ഈ പ്രണയത്തിനു നൊമ്പരത്തിന്റെ രുചിയല്ല; നാരങ്ങാ മിഠായിയുടെ മധുരമാണ്
എനിക്ക് രണ്ട് പ്രണയങ്ങള്‍ ഉണ്ട്, അതിലൊന്ന് സഫലമായിരിക്കുന്നു. അഞ്ജലീ രാജന്‍ എഴുതുന്നു
സന്തോഷത്തിന്റെ നഗരമെന്നറിയപ്പെടുന്ന കല്‍ക്കത്തയുടെ ഓരോ അണുവിലും പ്രണയിച്ചു മതിവരാത്തവളായി എനിക്ക് നടക്കണം. ഈ പ്രണയത്തിനു നൊമ്പരത്തിന്റെ രുചിയല്ല, നാരങ്ങാ മിഠായിയുടെ മധുരമാണ്. കരുതലിന്റെ നിറമുള്ള പ്രണയം, ധമനികളില്‍ ഒഴുകുന്ന പുരുഷന്‍ സ്വപ്നങ്ങളില്‍ മാത്രം അവശേഷിയ്ക്കുമ്പോഴും, കല്ക്കത്തയോടുള്ള പ്രണയം എന്റെ ഹൃദയത്തില്‍ മധുരം ചുരത്തുന്നു..
കല്‍ക്കത്ത. പേര് കൊല്‍ക്കത്ത എന്നു മാറിയിട്ടും എനിക്ക് അതിപ്പോഴും കല്‍ക്കത്തയാണ്. കൊല്‍ക്കത്ത എന്നു വിളിക്കുമ്പോള്‍, ആ പേരിന്റെ ആത്മാവ് ഊര്‍ന്നുപോവുന്നതായി തോന്നും.
അങ്ങനെ കല്‍ക്കത്ത. കാളി ക്ഷേത്രത്തിന് സമീപമുള്ള എന്റെ ഫ്‌ളാറ്റ്. അവിടത്തെ ബാല്‍ക്കണിയിലേക്ക് ഞാന്‍ ഇറങ്ങി നില്‍ക്കുന്നു. അകത്തു നിന്നും നേര്‍ത്ത സ്വരത്തില്‍ രബീന്ദ്രസംഗീത. ചാറ്റല്‍ മഴ നനയുന്നത് പോലെ.
കൈ പുറത്തേയ്‌ക്കൊന്നു നീട്ടിയാല്‍ മേഘങ്ങളെ തൊടാമെന്നു തോന്നി. ഞാനുമിപ്പോള്‍ മേഘം പോലെ കദന ഭാരമില്ലാതെ സ്വച്ഛന്ദം ഒഴുകുകയാണ്.
എനിക്ക് രണ്ട് പ്രണയങ്ങള്‍ ഉണ്ട്. ഒന്ന് കല്‍ക്കത്തയോടും, മറ്റൊന്ന്, കരുതലിന്റെ നിറമുള്ള പ്രണയം, സിരകളില്‍ ഒഴുകുന്ന പുരുഷനോടും.
അതില്‍ ഒന്ന് സഫലമായിരിക്കുന്നു. ഒരു മാസമായി ഞാന്‍ കല്‍ക്കത്തയിലെത്തിയിട്ട്.
കല്‍ക്കത്തയോടുള്ള പ്രണയം എപ്പോഴാണാരംഭിച്ചതെന്ന് കൃത്യമായി എനിക്കറിഞ്ഞുകൂടാ. ഒന്നു മാത്രമറിയാം. വെള്ളരിപ്രാവായി എന്റെയുള്ളിലിരുന്നു കുറുകി, എന്നെ അസ്വസ്ഥയാക്കാന്‍ തുടങ്ങിയിട്ട് ഏറെയായി.
........................................................................................................................................................
എന്തുകൊണ്ട് അല്ലങ്കില്‍ എങ്ങനെ എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രണയത്തില്‍ സ്ഥാനമില്ല.
........................................................................................................................................................
ഡല്‍ഹിക്ക് മുന്‍പ് കല്‍ക്കത്തയായിരുന്നു ഇന്ത്യയുടെ തലസ്ഥാനമെന്നു ചരിത്ര ക്ലാസില്‍ പഠിച്ചിരുന്നു. പഥേര്‍ പാഞ്ചാലിയില്‍, ബംഗാളിലെ ഉള്‍നാടന്‍ ഗ്രാമമായ നിശ്ചിന്ദപുരം എന്നെ വല്ലാതെ മോഹിപ്പിച്ചിരുന്നു. എങ്ങനെയാണ് ഞാന്‍ കല്‍ക്കത്തയെ പ്രണയിച്ചു തുടങ്ങിയത്? അത്രമേല്‍ എന്താണ് എന്നെ പ്രണയലോലുപയാക്കിയത്?
കൊട്ടാരങ്ങളോ, ക്ഷേത്രങ്ങളോ, അതോ നദികളോ അറിയില്ല. എന്തുകൊണ്ട് അല്ലങ്കില്‍ എങ്ങനെ എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രണയത്തില്‍ സ്ഥാനമില്ല.
ഇന്നലെ ഹൂഗ്ലിയുടെ തീരത്ത് നടക്കുമ്പോള്‍, എന്റെ പ്രണയ തുടിപ്പുകള്‍ തിരിച്ചറിഞ്ഞിട്ടാവാം, കുഞ്ഞലകള്‍ എന്റെ പാദങ്ങളില്‍ ചുംബിച്ചതും, ഇളം തെന്നലെന്നെ പുണര്‍ന്നതും. കുറുകെയുള്ള രബീന്ദ്ര സേതുവില്‍ കയറിനിന്നു താഴേക്കു നോക്കുമ്പോള്‍ ഹൂഗ്ലിയുടെ വശ്യതയില്‍ ഞാനാകെ മതിമറന്നിരുന്നു.
ഹൗറ എന്ന ഓമനപ്പേരുള്ള രബീന്ദ്ര സേതു വലിയ അഭിമാനിയാണ്. അന്തസ്സുള്ള ആണിനെ പോലെ ഒരു തൂണിന്റെയും താങ്ങില്ലാതെ ഒറ്റയ്ക്കാണവന്‍ തലയുയര്‍ത്തി നില്ക്കുന്നത്. വിദ്യാസാഗര്‍ സേതുവില്‍ നിന്നു ഞാന്‍ കണ്ട ഉദയം, ഋതുക്കള്‍ മാറിമറിയാതിരുന്ന, ഉദയ പ്രതീക്ഷകളില്ലാതെ ഇരുട്ടിലകപ്പെട്ടിരുന്നവളുടെ ഉദയമായിരുന്നു.
പര്‍പ്പിളില്‍ വെള്ള പൂക്കളുള്ള ഷാള്‍ അണിഞ്ഞു ഞാന്‍ താഴെയിറങ്ങി, വെന്തുനീറിയ ഇന്നലകളെ പിന്നിലാക്കി മുന്നോട്ട് നടന്നു തുടങ്ങി. കാളീഘട്ടിലെത്തി കൈകൂപ്പി നില്‍ക്കവേ കാളിമാ ഹൃദയത്തില്‍ പതിഞ്ഞു. പിന്നെ വീണ്ടും നടന്നു തുടങ്ങി.
എന്നെ ഏറ്റവും കൂടുതല്‍ മോഹിപ്പിക്കുന്നത് വിക്‌ടോറിയാ സ്മാരകത്തിനു പിറകിലൂടെ നടന്നു വലത്തോട്ട് തിരിയുന്ന ഈ പാതയാണ്. ദേവദാരുക്കള്‍ക്കിടയിലൂടെ, മഞ്ഞ നിറമണിഞ്ഞ ഇളം വെയിലേറ്റ് പ്രണയം മൂളുന്ന ഹൃദയവുമായി വെറുതേ ഇങ്ങനെ നടക്കാനാണെനിക്കേറെയിഷ്ടം
ജോബ് ചാര്‍നോക്ക് നിങ്ങളോടെനിക്ക് നന്ദിയും സ്‌നേഹവും ഉണ്ട്, ഈ നഗരത്തിന്റെ ശില്‍പ്പിയായതില്‍.
സന്തോഷത്തിന്റെ നഗരമെന്നറിയപ്പെടുന്ന കല്‍ക്കത്തയുടെ ഓരോ അണുവിലും പ്രണയിച്ചു മതിവരാത്തവളായി എനിക്ക് നടക്കണം. ഈ പ്രണയത്തിനു നൊമ്പരത്തിന്റെ രുചിയല്ല, നാരങ്ങാ മിഠായിയുടെ മധുരമാണ്. കരുതലിന്റെ നിറമുള്ള പ്രണയം, ധമനികളില്‍ ഒഴുകുന്ന പുരുഷന്‍ സ്വപ്നങ്ങളില്‍ മാത്രം അവശേഷിയ്ക്കുമ്പോഴും, കല്ക്കത്തയോടുള്ള പ്രണയം എന്റെ ഹൃദയത്തില്‍ മധുരം ചുരത്തുന്നു..