15 വെടിയുണ്ടകളേറ്റിട്ടും മരിച്ചില്ല, പാക് സൈന്യത്തിനു നേരെ ഗ്രനേഡെറിഞ്ഞു; യോഗേന്ദ്ര സിങ് യാദവിന്‍റെ ധീരത

നിമിഷങ്ങൾക്കകം 35  പേരടങ്ങുന്ന പാക് സൈനികസംഘം വെടിയുണ്ടകൾ വർഷിച്ചുകൊണ്ട് ഈ ഏഴുപേരെയും വളഞ്ഞു. നാലുപാടുനിന്നും തുടർച്ചയായി വെടിയുണ്ടകൾ പാഞ്ഞുവരാന്‍ തുടങ്ങി. യോഗേന്ദ്ര സിംഗിന്റെ കൂടെയുണ്ടായിരുന്ന ആറുപേരും ആ വെടിയുണ്ടകളേറ്റ് മരിച്ചുവീണു. 

kargil diary third part

1999 ജൂലൈ 3... 

കാർഗിലിൽ ടൈഗർ ഹില്ലിൽ മഞ്ഞുവീഴ്ച തുടരുകയായിരുന്നു. രാത്രി ഒമ്പതരയ്ക്ക് ഓപ്പറേഷൻസ് റൂമിലെ ഫോണിന്റെ മണി മുഴങ്ങി. കമാൻഡർ ജനറൽ കിഷൻ പാൽ, മേജർ ജനറൽ മഹീന്ദർ പുരിയുമായി അടിയന്തരമായി സംസാരിക്കാൻ ആഗ്രഹിക്കുന്നു എന്ന വിവരം ഓപ്പറേറ്റർ അറിയിച്ചു. 

ഇരുവരും തമ്മിൽ ഏതാനും മിനിറ്റുകൾ നീണ്ടു നിന്ന സംഭാഷണത്തിന് ശേഷം ജനറൽ പുരി 56 മൗണ്ടൻ ബ്രിഗേഡിന്റെ ഡെപ്യൂട്ടി കമാണ്ടർ എസ് വി ഡേവിഡിനെ വിളിപ്പിച്ചു ചോദിച്ചു, "ഒരു വിവരം ഉടനടി അന്വേഷിക്കണം. സ്റ്റാർ ന്യൂസിന്റെ  റിപ്പോർട്ടർ ബർഖാ ദത്ത്‌, അവർ ടൈഗർ ഹില്ലിന്റെ പരിസരത്തെങ്ങാനും നിന്ന് ലൈവ് റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന്. ഇവിടെ നടക്കുന്ന വെടിവെപ്പിന്റെ ലൈവ് കമന്ററി ടെലിവിഷനിൽ പ്രക്ഷേപണം ചെയ്യപ്പെടുന്നുണ്ട് എന്നാണ് ആക്ഷേപം..."

kargil diary third part 
 
വിവരം അന്വേഷിച്ചുറപ്പിച്ച ശേഷം ജനറൽ പുരി നേരിട്ട് ബർഖാ ദത്തിനെ ചെന്നുകണ്ട്, അങ്ങനെ ചെയ്യുന്നതിലെ ഗുരുതരമായ സുരക്ഷാ പ്രശ്നം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. "ടൈഗർ ഹില്ലിൽ നടന്ന അക്രമണങ്ങളെപപ്പറ്റി കോർ കമാൻഡർക്കു മാത്രമേ രഹസ്യവിവരം നല്കിയിരുന്നുള്ളൂ. അദ്ദേഹം സേനാ പ്രമുഖന്മാരോട് പോലും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ, ബർഖാ ദത്ത് ഇത്രയും സെൻസിറ്റീവ് ആയ ഒരു ഓപ്പറേഷൻ ലൈവ് ആയി ടെലികാസ്റ്റ് ചെയ്യുന്നു എന്ന് കേട്ടപ്പോൾ എനിക്ക് അതിശയം തോന്നി..." ജനറൽ പുരി പിന്നീടൊരിക്കൽ ഒരു ബിബിസി ലേഖകനോട് പറഞ്ഞു. 

ജോർജ്ജ് ഫെർണാണ്ടസ് അബദ്ധവശാൽ നടത്തിയ പ്രഖ്യാപനം 

ജൂലൈ നാലിന് അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർണാണ്ടസ്  ഇന്ത്യൻ പട്ടാളം ടൈഗർ ഹിൽ കീഴടക്കിയതായി പ്രഖ്യാപിച്ചു. യഥാർത്ഥത്തിൽ അപ്പോഴും ടൈഗർ ഹില്ലിന്റെ പീക്ക് കീഴടക്കിയിട്ടുണ്ടായിരുന്നില്ല. അപ്പോഴും ടൈഗർ ഹില്ലിനു മുകളിൽ പാക്കിസ്ഥാനികളുടെ കയ്യേറ്റം ഉണ്ടായിരുന്നു. ആ പ്രഖ്യാപനം വരുമ്പോഴും കരസേനയുടെ യുവ ഓഫീസർമാരായ ലെഫ്റ്റനന്റ് ബലവാൻ സിംഗിന്റെയും ക്യാപ്റ്റൻ സച്ചിൻ നിംബാൽകരുടെയും നേതൃത്വത്തിലുള്ള ഡി കമ്പനിയിലെയും ഘാതക് പ്ലാറ്റൂണിലെയും ജവാന്മാരടങ്ങുന്ന  സംഘം അവരെ അവിടെ നിന്നും തുരത്താനുള്ള ധീരമായ ശ്രമങ്ങൾ തുടരുകയായിരുന്നു. 

kargil diary third part
 
അന്ന് ടൈഗർ ഹിൽ പീക്കിന്റെ തൊട്ടുതാഴെ വെച്ച് അവർ ബേസിലേക്ക് കൈമാറിയ സന്ദേശം, "വി ആർ ഷോർട്ട് ഓഫ് ദ ടോപ്പ്" അത്, ബേസിൽ നിന്നും, ശ്രീനഗർ, ഉധംപൂർ വഴി ദില്ലിയിൽ എത്തിയപ്പോഴേക്കും വാക്കുകൾ ചെറുതായി ഒന്ന് മാറി. "ദേ ആർ ഓൺ ദ ടൈഗർ ടോപ്പ്'' എന്നായിപ്പോയി. 

ഈ വിവരം പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസിനു കിട്ടുന്നത് അദ്ദേഹം പഞ്ചാബിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെ ആയിരുന്നു. അദ്ദേഹമാവട്ടെ, ഒന്നു ചോദിച്ചുറപ്പിക്കാൻ നിൽക്കാതെ ആ സമ്മേളനത്തിൽ രാഷ്ട്രത്തോട് വിളംബരം ചെയ്യുകയും ചെയ്തു, "ഭാരതം ടൈഗർ ഹിൽ തിരിച്ചു പിടിച്ചിരിക്കുന്നു..." എന്ന്.

എന്നാൽ അപ്പോഴും നമ്മുടെ സൈനികർ അവിടെ മരണത്തോട് മല്ലിട്ടുകൊണ്ട് ടൈഗർ ഹിൽ പിടിക്കാനുള്ള പോരാട്ടം തുടരുകയായിരുന്നു. പീക്കിൽ ഇരുന്ന പാക്കിസ്ഥാനി ഭടന്മാർക്ക് അതിന്റെ മേൽക്കൈ ഇന്ത്യൻ സൈനികർക്കുമേൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ പോരാട്ടത്തിൽ നമ്മുടെ നിരവധി ധീരസൈനികർക്ക്  വീരമൃത്യു വരിക്കേണ്ടി വന്നു.

ടൈഗർ ഹിൽ ലക്ഷ്യമിട്ടുള്ള പോരാട്ടം 

ടൈഗർ ഹിൽ തിരിച്ചു പിടിക്കാനായി നടത്തിയ പോരാട്ടത്തിൽ പ്രധാനമായും മൂന്നു ബറ്റാലിയനുകളാണ് പങ്കുചേർന്നത്. 18  ഗ്രനേഡിയേഴ്‌സ്, 2  നാഗാ, 8  സിഖ് എന്നിവ. ആർട്ടിലറി റെജിമെന്റിന്റെ പിന്തുണയോടെ ടൈഗർ ഹിൽ പീക്ക് പിടിച്ചെടുക്കാനുള്ള നിയോഗം അവർക്കായിരുന്നു.  മുൻനിരയിൽ നിന്നുപോരാടിയ ഇരുന്നൂറോളം വരുന്ന ട്രൂപ്പേഴ്സിനെ, പിന്നണിയിൽ നിന്നും രണ്ടായിരത്തോളം വരുന്ന ആർട്ടിലറി റെജിമെന്റിലെ ഭടന്മാർ പിന്തുണച്ചു. 18  ഗ്രനേഡിയേഴ്സ് ആൽഫ, ചാർളി, ഘാതക് എന്നീ കമ്പനികളായി തിരിഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ജൂലൈ മൂന്നിന്  ഇന്ത്യയുടെ നൂറോളം ആർട്ടിലറി തോക്കുകൾ  ടൈഗർ ഹില്ലിൽ ഒന്നിച്ച് വെടിയുണ്ടകൾ വർഷിച്ചു. അതിനും മുമ്പ് മിറാഷ് 2000  വിമാനങ്ങൾ 'പേവ് വേ ലേസർഗൈഡഡ്' ബോംബുകൾ വർഷിച്ചു. അതിൽ പാക് ബങ്കറുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. അതിനു മുമ്പ് ലോകത്തെവിടെയും തന്നെ ഇത്രയും ഉയരത്തിലുള്ള ഒരു യുദ്ധഭൂമിയിൽ ഇത്തരം ആയുധങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നില്ല. 

kargil diary third part
 
പാക്കിസ്ഥാന്റെ 12  നോർത്തേൺ ലൈറ്റ് ഇൻഫൻട്രിയും, സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പും ചേർന്നാണ് ടൈഗർ ഹിൽ കയ്യേറിയിരുന്നത്. അവരുടെ kkകണ്ണുവെട്ടിച്ച് ടൈഗർ ഹില്ലിനു മുകളിൽ എത്തിപ്പെടാൻ ഒരു വഴിയേ ഉണ്ടായിരുന്നുള്ളു. മലയുടെ കിഴക്കുഭാഗം. അതാണെങ്കിൽ ഏതാണ് 90  ഡിഗ്രി ചെരിവുള്ള ചെങ്കുത്തായ വഴിയും. എന്നാൽ, ആ ചെങ്കുത്തായ വഴി സ്വീകരിക്കുന്നതായിരുന്നു ഇന്ത്യൻ സൈനികർക്ക്, പാക് വെടിയുണ്ടകൾ നേരിടുന്നതിലും അപകടം കുറഞ്ഞ മാർഗം. രാത്രിയിൽ, ഇരുട്ടിന്റെ മറവിൽ വേണമായിരുന്നു ആ മലകയറ്റം എന്നത് റിസ്ക്ക് ഇരട്ടിപ്പിച്ചു. 
 
രാത്രി എട്ടുമണിക്ക് തുടങ്ങിയ കയറ്റം, രാവിലെ 11 മണി വരെയും തുടർന്നു. ഇന്ത്യൻ സൈനിക സംഘം ടൈഗർ ഹിൽടോപ്പിന്റെ തൊട്ടരികിൽ വരെ എത്തി. അതോടെ അവർ പാക്കിസ്ഥാനി സൈന്യത്തിന്റെ കണ്ണിൽ പെടുകയും ചെയ്തു. ഇന്ത്യൻ സൈനികരുടെ തലവെട്ടം കണ്ടതും അവിടെനിന്നും കനത്ത വെടിവെപ്പുണ്ടായി. രണ്ടു ജവാന്മാർക്ക് ഗുരുതരമായ പരിക്കേറ്റു. മുകളിൽ നിന്നും പാക്കിസ്ഥാനി ഭടന്മാർ വലിയ കല്ലുകളും ഉരുട്ടി താഴെയിടാൻ തുടങ്ങി. 

യോഗേന്ദ്ര സിംഗ് യാദവിന്റെ ധീരത 

ജൂലായ് അഞ്ചിന്, 18  ഗ്രനേഡിയേഴ്‌സിന്റെ ഘാതക് പ്ലാറ്റൂണിലെ 25  സൈനികരടങ്ങുന്ന സംഘം വീണ്ടും മുന്നേറാൻ തുടങ്ങി. മുകളിൽ നിന്നും പാകിസ്ഥാന്റെ സൈനികർ വെടിവെപ്പ് വീണ്ടും ശക്തമാക്കി. അഞ്ചുമണിക്കൂർ നേരം തുടർച്ചയായി വെടിവെപ്പുണ്ടായി. മുകളിൽ ഇരുന്നുകൊണ്ട് വെടിയുതിർത്ത പാക്കിസ്ഥാനി ഭടന്മാർക്ക് ഇന്ത്യൻ സൈനികരെ എളുപ്പത്തിൽ കൊന്നുതള്ളാനായി. 

വെടിവെപ്പ് ഒരുവിധം അടങ്ങിയപ്പോഴേക്കും ഇന്ത്യൻ സംഘത്തിൽ ആകെ അവശേഷിച്ചിരുന്നത് ഏഴ്  ഭടന്മാരായിരുന്നു.  പതിനൊന്നരയോടെ, പത്തു പാക്കിസ്ഥാനി സൈനികരുടെ ഒരു സംഘം, ഇന്ത്യൻ പട്ടാളക്കാരിൽ ആരെങ്കിലും ജീവനോടുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടി താഴേക്ക് പട്രോളിനു വന്നു. അപ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ കയ്യിൽ വെറും 45  റൗണ്ട് ഫയർ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അതുകൊണ്ട്, ആ സംഘം അടുത്തെത്തും വരെ ഇന്ത്യൻ സൈനികർ കാത്തിരുന്നു. ക്രീം നിറത്തിലുള്ള പട്ടാണി സൽവാർ കമ്മീസായിരുന്നു അവരുടെ വേഷം. അവർ അടുത്തെത്തിയതും ജീവനോടെ അവശേഷിച്ചിരുന്ന ഏഴു സൈനികരും ചേർന്ന് അവർക്കു നേരെ നിറയൊഴിച്ചു. 

ആ കൂട്ടത്തിൽ ഒരാളായിരുന്നു, ബുലന്ദ്ശഹ്ർ സ്വദേശിയായ പത്തൊമ്പതുകാരൻ ഗ്രനേഡിയർ യോഗേന്ദ്രസിങ്ങ് യാദവും. പട്രോളിംഗിനിനു വന്ന പത്തംഗസംഘത്തിൽ എട്ടുപേരും ഇന്ത്യൻ ഗ്രനേഡിയേഴ്‌സിന്റെ തോക്കിനിരയായി. എന്നാൽ, രണ്ടുപേർ ഓടി രക്ഷപ്പെട്ടുകളഞ്ഞു. അവർ തിരിച്ച് മുകളിൽ ചെന്ന്, ഇവിടെ താഴെ വെറും  ഏഴുപേർ മാത്രമേ ഉള്ളൂ എന്ന വിവരം ധരിപ്പിച്ചുകളഞ്ഞു. 
 
നിമിഷങ്ങൾക്കകം 35  പേരടങ്ങുന്ന പാക് സൈനികസംഘം വെടിയുണ്ടകൾ വർഷിച്ചുകൊണ്ട് ഈ ഏഴുപേരെയും വളഞ്ഞു. നാലുപാടുനിന്നും തുടർച്ചയായി വെടിയുണ്ടകൾ പാഞ്ഞുവരാന്‍ തുടങ്ങി. യോഗേന്ദ്ര സിംഗിന്റെ കൂടെയുണ്ടായിരുന്ന ആറുപേരും ആ വെടിയുണ്ടകളേറ്റ് മരിച്ചുവീണു. ശവങ്ങൾക്കിടയിൽ വീണുകിടക്കുകയായിരുന്നു യാദവും. എല്ലാവരെയും കൊന്നു എന്നുറപ്പിക്കാൻ പാക് ഭടന്മാർ ശവങ്ങൾക്കു നേരെയും വെടിയുതിർത്തുകൊണ്ടിരുന്നു. അങ്ങനെ ഉതിർക്കപ്പെട്ട വെടിയുണ്ടകളിൽ 15  എണ്ണമാണ് യോഗേന്ദ്ര യാദവിന്റെ കാൽ, കൈ, ഉടലിന്റെ മറ്റുഭാഗങ്ങൾ എന്നിവ തുളച്ചുകൊണ്ട് കടന്നുപോയത്. എന്നിട്ടും യോഗേന്ദ്ര യാദവ് മരിച്ചില്ല. മരിച്ചു എന്ന് പാക്കിസ്ഥാനി ഭടന്മാർ ഉറപ്പിച്ചിരുന്നു എങ്കിലും. 

പിന്നീട്, നടന്നത് സിനിമാ രംഗങ്ങളെ അതിശയിപ്പിക്കുന്ന പോരാട്ടമായിരുന്നു. പാക്കിസ്ഥാനി സൈനികർ ഇന്ത്യൻ ഭടന്മാരുടെ സകല ആയുധങ്ങളും കയ്യിലെടുത്തു എങ്കിലും, യോഗേന്ദ്ര യാദവിന്റെ യൂണിഫോമിൽ ഉണ്ടായിരുന്ന ഒരു ഗ്രനേഡ് അവരുടെ കണ്ണിൽ പെട്ടില്ല. പതിനഞ്ചു വെടിയുണ്ടകളേറ്റ നിലയിൽ ആയിരുന്നിട്ടും, യാദവ് ആ ഗ്രനേഡ് കയ്യിലെടുത്തു. അതിന്റെ പിൻ ഊരി. തന്നെ കടന്നുകൊണ്ട് മുന്നോട്ടുപോയിരുന്ന പാക് സൈനിക സംഘത്തിനുനേരെ തന്റെ സകല ശക്തിയും ആവാഹിച്ചു കൊണ്ട്, ചുഴറ്റി എറിഞ്ഞു. 

kargil diary third part

ഗ്രനേഡ് നേരെ ചെന്നുകൊണ്ടത് ഒരു പാക് സൈനികന്റെ ഹെൽമെറ്റിൽ. അയാൾ നിമിഷനേരം കൊണ്ട് ചിന്നിച്ചിതറി. അപ്പോഴേക്കും അവിടെ നിലത്തു മരിച്ചു കിടന്നിരുന്ന ഒരു പാക് സൈനികന്റെ ജഡത്തിൽ നിന്നും ഒരു പികാ റൈഫിൾ കയ്യിലെടുത്ത് യാദവ് ആ സംഘത്തിന് നേരെ വെടിയുതിർക്കാന്‍ തുടങ്ങി. ആ വെടിവെപ്പിൽ അഞ്ചു പാക്കിസ്ഥാനി ഭടന്മാരുടെ ജീവനെടുക്കാൻ യാദവിനായി. 

അപ്പോഴേക്കും പാക് സൈനിക സംഘത്തിന് വയർലെസിൽ കമാൻഡറുടെ സന്ദേശം വരുന്നത് കേട്ടു. പിന്മാറാനും, 500  മീറ്റർ താഴെയുള്ള പാകിസ്താന്റെ എംഎംജി ബേസിനെ അക്രമിക്കാനുമായിരുന്നു ആ സന്ദേശം. ആ സമയത്ത് യാദവ് നിന്നിരുന്ന സ്ഥലത്തുകൂടി ഒരു ചെറിയ അരുവി ഒഴുകുന്നുണ്ടായിരുന്നു. ഒരുപാട് രക്തം നഷ്ടപ്പെട്ടിരുന്ന യാദവ് ബോധരഹിതനാവാൻ തുടങ്ങിയിരുന്നു. അദ്ദേഹം ആ നദിയിലേക്ക് എടുത്തുചാടി. അതിന്റെ ഒഴുക്കിനൊപ്പം ഏതാണ്ട് 400  മീറ്ററോളം താഴേക്കെത്തി. 

താഴെ അദ്ദേഹത്തിന്റെ സഹ സൈനികർ ഉണ്ടായിരുന്നു. അവർ ഒഴുകിവന്ന തങ്ങളുടെ കൂട്ടാളിയെ രക്ഷപ്പെടുത്തി. ടൈഗർ ഹിൽ വിട്ട് താഴെയിറങ്ങി എംഎംജി ബേസ് ആക്രമിക്കാനുള്ള പാക് പദ്ധതിയെപ്പറ്റിയുളള വളരെ നിർണ്ണായകമായ വിവരം യോഗേന്ദ്രയാദവ് തന്റെ കമാൻഡിങ് ഓഫീസറായ ഖുഷാൽ സിങ്ങിന് കൈമാറി. 

പാക് സൈനികർ അൽപനേരം കഴിഞ്ഞ് എംഎംജി ബേസ് ആക്രമിച്ചപ്പോൾ, ഇന്ത്യൻ സൈന്യം ആ ആക്രമണത്തെ നേരിടാൻ പൂർണമായും സജ്ജമായിരുന്നു. ഭാരതീയ സൈനികരുടെ ശക്തമായ പ്രതിരോധം അവരുടെ ആ ശ്രമം പരാജയപ്പെടുത്തി. തന്റെ ധീരോദാത്തമായ പോരാട്ടത്തിന് സൈന്യം യോഗേന്ദ്ര യാദവിന് പരം വീർ ചക്ര നൽകി ആദരിച്ചു. 
 
ഒടുവിൽ ടൈഗർ ഹിൽ കീഴടക്കുന്നു 

താഴെ ബേസിൽ നിന്നും റേഡിയോയിൽ സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. ടൈഗർ ഹിൽ കീഴടക്കി എന്നുള്ള പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച വിവരം ബ്രിഗേഡ് ഹെഡ് ക്വാർട്ടേഴ്സിൽ എത്തിക്കഴിഞ്ഞിരുന്നു. എന്ത് വിലകൊടുത്തും, എത്രയും പെട്ടന്ന് ടൈഗർ ഹില്ലിനു മുകളിൽ നമ്മുടെ ത്രിവർണ്ണ പതാക പാറിക്കണം എന്നുള്ള നിർദ്ദേശം ബ്രിഗേഡിന് കിട്ടി. അത് നമ്മുടെ അഭിമാനത്തിന്റെ പ്രശ്നമായിരുന്നു. ടൈഗർ ഹിൽ കീഴടക്കി എന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ സ്ഥിതിക്ക് അതങ്ങനെ അല്ലെങ്കിൽ, ഭാരതീയ കരസേനയ്ക്കുതന്നെ അപമാനമാവും. 

ഇതിനിടെ പതിനെട്ടാം ഗ്രനേഡിയേഴ്‌സിന്റെ ഒരു കമ്പനി പട്ടാളം കോളർ പീക്ക് പിടിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ, പാക് പട്ടാളത്തിന് തങ്ങളുടെ കയ്യേറ്റം ഉറപ്പിക്കാൻ പല സംഘങ്ങളായി പിരിയേണ്ടി വന്നിരുന്നു. അങ്ങനെ ഒരു അവസരത്തിന് തന്നെയാണ് ഇന്ത്യൻ സൈന്യവും കാത്തിരുന്നത്. ഭാരതീയ കരസേനയുടെ ധീരനായ ഓഫീസർ ക്യാപ്റ്റൻ സച്ചിൻ നിംബാൽക്കറുടെയും ലെഫ്റ്റനന്റ് ബൽവാൻ സിംഗിന്റെയും നേതൃത്വത്തിലുള്ള ഒരു സംഘം മൂന്നാമത്തെ ആക്രമണം അഴിച്ചുവിട്ടു. പാക് സൈന്യം ഇത്ര പെട്ടെന്ന് ഒരു പ്രത്യാക്രമണം ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ടൈഗർ ഹില്ലിലേക്കുളള ചെങ്കുത്തായ ആ വഴികളെല്ലാം നിംബാൽകർക്ക് മനഃപാഠമായിരുന്നു. കാരണം അദ്ദേഹം അതിനു മുമ്പും ഒന്നുരണ്ടുവട്ടം ആ വഴി കേറിയിറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ സംഘം ഒച്ചയുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങി ടൈഗർ ഹില്ലിന്റെ ഏറ്റവും മുകളിലെത്തി. അവിടെയുള്ള എട്ടു പാക് ബങ്കറുകളിൽ ഒരെണ്ണം അവർ കീഴടക്കി. ഇവിടെ നിന്നും പാക്കിസ്ഥാനി സംഘവുമായി നേർക്കുനേർ പോരാട്ടം തുടർന്നു. ഇത്തവണ, പാക് സംഘത്തിന് ഉയരത്തിന്റേതായ മുൻകൈ ഉണ്ടായിരുന്നില്ല. രാത്രി രണ്ടരമണിയോടെ ടൈഗർ ഹില്ലിന്റെ പീക്ക് ഇന്ത്യൻ സൈന്യത്തിന്റെ പൂർണമായ നിയന്ത്രണത്തിലായി. 

അപ്പോഴേക്കും എല്ലാവരും ആകെ ക്ഷീണിച്ചു തളർന്നുപോയിരുന്നു. ലെഫ്റ്റനന്റ് ബലവാൻ സിങ്ങിന് പരിക്കുകൾ പറ്റിയിരുന്നു. ടൈഗർ ഹിൽ ആക്രമിക്കാൻ നേരത്ത് അദ്ദേഹത്തിന്റെ സംഘത്തിൽ 20  ജവാന്മാരുണ്ടായിരുന്നു. വെടിയൊച്ചകൾ അടങ്ങിയപ്പോൾ കൂടെ  ബോധത്തോടെ അവശേഷിച്ചത് വെറും രണ്ടുപേർ മാത്രം. ബാക്കിയുള്ളവർ, ഒന്നുകിൽ ഗുരുതരമായി പരിക്കേറ്റോ, പ്രാണൻ നഷ്ടപ്പെട്ട അവസ്ഥയിലോ ആയിരുന്നു. ടൈഗർ ഹിൽ പരിശോധിച്ച സൈനികർ അവിടത്തെ ആയുധ ശേഖരവും, റേഷനും മറ്റും കണ്ട് അമ്പരന്നുപോയി. പീക്ക് കയ്യേറിയ പാക് സൈനികർക്ക് അവിടെ ആഴ്ചകളോളം കഴിയാനുള്ള എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു. ഹെലികോപ്റ്റർ വഴി മാത്രം എത്തിക്കാൻ കഴിയുന്ന ലൈറ്റ് ഇൻഫൻട്രി ഗൺ വരെ അവിടെ സജ്ജീകരിച്ചിരുന്നു പാക് സൈന്യം.

അങ്ങനെ 36  മണിക്കൂർ നേരം നീണ്ടു നിന്ന ആ പോരാട്ടം ജൂലൈ 4 -ന്  രാവിലെ 06.50 -ന് അവസാനിച്ചു. ഇന്ത്യൻ സൈന്യം ടൈഗർ ഹിൽ ( പോയിന്റ് 4660 ) തിരിച്ചു പിടിച്ചു. ഇന്ത്യ ടൈഗർ ഹിൽ പീക്ക് കീഴടക്കിയ വിവരം താഴെയുള്ള സൈനികർക്ക് റേഡിയോ വഴി കൈമാറി. അവർ വിജയകാഹളം മുഴക്കി. ഇനി തങ്ങളുടെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിക്ക് ലോകത്തിനുമുന്നിൽ തലകുനിച്ചു നിൽക്കേണ്ടി വരില്ല എന്നത് അവർക്കൊക്കെയും സന്തോഷം പകർന്നു. യുദ്ധത്തിൽ ആകെ 92  പാക്കിസ്ഥാനി ഭടന്മാർക്ക് ജീവനാശമുണ്ടായി. 38  ഇന്ത്യൻ സൈനികരും ഈ പോരാട്ടത്തിൽ ജന്മനാടിനുവേണ്ടി പ്രാണത്യാഗം ചെയ്തു. 

ഇന്ത്യൻ കസ്റ്റഡിയിലായ പാക് സൈനികൻ 

ടൈഗർ ഹിൽ കീഴടക്കുന്നതിന് രണ്ടു ദിവസം മുമ്പ്, ഇന്ത്യൻ സൈനികർ പാക് സൈന്യത്തിലെ ഒരു ജവാനെ ജീവനോടെ പിടികൂടിയിരുന്നു. മുഹമ്മദ് അഷ്‌റഫ് എന്നായിരുന്നു ആ സൈനികന്റെ പേര്. ഗുരുതരമായ പരിക്കുകൾ ഏറ്റ നിലയിലായിരുന്നു ആ ഭടൻ. പരിക്കുകള്‍ ഒരുവിധം ഭേദമായപ്പോള്‍, ബ്രിഗേഡിയർ എം പി എസ് ബാജ്‌വ ആ ഭടനെ ചോദ്യം ചെയ്യാനായി തന്റെ മുന്നിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.  തന്റെ പൂർണമായ ഔദ്യോഗിക വേഷത്തിലായിരുന്ന ബ്രിഗേഡിയർക്കു മുന്നിൽ കൊണ്ടിരുത്തി അഷ്‌റഫിന്റെ കണ്ണിലെ തുണി നീക്കി. ബ്രിഗേഡിയറെ കണ്ടതും അയാൾ കരയാൻ തുടങ്ങി. ബ്രിഗേഡിയർ പഞ്ചാബിയിൽ കാരണം തിരക്കി. അയാൾ പറഞ്ഞു, "സാബ്... ഞാൻ എന്റെ ജീവിതത്തിൽ ഇന്നോളം ഒരു കമാൻഡറെ നേരിൽ കണ്ടിട്ടില്ല. ഇന്നാദ്യമായാണ് കാണുന്നത്. പാക്കിസ്ഥാൻ സൈന്യത്തിൽ കമാൻഡർ ഒന്നും ഒരിക്കലും ഒരു ജവാനുമായി സംസാരിക്കില്ല. അങ്ങ് ശത്രുസൈന്യത്തിലെ കമാൻഡർ ആണെങ്കിലും, ഇത്ര ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ നേരിൽ കാണാൻ ഭാഗ്യമുണ്ടായതിൽ സന്തോഷം തോന്നി. അങ്ങ് എന്നോട് പഞ്ചാബിയിൽ സംസാരിച്ചു. എന്റെ പരിക്കുകൾക്ക് വേണ്ട ചികിത്സ തന്നു. വേണ്ട ഭക്ഷണത്തെ തന്നു. ഒക്കെ എനിക്ക് അതിശയകരമായി തോന്നുന്നു. അതാണ് കരച്ചിൽ വന്നത്..."  

പല സൈനികരും മരിച്ചതിന് ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ടൈഗർ ഹില്ലിന്റെ ചെങ്കുത്തായ കൊടുമുടിയിൽ വെച്ച് ഗുരുതരമായി പരിക്കേറ്റ പലരെയും നേരത്തിന് താഴെ എത്തിക്കാൻ സാധിച്ചിരുന്നില്ല. സമയത്തിന് ചികിത്സ കിട്ടാതെ രക്തം വാർന്നാണ് പലരും മരിച്ചുപോയത്. പാക്കിസ്ഥാന്റെ നിരവധി സൈനികരും ടൈഗർ ഹിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെ മൃതദേഹങ്ങൾ ഇന്ത്യൻ സൈന്യം മുസ്ലിം പുരോഹിതരുടെ കാർമികത്വത്തിൽ വേണ്ടും വിധം തന്നെ ഖബറടക്കുകയായിരുന്നു. അങ്ങനെ ചെയ്യേണ്ടിവന്നതിനും ഒരു കാരണമുണ്ടായിരുന്നു. ഇങ്ങനെ ഒരു നുഴഞ്ഞുകയറ്റം നടത്തിയത് തങ്ങളുടെ സൈനികരാണ് എന്ന് സമ്മതിക്കാൻ തുടക്കത്തിൽ പാക്കിസ്ഥാൻ സൈന്യം തയ്യാറായിരുന്നില്ല. അവർ തങ്ങളുടെ സൈനികരല്ല എന്നാണ് ആദ്യമൊക്കെ പാക് സൈന്യം എടുത്ത നിലപാട്. 

kargil diary third part
 
ടൈഗർ ഹില്ലിലെ വിജയത്തിനുശേഷം, ഏതാനും നാളുകൾക്കുള്ളിൽ ബ്രിഗേഡിയർ ബാജ്‌വയ്ക്ക് ഒരു പാക് റേഡിയോ സന്ദേശം വന്നു. "ഞാൻ 188  എഫ് എഫ് ബ്രിഗേഡിന്റെ സി ഓ ആണ്. ഞങ്ങളുടെ സൈനികരുടെ മൃതദേഹങ്ങൾ വിട്ടു തരണം എന്ന് അഭ്യർത്ഥിക്കുന്നു."

അങ്ങനെ ചെയ്യുന്നതു കൊണ്ട് ഇന്ത്യൻ സൈന്യത്തിന് എന്താണ് ഗുണം എന്ന് ചോദിച്ചപ്പോൾ, ടൈഗർ ഹിൽ പരിസരത്തു നിന്നും തങ്ങൾ പൂർണമായും ഒഴിഞ്ഞു പൊയ്ക്കൊള്ളാം എന്നും തങ്ങളെ തുരത്താൻ ആക്രമണം നടത്തേണ്ടി വരില്ല ഇന്ത്യൻ സൈന്യത്തിന് എന്നും അവർ ഉറപ്പുനൽകി. ബാജ്‌വ പാക് സൈന്യത്തോട് മൃതദേഹങ്ങൾക്കുവേണ്ട സ്‌ട്രെച്ചറുകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവയിൽ പാക് പതാകകൾ പുതപ്പിച്ച് സൈനികർ അർഹിക്കുന്ന ബഹുമാനത്തോടെയാണ് ആ മൃതദേഹങ്ങൾ ഇന്ത്യ പാക്കിസ്ഥാൻ കൈമാറിയത്. അന്നത്തെ ഈ നടപടി പൂർണമായും വീഡിയോയിൽ ചിത്രീകരിക്കപ്പെട്ടു. അത് ഇന്നും യൂട്യൂബിൽ ലഭ്യമാണ്.

Latest Videos
Follow Us:
Download App:
  • android
  • ios