരമായിരുന്നു എന്ന് തെളിയിച്ചു. രാജാജി മാത്യു തോമസ് 2006 - ൽ ഒല്ലൂരിൽ നിന്നും നിയമസഭയിലേക്ക് വിജയിച്ചു. 2011-ൽ പരാജയപ്പെട്ടു. ഇരുവരും 2006-2011 കാലയളവിൽ ഒരുമിച്ച് നിയമസഭാംഗങ്ങളായിരുന്നു. ത്യശൂരിൻറെ പരമ്പരാഗത സാമുദായിക കീഴ്വഴക്കങ്ങൾ ലംഘിച്ചാണ്  പ്രതാപനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ഇവരുടെ ഇടയിലേക്ക്   തുഷാർ വെള്ളാപ്പള്ളി കൂടിയെത്തിയാൽ  തൃശൂരിന്റെ ഓരോ ചലനവും കേരളം ശ്രദ്ധയോടെ കാതോർക്കും. SNDP ഭാരവാഹികളായി തെരഞ്ഞെടുപ്പിൽ മത്സരിച്ച മിക്കവരുടെയും നില പരിതാപകരമായിരുന്നു. അത് തിരുത്താൻ തുഷാറിന് കഴിയുമോ എന്നും ഇത്തവണ തൃശൂർ മറുപടി നൽകിയേക്കും.

 കേരളത്തിലെ മറ്റു  മണ്ഡലങ്ങൾക്കില്ലാത്ത പല പ്രത്യേകതകളൂം തൃശൂരിനുണ്ട്. രണ്ടു പാർട്ടികൾ - സിപിഐയും കോൺഗ്രസും - മാത്രമേ തൃശൂരിനെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചിട്ടുള്ളൂ. ഒൻപതു തവണ സിപിഐയും, ആറു തവണ കോൺഗ്രസ്സും. കമ്യൂണിസ്റ്റു പാർട്ടിയിലെ പിളർപ്പിന് ശേഷം സിപിഐ തങ്ങളുടെ ശക്തികേന്ദ്രമായി കരുതുന്ന ജില്ലയാണ് തൃശൂർ. അതുകൊണ്ടു തന്നെ സിപിഐ ഏത് മുന്നണിയിലായാലും അവരാകും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്നത്. സിപി എം രണ്ടു തവണ മാത്രമേ - 71  ലും 77 ലും, തൃശൂർ സീറ്റിൽ മത്സരിച്ചിട്ടുള്ളൂ. രണ്ടു തവണയും വിജയിച്ചില്ല. അങ്ങനെ സിപിഎമ്മിന് ഒരിക്കലും എംപി ഉണ്ടാകാത്ത കേരളത്തിലെ അപൂർവം മണ്ഡലങ്ങളിലൊന്നാണ് തൃശൂർ. 

1952 ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിലെ  സി ആർ  ഇയ്യുണ്ണിയാണ് തൃശൂരിൽ നിന്നും വിജയിച്ചത്. അദ്ദേഹത്തെക്കുറിച്ച് പിന്നീടധികമൊന്നും കേട്ടിട്ടില്ലെങ്കിലും അന്ന് പരാജയപ്പെട്ട സ്ഥാനാർത്ഥി കേരള സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ പ്രശസ്തനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു. 1957 -ലെ ഇ.എം.എസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ അദ്ദേഹം വിമോചനസമരത്തിന് പ്രധാന കാരണക്കാരനുമായി. പിന്നീട് തുടർച്ചയായി ആറുവട്ടം തൃശൂരിനെ പാർലമെന്റിൽ സിപിഐ അംഗങ്ങളാണ് പ്രതിനിധീകരിച്ചത്. അൻപത്തിയേഴിലും അറുപത്തി രണ്ടിലും കെ കൃഷ്ണൻ വാരിയർ വിജയിച്ചു. അടുത്ത രണ്ടുതവണ, 67 -ലും 71 -ലും, സി ജനാർദ്ദനന്റെ ഊഴമായിരുന്നു. ആദ്യത്തെ തവണ സിപിഎം കൂടെ ഉൾപ്പെട്ട മുന്നണിയിലായിരുന്നുവെങ്കിൽ, രണ്ടാം തവണ കോൺഗ്രസ്സ് മുന്നണി സ്ഥാനാർത്ഥിയായി സിപിഎമ്മിലെ കെ പി അരവിന്ദാക്ഷനെയാണ് ജനാർദ്ദനൻ പരാജയപ്പെടുത്തിയത്‌. എഴുപത്തിയേഴിൽ കെ പി അരവിന്ദാക്ഷൻ തന്നെ സിപിഎം സ്ഥാനാർഥി. പക്ഷെ അദ്ദേഹം കെ എ രാജനോട് പരാജയപ്പെട്ടു. അങ്ങനെ തൃശൂരിൽ സിപിഎം മത്സരിച്ച രണ്ടുവട്ടവും സ്ഥാനാർഥിയായ കെപി അരവിന്ദാക്ഷൻ, രണ്ടു വട്ടവും തോറ്റു. 

എൺപതിൽ സിപിഐ വീണ്ടും മാർക്സിസ്റ്റ് മുന്നണിയിലെത്തി. കെ എ രാജൻ തന്നെ വീണ്ടും സ്ഥാനാർത്ഥിയായി. കോൺഗ്രസ് മുന്നണിയിൽ  കോൺഗ്രസ്(ഐ) യും ജനതാ പാർട്ടിയും വെവ്വേറെ സ്ഥാനാർത്ഥികളെ നിർത്തി. കോൺഗ്രസിന് വേണ്ടി പി പി ജോർജ്ജും ജനതാ പാർട്ടിക്ക് വേണ്ടി കെ വി കെ പണിക്കരും മത്സരിച്ചു. കെ എ രാജൻ 43151 വോട്ടുകൾക്ക് പി പി ജോർജ്ജിനെ തോൽപ്പിച്ചപ്പോൾ കെവികെ പണിക്കർക്ക് 25,133  വോട്ടുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളു. 

കോൺഗ്രസിൽ എക്കാലവും കരുണാകരന്റെ വിമരശകനായിരുന്ന ചാക്കോ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ്  കരുണാകരനിൽ അഭയം പ്രാപിച്ചു.

ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷമുള്ള എൺപത്തിത്തിനാലിലെ തെരഞ്ഞെടുപ്പിൽ മുപ്പത്തിരണ്ട് വർഷങ്ങൾക്കു ശേഷം തൃശൂരിൽ കോൺഗ്രസ് ജയിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി  പ്രസിഡന്റായിരുന്ന പി എ ആന്റണിയായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. എൺപത്തിയേഴിലെ നായനാർ മന്ത്രിസഭയിൽ കൃഷി മന്ത്രിയായ വിവി രാഘവനായിരുന്നു സിപിഐ സ്ഥാനാർഥി. സഹതാപതരംഗം ആഞ്ഞടിച്ച ആ തെരഞ്ഞെടുപ്പിൽ 51290  വോട്ടുകൾക്ക് ആന്റണി രാഘവനെ തോൽപ്പിച്ചു. എൺപത്തിയൊൻപതിലെ തെരഞ്ഞെടുപ്പിലും പി  എ ആന്റണി തന്നെ വീജയിച്ചുവെങ്കിലും ഭൂരിപക്ഷം 6235  വോട്ടായി കുറഞ്ഞു. 

തൊണ്ണൂറ്റിയൊന്നിൽ കോൺഗ്രസ് സ്ഥാനാർഥി മാറി. ശരദ് പവാറിനൊപ്പം കോൺഗ്രസിൽ തിരിച്ചെത്തിയ പിസി ചാക്കോ എണ്പത്തിയൊൻപതിൽ കോട്ടയത്തോ ഇടുക്കിയിലോ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഒരു താത്പര്യവും കാണിച്ചില്ല. കോൺഗ്രസിൽ എക്കാലവും കരുണാകരന്റെ വിമരശകനായിരുന്ന ചാക്കോ സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞ്  കരുണാകരനിൽ അഭയം പ്രാപിച്ചു. ആശ്രിതവത്സലനായ കരുണാകരൻ പി  എ ആന്റണിയെ മാറ്റി ചാക്കോയെ തൃശൂരിൽ സ്ഥാനാർത്ഥിയാക്കി. കെ പി രാജേന്ദ്രനായിരുന്നു സിപിഐ   സ്ഥാനാർഥി.  രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ചാക്കോ 29231  വോട്ടുകൾക്ക് വിജയിച്ചു. 

'എന്നെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി ' എന്ന് കരുണാകരൻ വിലപിച്ചു. കരുണാകരന്റെ തോൽവി ദേശീയ മാധ്യമങ്ങൾ ആഘോഷമാക്കി.

തൃശൂരിന്റെ ചരിത്രത്തിലെ ഏറ്റവും പ്രശസ്തവും നിർണായകവുമായ  തെരഞ്ഞെടുപ്പായിരുന്നു തൊണ്ണൂറ്റിയാറിൽ നടന്നത്. തൃശൂർ തന്റെ തട്ടകമാക്കിയ കെ കരുണാകരൻ എന്ന അതികായകനായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. തൊണ്ണൂറ്റിയൊന്നിൽ  രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷം നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച  കരുണാകരൻ അഖിലേന്ത്യാ രാഷ്ട്രീയത്തിൽ അതിശക്തനായി മാറിയിരുന്നു. നരസിംഹറാവു എക്കാലവും തന്നോട് കടപ്പെട്ടവനായിരിക്കുമെന്നു കരുണാകരൻ പ്രതീക്ഷിച്ചു.  പക്ഷെ, മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ നിർദ്ദേശിച്ചതോടെ കരുണാകരൻ നരസിംഹറാവുവിന്റെ നിതാന്ത  ശത്രുവായി.  പിന്നീട് കേന്ദ്രമന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രിയായെങ്കിലും കരുണാകരൻ റാവുവിന്റെ ശത്രുപക്ഷത്തായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം നരസിംഹറാവുവിനെതിരെ കരുനീക്കങ്ങൾ നടത്താൻ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. കരുണാകരനുവേണ്ടി മണ്ഡലത്തിൽ നടത്തിയ ചുവരെഴുത്തുകൾ ' ഭാവി ഇന്ത്യൻ പ്രധാനമന്ത്രി കെ കരുണാകരനെ വിജയിപ്പിക്കുക' എന്നായിരുന്നു. വി വി രാഘവനായിരുന്നു എതിർസ്ഥാനാർഥി. മികച്ച കൃഷിമന്ത്രി എന്ന ഖ്യാതി നേടിയിരുന്ന രാഘവൻ പക്ഷെ കരുണാകരനൊരിരയാവുമെന്ന് ആരും കരുതിയില്ല.  പക്ഷേ, കേരളം രാഷ്രീയചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ, വി വി രാഘവൻ 1480 വോട്ടുകൾക്ക് കരുണാകരനെ തോൽപ്പിച്ചു. 'എന്നെ മുന്നിൽ നിന്നും പിന്നിൽ നിന്നും കുത്തി ' എന്ന് കരുണാകരൻ വിലപിച്ചു. കരുണാകരന്റെ തോൽവി ദേശീയ മാധ്യമങ്ങൾ ആഘോഷമാക്കി. ആ തോൽവി ദേശീയ രാഷ്ട്രീയത്തിലെ കരുണാകരന്റെ പ്രാധാന്യം വല്ലാതെ കുറച്ചുകളഞ്ഞു. പിന്നീടൊരിക്കലും അത് വീണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 

അടുത്ത തെരഞ്ഞെടുപ്പിൽ രാഘവനെ നേരിടാൻ എത്തിയത് കെ മുരളീധരനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുരളി കോഴിക്കോട്ട് പരാജയപ്പെട്ടിരുന്നു. കരുണാകരനോട് കാണിക്കാത്ത കരുണ തൃശൂർ മുരളിയോടും കാണിച്ചില്ല. രാഘവൻ മുരളീധരനെ 18409 വോട്ടുകൾക്ക് തോൽപ്പിച്ചു. 

കേരള രാഷ്ട്രീയത്തിന്റെ ഭാഗധേയം കരുണാകരൻ നിയന്ത്രിച്ചിരുന്ന കാലമത്രയും അദ്ദേഹത്തിന്റെ തട്ടകം തൃശൂരായിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് തൃശൂർ ഒരിക്കലും കരുണാകരനും കുടുംബത്തിനുംരാശിയുള്ള സ്ഥലമായിരുന്നില്ല. പാർലമെന്റിലേക്ക് തൃശൂരിൽ നിന്നും കെ കരുണാകരനും കെ മുരളീധരനും പരാജയപ്പെട്ടു. നിയമസഭയിലേക്ക് കരുണാകരനും പത്മജയും അറുപതുവർഷത്തെ ഇടവേളകളിൽ 1957 ലും 2016-ലും പരാജയപ്പെട്ടു. 

തൊണ്ണൂറ്റിയൊമ്പതിൽ  പക്ഷേ വിവി രാഘവന് അടിതെറ്റി. കോൺഗ്രസിലെ ദേശാടനപക്ഷിയായിരുന്ന എ സി ജോസ് ഇടുക്കിയും മുകുന്ദപുരവും കഴിഞ്ഞ് തൃശൂരെത്തി രാഘവനെ 11632  വോട്ടുകൾക്ക് തോൽപ്പിച്ചു. 

അങ്ങനെ ഒരു സീറ്റിൽ മത്സരിച്ച് രണ്ടു സീറ്റിൽ തോറ്റയാളെന്ന ഖ്യാതി ചാക്കോ സ്വന്തമാക്കി. 

രണ്ടായിരത്തി നാലിൽ ജോസിനെ സികെ ചന്ദ്രപ്പൻ തോൽപ്പിച്ചു. ആ ലോക്‌സഭയുടെ കാലയളവിൽ ഏറ്റവും മികച്ച പാർലമെന്റേറിയനായി  ചന്ദ്രപ്പൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തൃശൂരിന്   അഭിമാനമായി.  രണ്ടായിരത്തി ഒൻപതിൽ പി സി  ചാക്കോ തിരിച്ചെത്തി. ഇത്തവണ എതിരാളി മുൻ എംഎൽഎയായ സി  എൻ ജയദേവനായിരുന്നു. ചാക്കോ 25151  വോട്ടുകൾക്ക് വിജയിച്ചു. 

2014 ലെ തെരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ചാക്കോയ്ക്ക് തൃശൂരിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യം സ്വയം സൃഷ്ടിച്ചിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ടായി താൻ നിർദേശിക്കുന്ന ആൾ വരണമെന്ന ചാക്കോയുടെ നിർബന്ധമാണ് ജില്ലയിലെ പ്രബലമായ ഐ ഗ്രൂപ്പിനെ ചാക്കോയുടെ ശത്രുവാക്കിയത്. തൃശൂരിന് പകരം ചാലക്കുടി സീറ്റ് ചാക്കോ ഹൈക്കമാണ്ടിലെ സ്വാധീനം ഉപയോഗിച്ച് നേടിയെടുത്തു. ചാലക്കുടിയിലെ സിറ്റിങ്ങ് എംപി കെ പി ധനപാലനെ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് വിരുദ്ധമായി തൃശൂർക്ക് മാറ്റി. സി എൻ ജയദേവൻ തന്നെയായിരുന്നു സിപിഐ സ്ഥാനാർഥി. അദ്ദേഹം 38227   വോട്ടുകൾക്ക് ധനപാലനെ തോൽപ്പിച്ചു. ചാക്കോ ചാലക്കുടിയിലും തോറ്റു. അങ്ങനെ ഒരു സീറ്റിൽ മത്സരിച്ച് രണ്ടു സീറ്റിൽ തോറ്റയാളെന്ന ഖ്യാതി ചാക്കോ സ്വന്തമാക്കി. 

സി എൻ ജയദേവൻ കഴിഞ്ഞ ലോക്‌സഭയിലെ ഏക സിപിഐ അംഗമായിരുന്നു അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന് സംസ്ഥാനനേതൃത്വം തീരുമാനിച്ചപ്പോൾ കെ പി രാജേന്ദ്രന്റെ പേരിനായിരുന്നു പ്രാമുഖ്യം. പക്ഷേ, വാട്ട്സാപ്പിൽ തനിക്കെതിരെയുള്ള മെസേജ് ഷെയർ ചെയ്ത രാജേന്ദ്രനെ സ്ഥാനാര്ഥിയാക്കാനാവില്ലന്ന് ജയദേവൻ നിർബന്ധം പിടിച്ചു. അങ്ങനെയാണ് രാജാജി സ്ഥാനാർത്ഥിയായത്. വിഎം സുധീരൻ സ്ഥാനാർഥിയാവാനില്ലെന്ന്  അറിയിച്ചതോടെ കോൺഗ്രസിൽ പ്രതാപന്  എതിരാളികളില്ലായിരുന്നു. 

ബിഡിജെഎസിന്റെ സഹകരണം ഉറപ്പുവരുത്താനും എസ്എൻഡിപിയുടെ പിന്തുണ ലഭിക്കാനും വേണ്ടി തുഷാർ സ്ഥാനാര്ഥിയാവണമെന്നു ബിജെപി നിർബന്ധം പിടിച്ചത്. അതിനായി അമിത് ഷാ തന്നെ നേരിട്ടിടപെടേണ്ടി വന്നു. പക്ഷേ, ഇപ്പോൾ രാഹുൽ ഗാന്ധിയെ നേരിടാൻ തുഷാർ വയനാട്ടിലേക്ക് മാറുമെന്ന് കേൾക്കുന്നു. പകരമെത്തുന്നത് ആരാണെന്ന് അറിയില്ല. 

തൃശൂർ ലോക്‌സഭാ  മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ കയ്യിലാണ്. ഇതിനെ അതിജീവിയ്ക്കാൻ പ്രതാപനും നിലനിർത്താൻ രാജാജി മാത്യു തോമസും  എത്തുമ്പോൾ മത്സരം പൊടിപൂരമാകും.  

Latest Videos
Follow Us:
Download App:
  • android
  • ios