ഗോഡ്‌സെ വെടിവെച്ചുകൊന്നിട്ടും ഗാന്ധിജി നമുക്കിടയില്‍ ജീവിക്കുന്നത് എങ്ങനെയാണ്?

തോറ്റത് വെടിയുണ്ടകളാണ്, ഗാന്ധിജിയല്ല. വിഷ്ണുരാജ് തുവയൂര്‍ എഴുതുന്നു

Mahatma Gandhi champion of Religious pluralism in India by Vishnuraj Thuvayur

തൂക്കിക്കൊല്ലുന്നതിന് മുമ്പ് ഗാന്ധിജിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് നാഥുറാം വിനായക് ഗോഡ്‌സെ പറഞ്ഞു:

'മുസ്ലിങ്ങള്‍ക്കുവേണ്ടി അദ്ദേഹം നിരന്തരമായി, സദാ വാദിച്ചുകൊണ്ടിരുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. അവസാനമായി മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ള ഉപവാസത്തോടെ ഒരു കാര്യം എനിക്കു തീര്‍ച്ചയായി - ഗാന്ധി ഇനി അവശേഷിച്ചുകൂടാ'.

പക്ഷേ, ഗോഡ്‌സെയുടെ ആഗ്രഹങ്ങളൊക്കെ തെറ്റിപ്പോയി. ആദ്യം സൂചിപ്പിച്ചതുപോലെ മഹാത്മാഗാന്ധി ഇവിടെ തുടരുക തന്നെയാണ്. ഇന്നും തെരുവുകളില്‍,  പ്രതിഷേധങ്ങളില്‍, നിരാശരായ ജനതയുടെ അതിജീവനശ്രമങ്ങളില്‍ ഗാന്ധിജി ജ്വലിച്ചു നില്‍ക്കുന്നു. 

 

Mahatma Gandhi champion of Religious pluralism in India by Vishnuraj Thuvayur

 

തെരുവുകളില്‍, സമരങ്ങളില്‍, ഭാവിക്കായുള്ള ജനാധിപത്യ പോരാട്ടങ്ങളില്‍, ഇന്ത്യയെന്ന മഹത്തായ ആശയം സംരക്ഷിക്കുന്നതിനുള്ള ഒത്തുകൂടലുകളിലൊക്കെ മഹാത്മാഗാന്ധിയെന്ന നമ്മുടെ രാഷ്ട്രപിതാവ് സജീവസാന്നിധ്യമാകുന്ന കാലമാണിത്. ആ അര്‍ഥത്തില്‍ 1869-ല്‍ ആരംഭിച്ച അദ്ദേഹത്തിന്റെ ജീവിതം അവസാനിപ്പിക്കാന്‍ ആ വെടിയുണ്ടകള്‍ക്ക് കഴിഞ്ഞില്ലെന്ന് പറയാം. അദ്ദേഹം ഇപ്പോഴും തെരുവുകളില്‍ ജനങ്ങള്‍ക്കൊപ്പം തുടരുകയാണെന്ന് പറയാം.

1948 ജനുവരി 30-ന് ഹിന്ദുത്വ തീവവാദിയായ നാഥുറാം വിനായക് ഗോഡ്‌സെ വെടിവെച്ച് കൊന്ന് അവസാനിപ്പിക്കാന്‍ ശ്രമിച്ച ഗാന്ധിയെന്ന ആശയം എങ്ങനെയാണ് ഇക്കാലത്തും നിര്‍ണായക സാന്നിധ്യമായി തുടരുന്നത്? 

തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാനും വിമര്‍ശനം ഉള്‍ക്കൊണ്ട് സ്വന്തം അഭിപ്രായങ്ങള്‍ മാറ്റാനും പരിഷ്‌കരിക്കാനും സദാ തയ്യാറായിരുന്ന ഒരാളായിരുന്നു ഗാന്ധി. ഹിന്ദു -മുസ്ലിം മൈത്രിക്ക് വേണ്ടി നിരന്തരം പരിശ്രമിച്ച ഒരാള്‍. തന്റെ നിത്യപ്രവര്‍ത്തനങ്ങള്‍ പരസ്യപരിശോധനയ്ക്ക് തുറന്നിട്ടിരുന്ന, ജീവിതകാലം മുഴുവന്‍ 
സുഹൃത്തുക്കളുമായും വിമര്‍ശകരുമായും സംവാദങ്ങളിലേര്‍പ്പെട്ട നേതാവ്. , സാമൂഹ്യപരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച, രൂപപ്പെടാന്‍ പോകുന്ന രാഷ്ട്രത്തെപ്പറ്റി, അതിന്റെ പ്രശ്‌നങ്ങളെപ്പറ്റി, സാധ്യതകളെപ്പറ്റി നിരന്തരം എഴുതിയ സമാനതകളില്ലാത്ത ഒരാള്‍. ഇനി ആവര്‍ത്തിക്കപ്പെടാന്‍ സാധ്യയില്ലാത്ത, ഈ കെട്ടകാലത്ത് നമുക്ക് കൈയെത്തിപ്പിടിക്കാവുന്ന ഓര്‍മ. മുകളില്‍ ചോദിച്ച ചോദ്യത്തിനുത്തരം ഈ കര്‍മകാണ്ഡത്തിലുണ്ട്. 

മുസ്ലിങ്ങള്‍ ഇന്ത്യ വിട്ടുപോകണമെന്ന് ആക്രോശിക്കുന്ന ഭരണകൂടമുള്ള, വസ്ത്രം കൊണ്ട് കലാപകാരികളെ തിരിച്ചറിയാമെന്ന ഏറ്റവും നിന്ദ്യവും ക്രൂരവുമായ പ്രസംഗം നടത്തുന്ന ഭരണാധികാരിയുള്ള, പൗരത്വനിയമ ഭേദഗതിയിലൂടെ മുസ്ലിങ്ങളെ പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്ന വര്‍ത്തമാനകാലത്ത് മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ കര്‍മപരിപാടികളില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായ ഹിന്ദു - മുസ്ലിം മൈത്രിയെക്കുറിച്ച് പറയുന്നത് പ്രധാനമാണ്.
ഒരു പക്ഷേ, ഗാന്ധി ഏറ്റവും കൂടുതല്‍ എഴുതിയതും പറഞ്ഞതും ഉപവാസമനുഷ്ഠിച്ചതുമൊക്കെ ഹിന്ദു - മുസ്ലിം മതമൈത്രിക്കു വേണ്ടിയാകും.

1947 ഓഗസ്റ്റ് 15-നെ മഹാത്മാഗാന്ധി അടയാളപ്പെടുത്തിയത് 24 മണിക്കൂര്‍ നിരാഹാരവ്രതം അനുഷ്ഠിച്ചാണ്. താനിത്രയും കാലം ഏതൊരു സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ പോരാടിയത്, ആ സ്വാതന്ത്ര്യത്തിന് വലിയ വിലകൊടുക്കേണ്ടിവന്നുവെന്നും സ്വാതന്ത്ര്യത്തിന്റെ അര്‍ഥം വിഭജനമെന്നുകൂടിയായി എന്ന് ഗാന്ധി വിശ്വസിച്ചത്. അതിലദ്ദേഹം വലിയ രീതിയില്‍ അസ്വസ്ഥനുമായിരുന്നു.

വിഭജനാനന്തരം വലിയ കലാപങ്ങളും കുടിയേറ്റങ്ങളുമുണ്ടായി. പടിഞ്ഞാറന്‍ പഞ്ചാബിലും ബംഗാളിലും നവഖാലിയിലും കലാപങ്ങളുണ്ടായി. ഗാന്ധിജി നിരാഹാരം തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ കുറഞ്ഞു തുടങ്ങുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ഹിന്ദുമഹാസഭ എന്നിവയുടെ പ്രധാനപ്രതിനിധികള്‍ അടങ്ങുന്ന ഒരു സംഘം ഗാന്ധിയെ കണ്ട് കലാപമുണ്ടാകില്ല എന്ന് ഉറപ്പു നല്‍കിയ ശേഷമാണ് മൂന്നുദിവസം തുടര്‍ന്ന ഉപവാസം അവസാനിപ്പിച്ചത്.

അതിനെക്കുറിച്ച് മൗണ്ട് ബാറ്റണ്‍ പറഞ്ഞത് ഇങ്ങനെ: 'അമ്പതിനായിരം പട്ടാളക്കാര്‍ക്ക് സാധിക്കാത്തത് ഒരു നിരായുധനായ മനുഷ്യന് സാധിച്ചു'. 

ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള, കൊല്‍ക്കത്തത്തയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'സ്‌റ്റേറ്റ്‌സ്മാന്‍' പത്രം 'ഒരു രാഷ്ട്രീയോപകരണം എന്ന നിലയില്‍ ഉപവാസം ഉപയോഗിക്കുന്നതിന്റെ നൈതികതയുടെ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഇന്ത്യയിലെ അതിന്റെ ഏറ്റവും പ്രശസ്തനായ പ്രയോക്താവുമായി ഏറെ വര്‍ഷങ്ങളായിട്ടും അഭിപ്രായൈക്യമില്ല... പക്ഷേ, ഇത്രയും ദീര്‍ഘമായ രാഷ്ട്രീയജീവിതത്തിനിടെ ഇത്രയും ലളിതമായി, കുലീനമായൊരു കാര്യസാധ്യത്തിനായി മഹാത്മാഗാന്ധി ഇതുവരെ ഉപവസിച്ചിട്ടില്ല. ഇത്രയും നേരിട്ട് ഉടനെ പ്രതികരണമുണ്ടാക്കുന്ന തരത്തില്‍, പൊതുജനമനസ്സാക്ഷിയെ ഉണര്‍ത്താന്‍ പാകത്തിനും'. എന്നും എഴുതി.

ഉപവാസത്തിനു ശേഷവും അദ്ദേഹം ഹിന്ദുക്കളും മുസ്ലിങ്ങളും സമാധാനപരമായി ജീവിക്കുന്നൊരിന്ത്യയാണ് സ്വപ്നം കണ്ടതും അതിനായാണ് പ്രവര്‍ത്തിച്ചതും. ഒടുവില്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ ഹിന്ദുത്വതീവ്രവാദിക്ക് കാരണമായതും അതാണ്.

 

........................................................................

ഗോഡ്‌സെയുടെ ആഗ്രഹങ്ങളൊക്കെ തെറ്റിപ്പോയി. ആദ്യം സൂചിപ്പിച്ചതുപോലെ മഹാത്മാഗാന്ധി ഇവിടെ തുടരുക തന്നെയാണ്. ഇന്നും തെരുവുകളില്‍,  പ്രതിഷേധങ്ങളില്‍, നിരാശരായ ജനതയുടെ അതിജീവനശ്രമങ്ങളില്‍ ഗാന്ധിജി ജ്വലിച്ചു നില്‍ക്കുന്നു. 

Mahatma Gandhi champion of Religious pluralism in India by Vishnuraj Thuvayur

ദില്ലിയിലെ ജന്ദര്‍മന്ദറില്‍ നടന്ന സി എ എ വിരുദ്ധ പ്രക്ഷോഭത്തിനിടെ മഹാത്മാ ഗാന്ധിയുടെ ഛായാചിത്രവുമായി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നവര്‍. ഫോട്ടോ: ടി നാരായണ്‍ / ഗെറ്റിഇമേജസ്
 

 

തീവ്രഹിന്ദുത്വം ഗാന്ധിയോടേറ്റുമുട്ടി പരാജയപ്പെടുന്ന മൂന്ന് സന്ദര്‍ഭങ്ങള്‍ അദ്ദേഹത്തില്‍ വാക്കുകളില്‍ നിന്നുതന്നെ നമുക്ക് മനസ്സിലാക്കാം.

1. ഹിന്ദ് സ്വരാജ് എന്ന പുസ്തകത്തില്‍ ഗോസംരക്ഷണത്തെക്കുറിച്ച് ചോദ്യോത്തര രീതിയില്‍ ഗാന്ധി എഴുതുന്നു:

ഇനി ഗോസംരക്ഷണത്തെക്കുറിച്ച് താങ്കള്‍ക്കുള്ള വീക്ഷണം വിശദമാക്കുക.?

'സ്‌നേഹനിര്‍ഭരമായ ആദരവാണ് എനിക്ക് പശുവിനോടുള്ളത്. കൃഷിക്കാരുടെ നാടാണിന്ത്യ. പശു നാടിനെ സംരക്ഷിക്കുന്നു. നാട് പശുവിനോട് കടപ്പെട്ടിരിക്കുന്നു. ഇതു മുസ്ലിം സഹോദരന്മാരും സമ്മതിക്കും. എന്നാല്‍ പശുവിനെയെന്നപോലെ ഞാനെന്റെ സഹപൗരന്മാരേയും ബഹുമാനിക്കുന്നുണ്ട്. പശുവിനെക്കൊണ്ടെന്നപോലെ മനുഷ്യനെക്കൊണ്ടും, ഒരാള്‍ ഹിന്ദുവായാലും മുസ്ലിമായാലും അയാള്‍ക്കുപകാരമുണ്ട്. ആ നിലയ്ക്ക് പശുവിനെ സംരക്ഷിക്കാന്‍ മുസ്ലിമിനോട് കലഹിക്കുകയോ അയാളെ കൊല്ലുകയോ ചെയ്യണോ? അങ്ങനെ ചെയ്താല്‍ ഞാന്‍ മുസ്ലിമിന്റെ മാത്രമല്ല, പശുവിന്റെകൂടി ശത്രുവായിത്തീരും. അതിനാല്‍ പശുസംരക്ഷണത്തിനുള്ള ഏകമാര്‍ഗമായി ഞാന്‍ കാണുന്നതിതാണ്. ഞാന്‍ മുസ്ലിം സഹോദരനെ സമീപിച്ച് പശുസംരക്ഷണത്തില്‍ എന്നോട് സഹകരിക്കണമെന്നാവശ്യപ്പെടും. അയാള്‍ സഹകരിക്കുന്നില്ലെങ്കില്‍ കാര്യമെന്റെ കഴിവിന്നപ്പുറത്താണെന്ന ലളിതമായ സത്യം അംഗീകരിച്ച് ഞാന്‍ പശുവിനെ കൈവിടും. പശുവിനോടെനിക്ക് സഹതാപം വളരെയുണ്ടെങ്കിലും അവളെ സംരക്ഷിക്കാന്‍ സ്വയം ബലിനല്‍കിയാല്‍പ്പോലും മുസല്‍മാനെ ദ്രോഹിക്കുകയില്ല. എന്റെ അഭിപ്രായത്തില്‍ ഹിന്ദുധര്‍മം ഇതാണ്. 

ഹിന്ദുക്കള്‍ക്ക് പിടിവാശി കൂടിയപ്പോഴൊക്കെ ഗോഹത്യകള്‍ കൂടിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ ഗോസംരക്ഷണസംഘങ്ങള്‍ ഗോവധസംഘങ്ങള്‍ തന്നെയാണ്. അപമാനകരമാണ് ഇത്തരം ഏര്‍പ്പാടുകള്‍. പശുസംരക്ഷണവിദ്യ മറന്നപ്പോഴാണ് ഇത്തരം സംഘങ്ങളുടെ പിറവി.'
(പുറം 26-27)

2. ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിക്കുന്ന ഒരു രാഷ്ട്രീയവേദി ഉണ്ടാക്കാനുള്ള ഗാന്ധിയുടെ ശ്രമങ്ങള്‍ പരാജയപ്പെടുകയും വേറിട്ടൊരു രാഷ്ട്രമായി പാകിസ്താന്‍ സൃഷ്ടിക്കുന്നതില്‍ മുസ്ലിം ലീഗ് വിജയിക്കുകയും ചെയ്തു. വിഭജനത്തിനു ശേഷം ലക്ഷക്കണക്കിന് മുസ്ലിംകള്‍ ഇന്ത്യയില്‍ത്തന്നെ തുടരാന്‍ തീരുമാനിച്ചു. ഈ സാഹചര്യത്തില്‍ മഹാത്മാഗാന്ധി 1947 നവംബര്‍ 15-ന് എ.ഐ.സി.സി.യില്‍ നടത്തിയ പ്രസംഗം പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് തുല്യമായ പൗരാവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തന്റെ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുന്ന ഭാഗമാണിത്.

'...സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുമ്പോള്‍ നമ്മുടെ ഉത്തരവാദിത്വം ഭാരിച്ചതായിരുന്നു. പക്ഷേ, ഇന്ന് സ്വാതന്ത്ര്യം നേടിയശേഷം ആ സ്വാതന്ത്ര്യം ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുന്നു. എന്താണ് ഇന്ന് നടക്കുന്നത്? രാജ്യത്ത് പലയിടത്തും എല്ലായിടത്തുമല്ല. ഒരു മുസ്ലിമിന് സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. മുസ്ലിമാണെന്നതിനാല്‍ മാത്രം അവനെ കൊല്ലുകയോ ഓടുന്ന വണ്ടിയില്‍നിന്ന് വലിച്ച് പുറത്തെത്തിക്കുകയോ ചെയ്യാന്‍ തക്കം പാര്‍ത്തിരിക്കുന്ന തെമ്മാടികളുണ്ട്. അത്തരത്തില്‍ പല സംഭവങ്ങളും നടന്നു. അത് തടയാനാകില്ലായിരുന്നു, അതില്‍ നിങ്ങള്‍ക്ക് പങ്കില്ലായിരുന്നു എന്നൊന്നും പറഞ്ഞാല്‍ എനിക്ക് ദഹിക്കില്ല. സംഭവിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ നമുക്കാവില്ല. ഞാന്‍ ഈ ഉന്മാദത്തോട് പോരാടിയേ മതിയാകൂ. അതിനൊരു ചികിത്സ കണ്ടത്തിയേ തീരൂ. അതിപ്പോഴും കണ്ടെത്തിയിട്ടില്ല എന്നെനിക്കറിയാം. ഞാനതേറ്റു പറയുന്നു.

ഇന്ന് നടക്കുന്ന സംഭവങ്ങളെ പ്രതി ഞാന്‍ ലജ്ജിക്കുന്നു. അത്തരം സംഭവങ്ങള്‍ ഇന്ത്യയിലൊരിടത്തും നടക്കാന്‍ പാടില്ല. ഇന്ത്യ ഹിന്ദുക്കളുടേതുമാത്രമല്ല, പാകിസ്താന്‍ മുസ്ലിങ്ങളുടേതു മാത്രമല്ല എന്ന വസ്തുത നാം തിരിച്ചറിയണം. പാകിസ്താന്‍ മുസ്ലിങ്ങളുടേതു മാത്രമാണെങ്കില്‍ അത് ഇസ്ലാമിനെ നശിപ്പിക്കുന്ന ഒരു പാപമാകും എന്നാണ് ഞാനെപ്പോഴും വിശ്വസിക്കുന്നത്. ഇസ്ലാം ഒരിക്കലും അങ്ങനെ പഠിപ്പിച്ചിട്ടില്ല. ഹിന്ദുക്കള്‍ എന്ന നിലയ്ക്ക് തങ്ങള്‍ ഇന്ത്യയില്‍ ഒരു പ്രത്യേക രാഷ്ട്രമാണ് എന്ന് ഹിന്ദുക്കള്‍ പറഞ്ഞാല്‍ ശരിയാവില്ല. ഇപ്പോള്‍ സിഖുകളും ഇടയ്ക്കിടെ ഒരു സിഖിസ്ഥാനെക്കുറിച്ച് പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത്തരം അവകാശവാദങ്ങളില്‍ അഭിരമിച്ചാല്‍ ഇന്ത്യയും പാകിസ്താനും നശിക്കും, കോണ്‍ഗ്രസ് നശിക്കും, നാമെല്ലാം നശിക്കും.

ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, മുസ്ലിങ്ങളെ നിങ്ങളുടെ സഹോദരന്മാരായി കണക്കാക്കുന്നു നിങ്ങളുടെ പ്രഥമ കര്‍ത്തവ്യമാണ്. പാകിസ്താനില്‍ എന്തോ നടക്കട്ടെ. നാം അടിയെ അടികൊണ്ടല്ല തടുക്കുക; നാം അതിനെ നിശ്ശബ്ദത കൊണ്ടും സംയമനംകൊണ്ടും നേരിടും. നിശ്ശബ്ദബ്ദത നിങ്ങളുടെ ശക്തി വര്‍ധിപ്പിക്കും. പക്ഷേ, പാകിസ്താനില്‍ നടക്കുന്നത് അതേപടി പകര്‍ത്തുകയാണെങ്കില്‍ പിന്നെ എന്ത് ധാര്‍മികമായ അടിസ്ഥാനത്തിലാണ് നിങ്ങള്‍ നിലപാടെടുക്കുക? നിങ്ങളുടെ അഹിംസയ്ക്ക് എന്ത് സംഭവിക്കും? സംഭവിച്ചത് നിങ്ങള്‍ അംഗീകരിക്കുന്നുവെങ്കില്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വിശ്വാസപ്രമാണവും സ്വഭാവവും നിങ്ങള്‍ മാറ്റണം. ഇതിനെ നേരിടാതെ നിങ്ങള്‍ക്കുമുന്നിലുള്ള മറ്റു പ്രശ്‌നങ്ങളൊന്നും പരിഹരിക്കാനാവില്ല. പുരയ്ക്കു തീപിടിച്ചാല്‍ ആദ്യം തീ അണയ്ക്കണം. പിന്നീടേ മറ്റെന്തെങ്കിലും ചെയ്യാനാകൂ. വീടുവിട്ട് പാകിസ്താനിലേക്ക് ഓടിപ്പോയ മുസ്ലിങ്ങളെല്ലാം ഇവിടേക്ക് തിരിച്ചുവരട്ടെ. അവര്‍ക്കും പാകിസ്ഥാനില്‍നിന്ന് ഓടിവന്ന ഹിന്ദു, സിഖ് അഭയാര്‍ഥികള്‍ക്കും പാര്‍ക്കാന്‍ വേണ്ടത്ര സ്ഥലം ഇന്ത്യയിലുണ്ട്.
(പുറം 316-321)

3. സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദു -മുസ്ലിം ഐക്യം പുലരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 1947 ഡിസംബര്‍ ഏഴിന് ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ഒരു പ്രാര്‍ത്ഥനാസമ്മേളനത്തില്‍ മഹാത്മാഗാന്ധി പറഞ്ഞതില്‍നിന്ന്:

'സഹോദരന്മാരെ, സഹോദരിമാരെ,

ഇന്ന് ഏറെ സങ്കീര്‍ണ്ണവും ലോലവുമാമായ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് പത്രങ്ങളില്‍ വന്നിട്ടുണ്ട്. ചില ഹിന്ദു വനിതാപ്രവര്‍ത്തകര്‍ ഇന്നലെ ലാഹോറില്‍ പോവുകയും ചില മുസ്ലിം വനിതകളെ കാണുകയും ചെയ്തു എന്നു നിങ്ങള്‍ വായിച്ചുകാണും. പാകിസ്താനിലെ മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയ ഹിന്ദുസ്ത്രീകളുടെയും കിഴക്കന്‍ പഞ്ചാബിലെ ഹിന്ദുക്കളും സിക്കുകളും തട്ടിക്കൊണ്ടുപോയ മുസ്ലിം സ്ത്രീകളുടെയും വിഷയത്തില്‍ എന്ത് ചെയ്യാന്‍ പറ്റും എന്ന പ്രശ്‌നത്തെക്കുറിച്ചാണ് അവര്‍ ചര്‍ച്ചചെയ്തത്. അസംഖ്യം മുസ്ലിങ്ങള്‍ ഇപ്പോള്‍ തന്നെ ഇന്ത്യ വിട്ടിരിക്കുന്നു. ഇനിയും കുറേപ്പേര്‍ പോയേക്കും. ഒരൊറ്റ മുസ്ലിം പോലും നിര്‍ബന്ധം മൂലം ഇവിടെ നിന്ന് പോകാന്‍ ഇടവരില്ല എന്ന് നാം ഉറപ്പാക്കണം. സ്വമേധയാ അവര്‍ പാകിസ്ഥാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അത് മറ്റൊരു കാര്യം. പക്ഷേ, ആര്‍ക്കും സ്വമേധയാ ഇന്ത്യ വിട്ട് പോകണം എന്നില്ല...

...പക്ഷേ, വനിതകളുടെ കാര്യമോ? ഇത് സങ്കീര്‍ണമായ ഒരു പ്രശ്‌നമാണ്. ഹിന്ദുക്കളും സിക്കുകളും ചേര്‍ന്ന് പന്ത്രണ്ടായിരത്തോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും അതിലിരട്ടി സ്ത്രീകളെ പാകിസ്താനിലെ മുസ്ലിങ്ങള്‍ തട്ടിക്കൊണ്ടുപോയെന്നും ചിലര്‍ പറയുന്നു. ഈ കണക്ക് നന്നേ കുറവാണെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. 

എന്നാല്‍, 12,000 തന്നെ അത്ര ചെറിയ സംഖ്യയല്ല എന്ന് ഞാന്‍ പറയും. എന്തിന് ഒരായിരം അല്ലെങ്കില്‍ ഒന്നുപോലും ചെറിയ സംഖ്യയല്ല. എന്തിനാണ് ഒരു സ്ത്രീപോലും തട്ടിക്കൊണ്ടുപോകപ്പെടുന്നത്? ഒരു ഹിന്ദുസ്ത്രീയെ മുസ്ലിം തട്ടിക്കൊണ്ടുപോകുന്നതും ഒരു  മുസ്ലിം സ്ത്രീയെ ഒരു ഹിന്ദുവോ സിഖുകാരനോ തട്ടിക്കൊണ്ടുപോകുന്നതും ഒരു പോലെ കാടത്തം നിറഞ്ഞ പ്രവൃത്തിയാണ്. 12000 എന്നത് വളരെ യാഥാസ്ഥിതികമായ കണക്കാണ് എന്ന് ചിലര്‍ വിശ്വസിക്കുന്നു. പാകിസ്താനിലെ മുസ്ലിംകള്‍ 12000 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി, കിഴക്കന്‍ പഞ്ചാബിലെ ഹിന്ദുക്കളും സിഖുകളും 12000 സ്ത്രീകളെ തട്ടിക്കൊണ്ടുപോയി എന്ന് കരുതുക. അവരെ എങ്ങനെ വീണ്ടെടുക്കാം എന്നതാണ് പ്രശ്‌നം. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്ന് ചര്‍ച്ച ചെയ്യാനാണ് വനിതാപ്രവര്‍ത്തകര്‍ പാകിസ്താനില്‍ പോയത്. ബലമായി തട്ടിക്കൊണ്ടുപോയ ഹിന്ദു, സിഖ് വനിതകളെ വീണ്ടെടുത്ത് അവരുടെ കുടുംബത്തെ ഏല്‍പ്പിക്കണം. അതുപോലെ മുസ്ലിം വനിതകളെ അവരുടെ കുടുംബക്കാരെയും ഏല്‍പ്പിക്കണം. ഇത് ആ സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടുന്ന പണിയല്ല. ഇത് നമ്മുടെ നമ്മുടെ ഉത്തരവാദിത്തമാണ്...'
(പുറം 321-322)

മേല്‍ സൂചിപ്പിച്ചവ എത്രതവണ ആവര്‍ത്തിച്ച് വായിച്ചാലും നിങ്ങള്‍ക്കതില്‍ സംഘപരിവാറിന്റെ ഹിന്ദുത്വത്തിന്റെ അംശങ്ങള്‍ കണ്ടെടുക്കാനാകില്ല. നിങ്ങള്‍ പറയുന്നതല്ല ഹിന്ദുമതമെന്നും നിങ്ങളുദ്ദേശിക്കുന്ന തരത്തിലതിനെ വ്യാഖ്യാനിച്ചുറപ്പിക്കാനാകില്ലെന്നും ഗാന്ധി സംഘപരിവാറിനോട് പറഞ്ഞു. തുടര്‍ന്നാണ് ഗാന്ധിയെ കൊന്നൊഴിവാക്കേണ്ടതിന്റെ ആവശ്യകത ഹിന്ദുത്വ തീവ്രവാദികള്‍ക്ക് കൂടുതല്‍ ബോധ്യപ്പെട്ടത്. തുടര്‍ന്ന് നടന്ന സംഭവങ്ങളെ രാമചന്ദ്രഗുഹ ഏകദേശം  ഇങ്ങനെ രേഖപ്പെടുത്തുന്നു.

1947 ഡിസംബര്‍ ഏഴിന് ആര്‍.എസ്.എസ്. ദില്ലി രാംലീല മൈതാനത്ത് ഒരു കൂറ്റന്‍ പഥസഞ്ചലനം സംഘടിപ്പിക്കുന്നുണ്ട്. എം.എസ്. ഗോള്‍വാള്‍ക്കറായിരുന്നു അതിലെ മുഖ്യപ്രഭാഷകന്‍. 'നാം ലക്ഷ്യമിടുന്നത് ഹിന്ദുസമൂഹത്തിന്റെ ഏകോപനത്തെയാണ്. ഈ ആദര്‍ശം മുന്നോട്ടുവെച്ചുകൊണ്ട് സംഘം അതിന്റെ പാതയിലൂടെ മുന്നോട്ടുചലിക്കും. ഒരധികാര കേന്ദ്രത്തിനും ഒരു വ്യക്തിപ്രഭാവത്തിനും ആ പുരോഗതി തടയാനാവില്ല.' എന്ന് ഗോള്‍വാള്‍ക്കര്‍ ഉറപ്പിച്ചു പറയുന്നുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി, ഇന്ത്യന്‍ സര്‍ക്കാര്‍ എന്നിവയെയാണ് അധികാരകേന്ദ്രങ്ങള്‍ എന്നതുകൊണ്ട് ഗോള്‍വാള്‍ക്കര്‍ ഉദ്ദേശിച്ചത്; വ്യക്തികള്‍ നെഹ്‌റുവും ഗാന്ധിയും. ആര്‍.എസ്.എസിനോട് അനുഭാവമുള്ള അഭയാര്‍ഥികള്‍ ഇവരെ വെറുത്തു. ഗാന്ധിജിയുടെ പ്രാര്‍ഥനായോഗങ്ങള്‍ അവര്‍ പതിവായി അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചു. പാകിസ്താനില്‍ ഇപ്പോഴും താമസിക്കുന്ന ഹിന്ദുക്കളുടെയും സിഖുകാരുടെയും ദുരിതങ്ങളെക്കുറിച്ച് ഗാന്ധി എന്തുകൊണ്ടു മിണ്ടുന്നില്ല എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം. ഇത്തരം പ്രതിഷേധങ്ങളും മുസ്ലിങ്ങള്‍ക്കുനേരേയുള്ള ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തില്‍ 1948 ജനുവരി 13-ന് ഗാന്ധി വീണ്ടും ഉപവാസമാരംഭിച്ചു. 

അദ്ദേഹം അതിനായി മുന്നോട്ടുവെച്ച മൂന്ന് കാര്യങ്ങള്‍ ഇവയായിരുന്നു:
 

1. ഇന്ത്യയിലെ ജനങ്ങള്‍. ദ്വിരാഷ്ട്ര സിദ്ധാന്തത്തില്‍ അവര്‍ വിശ്വസിക്കുന്നില്ലെങ്കില്‍ ദില്ലിയെന്ന 'നിത്യനഗര'ത്തില്‍, തലസ്ഥാനത്ത്, ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും സഹോദരന്മാരായി സമാധാനത്തോടെ കഴിയനാവുമെന്ന് തെളിയിക്കണം.

2. ഞാന്‍ ഉപവസിച്ചതുകൊണ്ടായില്ല. സ്വരാജ്യത്തു നിന്ന് ന്യൂനപക്ഷങ്ങളെ അടിച്ചോടിക്കുന്ന അവസ്ഥയ്ക്ക് പാകിസ്താന്‍ അറുതി വരുത്തണം.

3. ഇന്ത്യന്‍ സര്‍ക്കാരിനോട് പറഞ്ഞു:- രണ്ടാം ലോകയുദ്ധകാലത്ത് ഇന്ത്യ നല്‍കിയ സംഭാവനകളുടെ കണക്കില്‍ വന്നിട്ടുള്ള കടവുമായി ബന്ധപ്പെട്ട് 530 ദശലക്ഷം രൂപ പാകിസ്താന് നല്‍കാനുണ്ട്. കശ്മീര്‍ പിടിച്ചെടുക്കാന്‍ പാകിസ്താന്‍ ശ്രമിച്ചതിന്റെ പേരില്‍ ആ തുക തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് അനാവശ്യ പകയാണ്. പാകിസ്താന് അവകാശപ്പെട്ടത് കൊടുക്കണം.

വിവിധ സംഘടനാ പ്രതിനിധികളും നേതാക്കളും സംയുക്ത പ്രസ്താവനയുമായി ഗാന്ധിയെ ചെന്നുകണ്ട് 'ഞങ്ങള്‍ മുസ്ലിങ്ങളുടെ ജീവനും സ്വത്തും വിശ്വാസവും സംരക്ഷിച്ചു കൊള്ളാം. ഇനിയൊരിക്കലും കലാപം ആവര്‍ത്തിക്കില്ല' എന്ന് ഉറപ്പുനല്‍കിയാണ് ഉപവാസം അവസാനിപ്പിച്ചത്.

 

Mahatma Gandhi champion of Religious pluralism in India by Vishnuraj Thuvayur

 

എന്നാല്‍, ഹിന്ദുത്വ തീവ്രവാദികള്‍ അടങ്ങിയിരുന്നില്ല.ജനുവരി 20-ന് മദന്‍ലാല്‍ ബിര്‍ലാമന്ദിരത്തില്‍ പ്രാര്‍ഥനായോഗത്തില്‍ വെച്ച് ഗാന്ധിക്കുനേരേ ബോംബെറിഞ്ഞു. അല്‍പമകലെ വീണ് അത് പൊട്ടി. ഗാന്ധിയെ ഇതൊന്നും ഭയപ്പെടുത്തിയതേയില്ല.തന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നു.

ജനുവരി 26- ലെ പ്രാര്‍ഥനായോഗത്തില്‍ അദ്ദേഹം പറഞ്ഞു: 'ഇപ്പോള്‍ സ്വാതന്ത്ര്യം കിട്ടി. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ ആദ്യ മാസങ്ങള്‍ വല്ലാത്ത സ്വപ്നത്തകര്‍ച്ചയായിരുന്നു സമ്മാനിച്ചത്. ഏതായാലും ഏറ്റവും മോശം അവസ്ഥ കഴിഞ്ഞുപോയതായി ഞാന്‍ വിശ്വസിക്കുന്നു. എല്ലാ വര്‍ഗങ്ങളുടെയും വിശ്വാസവിഭാഗങ്ങളുടെയും സമത്വത്തിനായി ഇന്ത്യാക്കാര്‍ പ്രവര്‍ത്തിക്കുമെന്നും ഒരിക്കലും ഭൂരിപക്ഷ സമുദായം മറ്റൊരു സമുദായത്തിന്റെ മേല്‍, എണ്ണത്തില്‍ അവര്‍ കുറവായിക്കൊള്ളട്ടെ, ആധിപത്യമോ കോയ്മയോ സ്ഥാപിക്കാന്‍ ശ്രമിക്കില്ലെന്നും ഞാന്‍ വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമായും രാഷ്ട്രീയപരമായും ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടിരുന്നെങ്കിലും ഹൃദയത്തില്‍ നാമെല്ലാം സുഹൃത്തുക്കളായിരിക്കുമെന്നും പരസ്പരം സഹായിക്കുകയും ആദരിക്കുകയും ചെയ്യമെന്നും പുറം ലോകത്തെ സംബന്ധിച്ചിടത്തോളം ഒന്നായിരിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു'.

അദ്ദേഹത്തിന്റെ പ്രത്യാശയ്ക്ക് നാലുദിവസത്തേക്കുകൂടിയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ജനുവരി മുപ്പതിന് വൈകിട്ട് ഹിന്ദുത്വ തീവ്രവാദികള്‍ സ്വതന്ത്ര ഇന്ത്യയില്‍ നടത്തിയ ആദ്യ ആക്രമണത്തില്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കൊല്ലപ്പെട്ടു.

തൂക്കിക്കൊല്ലുന്നതിന് മുമ്പ് ഗാന്ധിജിയെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് നാഥുറാം വിനായക് ഗോഡ്‌സെ പറഞ്ഞു:

'മുസ്ലിങ്ങള്‍ക്കുവേണ്ടി അദ്ദേഹം നിരന്തരമായി, സദാ വാദിച്ചുകൊണ്ടിരുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ചത്. അവസാനമായി മുസ്ലിങ്ങള്‍ക്കുവേണ്ടിയുള്ള ഉപവാസത്തോടെ ഒരു കാര്യം എനിക്കു തീര്‍ച്ചയായി - ഗാന്ധി ഇനി അവശേഷിച്ചുകൂടാ'.

പക്ഷേ, ഗോഡ്‌സെയുടെ ആഗ്രഹങ്ങളൊക്കെ തെറ്റിപ്പോയി. ആദ്യം സൂചിപ്പിച്ചതുപോലെ മഹാത്മാഗാന്ധി ഇവിടെ തുടരുക തന്നെയാണ്. ഇന്നും തെരുവുകളില്‍,  പ്രതിഷേധങ്ങളില്‍, നിരാശരായ ജനതയുടെ അതിജീവനശ്രമങ്ങളില്‍ ഗാന്ധിജി ജ്വലിച്ചു നില്‍ക്കുന്നു. 

അദ്ദേഹത്തിന്റെ ഓര്‍മകളില്ലാതാക്കാനായി നിങ്ങളെന്തൊക്കെ ചെയ്തു?

വെടിവെച്ച് കൊല്ലാനുപയോഗിച്ച തോക്ക് മ്യൂസിയത്തില്‍ നിന്ന് മാറ്റി.ഗാന്ധിവധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഒഴിവാക്കി. ഗോഡ്‌സെക്ക് വേണ്ടി ക്ഷേത്രം പണിതു, ആരാധിച്ചു. ഗാന്ധി കൊല്ലപ്പെടേണ്ടവനായിരുന്നുവെന്ന് നിരന്തരം ആവര്‍ത്തിച്ചു. പ്രതിമകള്‍ തകര്‍ത്തു, പ്രതീകാത്മകമായി ഗാന്ധി ചിത്രത്തിലേക്ക് വെടിയുതിര്‍ത്തു, നിലത്തിട്ട് ചവിട്ടി...

എന്നാല്‍, അതേ പുഞ്ചിരിയോടെ ഗാന്ധി തുടരുകതന്നെയാണ്. ജനകീയ പോരാട്ടങ്ങളില്‍ സജീവസാന്നിധ്യമായി. നെഹ്‌റുവും അംബേദ്കറും പെരിയോറും ഭഗത് സിങ്ങുമൊക്കെ ഈ സമരങ്ങളിലെ സാന്നിധ്യങ്ങളാണ്. അട്ടിമറിക്കാനാവാത്തവിധം കരുത്തുള്ള ഓര്‍മകളാണിവരൊക്കെ. ഇന്ത്യയെന്ന മഹത്തായ ആശയത്തെ കെട്ടുപോകാതെ നിലനിര്‍ത്തുന്നവര്‍.

'ഒരു രാഷ്ട്രത്തിലെ മുഴുവന്‍ പേരും ഒരു മതത്തില്‍ പെട്ടവരായാലും രാഷ്ട്രത്തിന് മതം ആവശ്യമില്ല' എന്ന മഹാത്മാഗാന്ധിയുടെ വാക്കുകളോളം പ്രധാനപ്പെട്ട മറ്റെന്താണ് ഈ പ്രക്ഷോഭകാലത്ത് നമുക്ക് ശക്തിപകരുന്നത്.

 

ഗ്രന്ഥസൂചി
1. മഹാത്മാഗാന്ധി, 2011, ഹിന്ദ് സ്വരാജ്, പൂര്‍ണോദയ ബുക് ട്രസ്റ്റ്, കൊച്ചി.
2. രാമചന്ദ്രഗുഹ, 2007, ഇന്ത്യ ഗാന്ധിക്കു ശേഷം, ഡി.സി. ബുക്‌സ്, കോട്ടയം.
3. രാമചന്ദ്രഗുഹ, 2017, ആധുനിക ഇന്ത്യയുടെ ശില്പികള്‍, ഡി.സി. ബുക്‌സ്, കോട്ടയം.
4. ലാരി കോളിന്‍സ്, ഡൊമിനിക് ലാപിയര്‍, 2018, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ഡി.സി. ബുക്‌സ്, കോട്ടയം.

Latest Videos
Follow Us:
Download App:
  • android
  • ios